Image

ചെറിയാന്‍ ഫിലിപ്പിനോട് ചെയ്ത തെറ്റിന് ആത്മപരിശോധന നടത്തണം: ഉമ്മന്‍ ചാണ്ടി

Published on 25 October, 2021
ചെറിയാന്‍ ഫിലിപ്പിനോട് ചെയ്ത തെറ്റിന് ആത്മപരിശോധന നടത്തണം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റു പറ്റിയത് എനിക്കാണ്. കോണ്‍ഗ്രസ് നേതൃത്വം ചെറിയാന്‍ ഫിലിപ്പിന് സീറ്റ് ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. ഈ തെറ്റ് ആത്മപരിശോധനയ്ക്കുള്ള അവസരമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.

അവുക്കാദര്‍കുട്ടിനഹ പുരസ്‌കാരം ചെറിയാന്‍ ഫിലിപ്പിന് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. 20 വര്‍ഷത്തിന് ശേഷം സമാന ചിന്താഗതിക്കാര്‍ ഒരു വേദിയിലെത്തുന്നു എന്ന ആമുഖത്തോടെയാണ് ഉമ്മന്‍ ചാണ്ടി പ്രസംഗം തുടങ്ങിയത്.

ഉമ്മന്‍ ചാണ്ടി തന്റെ രക്ഷാകര്‍ത്താവാണെന്നും ആ രക്ഷാകര്‍തൃത്വം ഇനിയും വേണമെന്നും ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ എന്ന പഴഞ്ചൊല്ല് തന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമായെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷവുമായി ഇടഞ്ഞ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു എന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ ഇടതു സര്‍ക്കാരിനെ വിമര്‍ശിച്ച് ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നും 2018, 19 വര്‍ഷങ്ങളിലെ പ്രളയത്തിന് പിന്നാലെ നെതര്‍ലന്‍ഡ് മാതൃക അവിടെപോയി പഠിച്ചിട്ടും തുടര്‍നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ലെന്നും ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം പരിഹസിച്ചിരുന്നു.


Join WhatsApp News
ഹിറ്റ്ലറുടെ കുമ്പസാരം 2021-10-25 13:44:05
ഹിറ്റലറും ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും , എല്ലാ സൗഭാഗ്യങ്ങളും ആസ്വദിച്ചിട്ടു, കുഴിയിലേക്ക് കാലുനീട്ടിയിരിക്കുമ്പോൾ, ഒരു ഉടായിപ്പു കുമ്പസാരം. ഉരുത്തന്റെ ജീവിതം മൊത്തം കോഞ്ഞാട്ടയാക്കീ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക