മോദിക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ യാത്രയയപ്പ്

Published on 04 November, 2021
 മോദിക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ യാത്രയയപ്പ്


ഗ്ലാസ്‌ഗോ: ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് സ്‌കോട്ട്‌ലന്‍ഡിലെ ഇന്ത്യന്‍ സമൂഹം ഗംഭീര യാത്രായയപ്പ് നല്‍കി. ആഗോള താപനം കുറക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി സ്‌കോട്‌ലന്‍ഡില്‍ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ഗ്ലാസ്‌ഗോയിലെത്തിയത്.

സ്‌കോട്‌ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തോട് സംവദിച്ച മോദി ചെണ്ട കൊട്ടുന്ന ദൃശ്യങ്ങള്‍ വൈറലായി മാറി. പ്രധാനമന്ത്രി മോദിയെ യാത്രയാക്കാനായി ചെണ്ടമേളവും ആര്‍പ്പുവിളികളുമായി വലിയ ജനക്കൂട്ടം ഗ്ലാസ്‌ഗോയില്‍ ഒത്തുചേര്‍ന്നിരുന്നു. ചിലര്‍ പരന്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളും തലപ്പാവും ധരിച്ചാണെത്തിയത്. ഇന്ത്യന്‍ സമൂഹത്തെ അഭിവാദ്യം ചെയ്ത മോദി ചെണ്ട കൊട്ടിക്കൊണ്ട് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. കുടുംബാംഗങ്ങളോട് സംവദിച്ച മോദി സംഘത്തിലെ കുഞ്ഞുങ്ങളെ തലോടി.


ആഗോള കാലാവസ്ഥ ഉച്ചകോടിക്കായി രണ്ടുദിവസമായി മോദി ഗ്ലാസ്‌ഗോയിലായിരുന്നു. ജി20 ഉച്ചകോടിക്കായി റോമിലെത്തിയ മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചാണ് മോദി വത്തിക്കാനില്‍ നിന്ന് മടങ്ങിയത്.

കാലാവസ്ഥ ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വ്യക്തിപരമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാരിസ്ഥിതിക സംരക്ഷണം, നൂതന സാങ്കേതിക വിദ്യകള്‍, സാന്പത്തികം, പ്രതിരോധം തുടങ്ങിയവ സംബന്ധിച്ചെല്ലാം ഇരുവരും ചര്‍ച്ച നടത്തി.

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക