Image

എക്‌സിക്യൂട്ടീവ് ഓവര്‍റീച്ച് നടത്തുന്നത് ആരാണ്?- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 October, 2021
എക്‌സിക്യൂട്ടീവ് ഓവര്‍റീച്ച് നടത്തുന്നത് ആരാണ്?- (ഏബ്രഹാം തോമസ്)
യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ എമര്‍ജന്‍സി ടെമ്പററി സ്റ്റാന്‍ഡേര്‍ഡ് ആണോ ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ടിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ജിഎം 40 ആണോ എക്‌സിക്യൂട്ടീവ് ഓവര്‍റീച്ച് നടത്തുന്നത് എന്ന വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. ആരാണ് അധികാര പരിധിക്ക് അപ്പുറത്തേയ്ക്ക് കടക്കുവാന്‍ ശ്രമിച്ചത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍ നിയമജ്ഞര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഉത്തരവ് പുറപ്പെടുവിച്ചത്  സംസ്ഥാന ഗവര്‍ണ്ണര്‍ ആണെങ്കിലും പല സംസ്ഥാനങ്ങളും ഇത് പിന്തുടര്‍ന്ന് പ്രവര്‍ത്തിച്ചു. പ്രസിഡന്റിന്റെ ഓര്‍ഡര്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇതിന് കടകവിരുദ്ധമാണ് എന്ന ധാരണ നല്‍കിയ ജിഎം 40 പുറത്തു വന്നത്. സംസ്ഥആന, ഫെഡറല്‍ ഭരണാധികാരികള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി ചിലര്‍ ഇത് വ്യാഖ്യാനിച്ചു. ഇവ രണ്ടും എക്‌സിക്യൂട്ടീവ് ഓവര്‍ റീച്ചാണെന്ന് വിശേഷിപ്പിച്ച ഭരണഘടനാ വിദഗ്ധരുമുണ്ട്.

എമര്‍ജന്‍സി ടെമ്പററി സ്റ്റാന്‍ഡേര്‍ഡ്(ഇടിഎസ്)നൂറോ അതിലധികമോ ജീവനക്കാരുള്ള തൊഴില്‍ ദാതാക്കള്‍ എല്ലാ ജീവനക്കാരും കോവിഡ്-19 വാക്‌സീന്‍ സ്വീകരിച്ചു എന്നോ ആഴ്ചയിലൊരിക്കല്‍ ടെസ്റ്റുകള്‍ നടത്തിയെന്നോ, നിര്‍ബന്ധമായും ഉറപ്പുവരുത്തണമെന്ന് അനുശാസിക്കുന്നു. വാക്‌സീന്‍ നിരസിക്കുന്നവര്‍ക്ക് അതിന് വ്യക്തമായ, നിയമം അനുവദിക്കുന്ന ഇളവുകള്‍ ഉണ്ടായിരിക്കണം. ഫെഡറല്‍, സ്റ്റേറ്റ് ഗവണ്‍മെന്റുകളുടെ റോളുകള്‍ മനസ്സിലാക്കാതെയാണ് പലരും പക്ഷം പിടിച്ച് വാദിക്കുന്നത് എന്നാരോപിക്കുന്നവരുണ്ട്. പ്രസിഡന്റ് ബൈഡന്‍ തന്റെ ഓര്‍ഡര്‍ നടപ്പാക്കണമെന്ന് നിര്‍ബന്ധിക്കുവാനോ ഒന്നടങ്കം സംസ്ഥാന ഗവണ്‍മെന്റിന്റെ ഓര്‍ഡര്‍ നടപ്പാക്കേണ്ട എന്ന് പറയുവാനോ അധികാരമില്ല. എന്നാല്‍ ഗവര്‍ണ്ണര്‍ ആബട്ടിനെപോലെയുള്ള സംസ്ഥാന ഭരണാധികാരികള്‍ക്ക് ഇത് കഴിയും.

സ്‌റ്റേറ്റുകളും, ഫെഡറല്‍ ഗവണ്‍മെന്റും പബ്ലിക്ക് ഹെല്‍ത്ത് കാര്യങ്ങളില്‍ അധികാരം പങ്കിടുന്നു. എന്നാല്‍ പൊതുജന ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രധാന ചുമതല സംസ്ഥാന ഭരണകൂടങ്ങള്‍ക്കാണ്. ഇത് കോമണ്‍ലോയെ പിന്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ചുമതലയാണ്. ഇത്തരം പോലീസ് അധികാരങ്ങള്‍ ഫെഡറല്‍ ഗവണ്‍മെന്റിനില്ല. ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ മാത്രമേ ഉളളൂ.

തൊഴില്‍ ദാതാവിന് ആന്റി ഡിസ്‌ക്രിമിനേഷന്‍, ഡിസ്എബിലിറ്റീസ് എന്നിവയുടെ നിയമങ്ങള്‍ പാലിച്ച് ജീവനക്കാരുടെ മേല്‍ നിയമങ്ങള്‍ നടപ്പിലാക്കാം. എന്നാല്‍ കോണ്‍ഗ്രഷ്ണല്‍ റിസര്‍ച്ച് സര്‍സീവ്(സിആര്‍എസ്) ഏപ്രിലില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കോവിഡ്-19 വിഷയത്തില്‍ ഫെഡറല്‍ ഗവണ്‍മെന്റ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ് എന്ന് പറയുന്നത് തര്‍ക്ക വിഷയമാണെന്ന് പറഞ്ഞു. ഒരു ഫെഡറല്‍ നിയമവും അമേരിക്കന്‍ ജനതയുടെ മേല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നില്ല എന്നും റിപ്പോര്‍ട്ട് തുടര്‍ന്ന് പറഞ്ഞു.

പബ്ലിക്ക് ഹെല്‍ത്ത് സര്‍വീസ് ആക്ടിന്റെ സെക്ഷന്‍ 361 സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന് വിദേശ, അനര്‍സംസ്ഥാന മഹാമാരികള്‍ തടയുവാന്‍ നിയന്ത്രണങ്ങള്‍ വരുത്തുവാന്‍ അധികാരം നല്‍കുന്നു. ഇതിന് ഒരു ഫെഡറല്‍  നിര്‍ബന്ധമായി വ്യാഖ്യാനിക്കുവാന്‍ ശ്രമമുണ്ട്. എന്നാല്‍ ഇവ ഒന്നും വാക്‌സിനേഷനെ സംബന്ധിക്കുന്നില്ല. സിഡിസി ഈ സെക്ഷന്‍ ഉപയോഗിച്ചാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇത് നിയമങ്ങള്‍ മറികടന്നുള്ള അനുശാസനയാണെന്ന് ചൂണ്ടിക്കാട്ടി യു.എസ്. സുപ്രീം കോടതി നിബന്ധന റദ്ദു ചെയ്തു.

ബൈഡന്‍ ഭരണകൂടം അനധികൃത കുടിയേറ്റക്കാരുടെ പുറത്താക്കല്‍ കൂടി ലക്ഷ്യമാക്കി ആയിരിക്കണം ഓഷ(ഓക്യൂപേഷനല്‍  ഹസാര്‍ഡ്‌സ് ആക്ട്)യില്‍ ആശ്രയിച്ച് നിര്‍ബന്ധ വാക്‌സിനേഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ഇടിഎസിന് മറ്റൊരു ഗൗരവമുഖം കൂടി ഉണ്ട്. ഒരു മാരകമായ ആപത്തിനെയാണ് നേരിടുന്നതെന്ന് ഓഷ തെളിയിക്കണം. സാധാരണ എമര്‍ജന്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ വിരളമായേ പ്രഖ്യാപിക്കാറുള്ളൂ. അതിലും വിരളമായേ ഇവ നടപ്പാക്കാറുള്ളൂ. ഓഷ ഇടിഎസ് 9 തവണ മാത്രമേ പുറപ്പെടുവിച്ചിട്ടുള്ളൂ. 1983ലാണ് ഏറ്റവും ഒടുവില്‍ ഇതിന്റെ പ്രഖ്യാപനം ഉണ്ടായത്. ഓഷ ഇതുവരെ വാക്‌സീനുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് ഉള്‍പ്പെടുത്തിയാല്‍ സുപ്രീം കോടതി തളളിക്കളയാനാണ് സാധ്യത.

നിയമപരമായ ഈ പശ്ചാത്തലത്തില്‍ ആബട്ടിന്റെ ഓര്‍ഡര്‍ ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്. ബൈഡന്റെ നിബന്ധന നല്‍കിയ പ്രചോദനം ആയിരിക്കണം ജിഎ40ന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ആബട്ടിന്റെ ഓര്‍ഡറിലെ 'വെയര്‍ അസ്' എന്നാരംഭിക്കുന്ന ക്ലോസുകളിലെ വാക്കുകള്‍ ഇടിഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവയാണെന്ന് വ്യക്തമാണ്. മാന്‍ഡേറ്റുകളെ പൂര്‍ണ്ണമായും ആബട്ടിന്റെ ഓര്‍ഡര്‍ നിരോധിക്കുന്നില്ല. മുമ്പ് ആബട്ട് ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ജീവനക്കാര്‍ നിര്‍ബന്ധമാക്കി വാക്‌സിനേഷന്‍ സ്വീകരിക്കുന്നത് നിരോധിക്കുകയും സ്വകാര്യസ്ഥാപന ഉടമകള്‍ക്ക് സ്വയം തീരുമാനിക്കാം എന്നും പറഞ്ഞിരുന്നു. ബൈഡന്‍ ഭരണകൂടവും നിലപാടുകള്‍ മാറ്റിയിട്ടുണ്ട്. ഒരു വാക്‌സീന്‍ പാസ്‌പോര്‍ട്ട് പുറത്തിറക്കും എന്ന് ശ്രുതി ഉണ്ടായിരുന്നു. എന്നാല്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍സാക്കി മാര്‍ച്ചില്‍ അങ്ങനെ ഒരു പാസ്‌പോര്‍ട്ട് നല്‍കാന്‍ സാധ്യത ഇല്ലെന്ന് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക