Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 25 October, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)
മുല്ലപ്പരിയാര്‍ വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. വിഷയത്തില്‍ ചര്‍ച്ചകള്‍ക്കായി കേരളമാണ് തയ്യാറാകേണ്ടത് എന്ന വിമര്‍ശനവും കോടതി നടത്തി. കേരളവും തമിഴ്നാടുമായി ആലോചിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ പിന്നെ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി പറഞ്ഞു. മേല്‍നോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പറഞ്ഞ കോടതി കേസ് മറ്റന്നാളത്തേയ്ക്ക് മാറ്റി വച്ചു.
*****************
സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. എ പ്ലസ് ലഭിച്ചവരടക്കം അഡ്മിഷന്‍ കിട്ടാതെ പുറത്തു നില്‍ക്കുന്ന സാഹചര്യത്തിലാണ് സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പത്ത് ശതമാനം മുതല്‍ ഇരുപത് ശതമാനം വരെ സീറ്റ് വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.
******************
അനുമതിയില്ലാതെ കുഞ്ഞിനെ കൈമാറിയെന്ന് ആരോപിച്ച് അനുപമ നല്‍കിയ പരാതിയില്‍ കുടുംബകോടതി ദത്ത് നടപടികള്‍ മരവിപ്പിച്ചു. കുഞ്ഞിന്റെ പൂര്‍ണ അവകാശം ആന്ധ്രയിലെ ദമ്ബതികള്‍ക്ക് കൈമാറുന്നതാണ് തിരുവനന്തപുരം കുടുംബക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. ദത്തുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്നും പോലിസും സര്‍ക്കാരും അതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 
******************
മോന്‍സന്‍ മാവുങ്കല്‍ നടത്തിയ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടേയും ഐജി ലക്ഷ്മണയുടേയും മൊഴികള്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.ക്രൈം ബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്താണ് ഇരുവരുടേയും മൊഴിയെടുത്തത്. ഇവരും മോന്‍സനുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചാണ് പ്രധാനമായും ആരാഞ്ഞത്. മോന്‍സന്റെ മ്യൂസിയം കണ്ടപ്പോളെ സംശയം തോന്നിയിരുന്നുവെന്നാണ് ബെഹ്‌റയുടെ മൊഴി. 
*******************
കോട്ടയത്ത് പീഡനത്തിനിരയായ പത്ത് വയസ്സുകാരിയുടെ പിതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പോലീസ് പ്രാഥമീക പരിശോധന നടത്തിയാണ് ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തിയത്. കോട്ടയം കുറിച്ചി സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. തന്റെ മകള്‍ പീഡനത്തിനിരയായ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ പിതാവ് കടുത്ത മനോവിഷമത്തിലായിരുന്നു.
********************
കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,202 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 53 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 10.88 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 
**********************
അടുത്ത നാല്‍പ്പത്തിയെട്ടുമണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയെന്നും 24 മണിക്കൂറില്‍ ചക്രവാതച്ചുഴി രൂപമെടുക്കുമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതായും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇടിമിന്നലിനും പരക്കെ മഴയ്ക്കും സാധ്യതയുണ്ട്.
*********************
ജി 20യോടനുബന്ധിച്ചുള്ള ഔദ്യോഗിക ചടങ്ങുകള്‍ക്കായി റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സീസ് മാര്‍പാപ്പായെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
*********************
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിജിലന്‍സ് വിഭാഗം അന്വേഷണം പ്രഖ്യാപിച്ചു. സാക്ഷി പ്രഭാകര്‍ സെയിലിന്റെ ആരോപണത്തിലാണ് അന്വേഷണം. എന്‍സിബി പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണ ഇടപാട് നടന്നതായുമാണ് പ്രഭാകര്‍ സെയില്‍ എന്ന സാക്ഷി ആരോപിച്ചത്.
************************
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്‌നത്തെ മറ്റൊരു രീതിയില്‍ വഴിതിരിച്ച് വിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. എം.എം മണിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
********************


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക