Image

മോദി-ഷാ വാട്ടര്‍ഗെയിറ്റിന്റെ ചുരുളഴിയുന്നു, പെഗസസ് വിധിയുടെ ചരിത്രപ്രസക്തി (ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 30 October, 2021
മോദി-ഷാ വാട്ടര്‍ഗെയിറ്റിന്റെ ചുരുളഴിയുന്നു, പെഗസസ് വിധിയുടെ ചരിത്രപ്രസക്തി (ദല്‍ഹികത്ത് : പി.വി.തോമസ് )
അവസാനം ഇന്‍ഡ്യയുടെ മോദി-ഷാ വാട്ടര്‍ഗെയിറ്റ് ആയ പെഗസസ് ചാരനിരീക്ഷണ നിഗൂഢതയുടെ ചുരുള്‍ ഒന്നൊന്നായി നിവരുവാന്‍ തുടങ്ങുകയാണ്. സുപ്രീം കോടതി ഒക്ടോബര്‍ 27-ന് പുറപ്പെടുവിച്ച 46 പേജ് വരുന്ന ചരിത്രപ്രധാനമായ വിധിയിലൂടെ അത് ഈ ദുരൂഹ വിഷയത്തില്‍ അതിശക്തമായ ഒരു ഇടപെടല്‍ നടത്തിയിരിക്കുകയാണ്. ഇതോടെ പാര്‍ലിമെന്റിനും ഒരു പരിധി വരെ സുപ്രീംകോടതിക്കും പിടികൊടുക്കാതെ കേന്ദ്രഗവണ്‍മെന്റ് നടത്തിയ ഒളിച്ചുകളി അവസാനിച്ചിരിക്കുകയാണ്. പാര്‍ലിമെന്റില്‍ ഈ വിഷയം സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം ഒരക്ഷരം പോലും ഉരിയാടാതെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഒളിച്ചോടുവാന്‍ ശ്രമിച്ചു. പാര്‍ലിമെന്റിന്റെ ഒരു സെഷന്‍ അപ്പാടെ ഈ അനിശ്ചിതാവസ്ഥ മൂലം പാഴായി. ഇതെ തുടര്‍ന്ന് രാജ്യസഭയില്‍ നവാഗതനായ ജോണ്‍ ബ്രിട്ടാസ് എം.പി. മാധ്യമപ്രവര്‍ത്തകരായ എന്‍.റാം, ശശികുമാര്‍ തുടങ്ങിയവര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജ്ജിക്കും വ്യക്തമായ മറുപടി നല്‍കുവാന്‍ കേന്ദ്രഗവണ്‍മെന്റഅ വിസമ്മതിച്ചു. പാര്‍ലിമെന്റിനും ഹര്‍ജ്ജിക്കാര്‍ക്കും പൗരാവകാശ-വ്യക്തി സ്വാതന്ത്ര്യ ബോധമുള്ള ഇന്‍ഡ്യയിലെ ജനങ്ങള്‍ക്കും അറിയേണ്ടിയിരുന്നത് ഒരു അന്താരാഷ്ട്ര മാധ്യസിന്‍ഡിക്കേറ്റ് വെൡപ്പെടുത്തിയതുപോലെ കേന്ദ്രഗവണ്‍മെന്റ് ഇസ്രായേല്‍ ആസ്ഥാനമായ എന്‍.എസ്.ഒ. എന്ന സംഘടനയുടെ പെഗസസിലൂടെ ഇന്‍ഡ്യയിലെ മുന്നൂറോളം പൗരന്മാരെ രഹസ്യനിരീക്ഷണത്തിന് വിധേയരാക്കിയിരുന്നുവോ? ഗവണ്‍മെന്റ് രണ്ട് സത്യവാങ്ങ്മൂലം ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രണ്ടും പരിമിത സത്യവാങ്ങ്മൂലം ആയിരുന്നു. ഇത് രണ്ടും ചോദ്യത്തിന് 'ഉവ്വ്' അല്ലെങ്കില്‍ ഇല്ല എന്ന ഒരു മറുപടി നല്‍കിയില്ല. സുപ്രീം കോടതി അതിന്റെ അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ ഗവണ്‍മെന്റ് വിശദമായി മൂന്നാമത് ഒരു സത്യവാങ്ങ്മൂലം സമര്‍പ്പിക്കാമെന്ന് പറഞ്ഞെങ്കിലും അതില്‍ നിന്നും ഒഴിഞ്ഞുമാറി. ഇതിനായി പറഞ്ഞകാരണം രാജ്യസുരക്ഷയെ മുന്‍നിറുത്തി ഈ വക രഹസ്യങ്ങള്‍ പുറത്തുവിടുവാന്‍ ആവുകയില്ലെന്നാണ്. ഇത് കോടതി വകവച്ചില്ല. പെഗസസ് വിഷയം സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനായി ഒരു മൂന്നംഗ വിദഗ്ദ്ധ കമ്മറ്റിയെ നിയമിച്ചു. ഇത് മോദി സര്‍ക്കാരിന് ഏറ്റ കനത്ത പ്രഹരം ആയിരുന്നു. അങ്ങനെ പാര്‍ലിമെന്റഇല്‍ നിന്നും ഒളിച്ചോടുകയും സുപ്രീംകോടതിയുടെ കണ്ണില്‍ പൊടിഇടുവാന്‍ ശ്രമിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ പരമോന്നത നീതിന്യായ പീഠത്തിന്റെ മുമ്പില്‍ ഒടുവില്‍ മുട്ടുമടക്കി. ഗവണ്‍മെന്റിന്റെ 'ഓമ്‌നി ബസും വേഗും' ആയിട്ടുള്ള മറുപടിയുടെ വെളിച്ചത്തില്‍ ഈ വിഷയത്തില്‍ സമൂലമായ ഒരു അന്വേഷണത്തിന് പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നുവെന്നായിരുന്നു കോടതി വിധി. ഇതോടെ ഇത്രയും കാലം പാര്‍ലിമെന്റിനെയും സുപ്രീംകോടതിയെയും രാജ്യത്തെയും കബളിപ്പിച്ച് കേന്ദ്രഗവണ്‍മെന്റിന്റെ കള്ളിവെളിച്ചത്തായി. പൗരന്മാരിലുളള സര്‍ക്കാരിന്റെ ചാരപ്രവര്‍ത്തിയെകുറിച്ചുള്ള ആരോപണങ്ങളുടെ നിജസ്ഥിതി അറിയേണ്ടിയിരിക്കുന്നു എന്നാണ് കോടതി വിധിച്ചത്.

ഈ വിധി ചരിത്രപ്രധാനമാണ്. മൂന്നംഗ കമ്മറ്റിയുടെ കണ്ടെത്തല്‍ എന്തുതന്നെ ആയാലും സുപ്രീംകോടതി പൗരസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും മാധ്യമസ്വാതന്ത്ര്യത്തെയും പരമോന്നതമായ ജനാധിപത്യമൂല്യങ്ങള്‍ ആയി കണ്ടുകൊണ്ടാണ് ഈ വിധ പുറപ്പെടുവിച്ചിട്ടുള്ളത്. ലോകമെമ്പാടുമുള്ള 45 രാജ്യങ്ങളിലെ പൗരന്മാരെ അതാതു ഗവണ്‍മെന്റുകള്‍ ഇതുപോലുള്ള രഹസ്യ ചാരനിരീക്ഷണത്തിന് വിധേയ ആക്കിയിട്ടുള്ളതായി മാധ്യമ അന്വേഷണ സിന്‍ഡിക്കേറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പല രാജ്യങ്ങളും പ്രത്യേകിച്ചും ആഫ്രിക്കന്‍ രാജ്യങ്ങള്‍, പേരിനുമാത്രമെ ജനാധിപത്യപരമായി ഭരിക്കപ്പെടുന്നുള്ളൂ. അവരൊന്നും തന്നെ ശക്തമായ ഒരു നടപടി ഇതിനെതിരെ എടുക്കാത്ത സാഹചര്യത്തില്‍ ആണ് ഇന്‍ഡ്യയുടെ സുപ്രീംകോടതി ശരിയായ ഒരു ജനാധിപത്യരാജ്യത്തിലെ നീതിന്യായ നിര്‍വ്വഹണ പീഠം എന്ന നി്‌ലയില്‍ ഇത്ര ശക്തമായ ഒരു നിലപാട് സ്വീകരിച്ചത്. പെഗസസ് വിഷയത്തില്‍ അങ്ങനെ ഇന്‍ഡ്യ ലോകനേതാവായിരിക്കുകയാണ്. അതിനാല്‍ തന്നെ ഈ വിധിചരിത്രപരവും ആണ്. ദേശീയ- അന്തര്‍ദേശീയ തലത്തില്‍ പ്രസക്തവും സുപ്രധാനവും ആണ്. പ്രത്യേകിച്ചും ഇന്‍ഡ്യയിലെ ഇപ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഏകാധിപത്യ, ഫാസിസ്റ്റ് പ്രവണതകള്‍ക്കിടയില്‍, വ്യക്തിസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും പൗരന്റെ സ്വകാര്യതയ്ക്കും മാധ്യമസ്വാതന്ത്ര്യത്തിനും ഇപ്പോഴും പ്രസക്തി ഉണ്ടെന്നും അവയെ സംരക്ഷിക്കുവാന്‍ സുപ്രീംകോടതി ബാദ്ധ്യസ്ഥമാണെന്നും അടിവരയിട്ട് പ്രഖ്യാപിക്കുന്ന ഒന്നാണ് ഈ വിധിന്യായം.

ദേശീയതയും- പലപ്പോഴും തീവ്രദേശീയത-അതിതീവ്രദേശഭക്തിയും ദേശസുരക്ഷയും ആണ് മനുഷ്യാവകാശ-പൗരസ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുമ്പോള്‍ കേന്ദ്രഗവണ്‍മെന്റ് എല്ലായ്‌പ്പോഴും ഉയര്‍ത്തികാട്ടുന്നത്. പൗരന്റെ സ്വകാര്യതക്കോ അന്തസിനോ പുല്ലുവില കല്‍പിക്കാത്തപ്പോഴും ഇതൊക്കെതന്നെയാണ് ഗവണ്‍മെന്റ് എടുത്തുകാട്ടുന്നത്. പെഗസസ് വെളിപ്പെടുത്തലിന് തടയിടുവാനായിട്ടും ഗവണ്‍മെന്റ് ദേശസുരക്ഷതന്നെയാണ് കവചം ആക്കിയത്. സുപ്രീം കോടതിയുടെ മറുപടി വ്യക്തവും നിശിതവും ആണ് ഇക്കാര്യത്തില്‍. ജുജീഷറി അറച്ചുമാറേണ്ട ഒരു ഉമ്മാക്കി അല്ല ദേശസുരക്ഷ എന്ന് കോടതി പ്രതികരിച്ചു. ദേശസുരക്ഷ എന്ന വാക്ക് ഉച്ചരിക്കുന്നതു കൊണ്ട് ജുഡീഷറിക്ക് അതിന്റെ കടമനിര്‍വ്വഹിക്കാതരിക്കുവാന്‍ സാധിക്കുകയില്ല.

പെഗസസ് ചാരനിരീക്ഷണത്തില്‍ മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെട്ടിരുന്നു. വാര്‍ത്താ ഉറവിടം സംരക്ഷിക്കുക എന്നത് മാധ്യമസ്വാതന്ത്ര്യത്തിന്റെ വലിയ ഒരു ഘടകം ആണ്. അത് നടന്നില്ലെങ്കില്‍ സ്വതന്ത്രമാധ്്യമപ്രവര്‍ത്തനം സാദ്ധ്യമല്ല. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാണ്. കോടതിയുടെ ഉത്തരവാദിത്വം ആണ് പൗരന്റെ മൗലീകാവകാശങ്ങളെ സംരക്ഷിക്കുക എന്നത്. ഇതില്‍ മനുഷ്യാവകാശവും സ്വകാര്യതയും എല്ലാം ഉള്‍പ്പെടുന്നു. കോടതി ഇതില്‍ നിന്നും ഒരു പ്രകാരത്തിലും പുറകോട്ട് പോവുകയില്ലെന്ന് ഉറപ്പിച്ചു പറയുന്നതും ഈ വിധിന്യായത്തിന്റെ സവിശേഷതയാണ്. സാങ്കേതിക വിദ്യയുടെ ഒരു യുഗത്തില്‍ ഇത് പൗരന്റെ സ്വകാര്യതയെ ലംഘിക്കുവാന്‍ ദുരുപയോഗപ്പെടുത്തുന്നതിനെ തടയേണ്ടത് ഗവണ്‍മെന്റ് ആണ്. എന്നാല്‍ ഗവണ്‍മെന്റ് തന്നെ ഇത് ആസൂത്രിതമായി നടപ്പിലാക്കിയാലോ? സ്വകാര്യതക്കുള്ള പൗരന്റെ അവകാശം ഭരണഘടനയില്‍ വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. ഇത് മറ്റ് മൗലീകാവകാശങ്ങള്‍ പോലെ, ഉദാഹരണമായി അഭിപ്രായ സ്വാതന്ത്ര്യം, നിയന്ത്രണങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയം ആണ്. പക്ഷേ ഈ നിയന്ത്രങ്ങള്‍ ഭരണഘടനാനുസൃതമാണെന്ന് ഉറപ്പുവരുത്തേണ്ടത് ഗവണ്‍മെന്റ് ആണ്. എന്നാല്‍ അതേ ഗവണ്‍മെന്റുതന്നെ ഇവയെ ലംഘിച്ചാലോ? സ്വകാര്യതക്കുള്ള പൗരന്റെ അവകാശത്തെ ഗവണ്‍മെന്റോ അല്ലെങ്കില്‍ ഏതെങ്കിലും വിദേശ ഏജന്‍സിയോ ലംഘിച്ചാല്‍ അത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള വലിയ ഒരു കടന്നുകയറ്‌റം ആണ്. പക്ഷേ, ഗവണ്‍മെന്റു തന്നെ ഒരു വിദേശ ഏജന്‍സിയെക്കൊണ്ട് സ്വന്തം പൗരന്മാരെ നിരീക്ഷണ വിധേയം ആക്കിയാലോ? ഒരു ജനാധിപത്യ രാജ്യത്ത്, നിയമപരമായ ഭരണം നിലനില്‍ക്കുന്ന ഒരു രാജ്യത്ത്്, നിയമപരമായ ഭരണം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് പൗരന്മാരില്‍ വിവേചനമില്ലാത്ത ചാരനിരീക്ഷണം ഏര്‍പ്പെടുത്തുന്നത് ഒരിക്കലും അനുവദനീയം അല്ല എന്നുള്‌ള കോടിയുടെ നിരീക്ഷണവും വളരെ ഗൗരവമേറിയത് ആണ്. അല്ലെങ്കില്‍ അതിന് നിയമപരമായ സാധുതയും സുരക്ഷാ ഉപാധഇകളും ഉണ്ടായിരിക്കണം. ഇത് ഇന്‍ഡ്യയില്‍ പ്രദാനം ചെയ്യുന്ന രണഅട് നിയമങ്ങള്‍ ആണ് ടെലിഗ്രാഫ്, ഐ.റ്റഇ. ആക്ടുകള്‍. ഒരു വിദേശ ഏജന്‍സിയെ നിയമിക്കുവാനുള്ള ഉപാധി എങ്ങും പറയുന്നില്ല. പിന്നെ എങ്ങനെ എന്‍.എസ്.ഒ.യും പെഗസസും ഇസ്രായേലും ചിത്രത്തില്‍ വന്നു? ഇന്‍ഡ്യയിലുള്ള നിയമങ്ങള്‍ തന്നെ ചാരനിരീക്ഷണത്തിനായി പൗരന്മാരില്‍ ഉപയോഗിച്ചാല്‍ അതിന് തക്കതായ കാരണങ്ങള്‍ ഉണ്ടായിരിക്കണം. ഇക്കാരണങ്ങളില്‍ ഭീകരവാദം, അക്രമം, ദേശസുരക്ഷ ഇവ ഉള്‍പ്പെടുന്നു. ഇത് ഉന്നതാധഇകാരികളെ ആവശ്യക്കാര്‍ ബോദ്ധ്യപ്പെടുത്തി മുന്‍കൂര്‍ അനുമതി വാങ്ങിക്കണം. ഇങ്ങനെ അനുവദിക്കപ്പെടുന്ന നിരീക്ഷണങ്ങള്‍, ഫോണ്‍ ടാപ്പിംങ്ങ്, ഒരു വിദഗ്ദ്ധ സമതി സമയാസമയങ്ങളില്‍ മോനിട്ടര്‍ ചെയ്തുകൊണ്ടിരിക്കും. ഇതിനായി സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിമാരുടെയും കേന്ദ്രത്തില്‍ ക്യാബിനറ്റ് സെക്രട്ടറിയുടെയും മേല്‍നോട്ടത്തില്‍ ഹൈ പവര്‍ കമ്മറ്റികള്‍ ഉണ്ടായിരിക്കും. ഇതിനെ എല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് പെഗസസും എന്‍.എസ്.ഒ.യും ഇസ്രായേലും രഹസ്യമായി രംഗപ്രേവശനം ചെയ്തത്. ഇതിന്റെ ഉത്തരം ആണ് ജസ്റ്റീസ് എന്‍.വി.രവീന്ദ്രനും(മുന്‍ സുപ്രീം കോടതി ജഡ്ജി) സംഘവും നല്‍കേണ്ടത്.

മാധഅയമ അന്വേഷണ സിന്‍ഡിക്കേറ്‌റ് പുറത്തുവിട്ട ഇന്‍ഡ്യയില്‍ നിന്നുള്ള ലിസ്റ്റില്‍ സുപ്രീം കോടതി ജഡ്ജിയും, തെരഞ്ഞെടുപ്പ് കമ്മീഷ്ണറും, ശാസ്ത്രജ്ഞരും, വ്യവസായികളും, അഭിഭാഷകരും, മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഈ ലിസ്റ്റ് ഗവണ്‍മെന്റ് നിരാകരിക്കാത്തതിന്റെ വെളിച്ചത്തില്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടു വരുന്നതുവരെയെങ്കിലും ഇത് വിശ്വസിച്ചേ പറ്റൂ. ഇവരില്‍ ആര്‍ക്കൊക്കെ ആണ് ഭീകരസംഘടനകളുമായി ബന്ധം ഉള്ളത്? ആരൊക്കെയാണ് ആക്രമണത്തിനും മറ്റും വേണ്ടി പ്രവര്‍ത്തിക്കുക? സുപ്രീം കോടതി ജഡ്ജിയോ? തെരഞ്ഞെടുപ്പ് കമ്മീഷ്ണറോ മാധ്യമ പ്രവര്‍ത്തകരോ? മാധ്യമപ്രവര്‍ത്തകരുടെ ഭീകരവാദവും ആക്രമണവാസനയും മനസിലാക്കാം. ഗവണ്‍മെന്റിനെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹം ആകും. അവര്‍ക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിലെ 124-എ ചുമത്താം. അല്ലെങ്കില്‍ യു.എ.പി.എ. അതുമല്ലെങ്കില്‍ ഭീകര വിരുദ്ധ നിയമം. ഒരു ഗവണ്‍മെന്റും ദേശ സുരക്ഷയുമായി വിട്ടുവീഴ്ചചെയ്യരുത്. പക്ഷേ, പെഗസസ് പോലുള്ള വിദേശ ചാരനിരീക്ഷണം ജനാധിപത്യ വിരുദ്ധം ആണ്. ഇത് കോടതി മുമ്പാകെ ഗവണ്‍മെന്റിന് ബോധിപ്പിക്കേണ്ടിവരും. ഇത് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

എന്തുകൊണ്ടാണ് ഗവണ്‍മെന്റ് ജോര്‍ജ് ഓര്‍വെലിന്റെ '1984' എന്ന ഐതിഹാസിക ആക്ഷേപ ഹാസ്യ നോവലില്‍ എന്നതുപോലെ ഇന്‍ഡ്യയിലെ പൗരന്മാരെയും വല്ല്യേട്ടന്‍ നിങ്ങളെ നിരീക്ഷിക്കുന്നുണഅട് എന്ന സംശയകരമായ അവസ്ഥയില്‍ എത്തിച്ചത് ? എന്താണ് പെഗസസ് സംബന്ധിച്ച് ഗവണ്‍മെന്റിന് പുറത്തു പറയാനാവാത്ത രഹസ്യവും ദേശസുരക്ഷയും? അതും പാര്‍ലിമെന്റിനോടും സുപ്രീംകോടതിയോടുപോലും? ഇതെല്ലാം ജസ്‌ററീസ് രവീന്ദ്രന്‍ കമ്മറ്റി സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുളള അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരട്ടെ. ഇത് കമ്മറ്റി ആണ്. കമ്മീഷന്‍ ഓഫ് ഇന്‍ഡ്യ ആക്ട് പ്രകാരം നിലവില്‍ വന്നതല്ല. ഇതിന് ചില പരിമിതികള്‍ ഒക്കെ ഉണ്ട്. അതുകൊണഅട് കേന്ദ്രം എന്തെങ്കിലും സൂത്രം പ്രയോഗിക്കുമോ ഇനിയും? കേന്ദ്രം മനസിലാക്കണം വല്യേട്ടന്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. സുപ്രീം കോടതിയും ഒരു വല്യേട്ടന്‍ തന്നെ ആണ് ഭരണഘടനപരമായി. അതിലും ഉപരി മൗലീകാവകാശ ബോധമുള്ള ജനങ്ങളും കേന്ദ്രത്തെ നിരീക്ഷിക്കുന്നുണ്ട്.

എന്‍.എസ്.ഓ. ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ അനുമതിയോടെ മാത്രമെ മറ്റൊരു ഗവണ്‍മെന്റുമായി ചാരനിരീക്ഷണത്തിനുള്ള കരാറില്‍ ഒപ്പ് ഇടുകയുള്ളൂ. അത് ഗവണ്‍മെന്റുകളുമായിട്ട്ു മാത്രമെ കരാര്‍ ചെയ്യുകയുളളൂ. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ആണ്. എങ്കില്‍ ഇത് ജസ്റ്റീസ് രവീന്ദ്രന്‍ കമ്മറ്റി മുമ്പാകെ വെളിപ്പെടുത്തുവാന്‍ ഗവണ്‍മെന്റ് ബാദ്ധ്യസ്ഥമല്ലെ? പിന്നെ എ്ന്തിന് ഈ ഒളിച്ചുകളി?
ഏകാധിപത്യത്തോട് ചായ് വുള്ള ഫാസിസ്റ്റ് ഭരണാധികാരികള്‍ക്ക് പൗരന്മാരുടെ ചിന്തയിലേക്കും സംസാരത്തിലേക്കും വിചാരധാരയിലേക്കും ഒളിഞ്ഞുനോക്കുവാനും മനസിലാക്കുവാനും ഉള്ള പ്രവണത സ്വഭാവികം ആണ്. ഒരു ജനാധിപത്യ ഭരണക്രമത്തിലെ ഭരണാധികാരിക്ക് ഇതിന് സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണ്ട്. ഇന്റലിജന്‍സ് ബ്യൂറോയും(ഐ.ബി)റോയും(റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങ്) എല്ലാം ഇതില്‍പെടുന്നു. പിന്നെ വേറെയും നിയമസംവിധാനങ്ങള്‍ ഉണ്ട്. പക്ഷേ, ഇവയെ എല്ലാം മറികടന്ന് ഒരു വിദേശചാര നിരീക്ഷണ ഏജന്‍സിയുടെ സഹായം സ്വന്തം പൗരന്മാര്‍ക്ക് എതിരെ ഉപയോഗിക്കുന്നത് തികച്ചും അനാശാസ്യവും ഫാസിസ്റ്റുപരവും ആണ് ജനാധിപത്യത്തില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക