പടികൾ (കവിത: കുമാരി എൻ കൊട്ടാരം )

Published on 04 November, 2021
പടികൾ (കവിത: കുമാരി എൻ കൊട്ടാരം )
എൻ്റെ ജീവിതത്തിലേയ്ക്കുള്ള പടികൾ കയറുമ്പോൾ 
നീ സൂക്ഷിയ്ക്കണേ
ചില പടികളിൽ പായൽ പിടിച്ചിട്ടുണ്ടാവും വഴുക്കലുണ്ടാകും 
സൂക്ഷിച്ച് കാൽവച്ചില്ലെങ്കിൽ തെന്നി വീഴും
ചിലത് കാലപ്പഴക്കം കൊണ്ട് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ടാവും 
ചിലയിടത്ത് ഓരത്തെ കുറ്റിക്കാട് 
പടികളിലേയ്ക്ക് പടർന്നതുകൊണ്ട് 
കഷ്ടിച്ച് കാലു കുത്താനുള്ള ഇടമേ കാണൂ
ചില സ്ഥലത്ത് കൂർത്ത കല്ലുകൾ കാണും 
കാലിൽ കൊള്ളാതെ നോക്കണേ
പണ്ടായിരുന്നെങ്കിൽ 
പടവുകൾ ഇടയ്ക്കിടെ തെളിച്ചിടുമായിരുന്നു 
ഓരങ്ങളിലൊക്കെ നിറയെ പൂച്ചെടികളും 
പൂക്കളിൽ പാറി നടക്കുന്ന പൂമ്പാറ്റകളും  
കണ്ണിനാനന്ദമേകുന്ന കാഴ്ചകൾ കണ്ട് 
പടി കയറാൻ സുഖമായിരുന്നു 
ദൂരം അറിയുകയേയില്ല
പക്ഷേ അക്കാലമൊക്കെ പോയില്ലേ?
വരാനാരുമില്ലെങ്കിൽ
വഴിയെന്തിന് തെളിച്ചിടണം?
പിന്നേ ആ കൈവരിയിലൊന്നും പിടിച്ചേക്കരുത് 
കാലം അതിൻ്റെയൊക്കെ ബലം കെടുത്തിക്കളഞ്ഞു
ദാഹിക്കുമ്പോൾ കുടിക്കാൻ വെള്ളം കരുതിയേക്കണം
ഇളവേൽക്കാൻ നട്ട തണൽ മരങ്ങളൊക്കെ 
ആരൊക്കെയോ വെട്ടിക്കൊണ്ടുപോയി
കുട കരുതുന്നതും നല്ലതാണ് 
എപ്പോഴാ മഴ പെയ്യുന്നതെന്ന് പറയാൻ പറ്റില്ല 
കയറി നില്ക്കാനൊരിടമില്ല
ഇവിടെ എത്തിയാൽ
ആളനക്കമൊന്നും ഇല്ലെന്നു തോന്നിയാൽ 
ഒന്ന് പേര് ചൊല്ലി വിളിക്കണേ.
എൻ്റെ പേര് അറിയാമല്ലോ അല്ലേ?
പക്ഷേ ഏത് പേര് വിളിച്ചാലാ ഞാൻ വിളി കേൾക്കുക?
അതെനിക്കോർമ്മയില്ല..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക