Image

ഓർക്കണം നാം (കവിത: ഇയാസ് ചൂരല്‍മല)

Published on 05 November, 2021
ഓർക്കണം നാം (കവിത: ഇയാസ് ചൂരല്‍മല)
മണ്ണിൻ രുചിയറിഞ്ഞ
പ്രകൃതി തൻ കുസൃതി
മനഃപാഠമാക്കിയ
വിയർപ്പിന്റെ ഗന്ധമുള്ള
ജീവനുകളുണ്ടായിരുന്നു

സ്വർണ്ണം വിളയിക്കും നിലത്തെ
ദൈവ സമാനമായ് കണ്ട്
പാദരക്ഷകളെ
അകലെയാക്കിയവരാണവർ

ഉഴുത് മറിച്ച്
പാകമാക്കിടും നിലമായിരുന്നു
അവരുടെ സ്വപ്നങ്ങൾക്ക്  
നിറം നൽകിയിരുന്നത്...

സൂര്യകിരണങ്ങൾ
പ്രഭചൊരിക്കും മുന്നേ
അവർ വിയർത്ത് തുടങ്ങും
പ്രഭമാഞ്ഞ് ഇരുൾ പടർന്നാലും
കാവലിരിക്കുമവർ സ്വപ്നങ്ങൾ
നിറം കെടാതിരിക്കാനായ്

ലോകത്തെ മുഴുവൻ
തീറ്റിപോറ്റുമ്പോഴും
അവരുടെ  വയറുകൾ
ഒട്ടിപിടിച്ചതായിരുന്നു...

വികസനത്തിൻ കരാളഹസ്തങ്ങൾ
തന്റെ സ്വപ്നത്തിൻ മേൽ
കരിവാരിതേക്കുമ്പോൾ
നിസ്സഹായതയോടെ നോക്കിനിൽക്കാനേ
അവർക്ക് കഴിഞ്ഞുള്ളൂ

പലരും പലവഴിക്ക് തിരിഞ്ഞു
ചിലർ പരാതികളുമായി
ദൈവത്തിലേക്ക് യാത്രയായി
അന്നം വിളഞ്ഞിരുന്ന മണ്ണിൽ
എടുപ്പുകൾ ഉയർന്നു പൊങ്ങി...

അന്നം നൽകിയ കരങ്ങളിൽ
വിഷം പുരട്ടിയതിന്
കാലം പകരം ചോദിക്കാതിരിക്കില്ല
വികസനത്തിൽ നിന്നും
വികസനത്തിലേക്ക്
മൂക്കുകുത്തി വീണാലും
നോട്ടുകെട്ടുകൾ ഭക്ഷിക്കാൻ
പാകമാവില്ലല്ലോ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക