Image

റബ്ബോനി - ഒരു സങ്കീര്‍ത്തനം പോലെ മനോഹരമായ സുവിശേഷം. (വർഗീസ് പ്ലാമ്മൂട്ടിൽ, ന്യൂജേഴ്‌സി )

വർഗീസ് പ്ലാമ്മൂട്ടിൽ, ന്യൂജേഴ്‌സി Published on 02 November, 2021
റബ്ബോനി  -  ഒരു സങ്കീര്‍ത്തനം പോലെ മനോഹരമായ സുവിശേഷം. (വർഗീസ് പ്ലാമ്മൂട്ടിൽ, ന്യൂജേഴ്‌സി )
പ്രിയ സുഹൃത്ത് ബെന്നി, റോസി തമ്പിയുടെ റബ്ബോനി വായിക്കാൻ തന്നപ്പോള്‍ അതൊരു സുവിശേഷമാണെന്നു കരുതിയിരുന്നില്ല. ബൈബിളിനെ ചുറ്റിപ്പറ്റിയുള്ള ഒരു നോവലായിരിക്കുമെന്ന് പേരുകൊണ്ട് സൂചന തരുന്നുണ്ടെങ്കിലും. വായിച്ചപ്പോള്‍ യേശുവിനെയും അമ്മ മറിയത്തെയും  അപ്പൻ ജോസഫിനെയും  മഗ്ദലന മറിയത്തെയും യൂദാസിനെയും മറ്റു ശിഷ്യന്മാരെയുമെല്ലാം നമ്മെയെല്ലാം പോലെ മജ്ജയും മാംസവും വികാര വിചാരങ്ങളുമുള്ള സാധാരണ മനുഷ്യരായി പരിചയപ്പെടുത്തുന്ന അസാമാന്യ അനുഭവത്തിലേയ്ക്ക് നമ്മെ കൈ പിടിച്ചു നയിക്കുന്ന അഞ്ചാമത്തെ സുവിശേഷമായി  റബ്ബോനി  അനുഭവപ്പെട്ടു  പശ്ചാത്തലംകൊണ്ടും കാവ്യഭംഗികൊണ്ടും പ്രമേയം കൊണ്ടും   ഒരു വിലാപ കാവ്യത്തിന്റെ തലത്തിലെത്തി നില്‍ക്കുന്ന റബ്ബോനി സ്ത്രീകളുടെയും  അശരണരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും രക്ഷകനായി ജീവിച്ചു മരിച്ച യേശുവിന്റെ ജീവിതത്തെ അവരുടെ പ്രതിനിധിയായ  മഗ്ദലന മറിയത്തിന്റെ അനുഭവസാക്ഷ്യത്തിലൂടെ ഇതുവരെ അറിയാത്തതും പറയാത്തതുമായ കാഴ്ചപ്പാടില്‍ അവതരിപ്പിച്ചിരിക്കുന്നു.

 അവന്‍ മറ്റെല്ലാവരിലും അധികം സ്നേഹിച്ചിരുന്ന മഗ്ദലന മറിയവും   ഏറെ വിശ്വസിച്ച് പണസഞ്ചി ഏല്പിച്ചിരുന്ന  ശിഷ്യനായ യൂദായും  യേശുവിന്റെ കുരിശുമരണ ശേഷം  ഗലീല കടല്‍പ്പുറത്തിരുന്ന് നടത്തുന്ന സംഭാഷണത്തിലൂടെയും  ആത്മഗതത്തിലൂടെയുമാണ്  ഈ അഭിനവ  യേശു ചരിതം ഇതള്‍ വിടരുന്നത്. ഗലീലാ കടല്‍പ്പുറത്തും സമീപമുള്ള കഫര്‍ണാമിലുമായി യേശുവിനൊപ്പം   ചിലവിട്ട  പ്രിയതരമായ മൂന്നുവര്‍ഷക്കാലത്തെ ഓര്‍മ്മകളും  അവന്‍ പറഞ്ഞതും മറ്റുള്ളവരിലൂടെ അവനെക്കുറിച്ച് അറിഞ്ഞതുമായ കഥകള്‍ മഗ്ദലന മറിയം യൂദയുമായി പങ്കുവെയ്ക്കുന്നതായാണ് റോസി തമ്പി ഇത് വിഭാവന ചെയ്തിരിക്കുന്നത്.

മഗ്ദലന മറിയം യേശുവിന്റെ ആരായിരുന്നു എന്നുള്ള ചോദ്യത്തിന് ശരിയായ ഉത്തരം ആരും കൃത്യമായി പറഞ്ഞിട്ടില്ല. റോസി പറയുന്നു. " എല്ലാ ശിഷ്യരെക്കാള്‍ യേശു അവളെ സ്നേഹിച്ചു. ചുംബിച്ചു. ശിഷ്യന്മാര്‍ അവനോടു കയര്‍ത്തു. ..ദൈവപുത്രനെ പ്രണയിച്ചവള്‍, അവനോടൊപ്പം നടന്നവള്‍, കാല്‍വരിയിലേയ്ക്കുള്ള വഴിയിലും കുരിശിന്‍ ചുവട്ടിലും അവന്റെ അപമാനവും വേദനയും നെഞ്ചേറ്റിയവള്‍"
അങ്ങനെയുള്ള ആത്മബന്ധമുള്ള മഗ്ദലനയോട് യേശു തന്റെ കഥ പറയുന്നു. അവഗണനയുടേയും വേദനയുടേയും കൈപ്പേറിയ അനുഭവങ്ങളിലൂടെ കടന്നു പോയ അപ്പനില്ലാത്ത ഒരു യഹൂദബാലന്റെ കരളലിയിക്കുന്ന കദനകഥ. "അവന്റെ ജനനത്താല്‍ ഒഴുക്കപ്പെട്ട" ഇളം ചോരയുടെ നദി അവനെതിരെ മഹാ പ്രളയമായി. അമ്മമാര്‍ മറ്റു കുട്ടികളെ അവനില്‍നിന്നും അകറ്റി."  കൂട്ടുകൂടാന്‍ ചെന്നാല്‍ കുട്ടികള്‍ ഓടിയൊളിക്കും.അമ്മ മാത്രമായിരുന്നു. അവന് ഏക ആശ്രയം. ദൈവമാണ് നിന്റെ യഥാര്‍ത്ഥ പിതാവെന്ന് ഒരു സാധാരണ കുട്ടിക്ക് എങ്ങനെ ഉള്‍ക്കൊള്ളാനാകും. വളര്‍ത്തച്ഛനായ ജോസഫ് പൂര്‍ണ്ണമായും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നെങ്കിലും നാട്ടുകാരുടെ നാവടയ്ക്കുവാനോ അവരുടെ അംഗീകാരം നേടുവാനോ ആ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. പിതാവിന്റെ മരപ്പണി സംരഭത്തില്‍ സഹായിക്കുകയും ഒരു പടി ഉയര്‍‍ന്ന് ശോഭിക്കുകയും ചെയ്യുന്നതായാണ് യേശുവിനെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ബാല്യം മുതല്‍ അത്ഭുത പ്രവൃത്തികള്‍ ചെയ്തിരുന്നതായും മഗ്ദലന സാക്ഷ്യപ്പെടുത്തുന്നു. വളര്‍ന്നുവരുന്നതോടെ പിതാവാം ദൈവവുമായി നിരന്തരം സംവദിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതും തന്റെ അസ്ഥിത്വവുമായി താദാത്മ്യപ്പെടുന്നതും നാം കാണുന്നു. 

ശിഷ്യ സമൂഹത്തിന്റെ യേശുവിനെക്കുറിച്ചുള്ള കാഴ്ചപ്പാട് മഗ്ദലനയോട് യൂദാ വിവരിക്കുന്നത് ശ്രദ്ധിക്കാം.  നീ അവനെ അറിഞ്ഞതുപോലെ ഞങ്ങളിലാരും അവനെ അറിഞ്ഞില്ല. അവന്‍ സ്ഥാപിക്കുന്ന പുതിയ രാജ്യത്തെക്കുറിച്ചായിരുന്നു ഞങ്ങള്‍ക്കെല്ലാം താത്പര്യം. അവന്റെ വാക്കുകളെല്ലാം ഞങ്ങള്‍ വായിച്ചെടുത്തത് അങ്ങനെയായിരുന്നു.അതു വൈകുന്നതിലായിരുന്നു ഞങ്ങളുടെ പ്രയാസം. പണസഞ്ചി എന്റെ കൈയ്യിലായിരുന്നതുകൊണ്ട് ധനകാര്യം എനിക്കു ലഭിക്കുമെന്ന് ഉറപ്പായിരുന്നു... യേശു സ്ഥാപിക്കുന്ന പുതിയ രാജ്യത്തില്‍ ഓരോരുത്തരും എന്തു സ്ഥാനം സ്വീകരിക്കണമെന്നതിനെപ്പറ്റി ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചയും തര്‍ക്കങ്ങളും നടന്നിരുന്നു..  പുരോഹിത ഭരണം മടുത്ത ജനങ്ങളുടെ സഹകരണവും റോമിനോട് എതിരല്ലാതിരുന്നതുകൊണ്ട് റോമന്‍ സൈനികരുടെ സഹായവും പ്രതീക്ഷിച്ചിരുന്നു. പുരോഹിത സൈന്യവുമായി ഒരു കലാപം  പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട്  അരയില്‍   രഹസ്യമായി വാളുകളും കരുതിയിരുന്നു. അവനും അതു പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടാണല്ലോ യെറുശലേം ദേവാലയത്തല്‍ വെച്ച് പതിവുള്ള സൗമ്യതയുപേക്ഷിച്ച് ദൈവാലയത്തിലുണ്ടായിരുന്ന വ്യാപാരികളെയെല്ലാം ചാട്ടവാറുവീശി ആട്ടിയകറ്റിയതും ശക്തമായ ഭാഷയില്‍ പ്രതികരിച്ചതും.... മുപ്പതു വെള്ളിനാണയത്തിന് ചുംബനംകൊണ്ട് ഒറ്റിക്കൊടുക്കുന്ന നാടകത്തിനു രൂപംകൊടുത്ത് നടപ്പാക്കിയത് ഞാനാണ്. യേശുവിനെ പുരോഹിത സൈന്യം പിടികൂടിയാല്‍ സ്വാഭാവികമായും ഏറ്റുമുട്ടലുണ്ടാകും. ആ ഏറ്റുമുട്ടലില്‍ പ്രധാന പുരോഹിതനെ വധിക്കുക, അധികാരം പിടിച്ചെടുക്കുക, അതായിരുന്നു ലക്ഷ്യം. എന്നാല്‍ യേശു അവിടം മുതല്‍ കാര്യങ്ങള്‍ തകിടം മറിച്ചു. പുരോഹിത സൈന്യത്തലവന്റെ ചെവി വെട്ടിയ പത്രോസിനോട് അവന്‍ വാള്‍ ഉറയിലിടുവാന്‍ പറഞ്ഞു. സ്വയം ഏല്പിച്ചു കൊടുത്ത്, സൗമ്യനായി ചെവി പോയവന്റെ ചെവി ചേര്‍ത്തുവെച്ച് സുഖപ്പെടുത്തി കാറ്റുലയ്ക്കാത്ത ദീപം പോലെ, നിശ്ശബ്ദമായി, ശാന്തമായ് അവര്‍‍ക്കൊപ്പം പോയി. യേശുവിന്റെ മനം മാറ്റം അതുവരെ പേടിച്ചു നിന്നവരെ ധൈര്യപ്പെടുത്തി. യേശുവിന്റെ കീഴടങ്ങല്‍ ഞങ്ങളെയെല്ലാം നിരാശപ്പെടുത്തി. അവസാന നിമിഷമെങ്കിലും കലാപത്തിന് സമ്മതം നല്‍കുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷെ അവന്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു..

  കുരിശുമരണത്തിനു ശേഷം    പത്രോസുള്‍പ്പെടെ ശിഷ്യന്മാരെല്ലാം പകച്ചു നില്‍ക്കുകയും പലരും തങ്ങളുടെ പഴയ പണികളിലേയ്ക്കു തിരിച്ചു പോവുകയും ചെയ്തെങ്കിലും  തങ്ങളുടെ ആത്മീയ ഗുരുവും നാഥനും എല്ലാമെല്ലാമായിരുന്ന     യേശുവിനുവേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറായി മുമ്പോട്ടു വന്നത് അമ്മ മറിയവും മഗ്ദലന മറിയവും മാര്‍ത്തയും മറിയയും മറ്റു ചില സ്ത്രീകളുമടങ്ങുന്ന ചെറിയ ഒരു കൂട്ടായ്മയായിരുന്നു. അമ്മ മറിയം തന്റെ മകനെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുവാന്‍ തുടങ്ങിയപ്പോള്‍ അതു കേള്‍ക്കാനായി സ്ത്രീകളും പുരുഷന്മാരും എത്തിത്തുടങ്ങി.  അവര്‍ ജെറുസലേമിന്റെ തെരുവുകളില്‍  ആടിയും പാടിയും   അവന്റെ സുവിശേഷവുമായി ഓടി നടന്നു. അവന്‍ പഠിപ്പിച്ചതുപോലെ ജീവിക്കുകയും അവന്റെ സുവിശേഷം ജനങ്ങളെ അറിയിക്കുകയും അതുവഴി അവന്‍ പ്രസംഗിച്ച ദൈവരാജ്യം ഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശം മാത്രമെ അവര്‍ക്കുണ്ടായിരുന്നുള്ളു. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമെതിരായിരുന്ന യേശുവിന്റെ അനുയായികള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട നേതൃത്വമോ അധികാരാവകശാങ്ങളോടുകൂടിയ പൗരോഹിത്യ നിരയോ ആവശ്യമില്ലെന്ന് അവര്‍ വിശ്വസിച്ചു. ചുരുക്കത്തില്‍ യേശുവിന്റെ സ്നേഹസുവിശേഷം ലോകം മുഴുവനുള്ള ജനങ്ങളെ അറിയിക്കുക  എന്നതു   മാത്രമായിരുന്നു അവരുടെ ലക്ഷ്യം. പക്ഷെ ആളു കൂടിത്തുടങ്ങിയപ്പോള്‍ സ്ഥിതിഗതികള്‍ മാറി. പത്രോസ് തന്റെ അധികാരം ഉപയോഗിച്ച് ആ സ്ത്രീ സമാജത്തിനെ ഹൈജാക്ക് ചെയ്തു. ആദ്യമായി ചെയ്തത് മഗ്ദലനയെ  അവള്‍ ശരിയല്ല എന്ന രണ്ടു വാക്കുകളിലൊതുക്കി ഒഴിവാക്കുകയായിരുന്നു.   യേശു പാപം ക്ഷമിച്ച വേശ്യയായും, ഭൂതത്തെ പുറത്താക്കിയ സ്ത്രീയായും അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിരുന്നവളും ആറാമനോടൊപ്പം പൊറുത്തിരുന്നവളും, കണ്ണുനീര്‍കൊണ്ട് കാല്‍ കഴുകി തൈലം പുരട്ടിയ നഗരത്തിലെ പ്രശസ്ത ഗണിക തുടങ്ങി സകല തിന്മകളുടെയും ഉടമയായ സ്ത്രീയും ഗുരുവിനെ വഴിപിഴപ്പിക്കുവാന്‍ കൂടെ കൂടിയവളുമെല്ലാമായി ചിത്രീകരിക്കപ്പെട്ടു. അതോടെ സ്ത്രീസമാജത്തിന്റെ പ്രധാനവക്താവും വീറുറ്റ പ്രചാരകയുമെല്ലാമായ മഗ്ദലന മറിയം നയിക്കുന്ന സംഘങ്ങളില്‍ പോകുന്നതിന് അവരുടെ ഭര്‍ത്താക്കന്മാര്‍ വിലക്കേര്‍പ്പെടുത്തി. അങ്ങനെ സ്ത്രീ സമാജങ്ങളില്‍ ആളെത്താതായി. അവര്‍ തുടങ്ങിവെച്ച പ്രസ്ഥാനം പുരുഷമേധാവിത്വത്തില്‍ വളര്‍ന്നു ശക്തി പ്രാപിക്കുകയും ചെയ്തു." അവര്‍ യേശുവിനെ ക്രിസ്തുവാക്കി. പഴയതും പുതിയതും കൂട്ടിച്ചേര്‍ത്തു."   ദൈവം സ്നേഹമാണെന്ന് യേശു പറഞ്ഞെങ്കിലും പഴയനിയമത്തിലെ ഉഗ്രപ്രതാപിയും കഠിന ശിക്ഷകനുമായിരുന്ന പിതാവാം ദൈവത്തെത്തന്നെ ആവര്‍‍ പുനപ്രതിഷ്ഠിച്ചു. യേശു കൂദാശകളും അടയാളങ്ങളും അത്ഭുതങ്ങളും രോഗശാന്തിയുമൊക്കെയായി. അവര്‍ക്കാവശ്യമുള്ള ഒരു ക്രിസ്തുവിനെ അവര്‍ യേശുവിലൂടെ നേടിയെടുത്തു. കുരിശ് രാജാധികാരത്തിന്റെ ചിഹ്നമായി സ്വീകരിക്കപ്പെട്ടു. 

മഗ്ദലന മറിയം ക്രിസ്തു സഭയുടെ പരിണാമത്തെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വഞ്ചനയെന്നാണ് വിശേഷിപ്പിക്കുന്നത്. സ്ത്രീകളെ തുല്യ പരിഗണനയോടെ ചേര്‍ത്തു നിര്‍ത്തിയ യേശുവിന്റെ പേരിലുണ്ടാക്കിയ സഭ അവരെ നേതൃത്വത്തില്‍നിന്ന് പാടെ ഒഴിവാക്കി നിലനിര്‍ത്തി.  സ്ത്രീകള്‍ പാപഹേതുക്കളും പ്രലോഭനകാരികളുമാണെന്ന പഴയനിയമ വ്യാഖ്യാനങ്ങള്‍ നിലനിര്‍ത്തി.  യേശു ഏറ്റവും അധികം എതിര്‍ത്ത പൗരോഹിത്യത്തെ പത്രോസ് പൗലോസ് മാരുടെ നേതൃത്വത്തില്‍ അതേ അധികാരത്തോടെ പുന:പ്രതിഷ്ഠിച്ചു. പുരുഷന്മാരായ ശിഷ്യന്മാരെല്ലാം അവന്റെ പ്രതിപുരുഷന്മാരായി. ബലിയല്ല, കരുണയാണ് ദൈവത്തിന് പ്രീതികരമെന്നു പഠിപ്പിച്ച അവന്റെ മരണംതന്നെ അവര്‍ ദൈവ പ്രീതിയ്ക്കുള്ള ബലിയാക്കിത്തീര്‍ത്തു. ബലിയര്‍പ്പണമായി പുരോഹിതര്‍ നിത്യവും അവനെ കൊന്നുകൊണ്ടിരിക്കുന്നു. അവന്റെ പേരില്‍ അരമനകളും കൊട്ടാരങ്ങളുമുണ്ടാക്കി. നൂറ്റാണ്ടുകള്‍ കുരിശു യുദ്ധം നടത്തി ഹെരോദാസ് അവന്റെ പേരില്‍ നടത്തിയതിനേക്കാള്‍ എത്രയോ ഭീകരമായ രക്തപ്പുഴകള്‍ ഒഴുക്കി. യേശു ഒരിക്കലും പാപ പുണ്യങ്ങളായി കണക്കാക്കുകപോലും ചെയ്യാത്ത ബ്രഹ്മചര്യം അവര്‍ പരമപുണ്യമാക്കി. സ്ത്രീകള്‍ സഭയില്‍ പ്രവേശിക്കുന്നത് പാപമായി. സ്ത്രീ സാന്നിധ്യംതന്നെ അശുദ്ധിയായി. അവന്‍ ഒരിക്കലും സ്ത്രീകളില്‍നിന്ന് മുഖം തിരിച്ചില്ല.മറിച്ച് അവന്‍ സ്ത്രീകളോടൊപ്പം അടുത്തിടപഴകുകയും ജീവന്റെ പാതിയായ അവളെ സമൂഹത്തില്‍ ദൃശ്യമാക്കുകയുമായിരുന്നു. ലൈംഗികത പാപമോ പുണ്യമോ എന്നവന്‍ വിധിച്ചില്ല. പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ എന്നാണവന്‍ പറഞ്ഞത്. അതിലപ്പുറം മനോഹരമായി എന്താണ് ഭൂമിയില്‍ എഴുതപ്പെട്ടിരിക്കുന്നത്. " ജലം അതിന്റെ വഴി കണ്ടെത്തുന്നു. ലൈംഗികതയും.. അതിലപ്പുറം രണ്ടു വ്യക്തികള്‍ തമ്മിലുള്ള സ്നേഹത്തില്‍നിന്ന് യേശു ഒന്നും പഠിപ്പിച്ചില്ല". 

പഴയനിയമത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ജെറുസലേം ദേവാലയത്തിന്റെ മാതൃകതന്നെയാണ് ഒട്ടു മിക്ക ക്രിസ്തീയ ദേവാലയങ്ങളും സ്വീകരിച്ചിരിക്കുന്നതെന്നുള്ളത് വസ്തുത തന്നെയാണ്. വിശുദ്ധ സ്ഥലം, അതിവിശുദ്ധ സ്ഥലം  എന്നിങ്ങനെയൊക്കെയുള്ള വേര്‍തിരിവുകളെല്ലാം ഇന്നും നിലനില്‍ക്കുന്നു. സ്ത്രീകള്‍ക്ക് അതിവിശുദ്ധസ്ഥലത്ത് പ്രവേശനം നിരോധിക്കപ്പെട്ടിരിക്കുന്നു. അതിവിശുദ്ധ സ്ഥലത്ത് സാധാരണ പുരുഷന്മാര്‍ക്കുപോലും പ്രവേശനമില്ല. എല്ലാവരും ദൈവത്തിന്റെ പുത്രന്മാരും പുത്രികളുമാണെന്നും എല്ലാവരും ദൈവത്തിനു മുന്നില്‍ സമന്മാരാണെന്നും പഠിപ്പിച്ച യേശുവിന്റെ നാമത്തിലാണ് ഈ വേര്‍തിരിവെന്നുള്ളത് വിരോധാഭാസമായി തുടരുന്നു.

യേശുവിന്റെ പീഡാനുഭവം വര്‍ഷാവര്‍ഷം മിക്ക ക്രിസ്തീയ സഭകളും ആചരിക്കാറുണ്ട്. പലരുടേയും ആചാരാനുഷ്ഠാനങ്ങള്‍ വ്യത്യസ്തമായിരിക്കും. ചില സഭകള്‍ ദു:ഖ വെള്ളിയാഴ്ച യേശുവിനെ മഹാപുരോഹിതനും ശാസ്ത്രിമാരും ജനത്തിന്റെ മൂപ്പന്മാരും ബന്ധനസ്ഥനാക്കി വിചാരണ ചെയ്ത്, കാല്‍വറി മലയിലേയ്ക്ക് കുരിശും ചുമന്ന് പടയാളികളുടെ അടിയും കുത്തുമേറ്റ് നടന്നു പോകുന്നത് ചിത്രീകരിച്ച് വിലാപയാത്ര സംഘടിപ്പിക്കാറുണ്ട്. മറ്റുചിലര്‍ പ്രതീകാത്മകമായി കുരിശും ചുമന്ന് പ്രദിക്ഷിണം നടത്താറുണ്ട്. ആഖ്യാതാവ് അവസാന അധ്യായത്തില്‍ ഇത്തരം ഒരു ചടങ്ങില്‍ പങ്കെടുക്കുന്നു. ആ സമയം അബദ്ധത്തില്‍ താഴെവീണ ഒരു കുരുവിയെ കയ്യിലെടുക്കുന്നു.  ഭക്തിപാരമ്യത്തില്‍ ഇതിനോടകം മരിച്ചു കഴിഞ്ഞ കുരുവിയെ സകല ശക്തിയുമെടുത്ത് ശ്വാസം ഊതി ജീവിപ്പിക്കുവാന്‍ ഒരു ശ്രമം നടത്തുന്നു. പക്ഷെ ആ ശ്രമം വിഫലമാകുന്നു. അപ്പോള്‍ നമ്മുടെ സാക്ഷാല്‍ മഗ്ദലന പ്രത്യക്ഷപ്പെടുന്നു. നിനക്ക് ഒരു ചെറുമണല്‍‍ത്തരിയോളം ഉറപ്പുണ്ടായിരുന്നെങ്കില്‍ ആ കിളി പറന്നു പോകുമായിരുന്നെന്നു പറയുന്നു. തുടര്‍ന്ന്  കിളിയെ കൈയിലെടുത്ത് കുട്ടികള്‍  അപ്പൂപ്പന്‍ താടി പറത്തി വിടുന്നതുപോലെ അതിനെ പറത്തി വിട്ടു.  നീയാണോ ഞങ്ങളുടെ രക്ഷകയെന്ന ചോദ്യത്തിന് അല്ല, അവര്‍ വരും. കുഞ്ഞുങ്ങള്‍. വലിയവര്‍ക്കു തടുക്കാന്‍ കഴിയാത്ത വഴക്കത്തോടെ അവര്‍ മനുഷ്യരുടെ അതിരുകള്‍ മായ്ച്ചുകളയുകയും ഭൂമി കളിത്തട്ടാക്കുകയും, അന്നന്നേക്കുള്ള അപ്പം പങ്കിട്ടു കഴിക്കുകയും ഒരാള്‍ മറ്റെയാള്‍ക്കു കാവലാവുകയും പൂക്കളുടേയും പുഴകളുടേയും ഭാഷ സംസാരിക്കുകയും ഭൂമി അവര്‍ക്കുവേണ്ടി സമൃദ്ധമാവുകയും ചെയ്യും എന്ന് മറുപടി പറയുന്നു.  
ഉന്നതങ്ങളില്‍ ദൈവത്തിനു സമാധാനം. 
ഭൂമിയില്‍ മനുഷ്യര്‍ക്കു സന്തോഷം.
 കുഞ്ഞുങ്ങളെ പിന്തുടരുക. 
സ്വര്‍ഗ്ഗരാജ്യം അവരുടെ പക്കലാണ്.
എന്നുതുടങ്ങുന്ന സുവിശേഷം മുഴങ്ങുകയും പള്ളിമണികളും  ആരവങ്ങളും   നിശ്ശബ്ദമാവുകയും അന്തരീക്ഷം വിടര്‍ന്ന പുഷ്പങ്ങളുടെ സുഗന്ധം പരക്കുകയും പുതിയൊരു ലോകക്രമത്തിന്റെ  ഉദയം കുറിക്കുകയും ചെയ്തുകൊണ്ട് ആഖ്യാതാവ് കൃതാര്‍ത്ഥയാകുന്നു.

മഗ്ദലനയുടെയും യൂദയുടെയും സംഭാഷങ്ങളിലൂടെ റോസി തമ്പി പരിചയപ്പെടുത്തുന്നത് ഇന്ന് വ്യവസ്ഥാപിത സഭകളില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന യേശുവിനെയാണ്. മഗ്ദലനയുടെ വാക്കുകളില്‍
ഭൂമിയില്‍ ഇരുട്ടു നിറഞ്ഞ മനുഷ്യ മനസ്സുകളില്‍ വിളക്കു കൊളുത്താന്‍ വന്ന പൂര്‍ണ്ണ സ്നേഹമാണവന്‍.  അവനെപ്പോഴും പറയാറുണ്ട്, എന്തിനാണ് മനുഷ്യര്‍ ഇങ്ങനെ ദുരിതമനുഭവിക്കുന്നത്. അവര്‍ക്ക് ആനന്ദിക്കുവാനുള്ളതെല്ലാം ചുറ്റിലും നിറഞ്ഞു നില്‍ക്കുന്നു. അത് ആസ്വദിക്കാന്‍ പരിശീലിക്കുകയേ വേണ്ടൂ. ഞാനത് അറിഞ്ഞിരിക്കുന്നു. അത് എല്ലാവരെയും പരിശീലിപ്പിക്കുവാനാണ് ഞാന്‍ വന്നിരിക്കുന്നത്. ദരിദ്രരെ സുവിശേഷത്തിന്റെ സന്തോഷമറിയിക്കുവാനാണ് ഞാന്‍ വന്നിരിക്കുന്നത്. ബന്ധിതര്‍ക്കു മോചനം, അന്ധര്‍ക്കു കാഴ്ച, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യം, ദൈവത്തിനു സ്വീകാര്യമായ രാജ്യം സ്ഥാപിക്കുക, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം, ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണ്."

ക്രിസ്ത്യാനിയായി ഏഴു പതിറ്റാണ്ടു ജീവിച്ച അറിവു വെച്ചുകൊണ്ട് പറയട്ടെ, ഇന്നും ക്രിസ്തീയ സഭകളില്‍ ക്രിസ്തുവിന്റെ ചൈതന്യം കുടികൊള്ളുന്നത് ഏറെയും സ്ത്രീകളിലും അവരുടെ സമാജങ്ങളിലുമാണ്. പത്രോസുമാരാകട്ടം  രാജ്യവും ശക്തിയും മഹത്വവും കൈയടക്കി പ്രധാന ദിവ്യന്മാരായി വിലസുകയും. ചെയ്യുന്നു.

റാബ്ബോനി യേശുവിനെ കേന്ദ്രീകരിച്ച് ഇതുവരെ എഴുതപ്പെട്ട സാരിത്യകൃതികളില്‍നിന്ന്  വേറിട്ട ഒരു വായനാനുഭവം കാഴ്ചവെയ്ക്കുന്നുവെന്നതിന് യാതൊരു സംശയവുമില്ല. കഥാ തന്തുവും കഥാ പാത്രങ്ങളും സഹസ്രാബ്ദങ്ങളായി പരിചിതമാണെങ്കിലും ഓരോ കഥാപാത്രങ്ങള്‍ക്കും   സന്ദര്‍ഭങ്ങള്‍ക്കും     ഇതുവരെ നാമറിയാത്ത ഓരോരോ സവിശേഷതകളും  വ്യക്തിത്വവും, അര്‍ത്ഥവും, വ്യാപ്തിയും നല്‍കി നമ്മെ ഉദ്വേഗത്തിന്റെ വഴികളിലൂടെ നയിക്കുകയും തുടക്കം മുതല്‍ അന്ത്യം വരെ അതു നിലനിര്‍ത്തുകയും ചെയ്യുന്നു.
പ്രധാന കഥാ പാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്ന രീതിയാണ് ആശ്ചര്യമുളവാക്കുന്ന മറ്റൊരു ഘടകം. നൂറ്റാണ്ടുകളായി  മനുഷ്യ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന യേശുവിനും അമ്മ മറിയമിനും ജോസഫിനും, മഗ്ദലനയ്ക്കും  മാനുഷികമായ വശങ്ങളുണ്ടെന്നും, അവരുടെ ആശകളും നിരാശകളും സങ്കല്പങ്ങളും എന്തായിരുന്നുവെന്നും ആ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ പുനരാവിഷ്ക്കരിക്കുമ്പോള്‍ അത് വലിയ വിവാദത്തിനും കോളിളക്കത്തിനും വഴിതെളിക്കാവുന്നതാണ്. എന്നാല്‍ റോസി തമ്പിയുടെ  ആത്മാര്‍ത്ഥതയും  സംയമനവുമുള്ള ആവിഷ്കാരത്തിന്റെ ബലത്തില്‍ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കാഴ്ചപ്പാടുകളും   സുരക്ഷിതമായ അകലം പാലിക്കുന്നു. അമ്മ മറിയം മഗ്ദലനയെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്നതിലൂടെ മഗ്ദലനയുടെയും യേശുവിന്റെയും ഇടയിലുള്ള ബന്ധത്തെ പവിത്രമായ ഒരു തലത്തിലെത്തിക്കുന്നത് ചെറിയ ഒരുദാഹരണം മാത്രം. 
കേവലമൊരു അഭിസാരികയായി ചിത്രീകരിക്കപ്പെട്ടിരുന്ന മഗ്ദലനയെ ക്രിസ്തുചൈതന്യം തുടിക്കുന്ന കഥാപാത്രമായി വാർത്തെടുത്തിരിക്കുന്നു എന്നതാണ് ഈ നോവലിന്റെ സവിശേക്ഷത.

DC Books ആണ് ഇത് പബ്ലിഷ് ചെയ്തിരിക്കുന്നത്.  Online eBook ഡിസിയുടെ website ൽ കിട്ടും 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക