Image

അന്തര്‍ഗ്ഗതങ്ങള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)

Published on 05 November, 2021
അന്തര്‍ഗ്ഗതങ്ങള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)
അമിതവിമര്‍ശനങ്ങളെന്നുമേറ്റുവാങ്ങും  അന്ധവിശ്വാസങ്ങള്‍           
 അജ്ഞതയുടെ സൃഷ്ടിയോ, അന്യായബന്ധനമോ, തിമിരമോ?   

അഭ്യസ്തവിദ്യരേ, ബുദ്ധിജീവികളേ, നിങ്ങളിവരിലാരേ ചുംബിക്കും?   
സത്യത്തെയോ, സാഹോദര്യത്തെയോ,സ്നേഹത്തെയോ, പറയാമോ?

ആത്മീയതയുടെഅര്‍ത്ഥവത്താം ശബ്ദങ്ങളിലുരുവാകുന്നത്        
കുറ്റബോധമോ, മാനസാന്തരസ്നാനമോ, പുതുവിശ്വാസമോ?

ആധുനികതയിലനുദിനം ശങ്കപകരും അനിയന്ത്രിതപ്രശ്നം     
 മതവിദ്വേഷികളോ, മാരകായുധങ്ങളോ, മാറാരോഗങ്ങളോ?

ഇന്നുനാം കാണാത്തൊരു ഭൂലോകസമാധാനം ഒഴുകിപ്പടരേണ്ടത്      
 ജനതകളിലോ, രാജ്യതന്ത്രത്തിലോ, സമഭാവനയിലോ?

ഈശ്വരവിശ്വാസത്തിനും  നിരീശ്വരവാദത്തിനുമിടയിലുള്ളത്      
ആത്മബോധമോ, വളരുംവിവേകമോ, ശാസ്ത്രീയസത്യങ്ങളോ?  

കളങ്കവും കറയും കലരുന്ന, കപടസദാചാരത്തിനില്ലയോ    
 കരിനിയമങ്ങള്‍, തടവറകള്‍, മുള്‍ത്താരകള്‍?

ഗതകാലയുദ്ധങ്ങള്‍ നാട്ടിയ  സ്മാരകശിലകള്‍ നല്‍കുന്നത്         
നിര്‍ജ്ജയത്വമോ, സമരതന്ത്രമോ, സുരക്ഷാഭീഷണിയോ?

ജോലിചെയ്യുന്നവന്‍റെ കൂലി,ദാനമല്ല, അവകാശമെന്ന വചനം  *
 ബീജമാക്കിയത് കമ്മ്യൂണിസമോ, സോഷ്യലിസമോ? പറയൂ.  

ദര്‍ശനമാത്രയിലുണരും  പ്രൌഢമാം അനുരാഗമിഛിക്കുന്നത്      
 രതിസുഖമോ, ശൃംഗാരമോ, സുരഭിലബന്ധമോ? പറയൂ.           
      
നിത്യനുതനസ്നേഹത്തിന്‍ മൂകസ്മരണയില്‍ മിന്നിവരൂന്നത്  
അനുഭവരംഗമോ, നഷ്ടബോധമോ, നിമജ്ജനദു:ഖമോ?

മനുഷ്യദൈവങ്ങളെ ജീവിതവഴിയില്‍ സ്ഥാപിച്ചാരാധിക്കുന്നത്   
മതവിരുദ്ധകര്‍മ്മമോ, പരാവര്‍ത്തനമോ, തിന്മയോ?

മനുഷ്യവര്‍ഗ്ഗത്തില്‍  പണ്ടേപടര്‍ന്ന സ്വവര്‍ഗ്ഗസംസര്‍ഗ്ഗം               
  ചിത്തഗതരോഗമോ, ജീവിതശൈലിയോ, ദൈവികശിക്ഷയോ? * *

മാനവസംസ്കാരത്തിന്‍ വിയോജിതവീഥികളില്‍ തെളിയുന്നത്‌   
 വക്രഗതിയോ, വികസനവീഥിയോ, വിഗതചേതനയോ?                
             
മൌലികസത്യങ്ങളെപ്പോഴും സഹൃദയശുദ്ധിയില്‍ സുക്ഷിക്കുന്നത്‌    
അഹിംസക്കോ, നിഷ്പക്ഷദാനധര്‍മ്മത്തിനോ, നിയമവാഴ്ചക്കോ?          
         
ലോകവ്യാപകമായ് മുഴങ്ങും, ലോകാവസാനമെന്ന, മുന്നറിയിപ്പ്    
 മതനിര്‍മ്മിതമിഥ്യയോ, സത്യമോ, മയക്കുംഭീഷണിയോ?

സമൃദ്ധമാം ഭാവിജിവിതത്തിനു സ്വസ്ഥപാതകള്‍ തുറക്കുന്നത്   
മതകര്‍മ്മമോ, രാട്രീയസിദ്ധാന്തമോ, കണ്ടുപിടുത്തമോ?      
             
സംവേദനശക്തിനല്കും വിശ്വവിജ്ഞാനത്തിന്‍ ശ്രേഷ്ടമാംഅദ്ധ്യാപനം
 അവകാശത്തിനോ, സമത്വത്തിനോ, സ്വാതന്ത്ര്യത്തിനോ? പറയൂ.    

സാക്ഷരതയുടെ ത്വരിതവ്യാപനം സമസ്തലോകവുമെത്തുന്നത്         
സജീവനന്മയ്ക്കോ, സങ്കീര്‍ണ്ണഭാവിക്കോ, സമരത്തിനോ?         
                
സാര്‍വ്വത്രികമാം സമത്വസമീകരണത്തിനു സഹായിക്കുന്നത്          
  ഏകലോകഭാഷയോ, സങ്കരവിവാഹമോ, സ്ത്രീസമത്വമോ?             
 ( ബൈബിള്‍:  *  റോമര്‍  4 : 4.     **  റോമര്‍  1: 26 – 28 )
Join WhatsApp News
Sudhir Panikkaveetil 2021-11-05 14:51:18
മനുഷ്യൻ ഉണ്ടായ കാലം മുതൽ അവൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നു. ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുമെങ്കിലും പലതും പല കാലങ്ങളിലായി പല ഉത്തരങ്ങളിൽ പിണഞ്ഞുകിടക്കുന്നു. മനുഷ്യന്റെ ആദ്യ ചോദ്യം "ഞാൻ ആർ എന്നായിരിക്കും" അതിന്റെ തുടർച്ചയാണ് ശ്രീ വേറ്റം സാർ ചോദിക്കുന്നത്. ഉത്തരമുണ്ടോ വായനക്കാരാ എന്ന ചോദ്യം അതിൽ ഒളിച്ചിരിക്കുന്നു. സോക്രട്ടീസ് ചോദ്യങ്ങൾ ചോദിക്കുമായിരുന്നു ആർക്കും ചോദ്യങ്ങൾ ചോദിക്കുന്നത് ഇഷ്ടമല്ല. ഒരു രസകരമായ ചോദ്യം ഈ ഗദ്യകവിതയിലുണ്ട്. ലോകവ്യാപകമായ് ....മയക്കും ഭീഷണിയോ? ഈ ചോദ്യത്തിനു ഉത്തരം കിട്ടുമ്പോൾ മറ്റു പല ചോദ്യങ്ങളുടെയും ഉത്തരം ഉരുത്തിരിയും. വായനക്കാരെ പ്രബുദ്ധരാക്കുന്ന ഇത്തരം രചനകൾ തുടരുക എഴുത്തുകാര. അങ്ങേക്ക് അഭിനന്ദനം.
American Mollakka 2021-11-05 22:36:12
ശ്രീമാൻ വേറ്റം സാഹിബ്.. അസ്സലാമു അലൈക്കും. സാഹിബ്, അമേരിക്കൻ മലയാളിയോട് സോധ്യങ്ങൾ സോധിക്കരുത്..ഓൻ തന്നെ ഇമ്മിണി ബല്യ സോധ്യമാണ്.ഓന്റെ കയ്യിൽ പണവും, ആനകളും,നാട്ടിലെ മന്ത്രിമാരുമുണ്ട്. അടുക്കരുത് സാഹിബ് അടുക്കരുത് മേൽപ്പറഞ്ഞ മൂന്നു കയ്‌വുകൾ ഉള്ളോരേ പടച്ചോന് ബരെ പേടിയാണ്. ഏക ലോക ഭാസ ഒരു നല്ല കാര്യമാണ്. ഇൻഗ്രീസ് ഭാസ ദുനിയാവ് അടക്കി ഭരിക്കുന്നുണ്ട്. സങ്കര ബിവാഹം മുസ്‌കിൾ ആണ്. ഞമ്മക്ക് ബെളുത്ത നിറമായതിനാൽ ബീവിമാരും ബെളുക്കണമെന്നു ഞമ്മള് ബാപ്പയോട് പറഞ്ഞു. നിറത്തിൽ സങ്കരം ഉണ്ടാകില്ല.പിന്നെ അന്യ രാജ്യക്കാരും, അന്യസംസ്ഥാനക്കാരും തമ്മിൽ ബാന്ധവം ഉണ്ടാകാം. സാഹിബ് സോധ്യങ്ങൾ മുടക്കേണ്ട. പടച്ചോനും ഇബ്ലീസും കൂടി സോദ്യപേപ്പർ ഉണ്ടാക്കുമ്പോൾ സാഹിബിന്റെ സോധ്യങ്ങൾ ചേർക്കണേയെന്നു ആനപ്പുറത്തിരുന്നു ആരെങ്കിലും പറയട്ടെ.
ജോണ്‍ വേറ്റം 2021-11-09 03:20:49
ഗദ്യകവിതവായിച്ചവര്‍ക്കും, അഭിനന്ദനം അറിയിച്ചവര്‍ക്കും, അഭിപ്രായം പ്രകടിപ്പിച്ചവര്‍ക്കും ഹാര്‍ദ്ദമായനന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക