Image

സമീപകാലത്തിറങ്ങിയ മികച്ച സിനിമകളിലൊന്ന്; തിങ്കളാഴ്ച നിശ്ചയം (റിവ്യൂ)

Published on 02 November, 2021
സമീപകാലത്തിറങ്ങിയ മികച്ച സിനിമകളിലൊന്ന്; തിങ്കളാഴ്ച നിശ്ചയം (റിവ്യൂ)
ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കഥ, മികച്ച രണ്ടാമത്തെ ചിത്രം എന്നിങ്ങനെ രണ്ട് പ്രധാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സിനിമയാണ് സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത 'തിങ്കളാഴ്ച നിശ്ചയം.' കേരളത്തിലെ ഗ്രാമങ്ങളിലെ സാധാരണ കുടുംബങ്ങളില്‍ സംഭവിക്കുന്ന വളരെ സാധാരണമായ കാര്യങ്ങള്‍ ആക്ഷേപഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്ന ചിത്രം അവതരണം കൊണ്ടും, പ്രമേയം കൊണ്ടും വളരെ മികച്ച അനുഭവമായി മാറിയിട്ടുണ്ട്.

കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ആണ് സിനിമ സംഭവിക്കുന്ന പശ്ചാത്തലം. മലയാളസിനിമയില്‍ ഏറെയൊന്നും ആരും പറയാത്ത ഒരു പരിസരവും, ഭാഷാശൈലിയുമാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവിടുത്തെ ഒരു ഗ്രാമത്തിലുള്ള ഒരു ഇടത്തരം കുടുംബത്തില്‍ പെണ്ണുകാണല്‍ ചടങ്ങ് നടക്കുകയാണ്. കുവൈത്ത് രാജന്‍ എന്നറിയപ്പെടുന്ന രാജന്റെ മകള്‍ സുജയെ പെണ്ണുകാണാന്‍ ഒരു ഗള്‍ഫുകാരന്‍ എത്തിയിരിക്കുന്നു. എന്നാല്‍ സുജയ്ക്ക് ഈ വിവാഹത്തോട് ഒട്ടും താല്‍പര്യമില്ല താനും.

സുജയെ കണ്ട് ഇഷ്ടപ്പെട്ട ഗള്‍ഫുകാരന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നു- ബുധനാഴ്ച തനിക്ക് തിരികെ ഗള്‍ഫിലേയ്ക്ക് പോണം. അതുകൊണ്ട് രണ്ട് ദിവസത്തിനകം, അതായത് തിങ്കളാഴ്ച നിശ്ചയം നടത്തണം. അതോടെ എടുപിടിയെന്ന് നിശ്ചയം നടത്താനായി രാജന്‍ തയ്യാറെടുക്കുകയും, ഏത് വിധേനയും അത് നടക്കാതിരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സുജയും, വിശേഷത്തില്‍ പങ്കെടുക്കാനായി എത്തുന്ന കുശുമ്പും കുന്നായ്മയുമുള്ള ബന്ധുക്കളുമെല്ലാമായി രണ്ട് ദിവസത്തെ മേളങ്ങളാണ് ശേഷം സിനിമ.

വളരെ സ്വാഭാവികമായ പ്രകടനങ്ങളാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം. ഒപ്പം അധികം കേട്ടുപരിചയമില്ലാത്ത കാഞ്ഞങ്ങാടന്‍ ഭാഷാശൈലി കൂടിയാകുമ്പോള്‍ ആ നാട്ടില്‍, കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ ഒരാളായി പ്രേക്ഷകരും മാറുന്നു. ഇത്രമേല്‍ സ്വാഭാവികതയോടെയുള്ള അഭിനേതാക്കളുടെ പ്രകടനം, അത് ഒട്ടും ചോരാതെ ഒപ്പിയെടുത്ത ഛായാഗ്രഹണവും മനോഹരം. സിനിമയുടെ താളത്തിലുള്ള എഡിറ്റിങ്ങും, ഓരോ സീനിന്റെയും തനിമ ചോരാത്ത പശ്ചാത്തല സംഗീതസംവിധാനവും കൂടിയാകുമ്പോള്‍ ഈയടുത്ത് മലയാളത്തിലിറങ്ങിയ മികച്ച സിനിമകളുടെ പട്ടികയിലേയ്ക്ക് 'തിങ്കളാഴ്ച നിശ്ചയ'ത്തെയും ചേര്‍ത്തുവയ്ക്കാം.

ഒറ്റക്കാഴ്ചയില്‍ ഒരു കുടുംബത്തിനുള്ളിലെ മുറുമുറുപ്പുകളെന്ന് തോന്നാമെങ്കിലും ശക്തമായ രാഷ്ട്രീയ മാനങ്ങളുള്ള സിനിമ കൂടിയാണ് 'തിങ്കളാഴ്ച നിശ്ചയം.' കുടുംബത്തിന്റെ അധികാരം ഗൃഹനാഥനില്‍, അതായത് പുരുഷനില്‍ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ അയാള്‍ക്ക് ചുറ്റുമുള്ള സ്ത്രീകള്‍ അനുഭവിക്കുന്ന അസ്വാതന്ത്ര്യവും, വീര്‍പ്പുമുട്ടലും വളരെ തന്മയത്വത്തോടെ, ഒട്ടും അതിഭാവുകത്വമില്ലാതെ സിനിമ വരച്ചുകാട്ടുന്നു. ആ പുരുഷന്‍ ഒരു പിന്തിരിപ്പനും, ജനാധിപത്യ വിരുദ്ധനും കൂടിയാകുമ്പോള്‍ കുടുംബത്തിലെ മറ്റുള്ളവരെല്ലാം ഭയത്തിന്റെ നിഴലിലുമാണ്.

കുവൈത്തിലെ രാജഭരണത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്ന രാജന്റെയും, സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ജനാധിപത്യത്തിനായി വാദിക്കുന്ന സുഹൃത്തും, അയല്‍ക്കാരനുമായ അവുക്കാദറിന്റെയും പാത്രസൃഷ്ടി യാദൃശ്ചികമല്ല. മറിച്ച് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സൂചനകള്‍ തന്നെയാണ്. ക്ലൈമാക്‌സിനോടടുത്ത് രാജന്‍ താന്‍ ജനാധിപത്യവാദിയാണെന്ന് തെളിയിക്കാനായി തന്റെ അഭിപ്രായത്തോട് യോജിക്കുന്നവര്‍ കൈപൊക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ജനാധിപത്യപരമെന്ന് തോന്നുമെങ്കിലും ഭീഷണിപ്പെടുത്തിയാണ് രാജന്‍ തന്റെ കുടുംബാംഗങ്ങളെക്കൊണ്ട് കൈ പൊക്കിപ്പിക്കുന്നത്. ഇന്നത്തെ ഇന്ത്യയിലെ മോദി സര്‍ക്കാരിന്റെ പ്രവൃത്തി, രാജന്റെ ഈ 'ജനാധിപത്യ പ്രവര്‍ത്തനവുമായി' ബന്ധപ്പെടുത്തി വായിച്ചാല്‍ സിനിമയുടെ രാഷ്ട്രീയം വ്യക്തമാകും. എതിര്‍ക്കുന്നവരെ നാനാതരത്തില്‍ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുന്ന ആ വിധ്വംസകരാഷ്ട്രീയത്തിന്റെ ചെറുരൂപമാണ് രാജന്റെ കുടുംബത്തിലും നടക്കുന്നത്.

ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ സംസ്ഥാന പുരസ്‌കാരം ലഭിക്കാന്‍ തീര്‍ത്തും അര്‍ഹം തന്നെയെന്ന് ബോധ്യപ്പെടുത്തിത്തരുന്ന സിനിമയാണ് 'തിങ്കളാഴ്ച നിശ്ചയം.' ഇതിലെ അഭിനേതാക്കളെല്ലൊ തന്നെ നാളെ മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഉറപ്പ്. അതോടൊപ്പം നവസിനിമയുടെയും, വ്യത്യസ്തയമായ ശൈലിയുടെയും പ്രതീക്ഷയുമായി മാറുന്നു സംവിധായകന്‍ സെന്ന ഹെഗ്‌ഡേ.

Sony Liv ഒടിടി പ്ലാറ്റ്‌ഫോമില്‍ 'തിങ്കളാഴ്ച നിശ്ചയം' കാണാവുന്നതാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക