ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അവാര്‍ഡ്ദാന സമ്മേളനവും ലോഗോ പ്രകാശനവും നടത്തി

Published on 04 November, 2021
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അവാര്‍ഡ്ദാന സമ്മേളനവും ലോഗോ പ്രകാശനവും നടത്തി


ബെര്‍മിംഗ്ഹാം: സുവിശേഷമാകുവാനും സുവിശേഷമേകുവാനും വിളിക്കപെട്ടവനാണ് ഓരോ ക്രൈസ്തവനും. ബൈബിള്‍ അധിഷ്ഠിതമായ ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുന്നതിലും അതിലൂടെ വ്യക്തികളെ സഭയ്ക്കും സമൂഹത്തിനും അഭിമാനിക്കാവുന്ന തരത്തില്‍ വളര്‍ത്തിയെടുക്കുന്നതിലും നമ്മുക്ക് നിര്‍ണായകമായ പങ്കു വഹിക്കാനുണ്ട്. അത്തരത്തില്‍ ദൈവജനത്തെ രൂപപെടുത്തിയെടുക്കുന്നതില്‍ രൂപതയിലെ ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് കൊണ്ടിരുന്നത് .

കോവിഡ് മഹാമാരിയില്‍ നാം വീടുകളിലേക്ക് ഒതുങ്ങിയപ്പോള്‍ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനായി ഓണ്‍ലൈന്‍ ബൈബിള്‍ കലോത്സവം നടത്തുകയുണ്ടായി. കുട്ടികള്‍ കൂടുതലായി ബൈബിള്‍ പഠിക്കുക എന്ന ലക്ഷ്യത്തോടെ സുവാറ ബൈബിള്‍ ക്വിസ് എന്ന പേരില്‍ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. മത്സരങ്ങളിലെ പങ്കാളിത്തം കൊണ്ട് വളരെയേറെ ജനശ്രദ്ധ നേടിയ മത്സരങ്ങളായിരുന്നു ഇവയൊക്ക. മത്സര വിജയികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക്ക് ഡൗണ്‍ കാരണം സമ്മാനങ്ങള്‍ വിതരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല.

ഇന്നലെ ബെര്‍മിങ്ങ്ഹാം ഔര്‍ ലേഡി ഓഫ് ദി റോസറി & സെന്റ് തെരേസ കത്തോലിക് ചര്‍ച്ചില്‍ വച്ച് വിശ്വാസസമൂഹത്തെ സാക്ഷിയാക്കി മത്സരാര്‍ഥികള്‍ക്ക് രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസ്തുത സമ്മേളനത്തില്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയും ബൈബിള്‍ അപ്പസ്റ്റോലറ്റ് ഡയറക്ടര്‍ ജോര്‍ജ് എട്ടുപറയില്‍ അച്ചന്‍ ആശംസകള്‍ പറയുകയും ചെയ്തു.

ബൈബിള്‍ അപ്പസ്റ്റലേറ്റ് രൂപത കോ ഓര്‍ഡിനേറ്റര്‍ ആന്റണി മാത്യു കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ചെറുവിവരണം നല്‍കി. ജോണ്‍ കുരിയന്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും റോമില്‍സ് മാത്യു ഏവര്‍ക്കും നന്ദി അര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം നടത്തപ്പെട്ട രൂപത ബൈബിള്‍ കലോത്സവം , സുവാറ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ്, നസ്രാണി ചരിത്ര പഠന മത്സരം എന്നീ മത്സരങ്ങളിലെ വിജയികള്‍ക്കാണ് ഇന്നലെ സമ്മാനങ്ങള്‍ വിതരണം ചെയ്തത്.ബൈബിള്‍ അപ്പസ്റ്റലേറ്റ് നടത്തിയ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് 'സുവാറ ബൈബിള്‍ ക്വിസ്' എന്ന് പേര് നിര്‍ദേശിച്ച റോസ് ജിമ്മിച്ചനും നസ്രാണി ചരിത്ര പഠന മത്സരത്തിന്റെ കവര്‍ ഫോട്ടോ മത്സരത്തില്‍ വിജയിച്ച ജോബിന്‍ ജോര്‍ജിനും കുടുംബത്തിനും പ്രസ്തുത സമ്മേളനത്തില്‍ അവാര്‍ഡുകള്‍ നല്‍കി . ബൈബിള്‍ കലോത്സവ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി പ്രെസ്റ്റന്‍ റീജണും രണ്ടാം സ്ഥാനം കരസ്ഥമാക്കി കെയിംബ്രിഡ്ജ് റീജണും എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി.

പ്രസ്തുത സമ്മേളനത്തില്‍ ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ പുതിയ ലോഗോ അഭിവന്ദ്യ പിതാവ് ജോസഫ് സ്രാന്പിക്കല്‍ പ്രകാശനം ചെയ്തു. ലോകത്തിനായി നല്‍കപ്പെട്ട വചനം, നമ്മള്‍ സ്രവിക്കുകയും, ഇരു കൈകളും നീട്ടി ഉള്ളില്‍ സ്വീകരിച്ച് ജീവിതത്തില്‍ പ്രാവര്‍ത്തീകമാക്കി വചന പ്രഘോഷിക്കുന്‌പോള്‍ നാം ദൈവത്തോട് ഒന്നായി തീരും. സുവിശേഷം പ്രഘോഷിക്കുവാനും അത് ജീവിതത്തില്‍ പ്രവര്‍ത്തികമാക്കുവാനുമാണ് നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ലോഗോ. ലോഗോ ഡിസൈന്‍ ചെയ്തത് കമ്മിഷന്‍ അംഗമായ സുദീപ് ജോസഫ് ആണ്. ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് രൂപതയിലെ ഓരോ റീജണില്‍നിന്നും തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന രണ്ടുപേരടങ്ങുന്ന പതിനാറ് അംഗങ്ങങ്ങള്‍ ഉള്‍പ്പെടുന്ന കമ്മീഷന്‍ മെന്‌പേഴ്‌സ് ആണ്. ബൈബിള്‍ അപ്പസ്റ്റോലെറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി ഓരോ മിഷനില്‍ നിന്നും ഓരോ മിഷന്‍ കോ ഓര്‍ഡിനേറ്റേഴ്‌സ് കമ്മിഷന്‍ മെന്‌പേഴ്‌സിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ടോമി അടാട്ട് ചാക്കോ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക