Image

പ്രേതങ്ങൾ   പറഞ്ഞ  ഹാലോവീൻ കഥ (സുധീർ പണിക്കവീട്ടിൽ)

Published on 31 October, 2021
പ്രേതങ്ങൾ   പറഞ്ഞ  ഹാലോവീൻ കഥ (സുധീർ പണിക്കവീട്ടിൽ)

ഹാലോവീൻ രാത്രി പ്രേതങ്ങളെല്ലാം കൂടിയിരുന്നു മനുഷ്യരുടെ കഥ പറയാൻ തുടങ്ങി. പ്രേതങ്ങൾ ഒരു കാലത്ത് മനുഷ്യരായിരുന്നതുകൊണ്ട് അവർക്ക് കഥകൾ പറയാൻ എളുപ്പമായിരുന്നു.  പക്ഷെ അവരെ ദുഖിപ്പിച്ച കാര്യം അവർക്ക് അതു  എഴുതാൻ കഴിയുമായിരുന്നില്ല. അപ്പോഴാണു  അവരിൽ ഒരാൾ പറഞ്ഞതു അങ്ങ് അമേരിക്കയിൽ കുടിയേറിയ മലയാളികൾ മുഴുവൻ എഴുത്തുകാരാണ്. അവരെ സമീപിക്കാം. അങ്ങനെ പ്രേതങ്ങൾ ഓരോ എഴുത്തുകാരുടെയും വീടുകളിൽ ചെന്നു. അവർ മുട്ടിയ വാതിലുകളിൽ പ്രത്യക്ഷപ്പെട്ടവരെല്ലാം തന്നെ സോമരസ സ്വാധീനത്തിലായിരുന്നു. അവർക്ക് പറയുന്നതൊന്നും എഴുതിയെടുക്കാൻ കഴിഞ്ഞില്ല. ലഹരി ഉപയോഗിക്കാത്ത എഴുത്തുകാരെ അന്വേഷിച്ചു  നടന്നപ്പോൾ കുറേപ്പേരെ കണ്ടെത്തി. മദ്യം കഴിക്കാത്തവരിൽ പലരും നല്ല എഴുത്തുകാരല്ലെന്നു ഒരു കുടിയൻ പ്രേതങ്ങളോട് പറഞ്ഞതു  അവരെ ചിന്താമഗ്‌നരാക്കിയിരുന്നു. അതുകൊണ്ട് കുടിക്കാത്ത എഴുത്തുകാരുടെ രചനാപാടവത്തിൽ പ്രേതങ്ങൾക്ക് അവിശ്വാസം ജനിച്ചു.
മരിക്കുന്നതിനു  മുമ്പ് സ്ത്രീവിഷയങ്ങളിൽ താല്പര്യമുണ്ടായിരുന്ന ഒരു പ്രേതം ചോദിച്ചു. വനിതാ എഴുത്തുകാർ ഉണ്ടാവുമല്ലോ. അവരാണെങ്കിൽ മദ്യം കഴിക്കുകയില്ല. അവരുടെ രചനകളാകുമ്പോൾ വായനക്കാർ കൂടും. അങ്ങനെ പ്രേതകഥകൾക്ക് പ്രചാരം ലഭിക്കും.  അങ്ങനെ വനിതാ എഴുത്തുകാരെ സമീപിച്ചപ്പോൾ അവർ പറഞ്ഞു ഞങ്ങൾക്ക് ആരും കഥ പറഞ്ഞു തരേണ്ട കാര്യമില്ല. കഥയൊക്കെ ഞങ്ങൾ ഉണ്ടാക്കും. അതിനു പ്രേതങ്ങളെ ആവശ്യമില്ല. പ്രേതങ്ങൾ ചമ്മിപ്പോയി.
അങ്ങനെ പ്രേതങ്ങൾ അങ്കലാപ്പിലായി. എങ്ങനെയെങ്കിലും അവരുടെ കഥ പുറംലോകത്തിനോട് പറയണം. അല്ലെങ്കിൽ തന്നെ ഇന്നലെ വരെ ജീവിച്ചിരുന്ന മനുഷ്യർ പ്രേതങ്ങളായപ്പോൾ എന്തെല്ലാം രൂപത്തിൽ ഭാവത്തിൽ മനുഷ്യർ പ്രേതങ്ങളെ അവതരിപ്പിക്കുന്നു. പ്രേതങ്ങളിൽ കമ്പ്യൂട്ടർ വിദഗ്ധനായ ഒരു ആത്മാവ് പറഞ്ഞു ആരെങ്കിലും കമ്പ്യൂട്ടർ ഓൺ ചെയ്‌തുവച്ചെങ്കിൽ നമുക്ക് പോയി സംസാരിക്കാം. പറയുന്നതൊക്കെ കമ്പ്യൂട്ടർ റെക്കോർഡ് ചെയ്യും. അങ്ങനെ കമ്പ്യൂട്ടർ ഉടമ ഉറക്കം കഴിഞ്ഞു വരുമ്പോൾ കമ്പ്യൂട്ടർ അയാളോട് സംസാരിക്കും. പ്രേതങ്ങൾ റെക്കോർഡ് ചെയ്തു എന്ന് അയാൾ വിശ്വസിക്കുകയില്ല. പക്ഷെ എങ്ങനെ  റെക്കോർഡ് ആയി എന്നായിരിക്കും അയാളുടെ ചിന്ത. അതു  അവസാനം പ്രേതത്തിൽ ചെന്നവസാനിക്കും. അതുകൊണ്ട് ഈ ആശയവും പ്രേതങ്ങൾ വിട്ടു.
പ്രേതങ്ങൾ ചുറ്റും നോക്കിയപ്പോൾ വായും മൂക്കും മൂടിക്കെട്ടി പ്രേതങ്ങളെപോലെ മനുഷ്യർ ചുറ്റിലും നടക്കുന്നു. അവർ പ്രേതങ്ങളെ അനുകരിക്കയാണ്.  മനുഷ്യരുടെ ഗതികേടിൽ പ്രേതങ്ങൾ ആനന്ദിച്ചു. എന്നാൽ അവർക്ക് ഒരു കഥ പറയണമെന്നുണ്ടായിരുന്നു. അതു മനുഷ്യർ അറിയണമെന്നും. അവസാനം അവർ കരുതി ദൈവത്തിന്റെ നാട്ടിൽ പോകുക തന്നെ. അവിടെയാണ് പ്രേതങ്ങൾക്ക് സമ്മേളനം നടത്താൻ പറ്റിയ സ്ഥലം. നോക്കുകൂലിയെന്നും പറഞ്ഞു കുറേപേർ കാവലുമുണ്ടാകും.  പ്രേതങ്ങൾ അങ്ങനെ നാളികേരത്തിന്റെ നാട്ടിലെത്തി. നാളികേരമൊന്നുമില്ലെങ്കിലും ആ പേര് ജനം ഉപയോഗിക്കുന്നു.
വിദേശമലയാളികൾ പണിതിട്ടുപോയ ഏതോ ആഡംബരഗൃഹത്തിൽ അവർ എത്തിച്ചേർന്നു. അവർക്ക് അടഞ്ഞ വാതിലുകൾ പ്രശ്നമായിരുന്നില്ല. എല്ലാവരും അകത്തു  പ്രവേശിച്ചു. അപ്പോൾ അവിടെ ഒരു ബലാൽസംഗം നടക്കയായിരുന്നു. ദൈവത്തിന്റെ നാട്ടിൽ മനുഷ്യനിർമ്മാണ ഫാക്ടറി തൊഴിലാളികൾ സമരമില്ലാതെ കൃത്യനിർവഹണത്തിൽ ശ്രദ്ധാലുക്കളാണ്. ബാക്കിയുള്ള എല്ലായിടത്തും അവർ സമരമുറകളുമായി അലസരാകുന്നു. എന്ത് ചെയ്യണമെന്നറിയാതെ പ്രേതങ്ങൾ പരിഭ്രമിച്ചു. ഉടനെ തന്നെ തന്റെ ഉഴത്തിനായി കാത്തുനിന്ന ഒരുവന്റെ മേൽകയറി ബലാൽസംഗം ചെയ്യുന്നവനെ ചെവിക്ക് പിടിച്ച വലിച്ചു മാറ്റി. അവൻ മുഴുമിച്ചില്ല തിര ക്കു  കൂട്ടാതെ എന്നു  പറഞ്ഞു വീണ്ടും തന്റെ പ്രവർത്തി ആരംഭിച്ചപ്പോൾ പ്രേതബാധയേറ്റവൻ അവനെ പൊതിരെ പൂശി. അങ്ങനെ അവർ തമ്മിൽ തല്ലുതുടങ്ങിയപ്പോൾ ബലാൽസംഗക്കാർ മുഴുവൻ അടിയോടടി. പെൺകുട്ടി ജീവനും കൊണ്ടു  ഓടി. 
അടച്ചിട്ട വീടുകളിൽ എല്ലാം അനാശാസ്യം അരങ്ങേറുകയാണ്. കപ്പയും കഞ്ഞിയും കഴിച്ച കാലം കടന്നുപോയി എല്ലാം സമ്പൽസമൃദ്ധമായപ്പോൾ രതീദേവി കാബറെ കളിക്കുന്നു. ജനങ്ങൾ ആഭാസരായി അവൾക്ക്  ചുറ്റും  കാണാത്ത കഥകളിയാട്ടം നടത്തുന്നു. എന്തൊരു നാട്. മരിച്ചുപോയതു നന്നായി എന്നു പ്രേതങ്ങൾക്ക് തോന്നി. മരിച്ചതിനുശേഷം ഒരു നല്ല കാര്യം ചെയ്തു എന്ന സമാധാനത്തോടെ പ്രേതങ്ങൾ കഥ പറയാൻ തുടങ്ങി.
ഹേ, മനുഷ്യാ ഞങ്ങൾ പ്രേതങ്ങളല്ല. ഞങ്ങൾ നിങ്ങളുടെ തലച്ചോറിലെ ചില രാസപ്രവർത്തികളിൽ നിന്നും ജന്മമെടുക്കുന്നവയാണ്. ഇവിടെ കൂടിയിരിക്കുന്ന ഞങ്ങൾ എല്ലാവരും നിങ്ങൾ ഓരോരുത്തരുടെ തലച്ചോറിൽ തന്നെ ഉണ്ട്. ഞങ്ങളെ നിങ്ങൾ വേറിട്ട് കാണുന്നതും നിങ്ങളുടെ അസുഖമാണ്. ഞങ്ങൾക്കായി ഓരോ ദിവസം ഉണ്ടാക്കി നിങ്ങൾ സമാധാനിക്കയാണ്. ഞങ്ങളെ അടച്ചിട്ട മുറിയിൽ കണ്ടുവെന്നൊക്കെ നിങ്ങൾ പറയും. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ഞങ്ങളെ കാണുന്നത് നിങ്ങൾ ഒറ്റക്കാവുമ്പോഴാണ്. എന്തുകൊണ്ടു ആൾകൂട്ടത്തിൽ ഞങ്ങളെ കാണുന്നില്ല. കാണുന്നവർ കുറച്ചുകൂടെ പ്രശ്നങ്ങൾ ഉള്ളവരാണ്. ഏകാന്തതയിൽ മനുഷ്യമനസ്സിന് സാങ്കല്പികരൂപങ്ങൾ (Pareidolia) കാണാനും അവ സംസാരിക്കുന്നത് കേൾക്കാനും കഴിയുന്നു. ഇതു ഒരു അസുഖമാണ്. രോഗമാണെന്നു സമ്മതിക്കാൻ കൂട്ടാക്കാതേ പ്രേതങ്ങൾക്ക് ജന്മം കൊടുക്കുന്നു മനുഷ്യർ.
ഹാലോവീൻ ദിവസം നിങ്ങളുടെ തലച്ചോർ കൂടുതൽ തവണ പേടിച്ചു വിറക്കും. അതുകൊണ്ട് ആ ദിവസം ഇരുണ്ടു വെളുക്കുമ്പോൾ നിങ്ങൾക്ക് പറയാൻ അനവധി കഥകൾ കാണും. അതിൽ ഒരു കഥയാണ് നിങ്ങൾ ഇപ്പോൾ കേട്ടതു.
ശുഭം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക