ബ്രാഞ്ച് മാനേജർ തൊമ്മിച്ചൻ (ചെറുകഥ: വിനീത് വിശ്വദേവ് , ചേർത്തല)

Published on 05 November, 2021
ബ്രാഞ്ച് മാനേജർ തൊമ്മിച്ചൻ (ചെറുകഥ:  വിനീത് വിശ്വദേവ് , ചേർത്തല)
തോമാച്ചായനെ തോമ്മിക്കുഞ്ഞേയെന്നു വിളിപ്പേരിലാണ് നാട്ടുകാർ അവനെ വിളിച്ചിരുന്നേ. കോട്ടയംക്കാരൻ നസ്രാണിയായതുകൊണ്ട് നല്ല ഒന്നാന്തരം അച്ചായൻ. കിളിപോലും മാറിനിൽക്കുന്ന മധുരസ്വരത്തിന്റെ ഉടമ. വേറിട്ടുള്ള ഭാഷ ശൈലിയിലുള്ള സംസാരരീതിയും മറ്റൊരു പൊൻതൂവൽ ആയിരുന്നു.
ഭാവിയെക്കുറിച്ച്  വെടിപ്പായ കാഴചപ്പാടുകൾ മെനെഞ്ഞെടുത്ത തൊമ്മിച്ചൻ ജീവിതം തുടങ്ങാൻ തീരുമാനിച്ചു. സാധാരണ പഠിപ്പും പത്രാസുമൊക്കെ കഴിഞ്ഞാൽ പിന്നെ ജോലി കുടുംബം അങ്ങനെ ആണല്ലോ നാട്ടുനടപ്പും.

കോയമ്പത്തൂർ പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ മകന് അങ്ങാടി പ്രേദേശവാസികളുടെ പ്രേത്യേക സ്വീകരണമൊക്കെ നേടിയിരുന്നു. ഏതൊരു ചെറുപ്പക്കാരനും ഉണ്ടാകുന്ന ചിന്തകൾ ഭാവിയെക്കുറിച്ചോർത്ത് കുറച്ചുദിവസങ്ങളായി തൊമ്മികുഞ്ഞും അസ്വസ്ത്ഥനായിരുന്നു. ഇനി എന്ത് എങ്ങനെ എവിടെ തുടങ്ങണം അങ്ങനെ ചോദ്യങ്ങളുടെ മാലപ്പടക്കം ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചുകൊണ്ടേയിരുന്നു.

ഒന്ന് രണ്ടു മാസങ്ങൾ അങ്ങനെ കടന്നുപോയി. സ്വന്തം വീട്ടിൽ അടുപ്പിപുകയുന്നതിൽ വ്യവലാതിയില്ലാതെ മറ്റുള്ളവരുടെ ജീവിതത്തിലെ ക്രെമക്കേട് ചികയുന്ന കരക്കമ്പികളായ നാട്ടുകാർ തൊമ്മിച്ചന്റെ ജീവിതത്തിലേക്കും എത്തിനോക്കി തുടങ്ങി.
അന്നത്തെ അയൽക്കൂട്ടം ത്രേസ്യാമ്മയുടെ വീട്ടിൽവെച്ചായിരുന്നു. അന്നമ്മചേടത്തിയുടെ വക ഒരുവെള്ളിടി കൂട്ടത്തിൽപോന്തിവീണു.
ത്രേസ്യാമ്മേ നിന്റെ മകന് ജോലിയും പണിയുമൊന്നും ആയില്ലല്ലേ.??
എല്ലാർക്കും ഉണ്ടായിരുന്നു ആ ചോദ്യത്തിലേ ആകാംഷ.
അവൻ ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്തു നിൽകുയാണ് ചെന്നൈക്കോ ബാംഗ്ലൂർക്കോ പോണമെന്നു പറഞ്ഞു വാശിപിടിക്കുന്നുണ്ട് ഉമ്മച്ചൻ വിടാഞ്ഞിട്ടാ. നാട്ടിൽ തന്നെ നോക്കിയിട്ട് മതിയെന്ന അഭിപ്രായം.  അങ്ങനെ ത്രേസ്യാമ്മ ആ സഭയുടെ വാതുന്നിക്കെട്ടി. വടക്കേതിലെ ഏലിയാമ്മ സപ്പോർട്ടെന്നപോലെ, മൂത്തവൾ നഴ്സിംഗ് പഠിച്ചിട്ടു ഡൽഹി അല്ലെ അപ്പോൾ നാട്ടിൽ ഒരാളെങ്കിലും വേണ്ടേ ? ഉമ്മച്ചൻ പറയുന്നതാ ശരി. ഇളയവൻ നാട്ടിൽ ജോലി നോക്കട്ടെ.
അന്ന് രാത്രി അത്താഴപ്രാർത്ഥന കഴിഞ്ഞു തീന്മേശയുടെ മുന്നിൽവെച്ചു ഉമ്മച്ചനും ത്രേസ്യാമ്മയും തൊമ്മികുഞ്ഞിന്റെ തീരുമാനം ആരാഞ്ഞു ? ജോലി അതാണ് ഇപ്പോൾ ഇവിടെയുള്ള അന്തർദേശിയ വിഷയം. അത്താഴം ഒന്ന് രണ്ടു ഉരുളരുട്ടി അകത്താക്കികൊണ്ട് തൊമ്മിച്ചൻ പറഞ്ഞു ഈ മാസം രണ്ടു ഇന്റർവ്യൂ ഇവിടെ കോട്ടയതും എറണാകുളത്തും ഉണ്ട് അതുകഴിഞ്ഞു ഞാൻ നോക്കാം.
തൊമ്മിച്ചന്റെ പരിശ്രമങ്ങൾക്ക് ആക്കംകൂടി. നാട്ടുകാരുടെ നോട്ടത്തിൽ ഒരു മുൾമുനകുത്തലുണ്ടോന്നു സംശയങ്ങൾ നാമ്പിട്ടുത്തുടങ്ങി. കാര്യമാക്കാതെ മുന്നോട്ടുപോട്ടേ യെന്നമട്ടിൽ തൊമ്മിച്ചൻ കരുക്കൾ നീക്കിത്തുടങ്ങി.

കോട്ടയത്തുവെച്ചു നടന്നത് ഒരു ഇൻഷുറൻസ് കമ്പനിയുടെ ഇന്റർവ്യൂ ആരുന്നു. ഇന്റർവ്യൂർ തലങ്ങും വിലങ്ങും ചോദ്യങ്ങൾ ചോദിച്ചപ്പോൾ പരിചതേറിച്ചുപോയ പടയാളിയെപ്പോലെ അവിടുന്നിറങ്ങി. ആ ഓഫീസിൽ നിന്നും പുറത്തേക്കു നടന്നുനീങ്ങുമ്പോൾ മുഖത്ത് ഇന്റർവ്യൂ ചെയ്തവനോട് പുച്ഛവും ഇൻഷുറൻസ് പോളിസി എടുക്കാൻ ആളുകളെ ചേർപ്പിക്കുന്നതിനു ഇത്രയും ചോദ്യങ്ങൾ സത്യത്തിൽ ആവശ്യം ഉണ്ടായിരുന്നോ എന്നതുമായിരുന്നു മനസിലും.

കൊല്ലത്തുനിന്നും ഇന്റർവ്യൂവിന് വന്ന ഒരു ഫ്രണ്ട് വഴി പുതിയ ഒരു ജോലിയൊഴിവിനെക്കുറിച്ച് അറിയാൻ ഇടയായി. തത്കാലം തൊമ്മിക്ക് ആവശ്യം ജോലിയാണ് അത് ഇന്ന് തന്നെ വീട്ടിൽ അവതരിപ്പിച്ചു നടുവിടുകയെന്ന ഒറ്റ ലക്ഷ്യബോധത്തോടെ വീട്ടിലേക്ക് യാത്രയായി.

കോട്ടയത്തെ ഇന്റർവ്യൂ കാര്യങ്ങൾ ചോദിക്കുന്നതിനുമുമ്പുതന്നെ ജോലി ഏറക്കുറേ  റെഡിയായെന്നും ഡോക്യൂമെന്റഷൻ കാര്യങ്ങൾക്കായി നാളെ തൃശൂർ പോണമെന്നും അവതരിപ്പിച്ചു. അപ്പനും അമ്മയും നൂറുശതമാനം സമ്മതംമൂളി.

ബ്രാഞ്ച് മാനേജർ എന്ന ജോലിക്കസേരയും മേശപ്പുറത്തു തൊമ്മിച്ചൻ ബ്രാഞ്ച് മാനേജർ നെയിം ബോർഡ് സ്വപ്നംകണ്ടുറങ്ങി.
അതിരാവിലെ നാഗമ്പടം സ്റ്റാൻഡിൽ നിന്നും തൃശ്ശൂർക്ക് യാത്രയായി. നമ്മുടെ തൊമ്മിച്ചൻ റിസ്ക് എടുത്താലേ ജീവിതത്തിൽ വിജയിക്കാനാകുയെന്നുള്ളപക്ഷക്കാരനായതുകൊണ്ട് തൃശൂർ സ്റ്റാൻഡിൽ നിന്നും വഴിയിൽ കണ്ട ആരുടെയൊക്കെ ലിഫ്റ്റ് ചോദിച്ചു വലപ്പാടേക്കു വെച്ചുപിടിച്ചു.

അതാ അവിടെ തന്റെ സ്വപ്നകവാടത്തിന്റെ വാതിൽത്തുറക്കാനായിട്ടുള്ള  കെട്ടിടം. ശീതികരിച്ചമുറിയിലെ കുളിർമയിലെന്നപോലെ ശരീരമാകെ തണുപ്പിച്ചുകൊണ്ട് മഞ്ഞബോർഡിലെ ചുവന്ന അക്ഷരങ്ങൾ കൂട്ടിവായിച്ചു. "മണപ്പുറം ഗോൾഡ്‌ ലോൺ ആൻഡ് ഫിനാൻസ് ലിമിറ്റഡ്."
റീസെപ്ഷനിൽ ഇരിക്കുന്ന പെങ്കൊച്ചിനെകണ്ടുകൊണ്ട് കോരിതരിച്ചുകൊണ്ട് കിളിപോയമട്ടിൽ തൊമ്മിച്ചൻ ചോദിച്ചു
ഈ  മാനവവിഭവശേഷി വിഭാഗം എവിടാ..??
മധുരസ്വരത്തിൽ അവൾ പറഞ്ഞു
സർ, ഗോ സ്ട്രൈറ്റ് ഡെൻ റൈറ്റ് സൈഡ് ഹാവ് ലിഫ്റ്റ് ആൻഡ് ഗോ അപ്പ്‌ 16th ഫ്ലോർ. ദൈർ ഈസ്‌ ദ ഹ്യൂമൻ റിസോസസ് ഡിപ്പാർട്മെന്റ്. എല്ലാം മനസിലായെന്നമട്ടിൽ ലക്ഷ്യസ്ഥാനത്തേക്ക് നടന്നു നീങ്ങി.

പുഷ് പുള് എന്ന് ഇംഗ്ലീഷിൽ എഴുതിവെച്ചാലും വലിക്കണോ തള്ളണോയെന്ന ആശക്കുഴപ്പം സ്വഭാവികതയിലല്ലാതെ വെപ്രാളത്തിൽ ഉദ്ദേലെടുത്തമട്ടിൽ സ്വർഗ്ഗകാവടത്തിലേക്കുള്ള വഴിയെന്നപോലെ തൊമ്മിച്ചൻ ഹെച്ചാർ ഡിപ്പാർട്മെന്റിന്റെ വാതിൽ പതിയെ തള്ളിതുറന്നു. ദിലീപെന്ന ഹെച്ചാർ അസിസ്റ്റന്റ് അപ്ലിക്കേഷനും വാങ്ങി സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും കഴിഞ്ഞു വെയിറ്റ് ചെയ്യാൻ പറഞ്ഞു. അക്ഷരംപ്രതി അനുസരിച്ചു നന്ദിപറഞ്ഞുകൊണ്ട് വെയ്റ്റിംഗ് ഏരിയലേക്കു നീങ്ങി. മനസ്സും ശരീരവും ഒന്നു തണുപ്പിക്കാനായി അവിടെ കരുതിവെച്ചിരുന്ന കോൾഡ് വാട്ടർ രണ്ടു ഗ്ലാസ്‌ അകത്താക്കി സോഫയിൽ ചാരിയിരുന്നു.

തന്നെപോലെ ജോലിതേടിയെത്തിയ നിരവധി ഉദ്യോഗാർത്ഥികളെ അവിടെ കണ്ടു. അവരോടൊക്കെ കുശലം പറഞ്ഞും ഇന്റർവ്യൂനെക്കുറിച്ചും എല്ലാമൊന്നു വിശദമായി ചോദിച്ചറിഞ്ഞു. കുറച്ച് സമയം കഴിഞ്ഞു ഇന്റർവ്യൂനു മുൻഗണനാക്രമത്തിൽ ഓരൊരുത്തരെ ഹെച്ചാർ അസിസ്റ്റന്റ് വന്നു പേരുവിളിച്ചു ഇന്റർവ്യൂനായി കൂട്ടികൊണ്ട് പോയി. ഏതാണ്ട് പതിനൊന്നേമുക്കാലായപ്പോൾ തൊമ്മിച്ചന്റെ പേരുവിളിച്ചു. ഇന്റർവ്യൂ റൂമിൽ ചെന്നപ്പോൾ മൂന്നങ്കസംഗം. ചെറിയ പരിഭ്രമം ഉള്ളിലുണ്ടായെങ്കിലും പുറത്തു സധൈര്യം കസേരയിൽ നന്ദി പറഞ്ഞിരുന്നു.

ലളിതമായ ചോദ്യാവലികളാൽ ഇന്റർവ്യൂ ആരംഭിച്ചു. അതും മാതൃഭാഷയിൽ. അല്പം അതിശയോക്തി കടന്നുകൂടിയെങ്കിലും സെൽഫ് ഇൻട്രോഡക്ഷൻ വളരെ ഭംഗിയായി വിവരിച്ചു. തൊമ്മിച്ചൻ തന്നെക്കുറിച്ചുള്ള കാര്യമായപ്പോൾ അത് നിക്കു മാത്രമല്ലേ വിവരിക്കാൻ പറ്റുയെന്ന രീതിയിൽ അവതരിപ്പിച്ചു. കോട്ടയം ഭാഷ ശൈലിയിലൂടെയായപ്പോൾ സംഭവം ഉഷാറിയി.

പിന്നീട് ഉള്ള ചോദ്യം താൻ ആഗ്രഹിച്ചപോലെ നാട്ടിൽനിന്നും കുറച്ചുനാൾ മാറിനിൽക്കുന്നത് ഒരു മാറ്റം വരുമെന്ന ചിന്തക്കു അനുകൂലമായ പച്ചക്കൊടി വീശുന്നതായിരുന്നു.
താങ്കൾക്ക് വർക്ക്‌ ലൊക്കേഷൻ വരുന്നത് ചെന്നൈ ആയിരിക്കും അതിനു സമ്മതമാണോ..?

നൂറുവട്ടം സമ്മതമറിയിച്ചു.

അടുത്തതായി വന്നത് ആ ജോലിയുടെ വേതന ശമ്പള വ്യവസ്ഥിതികളെക്കുറിച്ചായിരുന്നു മാസം 15000 രൂപയും താമസസൗകര്യവും കമ്പനി നൽകുമെന്നും പെർഫോമൻസ് വൈസ് ബ്രാഞ്ചിൽ ഇമ്പ്രൂവ്മെന്റ് ഉണ്ടേൽ 1% കമ്മീഷൻ എല്ലാം ബ്രാഞ്ചിൽ എംപ്ലോയീസ്നും കിട്ടുമെന്നും അവർ അറിയിച്ചു. ആദ്യ ജോലിയിലെ ശമ്പളത്തിന്റെ അക്കങ്ങൾക്കുപരി തൊമ്മിച്ചൻ മനസ്സിൽ കണ്ടത് ജോലി നേടിയെടുത്തുയെന്ന ലക്ഷ്യം മാത്രമായിരുന്നു. അങ്ങനെ എല്ലാം സമ്മതിച്ചുകൊണ്ട് ഓഫർ ലെറ്റർ കൈപറ്റി. ഒരുമാസത്തിനുള്ളിൽ ജോയിൻ ചെയ്യണം. ബാക്കിയുള്ള ഡീറ്റെയിൽസ് നിങ്ങള്ക്ക് ഇമെയിൽ വരുമെന്നും ഹെച്ചാർ ഡിപ്പാർട്മെന്റിലെ എക്സിക്യൂട്ടീവ് അറിയിച്ചു. അവരോടും തമ്പുരാൻ കർത്താവിനോടും നന്ദി പറഞ്ഞുകൊണ്ട് അവിടുന്നിറങ്ങി.

വീട്ടിലെ ലാൻഡ്‍ഫോൺ വിളിച്ചു മൂന്നാമത്തെ ബെല്ലിന് ത്രേസ്യാമ്മ ഫോൺ എടുത്തു. തൊമ്മിച്ചൻ അതിയായ സന്തോഷത്തോടെ ത്രേസ്യാമ്മേ എനിക്ക് ജോലി കിട്ടി. ഞാൻ ഇവിടുന്നു ഇറങ്ങാൻ പോകുവാ.വളരെ സന്തോഷവതിയായ ആ അമ്മ ജോലിയുടെ മറ്റുകാര്യങ്ങൾ കൂടുതൽ തിരക്കുന്നതിനുമുൻപ് ഏതൊരമ്മയേയുംപോലെ തന്റെ മകൻ വല്ലതും കഴിച്ചോയെന്ന മട്ടിൽ ചോദിച്ചു,  സമയം 2.30pm ആയില്ലേ മോനെ നീ വല്ലതും കഴിച്ചോ??
ഇല്ല അമ്മച്ചി കഴിച്ചിട്ടേ ഞാൻ ഇവിടുന്നു ബസ് കേറൂ. ചാച്ചൻ വരുമ്പോൾ പറഞ്ഞേക്ക്. ബാക്കി വിശേഷങ്ങൾ വീട്ടിൽ വന്നിട്ട് പറയാംയെന്നും പറഞ്ഞു തൊമ്മിച്ചൻ ഫോൺ വെച്ചു. കുറച്ച് നടന്നുചേന്നപ്പോൾ കണ്ട ഹോട്ടലിൽ നിന്നും മൂന്നു പൊറോട്ടയും ഒരു ബീഫും രണ്ടു ഗ്ലാസ്സ് വെള്ളവും കുടിച്ചുകൊണ്ട് ശക്തൻ സ്റ്റാന്ഡിലെക്കുപോയി.

ഇൻക്യുറി വിഭാഗത്തിൽ അന്വേഷിച്ചപ്പോൾ ഇനി കോട്ടയത്തിനു ബസ് അരമണിക്കൂർ കഴിഞ്ഞേയുള്ളൂ. അപ്പോൾ ഇനിയും സമയമുണ്ട് ദൂരയാത്ര പോകുന്നതിനുമ്പുതന്നെ ഒന്ന് ഫ്രഷായിരിക്കാമെന്ന തീരുമാനത്തിൽ പബ്ലിക് ടോയ്ലറ്റ് നേരെ നോക്കി ഒരുനടത്തം.
കോൾഡ് വാട്ടർ കുടിച്ച തൊമ്മിച്ചൻ ഹോട്ട് വാട്ടറായി ഒഴിച്ചുകളയുമ്പോൾ ചുവരിൽ തെളിഞ്ഞ കുൽസിത വാക്യങ്ങൾ ശ്രദ്ധയിൽപെട്ടു.  മനസ്സിൽ പതിയെ വായിച്ചു "ഷേക്ക്‌ വെൽ ആഫ്റ്റർ യൂസ്". തെറിവാക്യങ്ങൾ താളത്മകമായും ചേർത്തെഴുതിരുന്നു. കാമധേനു തൃശൂർ ദേവകി, ഊത്തുകാരി രേവമ്മ, വെടി ശാന്തയും അമ്മിണിയും അങ്ങനെ നിരവധി പേരുകളും അവരവർക്കു നേരയുള്ള മൊബൈൽ നമ്പറുകളും. മറ്റൊരു ചുവരിൽ കിടപ്പറയിലെ ലൈംഗികത തുറന്നുകാട്ടുന്ന ചുവർചിത്രങ്ങൾ തോൽക്കുമാർ കരിക്കട്ടകൾകൊണ്ട് കോരിവരച്ച കലാസൃഷ്ടികൾ. നയനമനോഹരമാക്കിത്തീർത്തിരുന്നു.  അവിടെ നിന്നും ഇറങ്ങുന്നതിനുമുൻപ് തന്നെ മനസ്സിൽ ഒരു മൊബൈൽ നമ്പർ പതിപ്പിച്ചു. പുറത്തിറങ്ങി 1 രൂപ കൌണ്ടറിൽ കൊടുത്തിട്ടു തന്റെ മൊബൈലിൽ ആ നമ്പർ ഡയൽ ചെയ്തുകൊണ്ട് സേവ് ചെയ്തു "വെടി തൃശൂർ".

കോട്ടയത്തേക്കുപോകുന്നതിനുള്ള ബസ് സ്റ്റാൻഡിൽ ഇടപിടിച്ചിരുന്നു. ബസിൽ ഇരിപ്പിടം കിട്ടാതിരുന്നതിനാൽ അങ്ങാടി സിനിമയിലെ ജയനെപ്പോലെ കമ്പിയിൽതൂങ്ങിനിന്നു. അഞ്ചുമിനിറ്റ് കഴിഞ്ഞു ബസ്‌യെടുത്തു സമയം അപ്പോൾ 3.30pm ആയിരുന്നു. ഒരുവിധത്തിൽ ആൾതിരക്കിനിടയിൽ അമ്മച്ചി ഞാൻ ബസ് കയറിയതേയുള്ളു എത്താൻ കുറച്ച് വൈകുമെന്നുമാത്രം പറഞ്ഞു ഫോൺ വെച്ചു. വീണ്ടും കമ്പിയിൽ തൂങ്ങിനിന്നു. ബസ് കുറേനേരം ഓടിയിട്ടും സീറ്റ്കിട്ടിയില്ല. കാലുകൾ കഴച്ചുതുടങ്ങി സീറ്റിന്റെ സൈഡിൽ താഴ്ന്നിരുന്നു. അത്രയും നേരം ഒരു കുഴപ്പവുമില്ലാതെ  സീറ്റിലിരുന്ന കുട്ടി വണ്ടിച്ചൊരുക്കുമൂലം തൊമ്മിച്ചന്റെ മുതുകിൽ മുഴുവൻ വാളുവെച്ചു. ബസ് ഡ്രൈവർ ഒച്ചയും ബഹളവും കേട്ടു വണ്ടി പതിയെ സൈഡിലേക്കോതുക്കി. വഴിയിൽ കണ്ടകടയിൽ നിന്നും കുട്ടിയുടെ അപ്പൻ വെള്ളം വാങ്ങി കൊടുത്തുകൊണ്ട് വാളുകഴുകിക്കൊടുത്തു. വിവസ്ത്രനായി ഷർട്ട് ഊരി കവറിലാക്കി ബാഗിൽവെച്ചുകൊണ്ടു ബസിൽ നിന്നു. ആരുടെ കർമ്മഫലമാണെന്നറിയാതെ വീണ്ടും യാത്രതുടർന്നു.
അമ്മച്ചിയുടെ ഫോൺ കാൾ വീടുമെത്തി മോനെ നീ എവിടെ എത്തി??
ഞാൻ ഒരുമണിക്കൂർ കഴിയുമ്പോൾ എത്തുമെന്നുപറഞ്ഞു ഫോൺ വെച്ചു.  കോട്ടയം സ്റ്റാൻഡിൽ എത്തിയപ്പോൾ ആ കുട്ടിയുടെ അപ്പൻ തൊമ്മിച്ചന് ഒരു ഷർട്ട്‌ വാങ്ങിക്കൊടുത്തു. അതും ധരിച്ചുകൊണ്ട് വീട്ടിലേക്കു ഓട്ടോറിക്ഷ  പിടിച്ചുപോയി.

ഉറക്കമിളച്ചിരുന്ന അപ്പനും അമ്മയും മകനു ആഹാരംവിളമ്പി കഴിച്ചിട്ടുമതി ബാക്കിവിശേഷങ്ങൾ. കപ്പയും മീനും മേശപ്പുറത്തു റെഡി.  കുളിച്ചു വന്ന തൊമ്മിച്ചനോട് അമ്മച്ചി ആരാഞ്ഞു പറമോനെ വിശേഷങ്ങൾ. രണ്ടു കഷ്ണം കപ്പ തിരുമ്മിയുടച്ചും ഒരു കിള്ളൂ മീനും കൂട്ടിച്ചേർത്തു അകത്താക്കിയിട്ടു ഓഹ് എന്നാ കിടു ടെസ്റ്റാ ത്രേസ്യാമ്മേ ഈ കപ്പയും മീനും. ആഹ് സ്വാദ് നാവിൽനിന്നും മാറുമ്മുൻപ് ജോലിയുടെ  കാര്യങ്ങൾ അവതരിപ്പിച്ചു. 15000 ശമ്പളവും താമസവും പിന്നെ ജോലി സ്ഥലം ചെന്നൈ ആയിരിക്കും ജോയിനിങ് ഡേറ്റും ലൊക്കേഷൻ ഡീറ്റൈൽസും ഇമെയിൽ വഴി ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കുമെന്നാണ് പറഞ്ഞേൽക്കുന്നേ.
എന്തായാലും തമ്പുരാൻ കർത്താവിന്റെ അനുഗ്രഹമെന്നുപറഞ്ഞുകൊണ്ട് അമ്മച്ചി അടുക്കളയിലേക്ക് പോയി.  ഹാളിൽ ടീവി കണ്ടുകൊണ്ടിരുന്ന അപ്പന്റെ വക ഒരു ചോദ്യം അവിടെ എന്തായിട്ട മോനെ ജോലി ? കുടിച്ചുകൊണ്ടിരുന്ന വെള്ളം പതിയിറക്കികൊണ്ട് ഉച്ചത്തിൽ പറഞ്ഞു അവിടെ ബ്രാഞ്ചിൽ മാനേജർ ആയിട്ടാണപ്പാ.

ശാലോം ടിവിയിലെ സുവിശേഷം വായനയ്‌ക്കൊപ്പം ആമേൻ പറഞ്ഞു കൊണ്ട് ഉമ്മച്ചൻ പറഞ്ഞു എല്ലാം അങ്ങാടിപ്പള്ളിയിലെ മാതാവിന്റെ കൃപയും അനുഗ്രഹവും കൊണ്ടാ മോനേ. അതെ അപ്പാ എല്ലാം പ്രാർത്ഥനയും അനുഗ്രഹവുംകൊണ്ടാണെന്നു നാളെ അങ്ങാടിപ്പള്ളിയിൽ മെഴുകുതിരികത്തിക്കണമെന്നു പറഞ്ഞുകൊണ്ട് കിടപ്പുമുറിയിലേക്കുപോയി.

പതിവുപോലെ വൈകുന്നേരം കലുങ്കിൽ കൂട്ടുകാരുമൊത്തു സൊറപറഞ്ഞിരിക്കുമ്പോൾ മഹേശൻ ചോദിച്ചു നീ ഇന്റർവ്യൂവിന് പോയിട്ട് എന്തായി കാര്യങ്ങൾ ..?? ഏകദേശം ഓക്കേ ആയിരിക്കുവാ ജോയ്‌നിങ് ഡേറ്റും ലൊക്കേഷൻ ഡീറ്റൈൽസും മെയിൽ വരാൻ വെയ്റ്റിംഗാണ്.

കേട്ടപാതി ഡെന്നി പറഞ്ഞു ജോലി സെറ്റായാൽ ചിലവുചെയ്യണം അതാണ് അങ്ങാടിയിലെ നിയമം അത് മറക്കണ്ട. ബിയറും ബിരിയാണിയും അതിനുപുറമെ നീ വാങ്ങിത്തരുന്നത് എന്തും അഡിഷണൽ ചിലവായി വരവ് ഉൾക്കൊള്ളിക്കുന്നതാണ്. എല്ലാം  ചെയ്യാമെടാ ഒകെ ആകട്ടെ എന്നുംപറഞ്ഞുകൊണ്ടു തൊമ്മിച്ചൻ വീട്ടിലേക്കു പോയി.

രണ്ടുദിവസങ്ങൾക്ക്‌ ശേഷം ഹെച്ചാറിൽ  നിന്നും കാൾ വന്നു. അഡ്രസ്സ് പ്രൂഫ് വെരിഫിക്കേഷണനും ഇമെയിൽ ഐഡിയും കൺഫോം ചെയ്തതിനു ശേഷം ഇമെയിൽ വരുമെന്നും നിങ്ങളുടെ വർക്ക് ലൊക്കേഷൻ ചെന്നൈയിൽ ടി നഗർ ബ്രാഞ്ചിൽ ആണെന്നും ജോയ്‌നിങ് ഡേറ്റ്  ജൂൺ 5 നു ആണെന്നുംപറഞ്ഞു ഫോൺ കട്ടായി.  പത്തു മിനിറ്റിനുശേഷം ഇമെയിൽ വന്നു. നന്ദി പ്രകാശനമായി റീപ്ലെയ്‌യും നൽകി.

സന്തോഷത്തിന്റെ പാരമ്മ്യതയിൽ തുള്ളിച്ചാടി തൊമ്മിച്ചൻ ത്രേസ്യാമ്മയുടെ കവിളിൽ ഉമ്മകൊടുത്തുകൊണ്ടു പറഞ്ഞു അമ്മച്ചി എനിക്ക് അടുത്ത ആഴ്ച ചെന്നൈയിൽ ജോയിൻ ചെയ്യണം. സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ടു ത്രേസ്യാമ്മ ലാൻഡ്ഫോൺ നിന്നും മകളെ വിളിച്ചുപറഞ്ഞു അന്നമ്മേ തൊമ്മിച്ചനു ജോലിയായെടി ചെന്നൈയിൽ ബ്രാഞ്ച് മാനേജറായിട്ടാണ്. അമ്മേ..  ഞാൻ ഡ്യൂട്ടിയിലാണ് വൈകിട്ട് വിളിക്കന്ന്‌പറഞ്ഞു ഫോൺ വെച്ചു. കുടുംബം പുലർത്താൻ പെയിന്റ് പണിക്കു പോയ അപ്പനേയറിയിക്കുവാൻ  സന്തോഷവർത്തമാനവും കൊണ്ട് തൊമ്മിച്ചൻ കാത്തിരിപ്പായി..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക