നിയമക്കുരുക്കിൽപ്പെട്ട തമിഴ്‌ പ്രവാസി നാട്ടിലേയ്ക്ക് മടങ്ങി 

Published on 03 November, 2021
നിയമക്കുരുക്കിൽപ്പെട്ട തമിഴ്‌ പ്രവാസി നാട്ടിലേയ്ക്ക് മടങ്ങി 

അൽഹസ്സ: സ്പോൺസറുടെ ഉത്തരവാദിത്വമില്ലായ്മ കാരണം നാട്ടിലേയ്ക്ക് മടങ്ങാനാകാതെ നിയമക്കുരുക്കിലായ  തമിഴ്‌നാട്ടുകാരനായ പ്രവാസി, നവയുഗം സാംസ്ക്കാരികവേദി  ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി  നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്നാട് കന്യാകുമാരി തക്കല സ്വദേശി ജോൺ ഫിലിപ്പോസ്  കഴിഞ്ഞ 30 വർഷമായി അൽഹസ്സ ഷുഖൈക്കിൽ കൺസ്ട്രക്ഷൻ ജോലിചെയ്തുവരികയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ്, നാട്ടിലേയ്ക്ക് പോകാനായി സ്പോൺസറോട് ഫിലിപ്പോസ്  തന്റെ പാസ്സ്‌പോർട്ട് തിരിച്ചു ചോദിച്ചപ്പോൾ, അത് കൈമോശം വന്നതായി സ്പോൺസർ അറിയിയ്ക്കുകയായിരുന്നു. അതിനു പുറമെ,  മൂന്നു വർഷമായി ഇക്കാമ പുതുക്കിയിട്ടില്ലായിരുന്നു. ഇൻഷുറൻസ് ഇല്ലാത്തതിനാൽ, അസുഖബാധിതനായിരുന്ന ഫിലിപ്പോസിനു കൃത്യമായി ആശുപത്രി ചികിത്സ കിട്ടുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തിരുന്നു.

ജീവിതം ദുരിതത്തിലാക്കിയപ്പോൾ ഫിലിപ്പോസ് ഷുഖൈഖ് യൂണിറ്റ് രക്ഷാധികാരി ജലീലുമായി ബന്ധപ്പെട്ടു, നാട്ടിലേയ്ക്ക് മടങ്ങാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. 
ജലീൽ വിവരം കൈമാറിയത് അനുസരിച്ചു, നവയുഗം ജീവകാരുണ്യപ്രവർത്തകരായ സിയാദ് പള്ളിമുക്കും, മണി മാർത്താണ്ഡവും ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.

രണ്ടുപേരും ഫിലിപ്പോസിന്റെ സ്പോൺസറുമായി ബന്ധപ്പെട്ടെങ്കിലും അയാളിൽ നിന്നും സഹകരണമൊന്നും ലഭിച്ചില്ല. തുടർന്ന് അവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഫിലിപ്പോസിനു  ഔട്ട്പാസ് വാങ്ങി നൽകുകയും, തർഹീൽ വഴി ഫൈനൽ എക്സിറ്റ് നേടുകയും ചെയ്തു. അതോടെ ഫിലിപ്പോസിനു നാട്ടിലേയ്ക്ക് മടങ്ങാനുള്ള മാർഗ്ഗം തെളിഞ്ഞു.

നിയമ നടപടികൾ പൂർത്തിയായപ്പോൾ, നവയുഗം ജീവകാരുണ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട് ജോൺ ഫിലിപ്പോസ് നാട്ടിലേക്ക് മടങ്ങി.

ഫോട്ടോ: സിയാദ് പള്ളിമുക്കും, മണി മാർത്താണ്ഡവും ചേർന്ന് ഫിലിപ്പോസിനു യാത്ര രേഖകൾ കൈമാറുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക