Image

വഴിതടയൽ മാത്രമോ സമരരീതി? പണക്കാർക്ക് പ്രതികരണത്തിന് വിലക്കോ? (സൂരജ് കെ. ആർ)

Published on 02 November, 2021
വഴിതടയൽ മാത്രമോ സമരരീതി? പണക്കാർക്ക് പ്രതികരണത്തിന് വിലക്കോ? (സൂരജ് കെ. ആർ)

ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ കൊച്ചി നഗരത്തില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരവും, അതിനെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജ്ജിന്റെ വാഹനം പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതുമാണ് നിലവില്‍ കേരളത്തിലെ ചൂടുള്ള ചര്‍ച്ചാവിഷയം. എപ്പോഴത്തെയും പോലെ ഈ വിഷയത്തിലും രണ്ട് പക്ഷം രൂപപ്പെട്ടിട്ടുണ്ട്. ജനനന്മയ്ക്കായി നടത്തിയ സമരത്തിനെതിരെ ജോജു ഇടപെടല്‍ നടത്തി എന്നാണ് കോണ്‍ഗ്രസ് നേതാക്കളും, അവരെ പിന്തുണയ്ക്കുന്നവരും പറയുന്നത്. അതേസമയം ജനനന്മയ്ക്ക് എന്ന പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം ചെയ്യുന്നത് എന്തിന് എന്നാണ് ജോജുവും, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ചോദിക്കുന്നത്. ഈ വിഷയത്തില്‍ ആര് ചെയ്തതാണ് ശരി എന്ന് വിശകലനം നടത്തുന്നതിലുപരി, ഇത്തരത്തിലൊരു പ്രശ്‌നത്തിലേയ്ക്ക് നയിച്ച ഘടകങ്ങളും, ഈ വിഷയത്തെ സമരക്കാരും, പൊതുജനങ്ങളും കൈകാര്യം ചെയ്ത രീതിയുമാണ് പരിശോധിക്കപ്പെടുന്നത്. ഒപ്പം ചില ചോദ്യങ്ങള്‍ ചോദിക്കാനും താല്‍പര്യപ്പെടുന്നു.

ഇന്ത്യയില്‍ മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഇന്ധനവില ദിനംപ്രതിയെന്നോണം കൂടുകയാണ്. അതിനെതിരെ കാര്യമായ പ്രതിഷേധമൊന്നും തന്നെ ഈയടുത്തകാലത്ത് കേരളത്തില്‍ നടന്നിട്ടില്ല. കേരള സര്‍ക്കാരാകട്ടെ ഇന്ധനവിലയുടെ കാരണമെല്ലാം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവച്ച് കൈകഴുകാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ശക്തമായ സമരം, വില കുറയ്ക്കാന്‍ തന്നെ പര്യാപ്തമാകുന്ന തരത്തിലുള്ള സമരം അനിവാര്യം തന്നെയാണ്. അതിനാല്‍ത്തന്നെ സമരം എന്ന കോണ്‍ഗ്രസ് ആശയം അടിസ്ഥാനപരമായി ശരിയുമാണ്.

പക്ഷേ പ്രശ്‌നം ഈ സമരം ചെയ്യാന്‍ തെരഞ്ഞെടുത്ത രീതിയും, സ്ഥലവുമാണ്. കേരളത്തിന്റെ വാണിജ്യതലസ്ഥാനമായ കൊച്ചി, കിലോമീറ്ററുകള്‍ നീളുന്ന ബ്ലോക്കുകള്‍ക്കും പ്രസിദ്ധമാണ്. കൊച്ചിയില്‍ ജീവിച്ച ആളെന്ന നിലയ്ക്ക് ബ്ലോക്ക് സൃഷ്ടിക്കുന്ന ശാരീരികവും, മാനസികവും, സാമൂഹികവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ട് അനുഭവിച്ചയാളുമാണ് ലേഖകന്‍. സമരം നടത്തിയവരും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവരാകുമെന്നുറപ്പ്. അതിനാല്‍ത്തന്നെ ഈ മഹാനഗരത്തില്‍ ഇത്തരത്തിലൊരു വഴിതടയല്‍ സമരം പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതാണെന്ന തിരിച്ചറിവ് സമരസംഘാടകര്‍ക്ക് വേണമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അഞ്ച് മിനിറ്റ് റോഡ് ഉപരോധം എന്നാണ് സമരക്കാര്‍ പറഞ്ഞിരുന്നതെങ്കിലും കൃത്യമായ ആസൂത്രണമില്ലാതെ അത് അപ്രായോഗികമാണെന്ന് അവര്‍ക്ക് തന്നെ ചിന്തിച്ചാല്‍ മനസിലാകുമായിരുന്നു. സമരം കാരണം സൃഷ്ടിക്കപ്പെടുന്ന ബ്ലോക്ക് അഞ്ച് കിലോമീറ്ററുകള്‍ നീളാനും, മണിക്കൂറുകള്‍ വാഹനങ്ങള്‍ റോഡില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകാനും കാരണമാകുമെന്നും ചിന്തിക്കേണ്ടതായിരുന്നു.

ഈ സമരം തിരക്കില്ലാത്ത, വീതിയുള്ള ഒരു ഹൈവേയില്‍ നടത്തിയിരുന്നെങ്കില്‍, അതും തികച്ചും ആസൂത്രിതമായി നടത്തിയിരുന്നെങ്കില്‍ ഇത്രയും ബ്ലോക്ക് ഉണ്ടാകുമായിരുന്നില്ല എന്നത് സത്യമാണ്. സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കും അക്കാര്യം ചിന്തിച്ചാല്‍ വ്യക്തമാകും. 'അങ്ങനെ ചെയ്താല്‍ ഒരു പഞ്ച് പോര' എന്നാണ് വാദമെങ്കില്‍ ഏറ്റവും പഞ്ച് ഉണ്ടാകുക പ്രധാനമന്ത്രിയുടെയോ, പെട്രോളിയം മന്ത്രിയുടെയോ വാഹനം തടയുമ്പോഴാകില്ലേ എന്നതാണ് മറുചോദ്യം.

അസുഖങ്ങളും, ജോലിയുമെല്ലാമായി നെട്ടോട്ടമോടുന്ന ആളുകളുള്ള നഗരത്തില്‍, ആ പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്ന തരത്തില്‍ ആസൂത്രമണമൊട്ടുമില്ലാതെ നടത്തിയ സമരമാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം മുഖ്യകാരണം. ഒരു ആംബുലന്‍സ് ബ്ലോക്കില്‍ പെടുകയും, ആ രോഗി മരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നുവെങ്കില്‍, ആ രോഗിയെ സമരത്തിന്റെ രക്തസാക്ഷിയായി ജനങ്ങള്‍ അംഗീകരിക്കുമായിരുന്നു എന്ന് സമരക്കാര്‍ പോലും കരുതുമെന്നും തോന്നുന്നില്ല.

റോഡ് ബ്ലോക്കാക്കിയുള്ള സമരങ്ങളും, പ്രകടനങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാത്രം ശീലമല്ല. ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും ഇതേ രീതിയാണ് കാലങ്ങളായി പിന്തുടരുന്നത്. തങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അതിന്റെ ആഘോഷം നടത്തുന്നത് വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളുടെ വാഹനം തടഞ്ഞുകൊണ്ട്. തന്റെ പാര്‍ട്ടി പ്രഖ്യാപിച്ച സമര ദിനത്തില്‍ വാഹനവുമായി ആരെങ്കിലും പുറത്തിറങ്ങിയാല്‍ ആ വാഹനം തല്ലിത്തകര്‍ക്കാനും ആവേശക്കമറ്റിക്കാരുണ്ട്. ഒരിക്കല്‍ സിപിഐഎം നടത്തിയ ഒരു സമരത്തിനിടെ കുഞ്ഞിനെ ഡോക്ടറെ കാണിക്കാനായി ഇറങ്ങിയ ഓട്ടോയുടെ കാറ്റ് ഊരിവിട്ട സംഭവവും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. പരീക്ഷയ്ക്ക് പോകുന്നവരാകട്ടെ സമരക്കാരെ ഹാള്‍ ടിക്കറ്റ് കാണിക്കണമെന്നാണ് കീഴ് വഴക്കം. രാജ്യത്തെവിടെയും സഞ്ചാരസ്വാതന്ത്ര്യം മൗലിക അവകാശമാക്കിയ ഭരണഘടനയുള്ള നാട്ടിലാണിതെന്ന് ഓര്‍മ്മ വേണം.

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞത് എന്തെന്നാല്‍, റോഡിലേക്കിറങ്ങി വാഹനങ്ങള്‍ തടഞ്ഞ് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരമുറ തീര്‍ത്തും തെറ്റാണ്. റോഡുകള്‍ എന്നാല്‍ ഒരു രാജ്യത്തിന്റെ ഞരമ്പുകളാണ്. അത് തടഞ്ഞ് പ്രതിസന്ധി സൃഷ്ടിക്കുന്ന രീതി മാറിയേ മതിയാകൂ. നിരാഹാരം എന്ന ക്രിയാത്മകമായ സമരമാര്‍ഗ്ഗത്തിലൂടെ പലതവണ ബ്രിട്ടിഷുകാരെ അടിയറവ് പറയിച്ച ഗാന്ധിജിയുടെ പിന്മുറക്കാരാണ് തങ്ങളെന്ന കാര്യം കോണ്‍ഗ്രസുകാരെങ്കിലും ഇടയ്ക്ക് ഓര്‍ക്കണം. അണ്ണാ ഹസാരെയുടെ നിരാഹാര സമരം ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത് സര്‍ക്കാരിനെ താഴെയിറക്കാന്‍ മാത്രം ശക്തമായിരുന്നു എന്ന കാര്യവും ഓര്‍ക്കാം. അതിനര്‍ത്ഥം നാളെ മുതല്‍ എല്ലാ സമരവും നിരാഹാരത്തില്‍ അധിഷ്ഠിതമാകണമെന്നല്ല, മറിച്ച് പലവിധ പ്രശ്‌നങ്ങളാല്‍ വലയുന്ന ജനങ്ങളെ പിന്നെയും വലയ്ക്കുന്ന സമരമുറകള്‍ പുറത്തെടുക്കരുത് എന്നാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് സമരമെന്ന കോണ്‍ഗ്രസ് വാദം ശരിയാണ്. പക്ഷേ ബ്ലോക്കില്‍ പെട്ട് കിടക്കുന്ന ജനങ്ങള്‍ക്ക് കൂടി വേണ്ടിയാണ് ജോജു സംസാരിച്ചതെന്ന കാര്യവും മറക്കരുത്.

റോഡ് തടയല്‍ മാത്രമാണ് സമരം എന്ന ചിന്തയും തെറ്റാണ്. നേരത്തെ പറഞ്ഞത് പോലെ മറ്റനേകം സമരമുറകളുള്ള നാട്ടില്‍ റോഡ് തടഞ്ഞാല്‍ മാത്രമേ സമരം സമരമാകൂ എന്ന് വാദിക്കുന്നത് ശരിയാണോ? എല്ലാ പ്രതിപക്ഷ എംപിമാരും ഒത്തുചേര്‍ന്ന് പാര്‍ലമെന്റില്‍ ഒരു ധര്‍ണ്ണയോ, നിരാഹാരമോ നടത്തിയാല്‍ ഇന്ത്യയൊട്ടാകെയുള്ള എത്രകോടി ജനങ്ങള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാകും? അതല്ലെങ്കില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി വില കുറയ്ക്കാന്‍ ഇടപെടല്‍ നടത്തുകയല്ലേ വേണ്ടത്?

അതേസമയം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ തന്നെ വഴിതടയല്‍ സമരരീതിയെ അംഗീരിക്കാത്തവരായുണ്ട്. അതിലൊരാളാണ് പ്രതിപക്ഷ നേതാവായ വി.ഡി സതീശന്‍. താന്‍ ഈ സമരരീതിക്ക് എതിരാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.

ഇനി റോഡില്‍ തന്നെ സമരം നടത്തണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍, ബ്ലോക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ കൃത്യമായ സൂത്രമണത്തോടെ നടപ്പാക്കാവുന്ന കാര്യമാണ്. അഞ്ച് മിനിറ്റ് അല്ലെങ്കില്‍ പത്ത് മിനിറ്റ് ബ്ലോക്കായാല്‍ പോലും ആരും ഇത്തരമൊരു പ്രതികരണവുമായി വരില്ല. പക്ഷേ ഒന്നോ, രണ്ടോ മണിക്കൂര്‍ ബ്ലോക്കില്‍ കിടക്കുക എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം തന്നെയാണ്. ജനത്തിന് വേണ്ടിയാണ് എന്ന വാദം അവിടെ വിലപ്പോവില്ല.

മറ്റൊരു കാര്യം സമരരീതിയെ ചോദ്യം ചെയ്ത (പ്രത്യേകം പറയട്ടെ, സമരത്തെയല്ല, സമര രീതിയെ) ജോജുവിന്റെ നിലപാടിനെ വിമര്‍ശിച്ചവരുടെ മാനസികാവസ്ഥയെ പറ്റിയാണ്. 'നിനക്ക് കാശുണ്ട്' എന്നാണ് ഒരുവിഭാഗം ജോജുവിനോട് പറയുന്നത്. മറ്റൊരു കൂട്ടര്‍ 'ഒരു കോടിയുടെ വണ്ടിയുള്ളവന്‍' എന്നും. ഈ സമീപനം യഥാര്‍ത്ഥത്തില്‍ ഒരുതരം വികലമായ മാനസികാവസ്ഥയാണ്. കാശുള്ളവരോട് അതില്ലാത്തവര്‍ക്ക് തോന്നുന്ന ഒരു പ്രത്യേക വികാരം. അതുപക്ഷേ അസൂയ എന്ന താരതമ്യേന സാധാരണമായൊരു മാനസികാവസ്ഥയല്ല. അതിനെക്കാള്‍ ഭീകരമാണ്.

ഇതിന്റെ മറ്റൊരുദാഹരണം പറയാം. കോടികള്‍ സമ്പാദ്യമുള്ള ഒരു നടി/നടന്‍ അല്ലെങ്കില്‍ ഒരു ബിസിനസുകാരന്‍, തങ്ങളുടെ ജീവിതത്തിലെ എന്തെങ്കിലും ഒരു പ്രശ്‌നത്തെ പറ്റി പറഞ്ഞ കാര്യം വാര്‍ത്തയായി മാധ്യമങ്ങളില്‍ വന്നാലോ, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താലോ അതിന് താഴെയുള്ള കമന്റുകള്‍ ശ്രദ്ധിക്കുക. 'പൂത്ത പണം കൈയിലുള്ള നിനക്കൊക്കെ എന്ത് പ്രശ്‌നം' എന്ന മട്ടില്‍ ധാരാളം പേര്‍ അധിക്ഷേപിക്കുന്നത് കാണാം. പണക്കാര്‍ക്ക് പ്രശ്‌നങ്ങളില്ല എന്നാണോ ഈ കമന്റിടുന്നവര്‍ കരുതുന്നത്? ഈയടുത്തകാലത്ത് തന്റെ വിഷാദരോഗകാലത്തെ കഷ്ടതകളെക്കുറിച്ച് തുറന്നുപറഞ്ഞ ബോളിവുഡ് നടി പരിനീതി ചോപ്രയുടെ വാര്‍ത്തയ്ക്ക് താഴെയും കണ്ടു ഇത്തരം കമന്റുകള്‍.

അപ്പോള്‍ ചോദ്യം ഇതാണ്, സമ്പാദ്യം ഉള്ളവരെല്ലാം സന്തുഷ്ടരാണെന്നാണോ അര്‍ത്ഥം? അവര്‍ക്ക് ഒരു പ്രശ്‌നമുണ്ടെന്ന് അവര്‍ തുറന്നുപറയുമ്പോള്‍ അധിക്ഷേപകരമായ കമന്റുകളിടാന്‍ തോന്നുന്ന മാനസികാവസ്ഥ നോര്‍മല്‍ ആണെന്ന് അവര്‍ കരുതുന്നുണ്ടോ? സമ്പത്തിന്റെ ഉച്ചനീചത്വങ്ങളെ വച്ചുമാത്രം ലോകത്തെ വിലയിരുത്തുമ്പോഴുണ്ടാകുന്ന ഒരു വൃത്തികെട്ട വികാരപ്രകടനമല്ലേ അത്?

ഇതേ മാനസികാവസ്ഥയോടെയാണ് ജോജുവിനെതിരെ ഒരു വിഭാഗം പ്രതികരിക്കുന്നത്. ഒരു കോടിയുടെ കാറുള്ളവന്‍, പണക്കാരന്‍ സമരത്തെ എതിര്‍ക്കുന്നു എന്ന സമീപനമാണത്. അതുപോലെ നടനായാല്‍ പ്രതികരിക്കാന്‍ പാടില്ല എന്ന ഒരുതരം നിലപാടും ഇവര്‍ക്കുണ്ട്. സമ്പാദ്യമില്ലാത്തവര്‍ മാത്രമേ സാമൂഹികവിഷയങ്ങളില്‍ പ്രതികരിക്കാവൂ എന്നാണോ ഇത്തരക്കാര്‍ കരുതുന്നത്?

പറഞ്ഞുവന്നത് സമരം തെറ്റാണെന്നല്ല. അത് ക്രിയാത്മകമാകണം, ചുറ്റുമുള്ളവരെ കൂടി പരിഗണിച്ചുള്ളതാവണം. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നതുപോലെയുള്ള വേദവാക്യങ്ങളൊന്നും റോഡ് ബ്ലോക്കില്‍ മണിക്കൂറുകള്‍ കിടക്കുന്നവരുടെയടുത്ത് വിലപ്പോകില്ല. അതും ബ്ലോക്കിന്റെ കഷ്ടതകള്‍ ദിവസേന അനുഭവിക്കുന്ന കൊച്ചി നിവാസികളുടെയടുത്ത്. കോണ്‍ഗ്രസ് നേതൃത്വം പദ്ധതിയിട്ടത് പോലെ തന്നെ അഞ്ച് മിനിറ്റ് റോഡ് ഉപരോധമാണ് കൊച്ചിയില്‍ നടന്നിരുന്നതെങ്കില്‍ ഇങ്ങനെയൊരു പ്രശ്‌നുണ്ടാകുമായിരുന്നോ എന്ന കാര്യം കൂടി പിന്തുണ നല്‍കുന്നവര്‍ ചിന്തിക്കുക. അതിനാല്‍ത്തന്നെ ഇവിടെ ജോജു പ്രതികരിച്ചത് ശരിയോ, തെറ്റോ എന്നതിലേറെ പ്രസക്തം വഴിതടഞ്ഞുള്ള സമരം അനിവാര്യമോ എന്നതാണ്.

ഇനി ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ചോദിക്കാം- മുമ്പ് ഇന്ധനവില കൂട്ടിയപ്പോള്‍ ഇരുചക്രവാഹനങ്ങള്‍ തള്ളി പ്രതിഷേധിച്ചവരാണ് നമ്മുടെ രാഷ്ട്രീയക്കാര്‍. കൊച്ചിയിലേത് പോലെ റോഡ് തടയല്‍ സമരങ്ങളും അനവധി നടന്നു. പക്ഷേ അത് കാരണം ഇന്ധനവില കുറഞ്ഞോ? ഇന്ധനവില കുറയ്ക്കാനുള്ള ശക്തമായ ഇടപെടലും, ലക്ഷ്യം കാണലുമാണ് വേണ്ടതെന്ന് അതില്‍ നിന്ന് വ്യക്തമല്ലേ? അതോ പ്രതിഷേധം മാത്രമാണോ ഇത്തരം സമരങ്ങളുടെ ഉദ്ദേശലക്ഷ്യം?

Join WhatsApp News
American Mollakka 2021-11-02 21:23:15
ഇമ്മടെ ബിജയൻ സാഹിബിനു മൂന്നാം ഊഴം തീർച്ചായായി. ഈ കോൺഗ്രസ് സ്വാതന്ധ്ര്യം കിട്ടിയ അന്നുമുതൽ പൊതുജനങ്ങളെ കഷ്ടപ്പെടുത്തി. അത് തന്നെ അബര് ഇപ്പോഴും സെയ്യുന്നു. ഇമ്മടെ ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി എബടെ പോയി.വഴിയേപോയവൻ കയറിപ്പിടിച്ചു എന്നൊക്കെ പറയാൻ മാത്രം അബര് അധഃപതിച്ചോ?അതോ അത് സത്യമാണോ? അപ്പൊ അസ്സലാമു അലൈക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക