ജര്‍മനിയില്‍ കോവിഡ് വ്യാപന നിരക്ക് വീണ്ടും ഉയര്‍ന്നു

Published on 26 October, 2021
 ജര്‍മനിയില്‍ കോവിഡ് വ്യാപന നിരക്ക് വീണ്ടും ഉയര്‍ന്നു


ബെര്‍ലിന്‍: കഴിഞ്ഞ മേയ് മാസത്തിനുശേഷം ആദ്യമായി ജര്‍മനിയിലെ പ്രതിവാര കോവിഡ് വ്യാപന നിരക്ക് ലക്ഷത്തില്‍ നൂറിനു മുകളിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് രോഗബാധ വര്‍ധിച്ചുവരുന്നതാണ് കണക്കുകളില്‍ പ്രതിഫലിക്കുന്നത്.

68.7ല്‍ നിന്ന് വെറും എട്ടു ദിവസത്തിനുള്ളില്‍ വ്യാപന നിരക്ക് നൂറിലെത്തിയിരിക്കുന്നതെന്ന് റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടുന്നു. സാഹചര്യം വീണ്ടും വഷളാകുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നതെന്ന ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്റെ മുന്നറിയിപ്പ് പുറത്തു വന്നതിനു പിന്നാലെയാണ് ഈ കണക്കും വരുന്നത്.


എല്ലാ പ്രായ വിഭാഗത്തിലും രോഗബാധ വര്‍ധിക്കുന്നതായാണ് നിരീക്ഷണം. വരും ദിവസങ്ങളില്‍ ഇതിനിയും വര്‍ധിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ശനിയാഴ്ച മാത്രം രാജ്യത്ത് 86 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 95,077 ആയി. 15,145 പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. എട്ടു ദിവസത്തിനിടെ പ്രതിദിന കണക്കില്‍ 31 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക