കേരള ദിനാഘോഷവും മലയാള മാസാചരണ വിളംബരവും സംഘടിപ്പിച്ചു

Published on 04 November, 2021
 കേരള ദിനാഘോഷവും മലയാള മാസാചരണ വിളംബരവും സംഘടിപ്പിച്ചു

കുവൈറ്റ്: അമ്മിഞ്ഞ പാലിനോളം മാധുര്യമുള്ള മാതൃഭാഷയിലൂടെ മാത്രമേ സ്വത്വബോധവും സാംസ്‌കാരികതനിമയും ഒരു സമൂഹത്തിന് നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രശസ്ത പത്ര പ്രവര്‍ത്തകനും ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് പ്രസിഡന്റുമായ ജോര്‍ജ് എബ്രഹാം കള്ളിവയലില്‍ പറഞ്ഞു.

കുവൈറ്റ് എസ്എംസിഎ മലയാളം മിഷന്‍ മേഖലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളപ്പിറവിയുടെ അറുപത്തിയഞ്ചാം വാര്‍ഷികാഘോഷവും മലയാള മാസാചരണത്തിന്റെ വിളംബരവും ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

മലയാള മാസാചരണത്തിന്റെയും രചന പൂരത്തിന്റെയും പോസ്റ്ററുകള്‍ അദ്ദേഹം പ്രകാശനം ചെയ്തു. മലയാളം അധ്യാപകന്‍ ടോമി സിറിയക് സുവര്‍ണ തൂലിക രണ്ടാംഘട്ടം അവതരിപ്പിച്ചു.


നവംബര്‍ ഒന്നാം തീയതി ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ എസ്എംസിഎ വൈസ് പ്രസിഡന്റ് ഷാജിമോന്‍ ഈരേത്ര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഭിലാഷ് അരീകുഴിയില്‍ സ്വാഗതവും ട്രഷറര്‍ സാലു പീറ്റര്‍ നന്ദിയും പറഞ്ഞ ചടങ്ങില്‍ കോഡിനേറ്റര്‍ ബോബി തോമസ്, വിപിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.മലയാള മാസാചരണത്തിന്റെ ഉദ്ഘാടനം അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് കഥാകാരന്‍ ജോസെലെറ്റ് ഓണ്‍ലൈനില്‍ നിര്‍വഹിക്കും.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക