Image

പാവപ്പെട്ടവരുടെ അപ്പോസ്‌തോലന്‍ ഇനിയും മലങ്കരയുടെ മോറാന്‍ (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)  

Published on 27 October, 2021
പാവപ്പെട്ടവരുടെ അപ്പോസ്‌തോലന്‍ ഇനിയും മലങ്കരയുടെ മോറാന്‍ (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)  

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അധിപനായി സഭയുടെ കണ്ടനാട് മെത്രാപ്പോലീത്താ മാത്യൂസ് മാര്‍ സേവേറിയോസിനെ മലങ്കര സഭ അസ്സോസിയേഷന്‍ തിരഞ്ഞെടുത്തു. കാതോലിക്കാ ബാവയായി തിരഞ്ഞെടുത്തതോടൊപ്പം മലങ്കര മെത്രാപ്പോലീത്തായായും തിരഞ്ഞെടുക്കുന്ന രണ്ട് തിരഞ്ഞെടുപ്പുകളാണ് ഒക്‌ടോബര്‍ 14ന് പരുമലയില്‍ കൂടിയ  അസ്സോസിയേനില്‍ നടന്നത്. 

തീര്‍ത്തും ജനാധിപത്യ രീതിയില്‍ ജനപ്രതിനിധികള്‍ക്കു കൂടി പങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ടുള്ള തിരഞ്ഞെടുപ്പു രീതിയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടന. മെത്രാപ്പോലീത്ത സ്ഥാനത്തേക്കും കാതോലിക്കാ ബാവ സ്ഥാനത്തേക്കും മാത്രമല്ല വൈദീക അല്‍മായ ട്രസ്റ്റി സ്ഥാനത്തേക്കും നടക്കുന്ന തെരഞ്ഞെടുപ്പില്‍ അസ്സോസിയേഷന്‍ അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവകാശവും അധികാരവും സഭാ ഭരണഘടന നല്‍കുന്നുണ്ട്. അസ്സോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ക്ക് മാത്രമാണ് വോട്ടവകാശം. മേല്‍പ്പട്ട സ്ഥാനത്തേക്കും കാതോലിക്കാ ബാവ സ്ഥാനത്തേക്കും വിശ്വാസികള്‍ക്ക് പൂര്‍ണ്ണമായ പങ്കാളിത്തമുറപ്പാക്കുന്ന രീതിയില്‍ ഉള്ള തിരഞ്ഞെടുപ്പുള്ള ചുരുക്കം ചില ക്രൈസ്തവ സഭകളില്‍ ഒന്നാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ.

ആഗോള സഭയായ കത്തോലിക്കാ സഭയില്‍പ്പോലും സഭയുടെ തലവനെ തിരഞ്ഞെടുക്കുന്നതിന് വിശ്വാസികള്‍ക്ക് യാതൊരു പങ്കുമില്ലെന്നതാണ് ഒരു വസ്തുത. കത്തോലിക്കാ സഭയുടെ തലവനായ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നത് കര്‍ദ്ദിനാളന്മാരുടെ സംഘമായ കോണ്‍ക്ലേവാണ്. ഇതില്‍ എണ്‍പത് വയസ്സിനു താഴെ പ്രായമുള്ളവര്‍ക്കു മാത്രമെ വോട്ടവകാശവുമുള്ളു. 

കാതോലിക്കാ ബാവയും മലങ്കര മെത്രാപ്പോലീത്തായും രണ്ട് സ്ഥാനങ്ങളും രണ്ട് അധികാരങ്ങളുമാണ്. കാതോലിക്കാ ബാവ സഭയുടെ ആത്മീയ പിതാവും മലങ്കാര മെത്രാപ്പോലീത്ത സഭയുടെ ഭൗതീക സ്വത്തുക്കളുടെ അധികാരിയുമാണ്. പരിശുദ്ധ സുന്നഹദോസ്സിന്റെ അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുമ്പോള്‍ മലങ്കര മെത്രാപ്പോലീത്തായ്ക്ക് മലങ്കര അസ്സോസിയേഷന്റെ അദ്ധ്യക്ഷ സ്ഥാനമാണുള്ള്. ഇപ്പോള്‍ ഈ രണ്ട് സ്ഥാനങ്ങളും ഒരു വ്യക്തിയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ അസ്സോസിയേഷനിലെ തിരഞ്ഞെടുപ്പ് ഒരു തിരഞ്ഞെടുപ്പാണെങ്കിലും രണ്ട് സ്ഥാനത്തേക്കുള്ളതാണ്.

ഭാരതീയ പാരമ്പര്യവും പൂര്‍വ്വകൊളോണിയല്‍ സ്ഥാന ചിഹ്നങ്ങളുടെ പിന്‍തുടര്‍ച്ചയും അവകാശപ്പെടുകയും അധികാരപ്പെടുത്തുകയും ചെയ്യുന്ന സ്ഥാനമാണ് കാതോലിക്കാ ബാവയ്ക്കും മലങ്കര മെത്രാപ്പോലീത്തായ്ക്കുമുള്ളത്. വിശുദ്ധ തോമാശ്ലീഹായുടെ പിന്‍ഗാമിയും പൗരസ്ത്യ കാതോലിക്കയുമായാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവനെ അറിയപ്പെടുന്നതും അഭിസംബോധന ചെയ്യുന്നതും.

ക്രിസ്തു ശിഷ്യന്മാരാല്‍ സ്ഥാപിതമായിരിക്കുന്നതാണ് ആഗോള ഓര്‍ത്തഡോക്‌സ് സഭകളുടെ അടിസ്ഥാനമെങ്കിലും പ്രാദേശിക സഭകളായിട്ടാണ് പൗരാണിക ഓര്‍ത്തഡോക്‌സ് സഭകള്‍ അറിയപ്പെടുന്നത്. അതിന്റെ ഭാഗമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കും ആ വിളിപ്പേര് വന്നത് കാതോലിക്കോസ് എന്ന പദം ഗ്രീക്കില്‍ നിന്നും വന്നിട്ടുള്ളതാണ്. പൊതുവായത് എന്നര്‍ത്ഥമാണ് അതിനുള്ളത്. റോമാ സാമ്രാജ്യ കാലത്ത് അവര്‍ക്ക് പുറത്തുള്ളവരെയായിരുന്നു കാതോലിക്കായെന്ന് അഭിസംബോധന ചെയ്തിരുന്നത്. റോമാ സാമ്രാജ്യത്തിലെ പ്രമുഖ നഗരങ്ങളായിരുന്ന റോം, അലക്സാണ്ട്രിയ , അന്ത്യോഖ്യാ, കോണസ്റ്റാന്റിനോപ്പിൾ  എന്നിവിടങ്ങളില്‍ സഭയുടെ തലവനെ പാത്രിയര്‍ക്കീസ് എന്നുമായിരുന്നു വിളിച്ചിരുന്നത്.

1912-ലാണ്  മലങ്കരയില്‍ കാതോലിക്കാ പുനഃസ്ഥാപനമുണ്ടായത്. അതിനു മുന്‍പ് മലങ്കര മെന്ത്രാപ്പോലീത്തായുടെ അധീനതയിലായിരുന്നു സഭയുടെ നിയന്ത്രണം. ആത്മീയ പിതാവെന്ന നിലയില്‍ കാതോലിക്കാ ബാവയും അധികാരം കൈയ്യാളുന്ന സ്ഥാനിയനായി മലങ്കര മെത്രാപ്പോലീത്തായും രണ്ട് പദവികള്‍ ഒരു വ്യക്തിയില്‍ തന്നെ കേന്ദ്കീകരിച്ചത് 1934 മുതലാണ്. തുല്യ പദവിയിലുള്ള രണ്ട് അധികാര കേന്ദ്രങ്ങള്‍ രണ്ട് വ്യക്തികളിലേക്ക് എത്തിപ്പെടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടും ആശയകുഴപ്പവും ഒഴിവാക്കാനാണ് രണ്ട് പദവികളും ഒരു വ്യക്തിയില്‍ തന്നെ ക്രോഡീകരിച്ചത്. അങ്ങനെ ഒരു വ്യക്തിയില്‍ രണ്ട് പദവികള്‍ എന്ന നിലയിലേക്ക് ഇന്നും സഭയുടെ നേതൃത്വം പോകുന്നു.

മലങ്കര മെത്രാപ്പോലീത്തയായി അസ്സോസിയേഷന്‍ തിരഞ്ഞെടുക്കപ്പെടുന്നതോടെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയില്‍ എല്ലാ അധികാരവും വന്നുചേരും എന്നാല്‍ കാതോലിക്കയായി തിരഞ്ഞെടുത്താല്‍ വീണ്ടും ചില അംഗീകാരവും ചടങ്ങുകളുമുണ്ട്. പരിശുദ്ധ സുന്നഹദോസ് അംഗീകാരം കൊടുത്തെങ്കില്‍ മാത്രമെ ആ വ്യക്തിയെ ബാവ സ്ഥാനത്തേക്ക് വാഴിക്കാന്‍ കഴിയുകയുള്ളു. സിനഡില്‍ അംഗീകാരവും വാഴിക്കല്‍ ചടങ്ങും തീരുമാനിച്ചു കഴിഞ്ഞാല്‍ അവസാന ചടങ്ങായ വാഴിക്കല്‍ ചടങ്ങിലേക്കാണ് പിന്നീട് പോകേണ്ടത്. വാഴിക്കല്‍ ചടങ്ങു പൂര്‍ത്തീകരിച്ചാല്‍ കാതോലിക്കാ ബാവയെന്ന സ്ഥാനത്തിന്റെ പൂര്‍ത്തീകരണമാകും. മലങ്കര സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് മലങ്കര മെത്രാപ്പോലീത്തായെ തിരഞ്ഞെടുത്ത വേദിയില്‍ തന്നെ വാഴിക്കുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ അപ്പോസ്‌തോലന്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യനാണ് ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിദീയന്‍ കാതോലിക്കാബാവ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ ഒരു വാക്കിലോ ഒരക്കത്തിലോ ഉള്‍ക്കൊള്ളിക്കുന്നതിനപ്പുറമാണ്. കേരളത്തിനകത്തും പുറത്തുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട് മാത്യൂസ് ത്രിദീയന്‍ കാതോലിക്കാ ബാവ. അത് സഭക്കകത്തും പുറത്തുമുണ്ടെന്നതാണ് എടുത്തു പറയാവുന്ന ഒരു വസ്തുത.

ഒരുപക്ഷെ ലോകത്ത് ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മെത്രാപ്പോലീത്തായെന്ന് തന്നെ പറയാം മാത്യൂസ് മാര്‍ സേവേറിയോസ് എന്ന മാത്യൂസ് ത്രിദീയന്‍ കാതോലിക്കാബാവ. ഏകദേശം പത്തോളം ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ക്ക് തിരുമേനി നേതൃത്വം നല്‍കുന്നുണ്ട്. അവയൊക്കെ ഓരോരോ മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വേര്‍തിരിക്കുകയും അവയൊക്കെ അതാത് ജീവകാരുണ്യങ്ങള്‍ മുന്‍നിര്‍ത്തി പേരും നല്‍കിയിട്ടുണ്ട്. 

കാരുണ്യത്തോടൊപ്പം കരുതലും അതില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളും അതിന്റെ ലക്ഷ്യപ്രാപ്തിക്കായിട്ടുള്ള പേരുകളുമാണ് ഈ പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. പ്രകാരത്തില്‍ തുടങ്ങുന്നവയാണ് ഈ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ എല്ലാം തന്നെ. പ്രതീക്ഷാ ഭവന്‍, പ്രശാന്തി ഭവന്‍, പ്രത്യാശ ഭവന്‍, പ്രഥാന്തം സെന്‍ര്‍, പ്രഭാതം സെന്റര്‍, പ്രബോധനം സെന്റര്‍, പ്രാപ്തി, പ്രസന്നം സെന്റര്‍, പ്രശാന്തം സെന്റര്‍, പ്രപാലനം സെന്റര്‍ തുടങ്ങിയവയാണ് ഇവ. 

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കുന്നതോടൊപ്പം ആരും ആശ്രയമില്ലാത്തവര്‍ക്ക് ആഹാരത്തോടൊപ്പം ആത്മബലവും ലക്ഷ്യമിടുന്നുണ്ട്. സ്വയംതൊഴില്‍ കണ്ടെത്താനും സ്വയം പര്യാപ്തത നേടാനും നിര്‍ദ്ധനരായ പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്നതും സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന എയ്ഡ്‌സ് രോഗികളുടെ മക്കളെ സംരക്ഷിക്കുന്നതും അക്കൂട്ടത്തിലുണ്ട്. ഇതിനായി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരുടെ സഹായം ലഭിക്കുന്നുയെന്നത് സമൂഹം ഈ പ്രസ്ഥാനങ്ങളെ അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ്.

കാല്‍നൂറ്റാണ്ടിലേറെയായി ഈ പ്രസ്ഥാനങ്ങള്‍ എല്ലാം തുടങ്ങിയിട്ട്. ദിവസംതോറും പ്രശോഭയോടുകൂടി മുന്നേറുന്ന ഈ പ്രസ്ഥാനങ്ങള്‍ ആരോപണങ്ങളിലോ ആക്ഷേപങ്ങളിലോ പെട്ടുപോയിട്ടില്ല. സാമ്പത്തിക സഹായങ്ങള്‍ എല്ലാം തന്നെ കുറ്റമറ്റരീതിയില്‍ സൂക്ഷിക്കുക മാത്രമല്ല അത് നല്‍കുന്നവര്‍ക്ക് വര്‍ഷാന്ത്യം അതിന്റെ റിപ്പോര്‍ട്ടും പുസ്തകമായി പ്രസിദ്ധീകരിച്ച് നല്‍കാറുമുണ്ട്. ഈ പ്രസ്ഥാനങ്ങളെല്ലാം പക്കോമിയോസ് ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലും നിര്‍ദ്ദേശത്തിലുമാണ് വളരെ കൃത്യതയോടും കാര്യക്ഷമതയോടും പ്രവര്‍ത്തിക്കുന്നത്.

വളരെ പരിമിതമായ ജീവിതാന്തരീക്ഷത്തില്‍ വളര്‍ന്നതുകൊണ്ടു തന്നെ സാധാരണക്കാരുടെയും പാവപ്പെട്ടവന്റെയും കഷ്ടപ്പാടുകളും പ്രയാസങ്ങളും മാത്യൂസ് ത്രിദീയന്‍ കാതോലിക്കാ ബാവക്ക് മനസ്സിലാക്കാന്‍ കഴിയും. വിശപ്പിനേക്കാള്‍ വലിയതായി യാതൊന്നുമില്ലെന്ന് ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി. വിശക്കുന്നവന് ആഹാരം നല്‍കുന്നതിനേക്കാള്‍ പുണ്യപ്രവര്‍ത്തി ഒന്നുമില്ലെന്ന് വിശപ്പറിഞ്ഞിട്ടുള്ള തനിക്ക് ഉത്തമ ബോധ്യമുണ്ടെന്ന് തുറന്നു പറയാന്‍ അദ്ദേഹം മടിക്കാറില്ല. ഒരു നേരത്തെ ആഹാരം കൊടുത്തെങ്കിലും വിശപ്പടക്കാന്‍ കഴിയുമെങ്കില്‍ അതാണ് സമൂഹത്തിനുവേണ്ടി ചെയ്യാന്‍ കഴിയുന്ന മഹത്തായ കാര്യമെന്ന ചിന്തയോടെ തുടങ്ങിയതാണ് പ്രതീക്ഷ ഭവന്‍. കോട്ടയം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് രോഗികളെ പരിചരിക്കാന്‍ വരുന്ന പാവപ്പെട്ടവര്‍ക്ക് ഉച്ചഭക്ഷണം കൊടുത്തുകൊണ്ടായിരുന്നു അതിന്റെ തുടക്കം.

അനേകം പാവങ്ങള്‍ക്ക് അത് ആശ്വാസവും അഹാരവുമായപ്പോള്‍ അതിന്റെ പിന്‍തുടര്‍ച്ചയായി പിന്നീട് പല പദ്ധതികളും വരികയും ഇന്നും സമൂഹത്തിലെ അശരണര്‍ക്കും ആശ്രയമില്ലാത്തവര്‍ക്കും ആശ്വാസമേകികൊണ്ടുമിരിക്കുന്നു. ഇന്നും അത് വളരെ മികവാര്‍ന്ന രീതിയില്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നു. എല്ലാ വര്‍ഷവും രണ്ടും മൂന്നും പ്രാവശ്യം വിദേശ രാജ്യങ്ങളിലെത്തി സഹായങ്ങള്‍ ചോദിക്കുമ്പോള്‍ ആരും മറുത്തു പറയാതെ കൈയ്യയച്ചു സഹായിക്കുന്നവര്‍ക്ക് അറിയാം അത് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുമെന്ന്. അതുകൊണ്ടുതന്നെ അത് അതിന്റെ അളവ് ഓരോ വര്‍ഷവും വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.

മാത്യൂസ് ത്രിദീയന്‍ കാതോലിക്കാ ബാവ എന്ന സ്ഥാനത്തേക്ക് വാഴിക്കപ്പെട്ടതോടെ സഭയുടെ മൊത്തത്തിലുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് മാത്യൂസ് മാര്‍ സേവേറിയോസ്സിലുള്ളത്. അത് അത്ര എളുപ്പമല്ല. അറുപത് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സഭാമക്കളുടെ സഭയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. മലയാളമെന്ന മാതൃഭാഷയില്‍ നിന്നു മാത്രമല്ല ഇംഗ്ലീഷുള്‍പ്പെടെ വിവിധ ഭാഷകള്‍ മാതൃ ഭാഷയായി സംസാരിക്കുന്ന ഒരു തലമുറകൂടി സഭയ്ക്കുണ്ട്. അങ്ങനെ വിവിധ ഭാഷകളും സംസ്‌ക്കാരങ്ങളുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുമ്പോള്‍ ആ സഭയെ നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം. അതോടൊപ്പം തന്നെ സഭാ തര്‍ക്കത്തെ തുടര്‍ന്നുള്ള വിഷയങ്ങളും ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ഇവയെല്ലാം പട്ടുമെത്തയോ പൂവിരിച്ച പാദകളോ അല്ലെന്ന് ത്രിദീയന്‍ കാതോലിക്കാബാവയ്ക്ക് മറ്റാരേക്കാളും അറിവുള്ളതാണ്.

അത് ഒരു ദൈവനിയോഗം പോലെ നടക്കുമെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ക്കൂടി വ്യക്തമാകുന്നു. വൈദീകനാകുകയെന്ന ആഗ്രഹവുമായി നടന്നിരുന്ന ചെറുപ്പകാലത്തില്‍ പഠനത്തില്‍ സമര്‍ത്ഥനായിട്ടും ആ ആഗ്രഹം കുറച്ചു നാളത്തേക്ക് മാറ്റി ഉത്തരേന്ത്യയില്‍ സഹോദരിക്കൊപ്പം താമസിച്ച് ഉപജീവനത്തിന് മാര്‍ഗ്ഗം കണ്ടെത്തിയപ്പോഴും ദൈവനിയോഗത്തിന് വിധേയപ്പെടുകയായിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് തിരിച്ചുവരേണ്ടി വന്നപ്പോഴും ആ പദ്ധതിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്‌ക്കൊപ്പം എന്നും നിലകൊണ്ടപ്പോഴും അദ്ദേഹത്തെ കാതോലിക്കാബാവയായി തിരഞ്ഞെടുക്കുന്നതിന് ചുക്കാന്‍ പിടിച്ചവരില്‍ ഒരാളായി നിന്നപ്പോഴും സഭയുടെ ശക്തനായ പോരാളിയായി തന്നെ മാര്‍ സേവേറിയോസ് തിരുമേനി ഉണ്ടായിരുന്നു. ഇന്നലെ വരെ സഭയുടെ ഒരു മെത്രാപ്പോലീത്തയായി പ്രവര്‍ത്തിച്ചെങ്കില്‍ ഇന്ന് സഭയുടെ മോറാന്‍ ആയി സഭ മുഴുവനായി വിളങ്ങി നില്‍ക്കുന്നു. അത് കൂടുതല്‍ ശോഭയോടെ തിളങ്ങി വരുമെന്നതിന് സംശയമില്ല. കാരണം ദൈവത്തിന്റെ പദ്ധതിക്കൊപ്പമായിരുന്നു എന്നും നടന്നിരുന്നത്.

Join WhatsApp News
Mini 2021-10-28 15:58:13
Prayers
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക