Image

ദേവ പ്രകാശിനി (കഥ : രമണി അമ്മാൾ)

Published on 26 October, 2021
ദേവ പ്രകാശിനി (കഥ : രമണി അമ്മാൾ)
കഴിഞ്ഞ ഒരാഴ്ച മുഴുവനും
പ്രകാശിനി ആബ്സന്റായിരുന്നു..
ലീവും എടുത്തിട്ടില്ല, 
വിളിച്ചും പറഞ്ഞിട്ടില്ല...
എന്തുപറ്റിയോ ആവോ.. 
ഞാനൊന്നു വിളിച്ചുനോക്കി..
ഫോൺസ്വിച്ചോഫ്...
പരുത്തിപ്പാറയിലാണ് വീട്..
തിങ്കളാഴ്ച  വരുമായിരിക്കും... 
അറ്റന്റൻസ് ബുക്കിൽ 
വര വീഴാതിരിക്കാൻ ഓടിവന്നാണ് ലിഫ്റ്റിൽ കയറിയത്..
പി.എഫ്. സെക്ഷനിലെ ലളിതമ്മയുമുണ്ട് ലിഫ്റ്റിൽ.
"അറിഞ്ഞോ..?പ്രകാശിനിയുടെ വീട്ടിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി  ഏതോ അദൃശ്യശക്തിയുടെ സാന്നിദ്ധ്യമുണ്ടെന്ന്;
പൂജാമുറിയിലെ പരദേവതയുടെ ഫോട്ടോയിൽ നിന്നും ഭസ്മധൂളികൾ അടർന്നു വീണുകൊണ്ടിരിക്കുന്നു..!
പ്രകാശിനിയുടെ
ഇളയമകൻ
മഹത് വചനങ്ങളും
സൂക്തങ്ങളും
ശ്ളോകങ്ങളുമൊക്കെ
കണ്ണടച്ചിരുന്ന്
ഉച്ചത്തിൽ ഉരുവിട്ടുകൊണ്ടിരിക്കുന്നു..ചിലർ അതൊക്കെ എഴുതിയെടുക്കുകയും മൊബൈലിൽ പകർത്തുകയുമൊക്കെ
ചെയ്യുന്നു..
ദേവീസാമീപ്യം അനുഭവിക്കാൻ,
അത്ഭുതങ്ങൾ നേരിട്ടു കണ്ടറിയാൻ ദൂരത്തുനിന്നും ആൾക്കാർ വരാൻ തുടങ്ങിയെന്ന്.. നമ്മളിതൊന്നും അറിയുന്നില്ല....എന്റെ ചേട്ടന്റെ ഓഫീസീന്ന് അറിഞ്ഞതാ..
സഹപ്രവർത്തകരിൽ
ഒരാൾക്ക് ദൈവവിളി ഉണ്ടാകുകയെന്നുവച്ചാൽ
ചില്ലറക്കാര്യമാണോ..!"
ലളിതമ്മ ചിരിച്ചു..
"ആദ്യം മകനിലായിരുന്നു പരദേവത പ്രവേശിച്ചത്.. 
രണ്ടു ദിവസം കഴിഞ്ഞപ്പോൾ  അമ്മയിലേക്കും...
ഇതെന്തു പ്രതിഭാസമെന്നറിയാതെ, എന്തുചെയ്യണമെന്നറി
യാത്ത വെപ്രാളത്തിലാണ് ഭർത്താവ്.. മൂത്ത മകൻ ബാംഗ്ളൂരിൽ എന്തിനോ പഠിക്കയാണല്ലോ..!
പ്രാർത്ഥനകൾ ഉച്ചസ്ഥായിയിൽ ഏതുനേരവും കേൾക്കാം.. ഭക്തിയും വിശ്വാസവും പരമകാഷ്ഠയിലെത്തിയപ്പോൾ, 
ഫോട്ടോയിലെ  തിരുനെറ്റിയിൽ അസാധാരണമായ പ്രകാശവും, മുഖത്തൊരു ദിവ്യതേജസ്സും കാണാൻതുടങ്ങിയെന്ന്..
ആ തേജസ്സാണത്രേ അമ്മയിലേക്കും മകനിലേക്കും  പ്രവേശിച്ചത്... 

പ്രിയദർശിനി
വിദൂഷിയെപ്പോലെ  ലോകത്തുനടക്കുന്ന സകലതിനേക്കുറിച്ചും  ആധികാരികയോടെ
സംസാരിക്കുന്നു. 
നടക്കാൻപോകുന്ന കര്യങ്ങൾ 
പ്രവചിക്കുന്നു..
ഇതിനൊക്കെ സാക്ഷികളാകുന്നവർ അത്ഭുതപരതന്ത്രരാവുന്നു.അമ്മയും  മകനും 
പൂജാമുറിയിൽത്തന്നെ 
ചമ്രംപടിഞ്ഞിരിപ്പാണ്.
ആഹാരനീഹാരാദികൾക്കുമാത്രം  എഴുന്നേറ്റുപോയാലായി.."
ലളിതമ്മ അവരുടെ കാബിനിലേക്കു കയറി..
കേട്ടതു വിശ്വസിക്കാനും അവിശ്വസിക്കാനുമാവാതെ ഞാൻ..
സെക്ഷനിൽ എനിക്കും പ്രകാശിനിക്കും അടുത്തടുത്ത സീറ്റാണ്. 
അധികമൊന്നും സംസാരിക്കുന്ന പ്രകൃതമല്ല.. എല്ലാ ദിവസവും ക്ഷേത്ര ദർശനം കഴിഞ്ഞേ ഓഫീസെത്തൂ.. വ്രതങ്ങളെല്ലാം മുടക്കമില്ലാതെ അനുഷ്ഠിക്കും..
ഒരു കേക്കു കഷ്ണംപോലും കഴിക്കാത്ത സസ്യാഹാരി.. 
നെറ്റിയിലെ വലിയ ചുവന്ന
സിന്ദൂരപ്പൊട്ട് 
പ്രകാശിനിയുടെ  ഐഡന്റിറ്റിയാണെന്നു പറയാം.. 
അതുപോലെ സീമന്തരേഖയിൽ നീളത്തിൽ വരഞ്ഞ കുങ്കുമവും..
കരിമഷിപടർന്ന ആലസ്യമാണ്ട കണ്ണുകൾ..
ഓഫീസിലെത്തിയാൽ
പ്രാർത്ഥനാ പുസ്തകത്തിലെ അടയാളംവച്ച ഭാഗത്തുനിന്ന് വായന തുടങ്ങും. ഒരു കണക്കുണ്ട്..അത്രയും വായിച്ചിട്ടേ  ഓഫീസ് ജോലി തുടങ്ങൂ...
ലഞ്ചു കഴിച്ചുകഴിഞ്ഞ് മേശപ്പുറത്തു തലചായ്ച്ചൊരു മയക്കം..
ഇതിനിടയിൽ എപ്പോഴെങ്കിലും എന്നോടെന്തെങ്കിലും ചോദിച്ചാലായി, പറഞ്ഞാലായി. 
"ഡിപ്രഷനു
മരുന്നു കഴിക്കുന്നുണ്ട്..അതായീ ക്ഷീണം.."
സംസാരത്തിനിടയിൽ
ഒരിക്കൽ പറഞ്ഞതു കേട്ടപ്പോൾ അത്ഭുതം തോന്നി..
ഭർത്താവ് ഗസറ്റഡ്റാങ്കിലുളള ഉദ്യോഗസ്ഥൻ, രണ്ടാൺമക്കളിൽ മൂത്തവൻ വിദേശത്തും ഇളയവൻ പത്താം ക്ളാസിലും..
ലളിതമ്മയിൽ നിന്നറിഞ്ഞ  വാർത്തയുടെ നിജസ്ഥിതിയറിയാൻ
വേണ്ടി
സന്ദീപും ലിജോയുംകൂടി പ്രകാശിനിയുടെ വീടുവരെ ഒന്നു പോയി..
അവരെ കണ്ടഭാവംപോലും പ്രകാശിനി കാണിച്ചില്ല..

പരദേവതയുടെ അനുഗ്രഹം സിദ്ധിച്ച പുണ്യാത്മാക്കളുടെ പ്രഭാഷണം  തുടർന്നുപോരുകയായിരുന്നു..
അറിഞ്ഞും കേട്ടും വരുന്നവർ  കാണിക്കയർപ്പിച്ച് അമ്മയിൽനിന്നും മകനിൽനിന്നും  അനുഗ്രഹം വാങ്ങി തിരികകെപ്പോകുന്നു..
ഇതൊക്കെ വെറും തട്ടിപ്പാണെന്നും ഭക്തി പെരുത്ത് അവർക്കു ഭ്രാന്തുപിടിച്ചിരിക്കുകയാ
ണെന്നും ചിലർ.. 
എന്തായാലും, എങ്ങനെയായാലും മകന്റെ
പഠിപ്പു മുടങ്ങുന്നു. അമ്മയുടെ  
ലീവും അനിശ്ചിതമായി നീളുന്നു..
ആവേശങ്ങളും ആരവങ്ങളും കെട്ടടങ്ങുന്നു..
വല്ലപ്പോഴെങ്ങാനും ആരെങ്കിലും വന്നാലായി. 
അത്ഭുതങ്ങളൊക്കെ
തൊട്ടടുത്ത വീട്ടിൽ നടക്കുമ്പോഴും സംശയദൃഷ്ടികളോടെ
വീക്ഷിച്ചുകൊണ്ടിരുന്ന അയൽക്കാർ ...
ഒരുനാൾ, രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് പ്രകാശിനിയുടെ വീട്ടിൽ നിന്നും എന്തൊക്കെയോ ബഹളങ്ങൾ കേൾക്കുന്നു. ആദ്യമൊന്നു മടിച്ചെങ്കിലും 
ഒച്ചയും  ബഹളവും അവസാനിക്കുന്നില്ലെന്നു കണ്ട് മെല്ലെ അങ്ങോട്ടേക്കു ചെല്ലുമ്പോൾ
വീടിനകത്തും പുറത്തുമൊക്കെ പാഞ്ഞുനടക്കുന്ന പ്രകാശിനിയും
അവരെ അടക്കിനിർത്താൻ പാടുപെടുന്ന ഭർത്താവും.. മകൻ ഊമയെപ്പോലെ ഒരിടത്തിരിപ്പുണ്ട്..
ഭക്തി മൂത്തു മുഴുഭ്രാന്തായ
അമ്മയേയും ഭ്രാന്തിന്റെ വക്കോളമെത്തിനിൽക്കുന്ന അനിയനേയും വിവരങ്ങളറിഞ്ഞു നാട്ടിലെത്തിയ മൂത്തമകൻ ഏതോ മാനസികാരോഗ്യകേന്ദ്രത്തിലാക്കിയെന്നും ഇപ്പോഴും അവരവിടെ കഴിയുകയാണെന്നുമാണ് 
ഇന്നലവരെ അറിയാൻ കഴിഞ്ഞത്...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക