Image

നീല ഞെരമ്പുകള്‍ (കവിത : ബിന്ദു ടിജി)

ബിന്ദു ടിജി Published on 26 October, 2021
നീല  ഞെരമ്പുകള്‍  (കവിത : ബിന്ദു ടിജി)
നിലച്ച ഒരു ഘടികാരം

തുടച്ചു വെടിപ്പാക്കി ചാവി കൊടുത്ത് മിനുക്കി 

ചലിപ്പിച്ച് മേശപ്പുറത്ത് സ്ഥാപിച്ചു 

ഒരിക്കല്‍ കൃത്യം മണിയടിച്ചു മുന്നോട്ടു പായിച്ച

ആ ക്ലോക്ക് .. ഒന്ന് കാണാന്‍ 

പിന്നെ  ആ ടിക് ടിക് ശബ്ദം 

എന്റെ  കാല്‍ വേഗങ്ങള്‍ക്കും നെഞ്ചിടിപ്പിനും 

കൂട്ടിരുന്ന ജീവന്റെ താളം.. ഒന്ന് കേള്‍ക്കാന്‍

''ഇക്കാലത്ത് ആരെങ്കിലും ഈ പഴഞ്ചന്‍ ക്ലോക്ക് 

ഇവിടെ വെക്കുമോ''

''മണി നോക്കാന്‍ മൊബൈല്‍ പോരെ'' 

പരാതികള്‍ ഒഴുകി 

 വീട്ടിലാകെ അലോസരമായി 

''ഒന്ന് നടു നിവര്‍ത്താന്‍ കിടക്കുമ്പോള്‍ 

ഈ ശബ്ദം ഉറക്കം കെടുത്തുന്നു'' 

അമ്മയും കൂട്ടത്തില്‍ ചേര്‍ന്നു

ദൂരെ കളയാം ..എറിഞ്ഞുടയ്ക്കാം ..അല്ലേല്‍ 

വീണ്ടും തട്ടിന്‍പുറത്ത് ഒളിപ്പിയ്ക്കാം ..

ഞാന്‍ നടന്നടുത്തു ..കയ്യിലെടുത്തു ..

സൂക്ഷിച്ചൊന്നു നോക്കി ...

നീറി നീലിച്ച ഓര്‍മ്മ ഞെരമ്പുകള്‍ 

കെട്ടു പിണ യുന്നു വരിഞ്ഞു മുറുക്കുന്നു 

ഞാനതില്‍ തടഞ്ഞു വീണ് തണുത്തു

ഒപ്പം സൂചികളും

Join WhatsApp News
Sudhir Panikkaveetil 2021-10-29 01:47:41
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഒരു കവിതയുണ്ട് "ഇന്നലെ രാത്രീ എന്റെ വച്ച് നിലച്ചുപോയി". അമേരിക്കൻ കവയിത്രി എമിലി ഡിക്കിന്സണ് എഴുതിയിട്ടുണ്ട് a clock stopped. ശ്രീമതി ബിന്ദു ടിജി നിന്നുപോയ ഒരു ഘടികാരത്തെ പുനര്ജീവിപ്പിക്കുന്നു. വാച്ചിനെ ഹൃദയം എന്ന ബിംബമമായി കാണാവുന്നതാണ്. അപ്പോൾ പുനര്ജീവിപ്പിച്ച ഒരു ഹൃദയം അതായത് ഒരു പുതിയ ജീവിതം സമൂഹ അംഗീകാരം ലഭിക്കയില്ലെന്നായിരിക്കാം. പക്ഷെ അതിനോട് പ്രിയമുള്ള കവയിത്രിക്ക് അതു ഉപേക്ഷിക്കാൻ കഴിയുന്നില്ല. താൻ തന്നെ ജീവൻ നൽകിയ ഘടികാരത്തോടൊപ്പം തടഞ്ഞു വീണു മരിക്കുക. ഹൃദയമിടിപ്പുകൾ നിന്നാൽ പിന്നെ മനുഷ്യ ജീവിതം എങ്ങനെ? എന്തായിരിക്കും കവി ഉദ്ദേശിച്ചിരിക്കുക.
ബിന്ദു ടിജി 2021-10-29 20:26:57
വായനക്കും അഭിപ്രായത്തിനും നന്ദി സുധീർ സർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക