Image

വിമാനത്തിലെ തര്‍ക്കം: എയര്‍ഹോസ്റ്റസിന്റെ ജോലി തെറിപ്പിച്ചവര്‍ സത്യം പറഞ്ഞ തന്റെ ജോലിയും തെറിപ്പിക്കാന്‍ ശ്രമിക്കുന്നു: ആര്‍.ജെ സൂരജ്

Published on 25 October, 2021
വിമാനത്തിലെ തര്‍ക്കം: എയര്‍ഹോസ്റ്റസിന്റെ ജോലി തെറിപ്പിച്ചവര്‍ സത്യം പറഞ്ഞ തന്റെ ജോലിയും തെറിപ്പിക്കാന്‍ ശ്രമിക്കുന്നു: ആര്‍.ജെ സൂരജ്
 
 
കണ്ണൂര്‍: വിമാനത്തില്‍ സീറ്റിനു വേണ്ടി എയര്‍ഹോസ്റ്റസിനോട് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും കൂട്ടാളിയും തര്‍ക്കിച്ചുവെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ തന്റെ ജോലി തെറിപ്പിക്കാന്‍ ചിലര്‍ ശ്രമം തുടങ്ങിയെന്ന് റേഡിയോ ജോക്കി സൂരജ്. സുധാകരനുമായി തര്‍ക്കിച്ച എയര്‍ ഹോസ്റ്റസിന്റെ ജോലി പോയിയെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്ന സാഹചര്യത്തിലാണ് പുതിയ പോസ്റ്റ്. 
 
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
ഓഹൊ.. ഇനി ഞാന്‍ മാപ്പ് പറഞ്ഞത് കൊണ്ടാവുമോ ഇന്ത്യ തോറ്റത്.. ?? ഞാന്‍ ഇങ്ങനൊരു സംഭവം അറിഞ്ഞിട്ടേയില്ല.. ഏതായാലും ഇത്ര കഴിവുള്ള ആ ഡിസൈനര്‍ ചേട്ടന് ആ മേഖലയില്‍ തന്നെ നല്ല ജോലി ലഭിക്കട്ടേ..! 
ആ വിമാന ജീവനക്കാരുടെ ജോലി MP യുടെയും സഹായികളുടെയും അക്ഷീണ പ്രയത്‌നം കൊണ്ട് തെറിപ്പിച്ചെന്നാണ് വാര്‍ത്തകളില്‍ കേട്ടത്..! രാവിലെ MP തന്നെ പറയുന്നത് കേട്ടു അദ്ദേഹം പരാതിപ്പെട്ടിട്ടില്ല പക്ഷേ എയര്‍പ്പോര്‍ട്ട് അധികൃതര്‍ നടപടി എടുക്കുമെന്ന്..! അപ്പൊ ഒരു കാര്യവുമില്ലാതെ ഒരാളുടെ പേരില്‍ എയര്‍പ്പോര്‍ട്ട് അധികാരികള്‍ നടപടിക്ക് മുതിരുമോ..? (അദ്ദേഹം വാക്കാല്‍ പരാതിപ്പെടുന്നതും ഞാന്‍ കണ്ടതാണ് കൂടാതെ ഇന്റിഗോ ഉദ്യോഗസ്ഥന്റെ ഫോണില്‍ നിന്ന് വിളിപ്പിക്കുന്നതും ഞാന്‍ കണ്ടതാണ്..) ഇതൊന്നും  പോരാത്തതിന് ഈ ശെരിയില്ലായ്മയെ പറ്റി പ്രതികരിച്ചതിന് ദോഹവരെ പോയി എന്റെ ജോലിയും തെറുപ്പിക്കാനുള്ള സെറ്റപ്പൊക്കെ ആശാന്മാര്‍ ഭംഗിയായി ചെയ്‌തെന്നതും കേട്ടു.. കണ്ടു..! 
ഇനി തുറന്ന് ചോദിക്കട്ടേ.. മാപ്പു പറയാന്‍ മാത്രം ഞാന്‍ ചെയ്ത തെറ്റെന്താണ്..? കുറേ പേര്‍ പറയുന്നത് കണ്ടു MP യുടെ അവകാശമാണ് ഇഷ്ട സീറ്റ്.. അത് ചോദിച്ചതാണൊ ഇത്ര വലിയ തെറ്റ് എന്ന്..! അദ്ദേഹം എന്റെ സീറ്റ് ചോദിച്ചാലും ഞാന്‍ കൊടുക്കാന്‍ തയ്യാറാണ് ട്ടോ.. പക്ഷേ പറയുമ്പൊ പറയണമല്ലോ.. വിമാനത്തിനകത്തു കയറിയിട്ടല്ല സീറ്റ് ചോദിക്കേണ്ടത്.. എയര്‍പ്പോര്‍ട്ട് കൗണ്ടറിലാണ് എന്നത് ഒരു പോയന്റാണ്.. ഇനി സീറ്റ് ചോദിച്ചതിനെയും കൊടുക്കാഞ്ഞതിനെയും ഞാന്‍ കുറ്റമൊന്നും പറഞ്ഞിട്ടില്ല.. അതിന്റെ പേരില്‍ MP യുടെ കൂടെ ഉണ്ടായിരുന്നവര്‍ വിമാന ജീവനക്കാരോട് ഒച്ചയുയര്‍ത്തി സംസാരിച്ചപ്പോ ഞാന്‍ നേരിട്ട് MP യോട് പറഞ്ഞു ഇത് താങ്കള്‍ക്ക് നാണക്കേടാണ് എന്ന്.. 
അതിനു ശേഷം പിന്നെയും ഒച്ചപ്പാടുണ്ടാക്കി ലഭിച്ച സീറ്റില്‍ യാത്ര ചെയ്ത ശേഷം കണ്ണൂര്‍ എയര്‍പ്പോര്‍ട്ടില്‍ വച്ച് വിമാനജീവനക്കാരുടെ ജോലി കളയിക്കാന്‍ ശിങ്കിടികള്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ വീണ്ടും MP യോട് നേരിട്ട് പറഞ്ഞു 'നിങ്ങളെ പോലെ ഒരാള്‍ക് ഇത് മോശമാണെന്ന്..' പിന്നെ ആ ശിങ്കിടികള്‍ 'നീയാരാ ഇതൊക്കെ ചോദിക്കാന്‍.. അവനെ സസ്പന്റ് ചെയ്യും കണ്ടോ' എന്ന് പറഞ്ഞ് അധികാര ഗര്‍വ്വ് കാണിച്ചിടത്താണ് ഞാന്‍ ഈ സംഭവം പോസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്..! ബോധമുള്ളവര്‍ക്ക് മാത്രം ബോധ്യപ്പെടാം.. 
രാഷ്ട്രീയത്തിന്റെ ഒരു തുണിമറയുണ്ടെങ്കില്‍ ഈ നാട്ടില്‍ ആര്‍ക്കും എന്തും ചെയ്യാം എന്ന അവസ്ഥയെ പരിതാപകരം എന്നേ പറയാനുള്ളൂ.. അത് ഏത് രാഷ്ട്രീയം ഉള്ളവരായാലും ശെരി.. കണ്മുന്നില്‍ ഒരു ശെരികേട് കണ്ട് അതില്‍ നേരിട്ട് ഇടപെട്ട് അത് ജനങ്ങളെ അറിയിച്ച ഞാന്‍ ഇവിടെ ശക്തമായ സൈബര്‍ അറ്റാക്ക് നേരിടുന്നു.. ശരിയല്ലാത്ത രീതിയില്‍ പെരുമാറിയവര്‍ക്ക് ജയ്വിളികളും കരഘോഷവും ലഭിക്കുന്നു.. അവര്‍ ഇതൊക്കെ രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുന്നു.. അടിപൊളി.. ചുരുക്കത്തില്‍ കേരളത്തിലെ പൊതുജനം കണ്മുന്നില്‍ എന്ത് കണ്ടാലും പ്രതികരണ ശേഷി ഇല്ലാതെ മിണ്ടാതെ പോകുന്നതില്‍ അത്ഭുതമില്ലാത്ത കാലം വിദൂരമല്ല.
ഈ വിഷയത്തില്‍ ഞാന്‍ ചെയ്തത് തെറ്റായി കാണുന്നവര്‍ കാലാ കാലം എന്നെ തെറ്റുകാരനായി തന്നെ കണ്ടു കൊള്ളുക.. കൂടുതലൊന്നും പറയാനില്ല.. അതിന്റെ പേരില്‍ എന്നെ തെറി പറഞ്ഞവര്‍ക്കും എന്റെ ജോലി കളയിക്കാന്‍ നോക്കുന്നവര്‍ക്കും ആശംസകള്‍..! 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക