സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

Published on 05 November, 2021
സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ്  (മീട്ടു  റഹ്‌മത്ത്  കലാം)
അഭൂതപൂർവമായ പ്രതിസന്ധികളിലൂടെ  ലോകം കടന്നുപോകുന്നതിനിടയിൽ, സാന്ത്വനത്തിന്റെ പുതു ഏടുകൾ എഴുതിച്ചേർക്കുകയാണ് 'ഫോമാ' എന്ന സംഘടന. അമേരിക്കയിലെയും കേരളത്തിലെയും മലയാളികൾ ആ സ്നേഹസ്പർശം ഒരുപോലെ  തൊട്ടറിയുന്നതിന്റെ സംതൃപ്തിയിലാണ് സംഘടനയുടെ പ്രസിഡന്റ് അനിയൻ ജോർജ്. പുതിയ നേതൃത്വം നടപ്പിലാക്കിയ  പദ്ധതികളെക്കുറിച്ചും ഇന്റർനാഷണൽ കൺവൻഷനടക്കമുള്ള ഭാവി പരിപാടികളെക്കുറിച്ചും ഇ-മലയാളി വായനക്കാരോട് അനിയൻ ജോർജ് മനസുതുറക്കുന്നു...
 
 
മീട്ടു  റഹ്‌മത്ത്  കലാം
 
അനിയൻ ജോർജ് എന്ന വ്യക്തിയിലെ സംഘാടകപാടവം എപ്പോഴാണ് തിരിച്ചറിഞ്ഞത്? കുടുംബപശ്ചാത്തതിന് ഇതിൽ എത്രത്തോളം സ്വാധീനമുണ്ട്? പ്രവാസജീവിതം താങ്കളെ എങ്ങനെയാണ് മാറ്റിയെടുത്തത്?
 
 ബ്രിട്ടീഷുകാർക്കൊപ്പം പ്രവർത്തിച്ചിരുന്ന എന്റെ പിതാവ് 'കുത്തുകല്ലുങ്കൽ അപ്പച്ചന്' ഇംഗ്ലീഷിലും ഹിന്ദിയിലും നല്ല പ്രാവീണ്യമായിരുന്നു. കേരളസന്ദർശന  വേളയിൽ കേന്ദ്രമന്ത്രിമാർ നടത്തുന്ന പ്രസംഗങ്ങൾ മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് അദ്ദേഹമാണ്. പൊതുപ്രവർത്തകനായ അപ്പച്ചനെ കണ്ടുവളർന്നതു തന്നെയാകാം സാമൂഹികമായ കാര്യങ്ങളിൽ ഇടപെടാൻ ചെറുപ്രായത്തിലേ എന്നിൽ താല്പര്യം ജനിപ്പിച്ചത്.
 
 ടി.എം.ജേക്കബ്  വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടം. അന്ന് ഞാൻ പത്താം ക്ലാസിലാണ്. രാഷ്ട്രീയം കളിച്ചുനടന്ന എന്നെ  സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മോഡൽ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും തീർത്ത് പറഞ്ഞു. മാതാപിതാക്കളെ ഇടപെടുത്താതെ എനിക്ക് തന്നെ അക്കാര്യം പരിഹരിക്കാനാകുമെന്നൊരു  ധൈര്യം ആ പ്രായത്തിലേ  തോന്നിയിരുന്നു. തിരുവനന്തപുരത്തുപോയി എന്റേതായ മാർഗങ്ങളിലൂടെ മന്ത്രിയുടെ പ്രത്യേക ഉത്തരവ് വാങ്ങി പരീക്ഷ എഴുതി.  ഉഴപ്പനായ ഞാൻ എസ്.എസ്.എൽ.സി തോൽക്കുമെന്നാണ് കുടുംബക്കാരടക്കം എല്ലാവരും കരുതിയത്. അവിടെയും ജയിക്കണമെന്നുള്ള വാശി തുണയായി. അസീസിയുടെ ഗൈഡുകൾ  വാങ്ങി, അമ്മവീട്ടിൽ പോയി കതകടച്ച് ഒന്നരമാസം കൊണ്ട് നടത്തിയ ചിട്ടയായ പഠനംകൊണ്ട് ഞാൻ സ്‌കൂളിലെ രണ്ടാം റാങ്ക് നേടി.
 
ചങ്ങനാശേരി എസ്.ബി കോളജിൽ സുവോളജിക്ക് ചേർന്ന്, ആദ്യവർഷം തന്നെ രാഷ്ട്രീയത്തിലേക്ക് കൂടി  ശ്രദ്ധതിരിച്ചു. യൂണിവേഴ്സിറ്റി യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായി.പിന്നീട് ആ വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി. എറണാകുളം ലോ കോളജിൽ നിന്ന് നിയമബിരുദം നേടി, ഹൈക്കോടതിയിൽ നാലുവർഷം  പ്രാക്ടീസ് ചെയ്തു .നെല്ലൂപ്പാറ പഞ്ചായത്തിലെ സാധാരണക്കാരുടെ പരാതികൾ എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുന്നതായിരുന്നു അക്കാലത്തെ ജനസേവനം.പിന്നീടാണ് അമേരിക്കയിലേക്ക് വരുന്നത്. ഏഴെട്ടുവർഷത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു തീരുമാനം.
 
അമേരിക്കയിലേക്ക് വണ്ടികയറുമ്പോൾ കുടുംബത്തിനായിരുന്നു പ്രഥമ പരിഗണന. ദിവസം രണ്ടും മൂന്നും ജോലി ചെയ്യാനും എത്ര കഷ്ടപ്പെടാനും തയ്യാറായിരുന്നു. ഭാര്യയ്ക്കും ജോലിയുണ്ട്. അന്നും നാട്ടിൽ നിന്ന് ന്യൂജേഴ്സിയിലെത്തുന്നവരെ  എയർപ്പോർട്ടിൽ ചെന്ന് കൂട്ടിക്കൊണ്ടുവരികയും നമ്മുടെ പരിധിയിൽ നിന്ന് സാധ്യമാകുന്ന  സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. പ്രവാസജീവിതത്തിലെ  നാലാം വർഷമാണ്, കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയിൽ നിന്ന് പുതിയതായി രൂപം കൊടുത്ത കമ്മിറ്റിയുടെ സെക്രട്ടറിയാകാൻ ക്ഷണം വന്നത്. ആദ്യം നിരസിച്ചെങ്കിലും ആവർത്തിച്ചുള്ള നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. അതൊരു നിയോഗമായിരുന്നിരിക്കാം. സംഘടനയിൽ സമൂലമായ മാറ്റം കൊണ്ടുവരാൻ എനിക്ക് സാധിക്കുമെന്ന് സ്വയം തിരിച്ചറിഞ്ഞത് അക്കാലയളവിലാണ്. സംഘടനകൾ  ഓണം -പുതുവർഷം എന്നിങ്ങനെയുള്ള ആഘോഷങ്ങളിൽ മാത്രമായി ഒതുങ്ങേണ്ടതല്ലെന്നും ജനങ്ങൾക്ക് പ്രയോജനപ്രദമായ പലകാര്യങ്ങളും അതിലൂടെ നടപ്പാക്കാമെന്നും അംഗങ്ങളെ ബോധ്യപ്പെടുത്തി. ചാക്കോയോ മത്തായിയോ  മാത്രം തലപ്പത്തെത്തുന്ന പോക്കറ്റ് സംഘടനകളിൽ നിന്ന് മാറി, പ്രതിവർഷം  ഇലക്ഷൻ നടത്തി പ്രസിഡന്റിനെ തീരുമാനിക്കുന്നതടക്കമുള്ള ചിന്ത അവിടെനിന്നാണ് തുടങ്ങിയത്. ലിംഗ-ജാതി-മത ഭേദമന്യേ എല്ലാവരും ഒത്തുചേർന്ന് ഒരു ജനകീയ മുഖം സംഘടനയ്ക്ക് കൈവന്നത് ആ തീരുമാനത്തിൽ നിന്നാണ്. അംഗങ്ങൾക്ക് മെഡികെയർ ബെനിഫിറ്റുകൾ ലഭ്യമാക്കുന്നതിനും പ്രവർത്തിച്ചു.  പിന്നീട് ഞാൻ ആ സംഘടനയുടെ പ്രസിഡന്റായി. കഴിഞ്ഞ 17 വർഷങ്ങൾക്കിടയിൽ ഒരിക്കൽപോലും 
ഒരു വ്യക്തിയും പ്രസിഡന്റ് സ്ഥാനത്ത് ആവർത്തിച്ചു വന്നിട്ടില്ല.
പ്രസിഡന്റായി കഴിഞ്ഞാൽ, അവർ ബോർഡിൽ പോകുകയും പിന്നീട് സംഘടനയുടെ വെളിയിൽ നിന്നുള്ള പ്രവർത്തനത്തിൽ വ്യാപൃതരാവുകയും ചെയ്യും.-
 
ഫൊക്കാനയിൽ നിന്ന് ഫോമയിലേക്ക്? 
 
കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ പ്രസിഡണ്ടായിരിക്കെ ഞാൻ ചെയ്ത പ്രവർത്തനങ്ങൾ കണ്ടാണ് ഫൊക്കാനയുടെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ക്ഷണം വന്നത്. ഫൊക്കാനയിലെ ഇലക്ഷൻ രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരമായിരുന്നു. 
2006 ൽ അമേരിക്കയിൽ ഏഷ്യാനെറ്റ് വന്നപ്പോൾ ' അമേരിക്കൻ തൊഴിലവസരങ്ങൾ' എന്ന പരിപാടി അവതരിപ്പിച്ചതിലൂടെ ടിവിയിൽ എന്റെ മുഖം കണ്ടുകണ്ട്  ന്യൂജേഴ്‌സിക്ക് വെളിയിലുള്ളവർക്കും ഞാൻ  സുപരിചിതനായി തീർന്നിരുന്നു. 
നഴ്സിംഗ്-ഫാർമസി-ഐടി മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികൾക്ക് അമേരിക്കൻ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനുള്ള വഴി ഒരുക്കുക എന്ന ഉദ്ദേശം കൂടി അതിലൂടെ നിറവേറ്റി. ഇമിഗ്രെഷൻ അറ്റോർണി, എംപ്ലോയർ എന്നിവരുമായി ചർച്ചചെയ്ത് ഏജൻസിയില്ലാതെ എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുന്ന ആ പ്രോഗ്രാം  വലിയ പ്രേക്ഷകശ്രദ്ധ നേടി.
 
 
ഫൊക്കാനയിൽ ശശിധരൻ നായർ പ്രസിഡന്റ് ആയി മത്സരിക്കുന്ന ടീമിനൊപ്പം സെക്രട്ടറി സ്ഥാനത്തേക്ക് ഞാനും മത്സരിച്ചു. തമ്പി ചാക്കോ, ജോയ് ചെമ്മാച്ചൽ എന്നിവരുടെ ടീം മറുപക്ഷത്ത്.
കാനഡ മുതൽ കാലിഫോണിയ  വരെയുള്ള ഓരോ അസോസിയേഷനുകളും സന്ദർശിച്ച് ജനങ്ങളുമായി ഒരു നെറ്റ്‌വർക്ക് തീർത്തു.113 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഞാനന്ന്  വിജയിച്ചത്. നാഷണൽ ലെവൽ യൂത്ത് ഫെസ്റ്റിവൽ, കരിയർ സെമിനാർ എന്നിങ്ങനെ രണ്ടുവർഷക്കാലം കൊണ്ട് ശക്തമായ പ്രകടനം ഞങ്ങൾ നടത്തി.
 
എതിർ ടീമുകാർ നിസ്സാര സാങ്കേതിക പ്രശ്നത്തിന്റെ പേരിൽ കോടതിയെ സമീപിച്ചിരുന്നു. 2008 ൽ ഹൂസ്റ്റൺ കൺവൻഷൻ നടക്കാൻ ഒരു മാസം ബാക്കി നിൽക്കെയാണ് ഇലക്ഷൻ അസാധു ആണെന്ന കോർട്ട് ഓർഡർ വരുന്നത്. ആ സമയം, കോടതിയിൽ പോയി ഒരു എതിർവിധി വാങ്ങാൻ സാവകാശമില്ല. കേരളത്തിൽ 15 വീടുകൾ നിർമ്മിച്ചു നല്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ  മുന്നിൽ. നിൽക്കുന്ന സമയമാണ്. അടിയന്തരമായി  ജനറൽ ബോഡി വിളിച്ചുകൂട്ടി 'ഫോമാ' എന്ന  പുതിയൊരു സംഘടന രൂപീകരിച്ചു. (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് എന്ന നാമധേയത്തിൽ 'അമേരിക്കാസ്' കാനഡയും  മെക്സിക്കോയും യു എസ് എ യും കൂടി ചേരുന്നതാണ്).
 
44 അസോസിയേഷനുകളിൽ 40 അസോസിയേഷനുകളും ഫോമയ്‌ക്കൊപ്പം നിലകൊണ്ടു. ഫോമായുടെ ഫൗണ്ടിങ് സെക്രട്ടറി ആയ ഞാൻ, സംഘടനാപ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്ന  അവസരത്തിലേ പ്രസിഡന്റായി മത്സരിക്കൂ എന്ന് തീരുമാനിച്ചിരുന്നു. 2020 ൽ ഇതാണ് കൃത്യസമയമെന്ന് ബോധ്യപ്പെട്ടപ്പോഴാണ് മത്സരിച്ചതും, പ്രസിഡന്റ് സ്ഥാനത്തെത്തിയതും.
 
സംഘടന എന്ന നിലയിൽ ഫോമയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ?
 
നാഷണൽ കമ്മിറ്റിയിലെ  53 പേരിൽ 3 വനിതകളും 3  യുവാക്കളും ഉണ്ടായിരിക്കണമെന്നാണ് ഫോമായുടെ ചട്ടം. 
സംഘടനാ പ്രവർത്തനങ്ങൾ ശക്തമല്ലെങ്കിൽ  അഡ്വൈസറി കൗൺസിൽ ഇടപെടും. ഫോമായിലെ ആഭ്യന്തര പരാതികൾ പരിഹരിക്കുന്നതിന് ജുഡീഷ്യൽ കൗൺസിലും പ്രവർത്തിക്കുന്നുണ്ട്.പരാതിയുടെ അടിസ്ഥാനത്തിൽ  ഇരുകൂട്ടരുടെയും സ്റ്റേറ്റ്മെന്റടുത്ത് അന്വേഷണം ഉണ്ടാകും. ആരെങ്കിലും എതിർത്തുകൊണ്ട് 'ചലഞ്ച് ചെയ്‌താൽ' ജനറൽ കൗൺസിലിലേക്ക് പോകാം. ഫോമായുടെ 80 ഓർഗനൈസേഷനുകളിൽ നിന്നുള്ള 5 ഡെലിഗേറ്റ്സ് വീതം ചേരുന്നതാണ് ജനറൽ കൗൺസിൽ. അവിടെയും ഉചിതമായ തീർപ്പുണ്ടാകാത്ത പക്ഷം, കോടതിയെ സമീപിക്കാം.
 
ഓരോ പ്രസിഡന്റുമാരും അവരുടെ കാലഘട്ടം  പൂർത്തിയാകുമ്പോൾ  ലോഗോ, വെബ്സൈറ്റ് ആക്സസ് എന്നിങ്ങനെ എല്ലാം കംപ്ലയൻസ്‌  കമ്മിറ്റിക്ക് കൈമാറണം. അവരിത് പുതിയ നേതൃത്വത്തെ ഏൽപ്പിക്കും. തുടങ്ങിവച്ച പദ്ധതികളെ നേതൃത്വ മാറ്റം ഒരു തരത്തിലും ബാധിക്കാതെ മുന്നോട്ടുപോകാൻ ഫോമയ്‌ക്ക് ഇതിലൂടെ സാധിക്കുന്നു. സംഘടനയുടെ ഘടന സുതാര്യമാണ്- വനിതാ ഫോറം, യൂത്ത് ഫോറം, സീനിയർ ഫോറം എല്ലാം സജീവമാണ്. എല്ലാ വർഷവും ജനറൽ കൌൺസിൽ കൂടിയിരിക്കണമെന്നതും നിർബന്ധമാണ്.
 
വ്യക്തികേന്ദ്രീകൃതമാകാതെ സംഘടനയ്ക്കായിരിക്കണം എപ്പോഴും മുൻ‌തൂക്കം എന്ന തത്വത്തിൽ ഊന്നിയാണ് ഇത്തരം നിയമങ്ങൾ കൊണ്ടുവന്നത്. 
 
കോവിഡ് ഉൾപ്പെടെ പ്രതിസന്ധികൾ ഏറെയുള്ള കാലഘട്ടത്തിലാണ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളോട് എത്രമാത്രം നീതിപുലർത്താനാകുന്നുണ്ട്?
 
നൂറ്റൊന്ന്  ശതമാനമെന്ന് തന്നെ പറയാം. പ്രതിസന്ധി ഘട്ടങ്ങളിലാണ് ആളുകൾക്ക് കൂടുതൽ സഹായം വേണ്ടത്. തടസ്സങ്ങളുണ്ടാകുമ്പോഴാണല്ലോ അവ മറികടക്കാനുള്ള മാർഗ്ഗങ്ങൾ ചിന്തിക്കുന്നത്. ഉദ്ദേശിച്ചുറപ്പിച്ചതിനപ്പുറം കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നു എന്ന സംതൃപ്തിയുണ്ട്.
 
 ഈ കോവിഡും ആയിട്ട് എന്ത് ചെയ്യാനാണെന്ന് നിരുത്സാഹപ്പെടുത്തിയവരുണ്ട്. ഞാൻ പ്രസിഡന്റായ ശേഷം ആദ്യം ചെയ്തത് കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് ഉചിതമായ യാത്ര അയപ്പ് നൽകിയതാണ്. മഹാമാരി അമേരിക്കയിൽ താണ്ഡവമാടുന്ന സമയമായിരുന്നു. ശവസംസ്കാരച്ചടങ്ങുകളിൽ  അഞ്ച് പേർക്ക് മാത്രമേ പങ്കെടുക്കാനാകുമായിരുന്നുള്ളു.1000 പേരെ ഉൾക്കൊള്ളാവുന്ന ഒരു പ്ലാറ്റ്ഫോം എടുത്ത്, മരണപ്പെട്ടയാളുടെ ബന്ധുമിത്രാദികളെയും മതമേലധ്യക്ഷന്മാരെയും വികാരിയെയും എല്ലാം ഉൾപ്പെടുത്തി ഫ്യൂണറൽ സർവീസ് നടത്തി. ഉറ്റവരുടെ മരണം പോലെ ഏറ്റവും വിഷമഘട്ടത്തിൽ അപ്രതീക്ഷിതമായി അരികിലെത്തിയ  ഫോമായുടെ കൈത്താങ്ങ്, ജനഹൃദയത്തിൽ ആഴത്തിലൊരിടം നേടിത്തന്നു.
 
സ്റ്റുഡന്റ് വിസയിൽ വന്നവരും, വിസിറ്റിംഗ് വിസയിൽ എത്തിയവരും, എച്ച് 1 വിസയിലെത്തിയ സ്പൗസസും അമേരിക്കയിൽ കുടുങ്ങിക്കിടന്ന സാഹചര്യത്തിൽ, 5 കോൺസുലേറ്റുകളുമായി ബന്ധപ്പെട്ട്   വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ സഹകരണത്തോടെ  അംഗസംഘടനകളുമായി സഹകരിച്ചു    താമസസൗകര്യം, ഭക്ഷണം  ഉൾപ്പെടെ അടിയന്തരസഹായങ്ങൾ എത്തിച്ചുനൽകി. ഭയാശങ്ക നിറഞ്ഞ മനസ്സുമായി ആളുകൾ  ഒറ്റപ്പെട്ടുപോയ അവസരത്തിൽ സാന്ത്വന സംഗീതമെന്ന പരിപാടി സൂം  പ്ലാറ്റ്ഫോമിൽ ആരംഭിച്ചു. ഇപ്പോളത് 80 എപ്പിസോഡുകൾ പിന്നിട്ടു. കുട്ടികളുടെ മാനസികോല്ലാസത്തിനായി ക്വിസ് പ്രോഗ്രാമുകളും ചിത്രരചനാമത്സരങ്ങളും സംഘടിപ്പിച്ചതും വലിയ വിജയമായി. 
 
കേരളത്തിൽ അടുത്തിടെ ഫോമാ അംഗങ്ങൾ നേരിട്ടെത്തി നടപ്പാക്കിയ പദ്ധതികളെക്കുറിച്ച്?
 
ഫോമാ നിർവ്വാഹക സമിതി അംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണകൊണ്ടാണ് പ്രതീക്ഷയ്‌ക്കൊത്ത്  പദ്ധതികൾ നടപ്പാക്കാൻ സാധിക്കുന്നത്.    ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവരുടെ സജീവമായ പങ്കാളിത്തം എടുത്തുപറയുന്നു. 
 
മൂന്ന് കോടി രൂപയുടെ പദ്ധതികളാണ് പ്രളയത്തിലും കോവിഡിലും പ്രതിസന്ധിയിലായ മലയാളികൾക്ക് രണ്ടാഴ്ചകൊണ്ട് കേരളത്തിൽ നേരിട്ടെത്തി ഫോമയുടെ ടീം നടപ്പിലാക്കിയത്. 
 
എറണാകുളം ജില്ലാ ആശുപത്രിയിലും തിരുവല്ല താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും ഇടുക്കിയിലും  കാസർഗോഡ് ജില്ല ആശുപത്രിയിലും വെന്റിലേറ്ററുകൾ വിതരണം ചെയ്തു. കൊല്ലം ജില്ലയിൽ പത്തനാപുരത്ത് ഫോമാ വില്ലേജ് എന്ന സ്വപ്നപദ്ധതിക്ക് തറക്കല്ലിട്ടു. പ്രളയബാധിത മേഖലയിൽ തൂണുകളിൽ കെട്ടിപ്പൊക്കിയ വീടുകളുടെ ഗ്രാമം ഉടൻ  സാധ്യമാകും.ഹൂസ്റ്റണിൽ താമസിക്കുന്ന ജോസ് പുന്നൂസും ഭാര്യ ആലീസുമാണ് അവരുടെ ആദ്യസമ്പാദ്യത്തിൽ വാങ്ങിയ സ്ഥലം ഇതിനായി നൽകിയത് .
 
ഞങ്ങളുടെ ടീം കേരളത്തിലെത്തിയപ്പോഴാണ് കൂട്ടിക്കലിൽ ഉരുൾപൊട്ടൽ ബാധിച്ച മേഖല നേരിൽ പോയി കണ്ടത്.  പദ്ധതിയിൽ അടിയന്തരമായി ഉൾപ്പെടുത്തിയാണ് അവിടത്തുകാർക്ക്  സഹായം നൽകിയത്.
കലാകാരന്മാരോടും അവരുടെ കുടുംബങ്ങളോടും ഫോമ എക്കാലവും പവിത്രമായൊരു ബന്ധമാണ് പുലർത്തുന്നത്.  അതുകൊണ്ടാണ്  മരണപ്പെട്ട ഗായകൻ സോമദാസിന്റെ മക്കൾക്ക് പഠനാവശ്യത്തിനായി 8 ലക്ഷം രൂപ കൈമാറിയത്. ഫോമയുടെ 'ഹെൽപ്പിംഗ് ഹാൻഡ്‌സ്'  പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സഹായം നൽകിയത്. ഓൺലൈൻ പഠനത്തിന് സ്‌കൂളുകളിൽ   സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.
 
അമേരിക്കയിലെ ഒരുപാട് മലയാളികൾ നാടിന് കൈത്താങ്ങാകാൻ ആഗ്രഹമുള്ളവരാണെന്ന് നേരിട്ടറിയാം. എങ്ങനെ സഹായം എത്തിക്കാമെന്നതാണ് അവരുടെ ആശങ്ക. സുതാര്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ഇടനിലക്കാരില്ലാതെ പദ്ധതികൾ അതിവേഗം നടപ്പിലാക്കുകയും ചെയ്യുന്നതുകൊണ്ട് ഫോമായെന്ന സംഘടനയെ കാര്യങ്ങൾ ഏൽപ്പിക്കാൻ കൂടുതൽ പേർ മുന്നോട്ട് വരുന്നതും അതുകൊണ്ടാണ്.
 
 
നമ്മുടെ കമ്മ്യൂണിറ്റിയിൽ നിന്ന്  രണ്ടാം തലമുറ അമേരിക്കൻ രാഷ്ട്രീയത്തിൽ കടക്കുന്നത് എങ്ങനെ കാണുന്നു?
 
അമേരിക്കൻ രാഷ്ട്രീയം കേരളത്തിലേതിൽ  നിന്ന് വിഭിന്നമാണ്. ബോറോകളിലെ കൗൺസിൽമാനാകാൻ 200 വോട്ട് മതിയാകും. വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്‌താൽ ജയിക്കാനാകും. ആദ്യ അവസരത്തിൽ പരാജയപ്പെട്ടാൽ പോലും, പേര് അടയാളപ്പെടുത്തുന്നതിന് അത്  ഉപകാരപ്പെടും. കമ്മ്യൂണിറ്റിയിൽ നിന്നുള്ള അംഗങ്ങൾക്ക് സംഘടന എല്ലാവിധ പ്രോത്സാഹനങ്ങളും ഫണ്ട് റെയ്‌സിംഗ് ഉൾപ്പെടെയുള്ള സഹായങ്ങളും ചെയ്യാറുണ്ട്. നോൺ-പ്രോഫിറ്റ് ഓർഗനൈസേഷൻ ആയതുകൊണ്ട് രാഷ്ട്രീയം പാടില്ലെങ്കിലും മേയറായും മറ്റും മലയാളികൾ മത്സരിക്കുന്ന അവസരത്തിൽ ഫോമാ ഒപ്പം നിലകൊള്ളുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രധാന സ്ഥാനങ്ങളിലേക്ക് നമ്മുടെ വരും തലമുറ എത്തുന്നത് കമ്മ്യൂണിറ്റിക്ക് കൂടുതൽ കരുത്ത് പകരും.
 
ഭാവിപരിപാടികൾ?
 
ഫോമയുടെ കേരള കൺവൻഷന്റെയും  ഇന്റർനാഷണൽ കൺവൻഷന്റെയും ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ എത്തിക്കുന്ന ഇന്റർനാഷണൽ കൺവൻഷൻ ഇത്തവണ  മെക്സിക്കോയിലെ ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രം കാൻകുനിലാണ് നടക്കുക. ബിസിനസ് ഫോറത്തിലെ അംഗങ്ങൾ പരസ്പരം കാണുമ്പോൾ അവർക്ക് ആ രംഗത്തെ ആശയങ്ങൾ കൈമാറാനും മാറ്റങ്ങളും പുതിയ സാധ്യതകളും അറിയാനും സാധിക്കും. ഐടി കമ്പനി ഉടമകളായ അംഗങ്ങളാണെങ്കിൽ ഒരുമിച്ച് സഹകരിച്ച് എങ്ങനെ മുന്നോട്ടുപോകാമെന്ന് തീരുമാനമെടുക്കാൻ  അവിടെവച്ചുള്ള കൂടിക്കാഴ്ച നിമിത്തമാകും.അനുയോജ്യമായ വിവാഹബന്ധം ലഭിക്കുന്നതിന് പോലും ഇത്തരമൊരു സമാഗമം വേദിയാകാറുണ്ട്. ഫോമയുടേതായി ഒരു മാട്രിമോണിയൽ സൈറ്റ് ആരംഭിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
വയറു വേദന 2021-11-05 22:53:46
നാട്ടിലുള്ള പലർക്കും വയറു വേദനയും വയറിളക്കവും പിടിച്ചെന്ന് പറയുന്നതുകേട്ടു.
മാമൻ 2021-11-06 00:55:44
വിശുദ്ധമാരുടെ അടുത്ത പട്ടികയിലേക്ക് പ്രവേശനം നേടുന്നതിന്റെ ആദ്യപടിയാണന്നു തോന്നുന്നു. നാല്പത് വര്ഷങ്ങള്ക്കു മുൻപ് നാട്ടിൽ പയറ്റിയ അതെ തന്ത്രങ്ങൾ ഈ സോഷ്യൽ മീഡിയ യുഗത്തിലും പയറ്റി വിജയിപ്പിക്കാൻ ശ്രമിക്കുന്ന ആ ചങ്കൂറ്റം അത് സമ്മതിക്കണം.
സ്വാന്ത്വനം 2021-11-06 12:33:02
അമേരിക്കയിലെ സ്വാന്ത്വനം എവിടെവരെയായി. പുതിയ തലമുറക്കൊക്കെ സ്വാന്ത്വനം കൊടുത്തോ
Thomas 2021-11-06 13:12:26
അനിയൻ ജോർജിന്റെ സാന്ത്വന ന്യൂസിന് നല്ല വായന പ്രതികരണം കിട്ടുന്നുണ്ടല്ലോ സാന്ത്വനമല്ലേ എല്ലാമെല്ലാം
George Vattappara 2021-11-06 14:18:15
ഫോമ മാട്രിമോണിയൽ കച്ചവടം തുടങ്ങുന്നത് നല്ലത് തന്നെ. ശരിക്കും ഇത് നടത്താൻ യോഗ്യതയുള്ളവർ തന്നെയാണ് തലപ്പത്തിരിക്കുന്നത്.
Writer 2021-11-07 16:26:01
"The problem with the world is that, the intelligent people are full of doubts, while the stupid ones are full of confidence"
Dominic Chackonal 2021-11-07 23:44:31
When someone does good, we must have the courage and decency to appreciate. This Executive and the previous executives under their respective President have done excellent work. AMMA Atlanta salute Aniyan George and team for doing many events
Youth 2021-11-08 20:46:22
All good works are appreciated except taking advantages and harassment to girls and others under the pretext of community service. Did AMMA Atlanta make any effort to question the current team on allegations against them. You should show at least that decency
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക