Image

ആൽപ്‌സിന്റെ മടിത്തട്ടിൽ രാപ്പാർക്കാം (റെനി കവലയിൽ)

Published on 30 October, 2021
ആൽപ്‌സിന്റെ  മടിത്തട്ടിൽ  രാപ്പാർക്കാം  (റെനി കവലയിൽ)
ആറാം ക്ലാസിലെ സാമൂഹ്യപാഠം ക്ലാസിലാണ് ആല്‍‌പ്സ് മലനിരകളെക്കുറിച്ചാദ്യമായി കേട്ടത്. യൂറോപ്പിനെ ചുറ്റിപ്പൊതിഞ്ഞ് ഒരു കാവൽക്കാരനെപ്പോലെ തലയുയർത്തി നിൽക്കുന്ന ആല്പ്സിന്റെ ഗിരിശൃംഗങ്ങളിൽ പെയ്യുന്ന മഞ്ഞുപടലങ്ങളിൽ അപ്രത്യക്ഷയായ തന്റെ പട്ടിക്കുട്ടിയെ തിരഞ്ഞുകൊണ്ട് ശേഷിക്കുന്ന ജീവിതം അലഞ്ഞു തീർത്ത വൃദ്ധനായ ജർമ്മൻ വീഞ്ഞു വിൽപ്പനക്കാരന്റെ കഥയിൽ നിന്നാണ് ആൽപ്സ് എന്റെ സ്വപ്നങ്ങളിൽ കുടിയേറിയത്. ആ മലനിരകളിൽ പോയി അതിന്റെ ഉത്തുംഗതയിൽ കേറിനിന്നുകൊണ്ട് താഴെ പൈന്‍‌മരക്കാടുകളിലെ വെളിച്ചം കുറഞ്ഞ വീടുകളില്‍ നെരിപ്പോടിനടുത്ത് മദ്യം നുകര്‍‌ന്നിരിക്കുന്ന യൂറോപ്പിനെ നോക്കി ഉച്ചത്തിൽ കൂക്കി വിളിക്കണമെന്നും നിങ്ങളുടെ ഈ സമ്പൽ സമൃദ്ധി ഞങ്ങളെ കൊള്ളയടിച്ചതാണെന്ന് വിളിച്ചു പറയണമെന്നുമുള്ള അത്യാഗ്രഹം പിന്നീടെപ്പെഴോ തണുത്തുറഞ്ഞു പോയിരുന്നു. തോമസ് മാൻ എഴുതിയ "മാജിക്ക് മൗണ്ടന്‍" എന്ന ജർമ്മൻ നോവലിന്റെ ഇംഗ്ലീഷ്പരിഭാഷയാണ് മഞ്ഞുരുക്കി എന്റെ സ്വപ്നങ്ങളെ വീണ്ടും സജീവമാക്കിയത്

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നാട്ടിലേക്കുമുള്ള യാത്രാ മദ്ധ്യേ വീണു കിട്ടിയ രണ്ടു ദിവസങ്ങൾ എൻ്റെ ആൽപ്സ് സ്വപ്‌നങ്ങൾ സഫലമായത് ,ആൽപ്സിന്റെ മടിത്തട്ടിൽ കൊച്ചു നാളുകളിൽ പുസ്തകങ്ങളിൽ ഒളിച്ചു വച്ചിരുന്ന ചിത്രത്താളുകളിൽ പണ്ടു കണ്ട പോലെയുള്ള  കാല്പനികത നിറഞ്ഞ ഒരു കൊച്ചു ഭവനത്തിൽ രാപാർക്കുക ,ഒരിക്കലും നടക്കുകയില്ല എന്നു കരുതിയ സ്വപ്നം,

യാത്രകൾ ,എന്തിനാണു യാത്ര ചെയുന്നത്..? പലപ്പോഴും ഞാൻ എന്നോടു  തന്നെ ചോദിച്ചിട്ടുള്ളതും അപ്പോഴൊക്കെ വ്യത്യസ്ത ഉത്തരങ്ങൾ  ലഭിച്ചിട്ടുള്ളതുമായ ചോദ്യങ്ങൾ! എങ്കിലും കിട്ടിയ ഉത്തരങ്ങളുടെയെല്ലാം ഒരു  രത്നച്ചുരുക്കം ഇതായിരുന്നു; യാത്ര പോകുന്ന സ്ഥലങ്ങളും അവിടേക്കുള്ള  വഴികളും എന്നെത്തന്നെ അന്വേഷിക്കുകയാണെന്നും, അതുകൊണ്ടുതന്നെ  അവിടേക്കെല്ലാമെത്തുകയെന്നതും അങ്ങോട്ടുള്ള വഴിത്താരകളെല്ലാം എന്റെ  പാദസ്പർശം കൊണ്ടടയാളപ്പെടുത്തുക എന്നതും എന്റെ കർത്തവ്യമോ ജീവിത നിയോഗമോ  ആണെന്നും, അതുവഴി ഞാൻ എന്നെത്തന്നെ കണ്ടെത്തുകയാണെന്നും ആയിരുന്നത്.  പിന്നിടുന്ന വഴികളാൽ ഞാൻ എന്നിലേക്കു തന്നെയുള്ള ദൂരം കുറക്കുന്നു;  എത്തിപ്പെടുന്ന സ്ഥലങ്ങളിൽ വെച്ചു ഞാൻ എന്നെത്തന്നെ കണ്ടുമുട്ടുന്നു. ഒന്നു  മറ്റൊന്നിൽ നിന്നും മാറ്റപ്പെടുത്താനാവാത്ത വിധം ലയിക്കപ്പെട്ടു, ഞാനും  യാത്രയും ഒന്നുതന്നെയാണെന്ന ആത്യന്തികമായ തിരിച്ചറിവിലേക്കു യാത്രകൾ എന്നെ  കൊണ്ടെത്തിക്കുന്നു. അങ്ങനെ ഞാൻ എന്റെ യാത്രകൾ തുടർന്നു  കൊണ്ടേയിരിക്കുന്നു.

ഹ്യൂസ്റ്റൺ എയർപോർട്ടിൽ എത്തിയപ്പോഴേ വൈകിയിരുന്നു ,നാല്പത്തെട്ടു മണിക്കൂർ മുൻപെടുത്ത ആർ ടി പി സി ആർ ഉണ്ടായിരുന്നെകിലും ജർമനിയിലേക്ക് യാത്ര ചെയ്യണമെങ്കിൽ ഓൺലൈനിൽ ഐവിസ ഫോം പൂരിപ്പിക്കണം എന്ന് ലുഫ്റ്റാൻസ കൗണ്ടറിൽ എത്തിയപ്പോഴാണ് അറിഞ്ഞത് ,ഇനി കൗണ്ടർ  അടക്കാൻ  വെറും  മുപ്പതു നിമിഷങ്ങൾ ,യാത്ര  മുടങ്ങുമോ  എന്നു  സംശയിച്ചു  പോയി,ഒരു വിധത്തിൽ മൊബൈലിൽ അത്‌ പൂരിപ്പിച്ചു സെക്യൂരിറ്റി ചെക്കിങ്ങിലേക്കു ഒരു ഓട്ടമായിരുന്നു,അതും കഴിഞ്ഞു ഗേറ്റിൽ എത്തിയപ്പോൾ ഗേറ്റ് അടക്കാൻ  വെറും  ഒരു  മിനിറ്റ്,അവസാന യാത്രക്കാരനായി കൂറ്റൻ ലുഫ്റ്റാൻസ വിമാനത്തിൽ പ്രവേശിച്ചു,

ഫ്രാങ്ക് ഫർട്ടിൽ എത്തിയപ്പോൾ പ്രാദേശിക സമയം രാവിലെ എട്ടു മുപ്പതു,എയർ പോർട്ടിൽ നിന്നും ഫ്രാങ്ക് ഫർട്ട് മെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തി,മുന്നൂറ്റി മൂന്നു കിലോ മീറ്റർ ദൂരമുള്ള ബാവേറിയാൻ ആൽപ്സ് എന്ന കൊച്ചു പട്ടണം ആണ് ലക്ഷ്യം,ഒന്ന് നാല്പത്തി അഞ്ചിനെ അങ്ങോട്ടേക്ക് ട്രെയിൻ ഉള്ളൂ ,സമയം പന്ത്രണ്ടാകുന്നതേയുള്ളു ,റെയിൽ വേ സ്റ്റേഷനിലെ ഒരു മക്‌ഡൊണാൾസിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചു 
ആൽപ്സിന്റെ മടിതോട്ടിലിൽ ഉള്ള ബവേറിയ എന്ന കൊച്ചു പട്ടണത്തിൽ AIRBNB യിലൂടെ ഒരു ഹോം സ്റ്റേയിൽ താമസ സൗകര്യം ഏർപ്പാട് ചെയ്തിരുന്നു,കൃത്യം ഒന്നു  നാലാപത്തിയഞ്ചിനു തന്നെ ട്രെയിൻ പുറപ്പെട്ടു, ലോകത്തിന്റെ മുഴുവന്‍ പ്രകൃതി സൗന്ദര്യവും ജർമനിയിലാണോ  സമ്മേളിച്ചതെന്ന് തോന്നിപ്പോകുമാറുള്ള കാഴ്ചകളാണിരുവശവും, മൂന്നു  മണിക്കൂർ തീവണ്ടിയാത്ര ചെയ്തുവേണം ബവേറിയ എന്ന മനോഹരമായ ചെറുപട്ടണത്തിലെത്താന്‍,'Traveling – it leaves you speechless, then  turns you into a storyteller.' ഇബ്ൻ ബത്തൂത്ത പറഞ്ഞതു പോലെ ഓരോ യാത്രയും  അതിലെ കാഴ്ചകളും അനുഭവങ്ങളും നമ്മളെ അത്ഭുതപ്പെടുത്തുകയും സ്തബ്ധരാക്കുകയും  ചെയുന്നു. എന്നിട്ടവ നമ്മെ കാഴ്ചകളുടെയും അനുഭവങ്ങളുടെയും  കഥാകാരനാക്കുന്നു.കാണേണ്ടതു കാണേണ്ടതു  തന്നെയാണെന്നും അനുഭവിച്ചറിയേണ്ടതു അനുഭവിച്ചറിയേണ്ടതു തന്നെയാണെന്നും  വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കാരണം അതൊന്നും എഴുതിയോ പറഞ്ഞോ ഒരാളിൽ നിന്നും  മറ്റൊരാളിലേക്കു പകർത്താൻ കഴിയില്ലെന്നതു തന്നെ..

ട്രെയിനിലെ സുഖകരമായ തണുപ്പും ഹൂസ്റ്റണിൽ നിന്നുള്ള നീണ്ട വിമാന യാത്രയുടെ ക്ഷീണവും കാരണം കണ്ണുകൾ അടഞ്ഞു പോകുന്നു പക്ഷെ പുറത്തെ മനോഹര കാഴ്ച്ചകൾ കാരണം ഉറങ്ങാൻ തോന്നുന്നില്ല,നമ്മുടെ  വീടും നാടുമടങ്ങുന്ന 'comfort zone'  വിട്ടു നാം അറിയാത്ത  തീരങ്ങളിൽ' എത്തുന്നതോടെ നമ്മുടെ അറിവുകൾ എത്ര  ശുഷ്കമാണെന്നും ധാരണകൾ എത്ര തെറ്റായിരുന്നുവെന്നും നാം തിരിച്ചറിയുന്നു.  നമ്മുടെ നാലുചുവർ സാമ്രാജ്യത്തിൽ സ്വയം രാജാവാക്കി പ്രഖ്യാപിച്ച  നമ്മുടെയൊക്കെ ഉള്ളിലുള്ള 'അഹം' എന്ന ഭാവത്തെ യാത്ര ഇല്ലാതാക്കുന്നു.  ഇതുവരെ കണ്ട കാഴ്ചകളൊന്നും കാഴ്ചകളല്ലായിരുന്നുവെന്നും, മഹത്തരമായ  കാഴ്ചകളെയും അനുഭവങ്ങളെയും തേടി ഇനിയും നമുക്കേറെ ദൂരം  സഞ്ചരിക്കേണ്ടതുണ്ടെന്നും ഓരോ യാത്രയും നമ്മെ ഓർമിപ്പിക്കുന്നു,ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തി കുറച്ചു പേർ ഇറങ്ങി ,കമ്പാർട്മെന്റ് ഏറെക്കുറെ വിജനം ,മനോഹരമായ ഒരു ഛായാ ചിത്രത്തിലൂടെ കടന്നു പോകുന്നത് പോലെ ട്രെയിൻ മുന്നോട്ടു പോകുന്നു ,എപ്പോഴോ ഒന്നു മയങ്ങി പോയി,ഉണർന്നപ്പോഴേക്കും ബവേറിയ എന്ന പട്ടണത്തിൽ എത്തിയിരുന്നു,ഒരു ടാക്സി പിടിച്ചു താമസ സ്ഥലത്തു എത്തി ,നല്ല ക്ഷീണമുണ്ടായിരുന്നു ,ആതിഥേയൻ ഒരു സഹൃദയൻ ആയിരുന്നു ഏറെ പഴങ്ങൾ എനിക്ക് വേണ്ടി മുറിയിൽ വച്ചിരുന്നു ഡിന്നർ കഴിക്കാൻ ക്ഷീണം അനുവദിച്ചില്ല,മുറിക്കുള്ളിലെ സുഖകരമായ ചെറു ചൂടും,കട്ടിലിലേക്കു വീണതെ ഓർമയുള്ളൂ.

ഗൂഡ് മോർണിംഗ്..
ആതിഥേയൻ ഡൊണാറ്റോയാണ്,അപ്പോഴാണ് ഞങ്ങൾ ശരിക്കും പരിചയപ്പെടുന്നത്,അവൻ ഇറ്റാലിയനാണ്. പക്ഷേ ജനിച്ചതും വളർന്നതും ജർമ്മനിയിൽ . 34 വയസ്സേയുള്ളൂ, കണ്ടാൽ 40 തോന്നും. ഞാൻ ഇന്ത്യക്കാരനാണെന്നും ഹ്യൂസ്റ്റനിൽ നിന്നും വരികയാണെന്നും പരിചയപ്പെടുത്തി.ഹ്യൂസ്റ്റൺ   എന്നു കേട്ടതും രണ്ട് കയ്യും വായുവില്‍ പരത്തി കണ്ണുകള്‍ പുറത്തേക്ക് വീണുപോകുമോ എന്നു തോന്നുമാറ് ഉരുട്ടിത്തുറുത്തി മുഖത്തൊരു വലിയ ആശ്ചര്യചിഹ്നവും ചുണ്ടുകള്‍ ചെവിയറ്റം വരേയെത്തുന്ന ചിരിയുമായി അവൻ തുടർന്നു ഹ്യൂസ്റ്റൺ "!! സുന്ദരികളുടെ പറുദീസ!  ഹ്യൂസ്റ്റനിൽ പല പല രാജ്യത്തുനിന്നുള്ള സുന്ദരികളായ ഒട്ടനവധി പെൺകുട്ടികളില്ലേ?"
ഹ്യൂസ്റ്റനിൽ" പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും യുവതീ യുവാക്കളും പ്രായം ചെന്നവരുമൊക്കെയുണ്ട്, പല ദേശക്കാരുമുണ്ട്". എന്റെ നീരസം മറച്ചുവെക്കാതെ ഞാൻ മറുപടി പറഞ്ഞു,ഡൊണാറ്റോയുടെ മുഖത്തെ ചിരി മാഞ്ഞിട്ടില്ല, വിടർന്ന കണ്ണുകൾ അങ്ങിനെത്തന്നെ തള്ളി നിൽക്കുന്നു. അവന്റെ മനസ്സുനിറയേ ഹ്യൂസ്റ്റണും  പെൺകുട്ടികളുമായിരിക്കാം. അവന്റെ റഷ്യക്കാരിയായ ഭാര്യ രണ്ട് വർഷത്തെ ദാമ്പത്യമവസാനിപ്പിച്ച് പിരിഞ്ഞ് പോയിട്ട് മാസമൊന്ന് തികഞ്ഞിട്ടില്ല. ആദ്യത്തെ രണ്ട് വിവാഹങ്ങളും ഒരു വർഷത്തിലധികം നീണ്ടു നിന്നതുമില്ല.

പ്രഭാത ഭക്ഷണത്തിനു ശേഷം ആതിഥേയൻ ഡൊണാറ്റോയോടു യാത്ര പറഞ്ഞിറങ്ങി 

അടുത്തു തന്നെയാണ് ബസ് സ്റ്റേഷൻ , അവിടെ  നിന്നും കയറിയ ബസ്സ് "ക്രീൻ" എന്ന പട്ടണപ്രാന്തപ്രദേശത്ത് എന്നെ തനിച്ചാക്കി മുന്നോട്ട് കുതിച്ചു. കയ്യിലെ മേപ്പ് (Map) തുറന്ന് ആൽപ്പ്സ് പർവ്വത നിരകളിലെ  കുന്നിനു മുകളിലേക്കുള്ള കേബിൾ കാർ കിട്ടുന്ന സ്ഥലം തപ്പുകയായി. കട്ടിയുള്ള തുണികൊണ്ടുള്ള കയ്യുറ കാരണം ഭൂപടം നിവർത്താൻതന്നെ നന്നേ പ്രയാസപ്പെട്ടു. അൽപ്പം മുന്നോട്ട് നടന്നാൽ വലതു വശത്തേക്ക്, കുത്തനെ വളഞ്ഞു പുളഞ്ഞ വീതികുറഞ്ഞ റോഡ്.  കുറച്ചകലെ ഒരു ഇരുമ്പ് കാലിൽ കേബിൾ കാറിന്റെ ചിത്രവും   അമ്പടയാളവും. അതിരാവിലെയുള്ള ശൈത്യം ശരീരത്തിലെ ഒരണുവിൽ പോലും കയറരുതെന്ന വാശിയോടെ മൂടിപ്പുതച്ച് വരിഞ്ഞുകെട്ടിയ എന്നെക്കണ്ടാൽ ഒരു സുമോ ഗുസ്തിക്കാരനെപ്പോലെ തോന്നും, പോരാത്തതിന് പുറത്ത് ഒരു ബാഗ് നിറയേ സാധനങ്ങളും.മങ്കിക്യാപ്പ് മൂക്കിനുമേലേക്ക് വലിച്ചു കയറ്റി ഞാൻ    കയറ്റം കേറാൻ തുടങ്ങി. പുറകിൽ ഒരു "എക്സ്ക്യൂസ് മീ". വെളുക്കെ ചിരിച്ചുകൊണ്ട് ഒരു യൂറോപ്യൻ. ഈ തണുപ്പത്തും തലയും മുഖവും മറച്ചിട്ടില്ല. നല്ല കട്ടിയുള്ള ലതർജാക്കറ്റും കഴുത്തിലൊരു മഫ്ലർ ചുറ്റിക്കെട്ടിയതും, നെഞ്ചിനുകുറുകെ ഒരു ബാഗ് തൂക്കിയിട്ടുണ്ട്. അയാള്‍ എന്റെ നേരെ നടന്നടുക്കുന്നു.ഞങ്ങൾ ഒരുമിച്ചു മല കയറി ,ഞങ്ങൾ കേബിൾ കാർ സ്റ്റേഷനു മുന്നിലെത്തി.  എന്റെ കയ്യിൽ  റെയിൽ സ്റ്റേഷനിൽ നിന്നും വാങ്ങിയ ടിക്കറ്റുണ്ട്. ടിക്കറ്റിനോടൊപ്പം 9 യൂറോയുടെ  ഒരു ഫ്രീ വൗച്ചറും കിട്ടിയിട്ടുണ്ട്. മലമുകളിലെ റസ്റ്റോറന്റിൽ നിന്നും 9 യൂറോയുടെ  എന്തു വേണമെങ്കിലും വയറു നിറയേ തിന്നാം. ചെറിയ ഒരു കൂടാണ് കേബിൾ കാർ. ഈരണ്ടു പേർക്ക് പരസ്പരം നോക്കിയിരിക്കാവുന്ന സീറ്റുകളുള്ള, താഴ്ഭാഗം ഫൈബറും മേലേപകുതി ചില്ലുകൊണ്ടും പണിത ഒരു കൊച്ചു ചില്ലുകൂട്. കട്ടിയുള്ള സ്റ്റീൽ കംബിയിൽ വവ്വാലിനെപ്പോലെ തൂങ്ങിക്കിടക്കുന്ന കൊച്ചു കൂടുകൾ കുന്നിൻ മുകളിൽ നിന്നും താഴെ വന്ന് കറങ്ങി മേലോട്ട് പോവുന്നു. ഒട്ടും തിരക്കില്ല. തൊട്ട് മുന്നിൽ ഒരു കൊറിയൻ ജോഡി ഗെയ്റ്റിൽ നിൽക്കുന്ന കട്ടിമീശക്കാരനെ ടിക്കറ്റ് കാണിച്ച് ഒരു ചില്ലുകൂട്ടിൽ കേറി. ഇതു തന്നെ അവസരം,  ഞാൻ തിരക്കിട്ട് ടിക്കറ്റ് കാണിച്ച് പുറകേ വന്ന കൂട്ടിൽ പാഞ്ഞു കയറി. അഞ്ചാറ് മീറ്റർ മുന്നോട്ട് പോയി അതിന്റെ വാതിലുകൾ തനിയേ അടഞ്ഞു. സാവധാനം വേഗത കൂടിത്തുടങ്ങി. പെട്ടെന്ന് സ്റ്റേഷൻ വിട്ട് ആ ചില്ലു യാനം എന്നെയും വഹിച്ച് ലോഹക്കമ്പിയിലാടി വായുവിലൂടെ മേലോട്ട് കുതിച്ചു,എന്നെയും വഹിച്ചു കൊണ്ട് ആ ചെറുചില്ലുയാനം മേലോട്ട് കുതിക്കുകയാണ്. താഴെ അതിമനോഹരമായ കാഴ്ചകൾ. പച്ചപ്പരവതാനി വിരിച്ച പോലെ, എങ്ങും പുൽത്തടങ്ങൾ. അവയെ കീറിമുറിച്ച് കൊണ്ട് വീതികുറഞ്ഞ വളഞ്ഞുപുളഞ്ഞ മണ്‍പാതകൾ, ദൂരെ ചുറ്റും ആല്പ്സിന്റെ മങ്ങിയ കാഴ്ച. മഞ്ഞുപെയ്യാൻ തുടങ്ങിയിരിക്കുന്നു. ഒരു പഞ്ഞിമരത്തിലെ ലക്ഷക്കണക്കിന് കായകൾ ഒരുമിച്ച് പൊട്ടിത്തെറിച്ചപോലെ. എന്റെ ചില്ലുപാത്രത്തിന്റെ ചില്ലുഭിത്തികളില്‍ വന്നിരുന്ന ചിലത് കൊച്ചുവെള്ളത്തുള്ളികളായി താഴേക്കൊലിച്ചിറങ്ങി. ചില്ലുകൂട്ടിന്റെ മേൽഭാഗം ഞാനൽപ്പം തുറന്നു വെച്ചു. കൊച്ചു മഞ്ഞുകണങ്ങൾ എന്റെ ചൂടുകുപ്പായത്തിന്റെ രോമങ്ങളിൽ വന്നു വീണ് മെല്ലെ അലിഞ്ഞു തീരുന്നു. മലനിരകളെ മഞ്ഞു പുതപ്പിച്ച ആ കാഴ്ച വ്യക്തമായിപ്പകര്‍ത്താന്‍ പാറിപ്പറക്കുന്ന മഞ്ഞുകുഞ്ഞുങ്ങള്‍ സമ്മതിക്കുന്നില്ല. സ്വര്‍ഗ്ഗത്തിലെ പട്ടുമെത്തയിലെ പഞ്ഞിക്കെട്ടുകള്‍ പറത്തിക്കളിക്കുന്ന മാലാഖക്കുട്ടികളുടെ ചിരി കേള്‍ക്കുന്നുണ്ടോ?(തുടരും )
ആൽപ്‌സിന്റെ  മടിത്തട്ടിൽ  രാപ്പാർക്കാം  (റെനി കവലയിൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക