Image

യു.എസ്. യാത്രക്ക് വാക്‌സിനേഷന്‍ കാര്‍ഡ് വേണം; ടെസ്റ്റ് നടത്തണം

Published on 26 October, 2021
യു.എസ്. യാത്രക്ക് വാക്‌സിനേഷന്‍ കാര്‍ഡ് വേണം; ടെസ്റ്റ് നടത്തണം

വാഷിംഗ്ടണ്‍, ഡി.സി:
അമേരിക്ക നവംബര്‍ 8 മുതല്‍ പുതിയ അന്താരാഷ്ട്ര വിമാന യാത്രാ നിയമങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കയിലേക്കു വരുന്ന വിദേശ യാത്രക്കാര്‍ പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തിരിക്കണം. അതു പോലെ വാക്‌സിനേഷന്റെ തെളിവും യാത്രക്കു മുന്‍പ് നല്കണം. ഇതില്‍ നിന്നു വളരെ ചുരുക്കം പേര്‍ക്കേ ഇളവ് നല്‍കുകയുള്ളു.

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അംഗീകരിച്ചതോ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ ലിസ്റ്റിലുള്ളതോ ആയ വാക്‌സിന്‍ ആണ് എടുക്കേണ്ടത്. ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ആസ്ട്ര സെനെക്ക, സിനോഫാം, സിനോവാക് വാക്‌സിനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടു തരം വാക്‌സിന്‍ എടുത്താലും മതി.

പൂര്‍ണമായും വാക്സിനേഷന്‍ എടുത്തവര്‍ യാത്രക്കു മൂന്ന് ദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എല്ലാ യാത്രക്കാരും ഇത് ചെയ്യണം- യുഎസ് പൗരന്മാരും ഗ്രീന്‍ കാര്‍ഡുള്ളവരും ഉള്‍പ്പടെ.

വാക്‌സിന്‍ എടുക്കാത്ത യാത്രക്കാര്‍ - യുഎസ് പൗരന്മാര്‍ ഉള്‍പ്പടെ- യാത്രയുടെ ഒരു ദിവസത്തിനുള്ളില്‍ എടുത്ത കോവിഡ് ടെസ്റ്റിനു നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കണം.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കാന്‍ കഴിയാത്ത യു.എസ്. പൗരന്മാര്‍, ഗ്രീന്‍ കാര്‍ഡുള്ളവര്‍ എനിവര്‍ ഒരു ദിവസത്തിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റിവ് ടെസ്റ്റ് റിസല്ട്ട് നല്കണം.

18 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നിരബന്ധമല്ല. പൂര്‍ണമയും വാക്‌സിന്‍ എടുത്തവരുടെ കൂടെ യാത്ര ചെയ്യുന്ന 2 മുതല്‍ 17 വയസ് വരെയുള്ളവര്‍ മൂന്നു ദിവസത്തിനുള്ളില്‍ ടെസ്റ്റ് ചെയ്തിരിക്കണം.

ഒറ്റക്കു പോകുന്ന കുട്ടികളും പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്യത്തവര്‍ക്കൊപ്പം പോകുന്ന കുട്ടികളും യാത്രക്കു 24 മണിക്കൂറിനുളില്‍ ടെസ്റ്റ് എടുത്ത് അത് നെഗറ്റിവ് എന്നു കാണിക്കണം.

രണ്ടു വയസില്‍ താഴെയുള്ളവര്‍ക്ക് ടെസ്റ്റ് ആവശ്യമില്ല. എങ്കിലും കഴിയുമെങ്കില്‍ യാത്രക്കു മുന്‍പ് അവരും കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് സി.ഡി.സി. ശുപാര്‍ശ.

ഓരോ രാജ്യത്തിനും പ്രത്യേകമായുള്ള നിയമങ്ങള്‍ക്കു പകരം എല്ലാ രാജ്യക്കാര്‍ക്കും ബാധകമായ ചട്ടങ്ങളാണിവയെന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക