Image

പ്രതിസന്ധി (കഥ: സാം നിലമ്പള്ളില്‍)

Published on 30 October, 2021
പ്രതിസന്ധി (കഥ: സാം നിലമ്പള്ളില്‍)
വെട്ടല്ലേ വെട്ടല്ലേ എന്ന് വര്‍ക്കിച്ചേട്ടന്‍ വിളിച്ചുകൂവുന്നതുകേട്ടണ് ത്രേസ്യമ്മ ഉറക്കത്തില്‍നിന്ന് ഉണര്‍ന്നത്. ഇങ്ങോര്‍ക്ക് രാത്രി രണ്ടുമണിക്കും റബറുവെട്ടുന്ന വിചാരമേയുള്ളോ., വേറെ എന്തെല്ലാം നല്ലകാര്യങ്ങള്‍ കിടക്കുന്നു സ്വപ്നംകാണാന്‍?
നിങ്ങള്‍ എന്തോ വെട്ടുന്നകാര്യമാ സ്വപ്നം കണ്ടത്? അവര്‍ ചോദിച്ചു.
താന്‍കണ്ട സ്വപ്നത്തെപറ്റി ആലോചിച്ചുകിടന്ന അയാള്‍ പറഞ്ഞു. ഒന്നുമില്ലടി, ഒരു മണ്ടസ്വപ്നം കണ്ടതാ.
ആരാ നിങ്ങളെ വെട്ടാന്‍ വന്നത്., തെക്കേലെ യോഹന്നാനാണോ?
യോഹന്നാനുമായി അതിരുതര്‍ക്കത്തിന്റെ പേരില്‍ അടുത്തിടെ വഴക്കുണ്ടായതുകൊണ്ട് അയാളെങ്ങാനും വെട്ടാന്‍വരുന്നത് സ്വപ്നംകണ്ട് പേടിച്ചതാണെന്നാ ത്രേസ്യാമ്മ വിചാരിച്ചത്.

അല്ലടി ജയലളിത
ആര് തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയോ; അവരെന്തിനാ നിങ്ങളെ വെട്ടാന്‍ വന്നത്?
എന്നെ അല്ലടി. അവര് ഡാം പൊളിക്കാന്‍ വന്നതാ; കയ്യില്‍ വലിയൊരു പിക്കാസുമായിട്ട്. ഓരോവെട്ടിനും ആനയുടെ വലിപ്പമുള്ള കഷണങ്ങളാ അടര്‍ന്നുവീണത്. അതുകണ്ടാ ഞാന്‍ നിലവിളിച്ചത്.

ഭര്‍ത്താവിന്റെ സ്വപ്നമോര്‍ത്ത് ത്രേസ്യമ്മ ചിരിച്ചു. മനുഷ്യമതിലില്‍ പങ്കെടുക്കാന്‍ പോയതിനുശേഷം ഊണിലും ഉറക്കത്തിലും മുല്ലപ്പെരിയാര്‍ എന്നൊരു ചിന്തയേയുള്ളു ഭര്‍ത്താവിന്. അതുകൊണ്ടാ ഇങ്ങനത്തെ സ്വപ്നമൊക്കെ കാണുന്നത്. ഡാം പൊട്ടിയാല്‍ തന്റെവീടിന്റെ മുകളില്‍കൂടി വെള്ളം ഒഴുകുമെന്നാ റവന്യ ഉദ്യോഗസ്ഥര്‍വന്ന് പറഞ്ഞിട്ടുപോയത്. അതായത് തങ്ങളെല്ലാം ഇടുക്കിമുതല്‍ അറബിക്കടല്‍വരെ ഫ്രീയായി യാത്രചെയ്യുമെന്ന്.

നമ്മള് രണ്ടും ചത്തലും കൊഴപ്പമില്ല അതല്ലല്ലോ മക്കടേം കൊച്ചുമക്കടേം കാര്യം, അവര് ചെറുപ്പമല്ലേ? അവര്‍ക്ക് ജീവിതം ബാക്കികിടക്കുകല്ലേ? വര്‍ക്കിച്ചേട്ടന്‍ പറഞ്ഞു.

എന്റെകാര്യം നിങ്ങടെകൂട്ടത്തില്‍ കൂട്ടണ്ടാ. എനിക്ക് കുറച്ചുനാളുകൂടി ജീവിക്കണമെന്നുണ്ട്. ഡാം പൊട്ടിയാല്‍ ഞാന്‍ കൊച്ചുങ്ങളേംകൊണ്ട് ഷെല്‍റ്ററിലേക്ക് ഓടും.

പാതിരാത്രിക്ക് നീ ഒറങ്ങിക്കിടക്കുമ്പോളാണ് പൊട്ടുന്നതെങ്കിലോ? വെള്ളംവന്ന് നിന്നെ കട്ടിലോടെ പൊക്കിയെടുത്ത് കൊണ്ടുപോകുമ്പോളായിരിക്കും നീ ഉണരുന്നത്.

ഥര്‍ത്താവ് പറഞ്ഞത് ശരിയാണല്ലോയെന്ന് ഓര്‍ത്തപ്പോള്‍ ത്രേസ്യമ്മ ഞെട്ടി. ഇനിയിപ്പം എന്താ ഒരു പോംവഴി എന്നാലോചിച്ചുകിടന്ന് ഉറക്കം വന്നില്ല.ജയലളിതയും കരുണാനിധിയും പുതിയ ഡാമുണ്ടാക്കാന്‍ ജീവന്‍പോയലും സമ്മതിക്കത്തില്ല.തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്‍പത് വര്‍ഷംവരെ ഡാമിന് ഒരുകുഴപ്പവും വരില്ലെന്ന് വൈക്കോ എന്നൊരു എഞ്ചിനീയര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടത്രെ. അങ്ങനെയെങ്കില്‍ പൊട്ടുന്നത് ആയിരാമത്തെ വര്‍ഷം.അതായത് തങ്ങളുടെ പത്തോ പന്ത്രണ്ടോ തലമുറകള്‍ക്കുശേഷം. അവര്‍ ആരൊക്കെ ആയിരിക്കുമെന്ന് ഇപ്പോള്‍ അറിയാന്‍ വയ്യത്തതുകൊണ്ട് വിഷമിച്ചിട്ട് കാര്യമില്ല. പിന്നെ ആലോചിച്ചപ്പോള്‍ അതും കഷ്ടതരമായ കാര്യമല്ലേയെന്ന് തോന്നി. പന്ത്രാമത്തെ തലമുറ വെള്ളത്തില്‍ ഒഴുകിപ്പോകുന്നത് സങ്കല്‍പിച്ചപ്പോള്‍ ത്രേസ്യമ്മയുടെ കണ്ണുനിറഞ്ഞു.

പെട്ടന്നാണ് തലേദിവസം പത്രത്തില്‍വായിച്ച വാര്‍ത്ത മനസില്‍ തെളിഞ്ഞത്. തമിഴ്‌നാട്ടിലെ ചില എം പി മാര്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ മുമ്പില്‍ ചടഞ്ഞിരുന്നപ്പോള്‍ കിട്ടിയ വെളിപാടാണത്രെ,  ഇടുക്കിജില്ലയെ കേരളത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് അവരുടെ സംസ്ഥാനത്തോട് ചേര്‍ക്കുക. ആലോചിച്ചപ്പോള്‍ അതൊരു നല്ലആശയമാണന്നുതോന്നി. കാരണം ഡാംപൊട്ടിയാലും വെള്ളം തമിഴ്‌നാട്ടിലേക്കല്ലേ ഒഴുകൂ, കേരളത്തിലേക്ക് വരില്ലല്ലൊ.മലയാളികള്‍ക്ക് തമിഴരുടെ അത്രയും ബുദ്ധിയില്ലല്ലോ എന്നോര്‍ത്തു.
നിങ്ങള് ഒറങ്ങിയോ? ത്രേസ്യാമ്മ ഭര്‍ത്താവിനെ വിളിച്ചു.

വര്‍ക്കിച്ചേട്ടനും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. അയാളും ഓരോ പോംവഴികള്‍ ആലോചിച്ച് കിടക്കുകയായിരുന്നു. മനുഷമതിലുകൊണ്ടൊന്നും കാര്യമില്ല. ഇവിടെ മതിലുകെട്ടിയാള്‍ തമിഴര്‍ അതുപോലെ അവരുടെനാട്ടിലും ചെയ്യും. പിന്നൊരു മാര്‍ക്ഷമുള്ളത് ഉപവാസം കിടക്കലാണ്. കുറെദിവസം പട്ടിണി കിടക്കാമെന്നല്ലാതെ അതുകൊണ്ടും വലിയ പ്രയോജനമൊന്നുമില്ല. അരിയും പച്ചക്കറികളുമൊക്കെ ഇഷ്ടംപോലെ വിളയിക്കുന്ന തമിഴര് പട്ടിണികിടക്കുന്നതില്‍ വിശ്വസിക്കുന്നവരല്ല. മൂന്നുനേരം ശാപ്പട് അടിച്ചുകൊണ്ടാണങ്കില്‍ അരക്കൈനോക്കാമെന്നാണ് അവിടുത്തെ രാഷ്ട്രീയക്കാര് പറയുന്നത്.

ഞാനൊരു കാര്യംപറയട്ടെ. ഇടുക്കിയെ അവരുപറയുന്നതുപോലെ തമിഴ്‌നാടിനോട് ചേര്‍ത്താല്‍ ഡാം പൊട്ടിയാലും പേടിക്കേണ്ടല്ലൊ. വെള്ളംപിന്നെ ഇങ്ങോട്ട് ഒഴുകത്തില്ലല്ലോ.

ത്രേസ്യമ്മ പറയുന്നതില്‍ കാര്യമുണ്ടെന്ന് അന്നേരമാണ് വര്‍ക്കി ചിന്തിച്ചത്. പക്ഷേ, എത്ര ആലോചിച്ചിട്ടും പ്രോബ്‌ളം സോള്‍വാകുന്നില്ല. ഡാം പൊട്ടിയിട്ടും വെള്ളം എങ്ങോട്ട് ഒഴുകണമെന്ന് അറിയാതെ ഒറ്റനില്‍പാണ്., തമിഴ്‌നാട്ടിലേക്ക് ഒഴുകണോ അതോ കേരളത്തിലേക്കോ? എന്തായാലും സുപ്രീംകോടതിയുടെ വിധവരുന്നതുവരെ അങ്ങനെതന്നെ നില്‍ക്കട്ടെ എന്നുവിചാരിച്ച് വേറപലതും ആലോചിച്ച് കിടന്നപ്പോള്‍ നിദ്ര ഒരു അരുവിപോലെവന്ന് അവരെ ഒഴുക്കിക്കൊണ്ടുപോയി..

(2013 ജൂല്യയില്‍ എന്‍ ബി എസ്സ് പ്രസിദ്ധീകരിച്ച നക്ഷത്രക്കൂടാരത്തില്‍ ഏകനായ്  എന്ന ചെറുകഥാ സമാഹാരത്തില്‍ നിന്നുള്ളത്.)

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.



Join WhatsApp News
American Mollakka 2021-10-31 19:57:42
എയ്ത്തുകാർ മൊഹബത്ത്, ഖിലാഫത്, ഹുക്കുമത്ത് മുസീബത് തുടങ്ങിയ ബിസയങ്ങൾ മാത്രമല്ല ഇമ്മടെ സമൂഗത്തിൽ നടക്കുന്ന പ്രശ്നങ്ങളും എയ്തണം. തലൈവി ഉള്ളപ്പോൾ എയ്തിയതാണ് ഇക്കഥ. ഇപ്പോൾ തമിഴ് നാട്ടിൽ നിന്നും ആരും ഡാം ബെട്ടാണ് ബരില്ല. ഈ പ്രശനം സോൾവാകില്ലെന്നു ബർക്കി ഇക്കാക്കും , ത്രേസ്സ്യാമ്മ ഇത്തയ്ക്കും സാം സാഹിബിനും അറിയുന്നപോലെ ബായനക്കാരായ ഞമ്മക്കും. എന്തായാലും സാം സാഹിബ് ഞമ്മളെയൊക്കെ ഒന്ന് സിന്തിപ്പിച്ചു. അപ്പൊ അസ്സലാമു അലൈക്കും.
abdul punnayurkulam 2021-11-01 03:54:14
How our previous chief minister Achutha menon signed 999 years agreement with Tamil Nadu? Anyway, Now is the best time to rebuild Mullappeririyar Dam. Our strong chief minister Pinarayi and Tamil Nadu Chief Minister Stalin come up with an agreement with help of central govt.
Sudhir Panikkaveetil 2021-11-01 14:49:11
ശ്രീ സാം നിലംപള്ളിയുടെ കഥ പരിഹരിക്കാൻ കഴിയാതെ അധികാരികൾ കഷ്ടപ്പെടുന്ന ഒരു പ്രശ്നത്തെ കലാപരമായി ആവിഷ്കരിക്കുന്നതാണ് , ഇന്നത്തെ സാഹചര്യത്തിൽ ഈ കഥക്ക് പ്രസക്തിയുണ്ട്. ഇത് മുമ്പ് എഴുതിയതാണ് എന്ന പ്രാധാന്യവും ഉണ്ട്. സമൂഹനന്മക്കും കലയെ വിനിയോഗിക്കാം. ശ്രീ സാം സാറിനു അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക