ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

അനിൽ പെണ്ണുക്കര Published on 02 November, 2021
ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ
അമേരിക്കൻ മലയാളികളുടെ സഹായഹസ്തം കേരളത്തിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി. അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മലയാളികളായ പല മനുഷ്യരുടെയും ജീവിതങ്ങളെ മാറ്റി മറിച്ചിട്ടുണ്ട്. കലാകാരന്മാരോടും അവരുടെ കുടുംബങ്ങളോടും ഫോമ പുലർത്തിവരുന്ന ബന്ധം വളരെ പവിത്രമുള്ളതാണ്. അതുകൊണ്ടുതന്നെയാണ് മരണപ്പെട്ട ഗായകൻ സോമദാസിന്റെ മക്കൾക്ക് പഠനാവശ്യത്തിനായി 8 ലക്ഷം രൂപയാണ് ഫോമ മാറ്റി വയ്ക്കുകയും അത് കഴിഞ്ഞ ദിവസം കൈമാറുകയും ചെയ്തത് .
 
പത്തനാപുരം പാണ്ടിത്തിട്ടയിൽ നടന്ന ചടങ്ങിൽ കേരള ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ ഫോമയുടെ സ്‌കോളർഷിപ്പ് സോമദാസിന്റെ കുട്ടികൾക്ക് കൈമാറി .ഗണേഷ് കുമാർ എം എൽ എ ,ഫോമ നേതാക്കളായ അനിയൻ ജോർജ്,ബിജു  തോണിക്കടവിൽ ,ജോസ് പുന്നൂസ്,ജോസഫ് ഔസോ ,ഡോ.ജേക്കബ് തോമസ് ,യോഹന്നാൻ ശങ്കരത്തിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു .
 
 
ഏറെക്കാലം അമേരിക്കയിലായിരുന്ന സോമദാസ്‌  അമേരിക്കൻ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട ഗായകനും സുഹൃത്തുമായിരുന്നു. സോമദാസിന്റെ മരണശേഷം അദ്ദേഹത്തെ കുടുംബത്തെ സഹായിക്കുക എന്നുള്ളത് ഫോമയുടെ ഒരു നിയോഗമായി കരുതണം .ഫോമയുടെ ഹെൽപ്പിംഗ് ഹാൻഡ്‌സ് എന്ന സ്ഥാപക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സഹായം സോമദാസിന്റെ കുട്ടികൾക്ക് നൽകുന്നതെന്ന് ഫോമ പ്രസിഡന്റ് അനിയൻ ജോർജ് ഇ-മലയാളിയോട് പറഞ്ഞു .
 
ചുറ്റുമുള്ളവരെ നമ്മളോടൊപ്പം ചേർത്തുപിടിക്കുക എന്നുള്ളത് തന്നെയാണ് ഭൂമിയിൽ നമ്മളെക്കൊണ്ട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ. അതുതന്നെയാണ്സം ഫോമയിലെ ഓരോ മനുഷ്യരും ആ നന്മയാണ് ഹൃദയത്തിൽ സൂക്ഷിക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതിന്റെ അങ്ങേയറ്റം ഫോമയും അതിലെ സംഘാടകരും ചെയ്തു പോരുന്നുണ്ട്. ഒന്നുമില്ലാത്ത മനുഷ്യരെ എന്തെങ്കിലും ഒക്കെ ഉള്ളവർ ആക്കി തീർക്കാൻ കാലങ്ങളായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു ഫോമ . ആ നന്മ തന്നെയാണ് നമ്മൾ പകർത്തേണ്ടതും  പ്രചരിപ്പിക്കേണ്ടതുമായ ഏറ്റവും വലിയ ആശയം.നമ്മെ സന്തോഷിപ്പിച്ച, ആനന്ദിപ്പിച്ച, ഭക്തിസാന്ദ്രമാക്കിയ സോമദാസന് എന്ന അനശ്വര ഗായകന് അയാളെ ചുറ്റപ്പെട്ട മനുഷ്യർക്കൊക്കെ നൽകാവുന്ന ഏറ്റവും വലിയ സമ്മാനം തന്നെയാണ് ഈ ഏറ്റെടുക്കൽ.ഈ കുട്ടികൾ പഠിച്ചു മിടുക്കരാകട്ടെ .അവർ സമൂഹത്തിന് മുതൽക്കൂട്ടായും കരുണയുള്ളവരായും വളരട്ടെ എന്ന് ആഗ്രഹിക്കുന്നു .  
 
 
ജീവിച്ചിരിക്കുന്ന കാലത്തോളം നമ്മളെല്ലാം തന്നെ ചുറ്റുമുള്ള മനുഷ്യരെക്കൂടി ശ്രദ്ധിക്കുക, നമ്മൾ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഉടുക്കുമ്പോഴും മറ്റുള്ളവരിലേക്ക് കൂടി പതിയെ ഒന്നു നോക്കുക. അതിൽപരം മനുഷ്യത്വവും, സഹജീവിസ്നേഹവും മറ്റെവിടെയും ഇല്ല. അമേരിക്കൻ മലയാളികളുടെ നാടിനോടുള്ള അടങ്ങാത്ത സ്നേഹവും ആത്മാർത്ഥതയും ആണ് ഫോമയിലൂടെ പുറത്തുവരുന്നത്. ഇതിനോടകം തന്നെ അനേകം മനുഷ്യരെ ഫോമ സഹായിക്കുകയും, അനേകം മനുഷ്യർക്കു വേണ്ട ജീവിതസാഹചര്യങ്ങൾ രൂപപ്പെടുത്തി കൊടുക്കുകയും ചെയ്തിട്ടുണ്ട്.
 
 
പ്രത്യുപകാരം  പ്രതീക്ഷിക്കാതെ നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും ഭൂമിയിൽ വലിയ മൂല്യമുണ്ട്. മഴയത്ത് ചോർന്നൊലിക്കാതെ ഇരിക്കാൻ ഒരു വീടും, കഴിക്കാൻ നല്ല ഭക്ഷണവും, ജീവിക്കാൻ സമാധാനമായ അന്തരീക്ഷവും, പഠിക്കാൻ കാരണമാകുന്ന പരിസ്ഥിതിയും രൂപപ്പെടുത്തി തരേണ്ടത് നാം ഉൾപ്പെടുന്ന നമ്മുടെ സമൂഹം തന്നെയാണ്. ഫോമയുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കട്ടെ, അനശ്വര പ്രതിഭകൾ ഉൾപ്പെടെ കഷ്ടത അനുഭവിക്കുന്ന ഓരോ മനുഷ്യരും ഫോമയുടെ സ്നേഹസ്പർശങ്ങളിലൂടെ കടന്നു പോകട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക