Image

ഫസ്റ്റ്ബെൽ (കവിത: നൈന മണ്ണഞ്ചേരി)

Published on 01 November, 2021
ഫസ്റ്റ്ബെൽ (കവിത: നൈന മണ്ണഞ്ചേരി)
അടച്ചിടപ്പട്ടിരുന്ന മനസ്സുകളിലേക്കാണ്
വിദ്യാലയത്തിന്റെ പടിവാതിൽ  തുറക്കുന്നത്..
കാണാത്ത പ്രവേശനോൽസവം ഇനി കാണാം
പറത്താൻ കഴിയാതിരുന്ന ബലൂണുകൾ ഇനി പറത്താം
ഓൺലൈനിൽ കണ്ടു നുണഞ്ഞ
മിഠായിയുടെ മധുരം
നേരിൽ തുണയാം.
ഗൂഗിളിൽ  പേടിപ്പിച്ച ടീച്ചറുടെ
ചൂരലിന്റെ ചൂട്  നേരിട്ടറിയാം.
സ്ക്രീനിൽ തല മാത്രം കണ്ട കൂട്ടുകാരുടെ
ചിരി നേരിൽ  കാണാം
ഓൺ ലൈനിൽ കിട്ടാതിരുന്ന ഉപ്പുമാവിന്റെ
രുചിയിലേക്ക് ഊളിയിട്ടിറങ്ങാം..
കെട്ടിയിടപ്പെട്ട  കാലുകൾക്ക്
സ്ക്കൂൾ മുറ്റത്ത് ഓടിക്കളിക്കാം
ഇടിവെച്ചും വഴക്കിട്ടും      സൗഹൃദം പുതുക്കാം
ഇരമ്പലിൽ മാത്രം കേട്ട മഴയുടെ തുള്ളികളിൽ നനയാം
ഒളിപ്പിക്കാൻ കഴിയാതിരുന്ന മയിൽപ്പീലിത്തുണ്ടുകൾ
പുസ്തകത്താളുകൾക്കിടയിൽ ഒളിപ്പിച്ചു വെക്കാം
പിന്നെ പീലി പെറുന്നതും കാത്തിരിക്കാം..
സ്വപ്നങ്ങൾ മരിച്ചു തുടങ്ങിയ കണ്ണുകളിലേക്കാണ്
പള്ളിക്കൂടത്തിന്റെ
പടിവാതിൽ തുറക്കുന്നത്..
തുറന്നു കിടന്നതിന്റെ വില നാമറിയുന്നത്
അടഞ്ഞുകിടക്കുമ്പോഴാണ്..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക