കലാകാരന്‍മാര്‍ക്ക് സഹായഹസ്തങ്ങളുമായി ഓസ്‌ട്രേലിയയില്‍ കേരളപ്പിറവി ദിനാഘോഷം

Published on 04 November, 2021
 കലാകാരന്‍മാര്‍ക്ക് സഹായഹസ്തങ്ങളുമായി ഓസ്‌ട്രേലിയയില്‍ കേരളപ്പിറവി ദിനാഘോഷം


മെല്‍ബണ്‍: കോവിഡിന്റെ അതിജീവനക്കാലത്ത് കേരളത്തില്‍ പ്രയാസമനുഭവിക്കുന്ന കലാകാരന്‍മാരെ പിന്തുണക്കുകയാണ് ഓസ്‌ട്രേലിയയിലെ വിപഞ്ചിക ഗ്രന്ഥശാല മെല്‍ബണ്‍.

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് കഥകള്‍ പറയാനും, കവിതകള്‍ പാടാനും വേദിയൊരുക്കാറുള്ള വിപഞ്ചിക ഗ്രന്ഥശാല മെല്‍ബണ്‍ ഇത്തവണ ഓണ്‍ലൈനിലൂടെ കേരളത്തിലെ കലാ സംഘങ്ങള്‍ക്ക് അവസരം നല്‍കുകയാണ്. യുവ നാടക സംവിധായകന്‍ അരുണ്‍ലാലിന്റെ കീഴില്‍ ലിറ്റില്‍ എര്‍ത്ത് തിയ്യറ്റര്‍ മലപ്പുറം അവതരിപ്പിക്കുന്ന നാടകവും, കതിര്‍ക്കൂട്ടം എന്ന പേരില്‍ അയ്യപ്പദാസും സംഘവും ചേര്‍ന്നവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളുമുണ്ട്.

പ്രശസ്ത മലയാള സിനിമാ താരം സുനില്‍ സുഖദയാണ് മുഖ്യാതിഥി. തൃശൂര്‍ കേരളവര്‍മ്മ കോളേജ് റിട്ട. അധ്യാപികയായ ഭാനുമതി ടീച്ചര്‍ മാനസിക വൈകല്യമുള്ളവര്‍ക്കായി നടത്തുന്ന AMHA എന്ന സംഘടനക്കുള്ള സാന്പത്തിക സഹായവും, 100 കലാകാരന്‍മാരുടെ വീടുകളിലെത്തി ലൈവ് പ്രോഗ്രാം ചെയ്ത് പതിനായിരം രൂപ വീതം പാരിതോഷികം നല്‍കുന്ന രംഗചേതന തൃശൂരിന് നാലുപേര്‍ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പും വിപഞ്ചിക കേരളപ്പിറവി ദിനാഘോഷത്തിന് നല്‍കുന്നു.


റിമറന്‍സ് തിയ്യറ്ററിന്റെ വല്ലച്ചിറയിലുള്ള നാടക ദ്വീപില്‍ നാടകപ്രവര്‍ത്തകരായ ശശിധരന്‍ നടുവില്‍, കെ.വി.ഗണേഷ്, അലിയാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനനാണ് പരിപാടിയുടെ ഔദ്യോഗിക പോസ്റ്റര്‍ സുനില്‍ സുഖദക്ക് നല്‍കി പ്രകാശനം ചെയ്തത്.

ഒക്ടോബര്‍ 31 ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30 ന് (ഓസ്‌ട്രേലിയന്‍ സമയം വൈകീട്ട് 7ന് ) ആണ് വിപഞ്ചികയുടെ ഓണ്‍ലൈന്‍ വഴിയുള്ള കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നത്.

എബി പൊയ്ക്കാട്ടില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക