ഉസ്കൂളോർമ്മ ( കവിത: രാജലക്ഷ്മി പത്മനാഭൻ)

Published on 03 November, 2021
ഉസ്കൂളോർമ്മ ( കവിത: രാജലക്ഷ്മി പത്മനാഭൻ)
ചുവന്ന ചാമ്പയ്‌ക്ക പൂക്കൾ
അടർന്നു കിടക്കുന്നുണ്ട്
ഓർമ്മകളിൽ
ചരൽ വിരിച്ച മുറ്റത്തിന്റെ സ്വന്തമായിരുന്ന
ഒരു ചാപ്പലിന്റെ മുന്നിലെ
അടയാളം.

അവിടെ ആ ചാമ്പമരത്തിന്റെ
ചോട്ടിൽ  ഇപ്പോഴും  
പിങ്ക് നിറമുള്ള
പൂക്കൾ അടർന്നു കിടക്കുന്നുണ്ടാവും,
പാഠഭാഗങ്ങളുടെ മുഷിപ്പൻ
മണിക്കൂറുകളുടെ ഇടവേളകളെ സുന്ദരമാക്കി.
കൊൺവെന്റ് സ്കൂളിലെ സ്വർഗ്ഗകവാടം തുറക്കുന്നതവിടെയാണ്.

അവിടെയിരുന്നാൽ
മൗനപ്രാർത്ഥനകൾക്കായി
ചരലിൽ കരഞ്ഞും ചിരിച്ചും  ഓടിയണഞ്ഞരുടെ  ചെരിപ്പുകൾ സ്വസ്ഥമായി
നിശ്വസിക്കുന്നത് കാണാം.

പിന്നിലേക്കൂർന്ന ശിരോവസ്ത്രം നെറ്റിയിലേക്ക്
വലിച്ചു ശരിയാക്കി ഒരു കന്യാസ്ത്രീ,
ഉദ്യാനത്തിലെ
ചെമ്പനീർപൂവിനെ കൊതിച്ച
കുഞ്ഞു കൈകളിൽ ചൂരൽപ്പഴം കൊടുക്കുന്നതും കാണാം.

കൂട്ടമണിയുടെ
വെപ്രാളത്തിൽ
'അടുത്ത് പിരീട് കണക്കല്ലെടോ'
താൻ ഹോമർക്ക് ചെയ്താ..
ഞാൻ ചെയ്തിട്ടില്ല.

ഓടെടാ ഓട്ടം
അല്ല പിന്നെ
എപ്പോഴും കൃത്യമായി ഹോമർക്ക്  ചെയ്താലും
മിടുക്കികൾക്കു മാത്രം
പുഞ്ചിരി കൊടുക്കുന്ന ടീച്ചർ ഇപ്പോഴും ഇണ്ടാവും.

നല്ല വെളുത്ത കുട്ടികളെ മാത്രം ഡാൻസ് പഠിപ്പിക്കുന്ന
ഡാൻസ് ടീച്ചറുടെ കുട്ടിയും,
കുട്ടിയുടെ കുട്ടിയും വെളുത്തിട്ടായിരിക്കോ??

ആ!!

അവള് പങ്കിട്ടു തന്ന ആ പൊതിച്ചോറിന്റെ സ്വാദിനിയും നാവിന്റെ തുമ്പത്ത് തന്നെ.
ചെറുകഥാ മത്സരത്തിൽ സെക്കന്റും കൊണ്ട്
തെളിഞ്ഞിരുന്നപ്പോൾ
നീയാള് കൊള്ളാല്ലോന്നവൾ കയ്യിൽ നുള്ളി
കണ്ണ് നിറച്ചു ചിരിച്ചതും ..
ഒരു ഉസ്കൂളോർമ്മ.

ചില്ലിട്ടു വയ്ക്കാൻ പാങ്ങില്ലാ
ത്തോണ്ട്, ഗ്രൂപ്പ്‌ ഫോട്ടോ വാങ്ങിയില്ല.
അതോണ്ട് ,  ഇരുവശത്തുമായി മുന്നിലേക്ക്‌ മെടഞ്ഞിട്ട മുടി
അരയ്ക്ക് കീഴെ ഉണ്ടാരുന്നെന്നോർത്തു
നേടുവീർപ്പെടേണ്ടാത്തൊരു കാലം
മുൻപേ പറക്കുന്ന പക്ഷിയെപോലെ  അവിടെ
പറന്നു  കളിക്കുന്നുണ്ടാവും ഇപ്പോഴും.
എല്ലാത്തിനും മധുരം തന്നെയാണേ,
കാലം പൊട്ടിച്ചു തന്ന
കുടമുല്ല പൂക്കൾ ഇടയ്ക്കൊന്നു മണപ്പിച്ച്
അടച്ചു വയ്ക്കാനോരോർമ്മച്ചെപ്പുണ്ടേ
അതിന്റെ പേരാ
ഉസ്കൂളോർമ......
ഉസ്കൂളോർമ്മ ( കവിത: രാജലക്ഷ്മി പത്മനാഭൻ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക