Image

ചിരാത് (കഥ: മേഘ നിശാന്ത് )

Published on 25 October, 2021
ചിരാത് (കഥ: മേഘ നിശാന്ത് )
കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് മുങ്ങിത്താണ് ദ്രുതഗതിയിൽ  ഒരു പൊങ്ങിലോ പാറയിലോ പിടിച്ചു നിൽക്കാതെ പായുകയായിരുന്നു...ഒന്നിലും വാശിയോ നിർബന്ധ ബുദ്ധിയോ കാണിക്കാതെ....

 മനുഷ്യൻ അനായാസമായി കാലത്തിനൊപ്പം ചിതറിതെറിച്ച് കുത്തിയൊലിച്ച് പായുമ്പോൾ ഞാനെന്തിന് തിരിഞ്ഞു നോക്കണം...അതൊരു മത്സരമാണ്..ആ മത്സരത്തിൽ ഞാനും പങ്കുചേരുക തന്നെ വേണം..അല്ലാത്ത പക്ഷം ഈ ലോകത്ത് ഞാനെന്നൊരാൾ ജീവനോടെ ഇല്ലെന്നു തന്നെ ആളുകൾ കരുതി കളയും..പേരും രൂപവും മറക്കും...കാലങ്ങളോളം ഉറക്കി കിടത്താൻ ശേഷിയുള്ള ഹൈപ്പർ സ്ലീപ്പ് പോഡിലേക്ക്   ഞാൻ എന്നെ തന്നെ ലോക്ക്  ചെയ്തേക്കും പോലെയാണത്......

വെള്ളത്തിൽ ഒഴുകി തെറിച്ചു വന്ന ഒരു മൺചിരാത് തൊട്ടടുത്തെ മൺകൂനയിൽ പുതഞ്ഞു കിടക്കുന്നതു കണ്ടു....എന്തുകൊണ്ടോ അപ്പോൾ....അപ്പോൾ മാത്രം കടപുഴകി വീണ തെങ്ങിന്റെ അങ്ങേത്തലയ്ക്കൽ നീണ്ടുകിടന്ന ഓലത്തുമ്പിലേക്ക് ഇറുകെപിടിച്ച് ഞാനെന്നെ ഒഴുക്കിൽ തടഞ്ഞു വച്ചു....ആദ്യമായി പിറകോട്ട് നീന്തിയ നിമിഷങ്ങൾ.......

ആ മൺകൂനയെ ലക്ഷ്യമാക്കി തെങ്ങിൻ തടിയിൽ കൈയും നഖവും അമർത്തി പിറകോട്ട് നീങ്ങി....ഒരു വലിയ ദ്വീപിലേക്ക് ചെന്നു വീണതു പോലെ ഒരാൾക്ക് മാത്രം കഷ്ടിച്ചിരിക്കാവുന്ന മൺകൂനയിൽ ആശ്വാസത്തോടെ  കയറി ഇരുന്നു....

തിരിയിട്ടു നിത്യേന കത്തിച്ച അടയാളമായി കരിന്തിരി എരിഞ്ഞ പാടുകളുള്ള മൺചിരാത് ഉള്ളംകൈയിലെടുത്ത് വച്ച് അതിലൊരു ദീപം തെളിഞ്ഞിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു....

അതൊരു കാലത്തിന്റെ ഓർമ്മ മാത്രമാണ്...ഈ സാഹചര്യത്തിനു യോജിക്കാത്ത കഴിഞ്ഞ കാലത്തിന്റെ അടയാളത്തെ ആരാണ് ഇങ്ങോട്ട് ഒഴുക്കി അയച്ചത്...... പക്ഷെ എനിക്കത് ഏറ്റവും അനുയോജ്യമായിരുന്നു....ഉള്ളുകൊണ്ട് ഞാനെപ്പോഴും പിറകോട്ട് തുഴയാൻ കൊതിച്ചിട്ടുണ്ട്...പുറമേ കാണിക്കാതെ ഞാനെന്നെ മറ്റുള്ളവരിൽ നിന്നും തീർത്തും ഒളിപ്പിച്ച് എന്റെ ആഗ്രഹങ്ങളെ മോഹങ്ങളെ ഓർക്കാൻ ആഗ്രഹിക്കുന്ന ഓർമ്മകളെ ഒരു ചുവന്ന തുണികൊണ്ട് മൂടി കറുത്ത ചരടിൽ ഇറുകെ കെട്ടി എവിടെയോ ഒഴുക്കി കളഞ്ഞതാണ്....ആരോ ആ കറുത്ത ചരട് കെട്ടഴിച്ച്  സ്വതന്ത്രമാക്കിയതു പോലെ...ശേഷം അതിനുള്ളിൽ  അവശേഷിച്ച നീറുന്ന ഏതോ ഒരോർമ്മയെ മാത്രം ആരോ എന്നിലേക്ക് പറഞ്ഞയച്ചതു പോലെ.....

അച്ഛൻ പുളികമ്പ് വെട്ടിയാണ് ഏട്ടനെ തല്ലിയിരുന്നത്...തൃസന്ധ്യയ്ക്ക് ആൽത്തറയ്ക്കു ചുറ്റും മൺചിരാത് നിരത്തി തിരിയിട്ട് ദീപം തെളിക്കാൻ തുടങ്ങുമ്പോഴാണ് പടിഞ്ഞാറേ മുറ്റത്തു നിന്ന് ഏട്ടന്റെ നിലവിളി ഉയരുന്നത്...ഞാനൊന്നു ഞെട്ടിയതുകൊണ്ട് കൈയിൽ നിന്ന് താഴേക്ക് തെറിച്ച് മൺചിരാത് രണ്ടുകഷണമായി...

ദേഷ്യം അടക്കാനാവാതെ ചുണ്ടുകോട്ടി ഞാൻ ഭഗവതിയെ നോക്കി....

''ഏട്ടന്റെ തുടയിപ്പോ ചുവന്നു കാണും...ഹോ എനിക്ക് വയ്യ അങ്ങോട്ട് പോകാൻ...സങ്കടം വരണൂ...ഭഗവതിക്കറിയോ ഏട്ടന് OCD ആണ്...OCD ഉള്ള കുട്ടികൾ ഒരു പ്രത്യേക രീതിയിലെ ഓരോ ജോലിയും ചെയ്യുള്ളൂ....ഇന്നാളൊരു പുസ്തകം ലൈബ്രറീന്ന് എടുത്ത് വായിച്ചപ്പോഴാ ഏട്ടന് OCD ആണെന്ന് ഞാൻ തിരിച്ചറീണത്....

ഭഗവതി ഏട്ടൻ ആൽത്തറയ്ക്ക് മുന്നിലൂടെ റോഡിലേക്കിറങ്ങുമ്പോ ഓരോ ഇലയിലും തൊട്ട് തൊട്ട് പോണത് കണ്ടിട്ടുണ്ടോ....അതു പൊലെ തോട്ടിലേക്കിറങ്ങുമ്പോ ഒരു തവണ കാലു കഴുകി കേറീട്ട് പിന്നേം മൂന്ന് തവണ വെള്ളത്തിലേക്കിറങ്ങി ഒരേ പോലെ കഴുകണത് കണ്ടിട്ടില്ലേ....ആ അസുഖം OCD ഉള്ളവരുടെ ലക്ഷണാ...പിന്നെ ഏട്ടനൊരു നിർബന്ധംണ്ട്...ഏട്ടന്റെ മുറിയിലെ ഒരു പേപ്പറോ പൊടിയോ പോലും ആരും തൊടാൻ പാടില്ലാ...ഒന്ന് അങ്ങിടോ ഇങ്ങിടോ നീങ്ങിയാല് വിപൃതി കാണിച്ച് മുറിയിലേക്ക് വന്ന് ഒരു ബഹളാ...അത് വൃത്തികൂടിയതോണ്ടാന്നാ എല്ലാവരും പറേണെ...പക്ഷെ അതും OCD യുടെ ലക്ഷണാ.....അച്ഛനത് മനസിലാവാണ്ട...കാട്ടണതൊക്കെ അനുസരണക്കേടാന്ന് കരുതീട്ട് തല്ലോട് തല്ല്......''

പിറുപിറുത്ത് ഓരോ മൺചിരാതിലും ദീപം തെളിച്ച് ഞാൻ ആൽത്തറയിലെ ഭഗവതീടെ  വിഗ്രഹത്തിലേക്ക് നോക്കി നിന്നു....

''ഭഗോതി നീയെനിക്കൊരു ഉപകാരം ചെയ്യോ...ആ കാണണ പുളിമരംല്ലേ....അതങ്ങിട് തള്ളിമറിച്ച് തൊടീലിക്കിടണം.....ആ പുളിമരത്തിലെ ഓരോ കമ്പും ഏട്ടന്റെ തൊട പൊട്ടിക്കാൻ കാത്തിരിക്ക്യാ....''

നിറഞ്ഞ കണ്ണുകളെ തുടച്ചുകൊണ്ട് ഞാൻ   കൈയ്യാലയ്ക്ക് മുകളിലൂടെ വീഴാണ്ട് നടന്ന് തൊടിയില് വീണു കിടന്ന പാഷൻ ഫ്രൂട്ടാരെണ്ണം കൈയ്യൊണ്ടെടുത്ത് വീട്ടിലേക്ക് കയറി...അടുക്കളയിൽ ചെന്ന് പഞ്ചസാരഭരണി തുറന്ന് പാഷൻ ഫ്രൂട്ടിന്റെ ഒരു വശം ചെറുതായി വട്ടത്തിൽ പൊട്ടിച്ച് ഒരു നുള്ള് അതിലേക്കിട്ട് സ്പൂണിന്റെ മറുവശംകൊണ്ട് ഇളക്കി... 

അതുമായി ഉമ്മറപ്പടിയിൽ വിങ്ങിയിരുന്ന ഏട്ടന്റെ നേർക്ക് പാഞ്ഞു...

''ഏട്ടാ........ഇതൊന്ന് കഴിച്ചു നോക്കിയേ...''

ഏട്ടൻ നിഷേധ ഭാവത്തിൽ എന്നെയൊന്ന് നോക്കി ദേഷ്യത്തിൽ പടിയിൽ നിന്ന് മുന്നിലേക്കൊരു തള്ള്...ഞാൻ തെറിച്ച് മുറ്റത്തെ മണ്ണിലേക്ക് വീണുപോയി....അപ്പോഴും പാഷൻ ഫ്രൂട്ട് കൈയിൽ ഇറുകെ ചിടിച്ചിരുന്നു...അത് ഏട്ടന്റെ കൈയിലേക്ക് വച്ചുകൊടുത്ത് ഞാൻ തോട്ടിലേക്ക് ഓടിപ്പോയി...

തോടിന്റെ മറുവശത്തേക്ക് ഇറങ്ങാനുള്ള സ്ലാവിൽ വെള്ളത്തിലേക്ക് കാലുനീട്ടിയിരുന്ന് ഞാൻ വിങ്ങി....ഏട്ടനെന്നെ തീരെ ഇഷ്ടമില്ലാത്തതെന്താ....അച്ഛന്റെ തല്ലിന്റെ ചൂടോണ്ട് ഏട്ടനാരെയും സ്നേഹിക്കാൻ അറിയാണ്ടായതാണോ.....? ''

ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് ഞാൻ കാവിലേക്ക് നോക്കി....ഇരുൾ മൂടാൻ തുടങ്ങുമ്പോൾ ദീപങ്ങൾ കെടാൻ തുടങ്ങും.... കരിന്തിരി എരിഞ്ഞുകൂടെന്ന് മുത്തശ്ശി പറയാറുണ്ടല്ലോ..ഞാൻ ഓടിപ്പോയി ചന്ദനത്തിരീടെ കോലോണ്ട് അണയാൻ തുടങ്ങിയ ഓരോ തിരിയും വിളക്കിലെ ശേഷിച്ച ഒരു തുള്ളി എണ്ണയിലേക്ക് മുക്കും......

എന്റെ മനസുപോലെ ആണത്..നീറി എരിഞ്ഞു തീരാറാവുമ്പോൾ എന്തെങ്കിലുമൊരു ആശ്വാസത്തിലേക്ക് ഞാനെന്നെ മുക്കിവയ്ക്കും..അതൊരു തണുപ്പാണ്...

കാലം പിന്നെയും കടന്നുപോയി..പുളിമരത്തിലെ ഊഞ്ഞാലിൽ ഞാൻ ഇരിക്കാറേയില്ല...എന്തോ ഏട്ടനെ നോവിക്കുന്ന ആ മരത്തിലെ ഓരോ ചില്ലകളോടും ഞാൻ കെറുവിച്ചു....ഏട്ടനെന്തോ അങ്ങനൊരു ചിന്തയേ ഉണ്ടായിട്ടില്ല....ഊഞ്ഞാലിൽ കയറി സർക്കസു കാണിക്കാനും കുട്ടികളെ ഓരോരുത്തരെ ആയി പിടിച്ചിരുത്തി ഉയരത്തിൽ ഊഞ്ഞാലാട്ടാനും മരത്തിൽ നിന്ന് പൊട്ടിവീഴുന്ന പഴുത്ത പുളിയുടെ തോടിനുള്ളിലേക്ക് മുളക് ചതച്ച് ഉപ്പിട്ട് പുളി രണ്ടുനുള്ള് പിച്ചിയെടുത്ത് ഈർക്കിലോണ്ട് കുത്തി മിശ്രിതമാക്കി കുടിക്കാനും ഏട്ടനൊത്തിരി ഇഷ്ടമായിരുന്നു.....

അങ്ങനെ ഒരിക്കൽ തറവാടിന്റെ തെക്കു വശത്തെ തൊടി നിരപ്പാക്കി വീടുവയ്ക്കാൻ തുടങ്ങുമ്പോഴാണ് പുളിമരം മുറിക്കണമെന്ന് അച്ഛൻ ആദ്യമായി പറയുന്നത്....

എനിക്കൊത്തിരി സന്തോഷം തോന്നി...ഇനി അച്ഛൻ മരത്തിൽ നിന്നും കമ്പൊടിച്ച് ഏട്ടനെ നോവിക്കില്ലല്ലോ...

അന്ന് ഊഞ്ഞാലഴിക്കുമ്പോൾ ഏട്ടൻ ഉറക്കെ കരഞ്ഞിരുന്നു..ഞങ്ങൾ കളിക്കുന്ന സ്ഥലമല്ലേ അച്ഛന് വേറെ മരം മുറിച്ചാൽ പോരേ എന്നൊക്കെ പരിഭവം പറഞ്ഞു....

''ഹോ ഈ ഏട്ടനെന്തൊരു മണ്ടനാ....''

ഞാനപ്പോൾ ഊറിച്ചിരിച്ചു.....

പിറ്റേദിവസം മൺചിരാതിൽ എണ്ണയൊഴിച്ച് നിരത്തി തിരിയിട്ട് വിരലുകൊണ്ട് തിരിയുടെ അറ്റമോരോന്നും  കുതിർത്ത് കത്തിക്കാൻ തുടങ്ങുമ്പോഴാണ് ദൂരെ നിന്നൊരു ആമ്പുലൻസിന്റെ ശബ്ദം ഉയരുന്നത്....ഹോ ഇതൊന്നു കത്തിച്ചു തീർന്നിട്ട് നോക്കാമെന്നു കരുതി ഞാൻ അതിവേഗത്തിൽ തീപ്പെട്ടി കൊളുത്തി കാറ്റിനെ ഒളിപ്പിച്ച് കൈ ചേർത്ത് ദീപം തെളിച്ചു...അപ്പൊഴുണ്ട് വീടിനു മുന്നിൽ വലിയ വണ്ടികൾ , കാറുകൾ ....ആൾക്കൂട്ടം......

അതേ പുളിമരത്തിന്റെ വിറകിൽ ഏട്ടനന്ന് എരിഞ്ഞു തീരുമ്പോൾ  കിഴക്കു ദിക്കിൽ വിളക്കുകൾ കരിന്തിരി എരിഞ്ഞ്  തീർന്നിരുന്നു....

അന്നേ ദിവസം അച്ഛന്റെ മുഖവും  അതുപോലെ ഇരുളടഞ്ഞു പോയിരുന്നു...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക