കേരളം: കവിത, ബീന സോളമൻ

Published on 01 November, 2021
കേരളം: കവിത, ബീന സോളമൻ

കേളികൊട്ടിൻ നാട്..
കേരംപുഞ്ചിരിക്കുംനാട്...
കാട്ടുപൂഞ്ചോലയിൻ നാട്..
കായലും നീലമലയും
കാതോർത്തു വിളങ്ങും നാട്...

പാടവരമ്പത്തു പാടിയെത്തും
പെണ്ണാളിൻ പാദസ്വരം
പ്രതിധ്വനിയായ് മുഴങ്ങി...
പാടമുണർന്നു പാട്ടുമായ്...
പാട്ടിന്നീരടികൾ താളമായ്...

വള്ളംകളിയും വള്ളപാട്ടും
വരിവരിയായ് വരികയായ്...
വള്ളസദ്യയുംവാദ്യങ്ങളും...
വായ്തോരാ ആർപ്പുകളും...
വാനോളമുയരുകയായ്...

തുഞ്ചൻപറമ്പിൽ ജ്വലിക്കും
താലം ..ചരിത്രത്തിൻ
തികവിൻ വാക്യമോതി....
തനിമയിൻ സാദ്ധ്യതകളേറ്റി...
തനുവിന്നുണർത്തുപാട്ടായ്...

മലയാളഭാഷയിൻ നെഞ്ചകം
മനോഹരിയായ് നിവർന്നു....
മാലോകരിൽ മായികപ്രപഞ്ചമായി
മായാതെ മറയാതെ
മധുപകരുന്നു...
 

കേരളം: കവിത, ബീന സോളമൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക