ഷാര്‍ജയില്‍ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ യാത്ര, ഹാജര്‍ നില അറിയാന്‍ പുതിയ ആപ്ലിക്കേഷന്‍

Published on 26 October, 2021
 ഷാര്‍ജയില്‍ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ യാത്ര, ഹാജര്‍ നില അറിയാന്‍ പുതിയ ആപ്ലിക്കേഷന്‍

ദുബായ്: ഷാര്‍ജയില്‍ ഇനി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ഹാജരായില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് അപ്പോള്‍ തന്നെ അറിയാന്‍ കഴിയും. കുട്ടികളുടെ സ്‌കൂള്‍ യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള ആധുനിക സംവിധാനമാണ് ഷാര്‍ജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയുടെ സഹകരണത്തോടെ എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് കന്പനി തയാറാക്കിയിരിക്കുന്നത്.

കുട്ടികളുടെ സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയുടെ വിവരങ്ങള്‍ മാതാപിതാക്കള്‍ക്ക് അപ്പപ്പോള്‍ അറിയാനുള്ള സൗകര്യവുമായാണ് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് എത്തിയിരിക്കുന്നത്.

രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂള്‍ ബസ് സര്‍വീസുകളെ സഹായിക്കുന്നതിന് ആവശ്യമായ ആപ്ലിക്കേഷനാണ് ഷാര്‍ജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയുടെ സഹകരണത്തോടെ എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വികസിപ്പിച്ചെടുത്ത്. ആറായിരത്തിലേറെ സ്‌കൂള്‍ ബസുകള്‍ക്ക് ഗുണംചെയ്യുന്നതാണ് ആപ്ലിക്കേഷനെന്ന് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ആക്ടിംഗ് സിഇഒ ഫര്യല്‍ തവക്കുല്‍ അറിയിച്ചു.


വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പുറപ്പെടുന്‌പോഴും സ്‌കൂളില്‍നിന്ന് തിരിച്ച് വീട്ടിലേക്കുമുള്ള വിദ്യാര്‍ഥികളുടെ സഞ്ചാരം മാതാപിതാക്കള്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ കഴിയും. ബസുകളുടെ സഞ്ചാരപഥം, ദിവസേനയുള്ള ട്രിപ്പുകള്‍, ക്ലാസില്‍ ഹാജരാകാത്ത കുട്ടികള്‍, മറ്റു ബസുകളിലേക്ക് മാറിയ കുട്ടികള്‍, അത്യാഹിത ഘട്ടങ്ങളിലെ മുന്നറിയിപ്പ് സന്ദേശങ്ങള്‍ മുതലായവയും ആപ്ലിക്കേഷനില്‍ ലഭ്യമാകുമെന്നാണ് ഇതിന്റെ പ്രത്യേകത എന്നും അധികൃതര്‍ വിശദീകരിച്ചു.

അനില്‍ സി. ഇടിക്കുള

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക