സായന്തനത്തിലെ ഒറ്റപ്പെടലുകൾ (കഥ: ശ്രീനി നിലമ്പൂർ)

Published on 06 November, 2021
സായന്തനത്തിലെ ഒറ്റപ്പെടലുകൾ (കഥ: ശ്രീനി നിലമ്പൂർ)
"പെൺമക്കൾ രണ്ടെണ്ണ മുണ്ടായിട്ടെന്താ കാര്യം? അപ്പച്ചന് എന്നെയാ പ്രിയം... എൻ്റത്രേം നന്നായിട്ടാരും നോക്കില്ലാന്നേ "

അടച്ചിട്ട മുറിക്കപ്പുറത്ത് നിന്നും മകൻ്റെ ഭാര്യയുടെ സംസാരം കാതിലെത്തുമ്പോൾ അഗസ്റ്റിൻ ജോസഫ് എന്ന എഴുപത്തിയാറുകാരൻ അസ്വ സ്ഥമായ മനസ്സോടെ, സ്വന്തം മലമൂത്ര വിസർജ്യങ്ങളിൽ കിടക്കുകയായിരുന്നു !

മുറിയിലെ നിലച്ച ക്ലോക്കിലെ സമയം മാത്രമായിരുന്നു ഏറെ നാളായിട്ടയാളുടെ സമയവും!

"അപ്പച്ചനിപ്പോ നല്ല ഉറക്കമാ... കാലത്ത് കാപ്പി കുടിച്ചേച്ചൊരുറക്കമുണ്ട്. ആരും ചെന്ന് ശല്യപ്പെടുത്തുന്നതിഷ്ടമല്ല, ചേച്ചീ...പിന്നെയൊരിക്കൽ കാണാം "

പുറത്തെ സംസാരങ്ങൾ അയാളെ നിരാശനാക്കി ..ആരെങ്കിലും ഒന്നു വന്നിരുന്നെങ്കിൽ!നേരമെത്രയോ ആയിട്ടയാളാശിക്കുകയായിരുന്നു !
തൊണ്ടനനയ്ക്കാൻ ഒരിറ്റു കാപ്പി, വേണ്ട ഒരിറ്റു നീരു പോലും തരാത്തവളാണ് പറയുന്നത്! വാഴുന്നവരേയും വീഴുന്നവരേയും സൃഷ്ടിച്ച ദൈവത്തെ അയാൾ ശപിച്ചു!

"ഇനിയുമെന്തിനെന്നെയീ ഭൂമിയിൽ നീ ബാക്കിയാക്കുന്നു കർത്താവേ? ശിക്ഷിച്ചു മതിയായില്ലേ? " കാലം കാത്തു വെച്ച കാവ്യനീതിയുടെ വിസ്താരങ്ങൾക്കായി അയാൾ നീണ്ടു നിവർന്നു കിടന്നു !

        വർഷങ്ങൾക്കു മുമ്പ് ഇടുക്കിയിൽ കുടിയേറിയതാണ്  ജോസപ്പേട്ടൻ എന്ന് നാട്ടുകാർ വിളിക്കുന്ന അഗസ്റ്റിൻ ജോസഫ്.! ധാരാളം പാറമടകളുണ്ടായിരുന്ന ഇടുക്കിയിലെ പന്നിമറ്റത്ത്  ഒരു പാറമടത്തൊഴിലാളിയായിരുന്നയാൾ . ഭാര്യയും രണ്ടു പെൺമക്കളും ഒരു മകനുമായി സന്തുഷ്ട ജീവിതം കഴിച്ചിരുന്ന അഗസ്റ്റിൻ,  ആഘോഷവേളകളിൽ അല്പം മദ്യപിച്ചിരുന്നതൊഴിച്ചാൽ, മറ്റ് ദുശ്ശീലങ്ങളൊന്നുമില്ലാത്ത ഒരു സാധാരണക്കാരനായിരുന്നു ..

പാറ തുരന്ന് വെടിമരുന്ന് നിറച്ച് പൊട്ടിക്കുന്നതിൽ വിദഗ്ദ്ധനായിരുന്നയാൾ! ആ ജോലിക്ക് കൂലികൂടുതൽ ഉണ്ടായിരുന്നതിനാൽ, അതിൽ പ്രാവീണ്യം നേടുന്നതിലാദ്യം മുതൽ ശ്രദ്ധ ചെലുത്തി! എന്നാൽ  വെടിമരുന്നുകളുടെ കൈകാര്യം ചെയ്യൽ അപകടവും  ഒപ്പം രോഗം വരാനുള്ള സാധ്യതകളും വർദ്ധിപ്പിച്ചിരുന്നു.. അതൊന്നും അദ്ദേഹത്തിന് ഒരു പ്രശ്നമേ ആയിരുന്നില്ല!

പെൺമക്കളെ നല്ല നിലയിൽ സ്ത്രീധനം കൊടുത്തു തന്നെ കെട്ടിച്ചയച്ചു.. രണ്ടു പേരുടേയും ഭർത്താക്കന്മാർ സർക്കാർ ജോലിക്കാരാണെന്നത് അയാളെ അല്പം അഹങ്കാരിയുമാക്കിയിരുന്നു. ഒരേയൊരു മകൻ തോമസ് നന്നായി പഠിക്കുമായിരുന്നതിനാൽ അയാൾക്കവനെ ഏറെ പ്രിയങ്കരനാക്കി. എന്നും പാറമടയിൽ നിന്നും വരുമ്പോൾ അവനു വേണ്ടി പലഹാരങ്ങൾ മറക്കാതെ കൊണ്ടു വരുമായിരുന്നു! അതിൽ പെൺമക്കൾക്ക് പരിഭവം ഉണ്ടായിരുന്ന തയാളെ അലട്ടിയില്ല.

"നീയൊക്കെ കണ്ടവനൊപ്പം പോയി സുഹിക്കുമ്പോ, എൻ്റെ തോമാക്കുഞ്ഞേ എന്നെ നോക്കാനൊണ്ടാകൂ.... "
എന്നയാൾ ഇടക്കിടെ പറയാറുമുണ്ടായിരുന്നു ..

കൊച്ചു കൊച്ചു പാറക്കെട്ടുകളിലും ചെടിപ്പടർപ്പുകളിലും തട്ടിത്തഴുകിയൊഴുകുന്ന കുളിരരുവിപോലെയാ ജീവിതം, സന്തുഷ്ടമായി ഒഴുകിക്കൊണ്ടിരുന്നു!

സ്വപ്നങ്ങൾക്കു ചിറകുമുളച്ച് പറന്ന്, മകന് പോലീസിൽ സബ് ഇൻസ്പെക്ടറായി നിയമനം കിട്ടിയ ദിവസം അയാൾ കൂട്ടുകാർക്കെല്ലാം വയറുനിറച്ച് മദ്യം കൊടുത്ത് സൽക്കരിച്ചു. ഒരു പെരുന്നാളായിരുന്നയാൾക്കന്ന് !
അവൻ്റെ വിവാഹത്തിന് പെരുമ്പാവൂരിലെ സിനിമാ നിർമ്മാതാവിൻ്റെ ബി.എം.ഡബ്ല്യു കാർ വാടകയ്ക്കെടുത്ത് കൊണ്ടുവന്നയാൾ!പുതുപ്പെണ്ണിനെ കൂട്ടി മകൻ ആ കാറിൽ വന്നിറങ്ങുമ്പോൾ മറ്റേതോ ലോകത്തെത്തിയ പോലൊരവസ്ഥയിലായിരുന്നു അഗസ്റ്റിൻ ചേട്ടൻ!

കാലം കടന്നു പോകവേ ആ ചെറിയ വീടിൻ്റെ അസൗകര്യങ്ങളിൽ മരുമകൾ അസന്തുഷ്ടി പ്രകടിപ്പിക്കുന്നതയാളറിഞ്ഞു! വീടുപൊളിച്ച് വലുതാക്കാമെന്ന് ,മറ്റൊരാൾ  തന്നോട് പറയും മുമ്പേ അയാൾ മകനോട് പറഞ്ഞു!രോഗി ഇച്ഛിച്ചതു തന്നെ വൈദ്യൻ കല്പിച്ചതിലവൻ, ദൈവത്തിനു സ്തുതി ചൊല്ലി !

സ്ഥലം മകൻ്റെ പേരിലാണെങ്കിൽ ഭവന വായ്പ അനുവദിക്കാൻ എളുപ്പമാകുമെന്ന് ബാങ്ക് മാനേജർ പറഞ്ഞപ്പോൾ , ഒട്ടും മടിക്കാതെ അയാളാ അമ്പത് സെൻറ് പുരയിടം അവൻ്റെ പേരിലേക്കു നല്കി. പുതിയതായി പണിത്, 'സ്വർഗ്ഗം' എന്നു പേരിട്ട വീട് പിന്നീടെപ്പോഴൊ അയാൾക്കും ഭാര്യയ്ക്കും നരകമായിത്തുടങ്ങി!!  അടുക്കളയും അതോടു ചേർന്നുള്ള അവരുടെ മുറിയും മാത്രമാണവർക്കു രണ്ടു പേർക്കുമാ വീട്ടിൽ പ്രവേശനം ഉണ്ടായിരുന്നയിടങ്ങൾ !

വീട്ടിലെ അസന്തുഷ്ടിക്കിടയിൽ,തൊഴിൽ സ്ഥലത്തെ രാസവസ്തുക്കൾ അയാളെ ഒരു  ശ്വാസകോശരോഗിയാക്കിയും മാറ്റിയിരുന്നു.മറിയാമ്മയാണെങ്കിൽ മുട്ട് വേദന കാരണം ശരിക്കു നടക്കാനാവാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലും!

ചുമരിൽ പിടിച്ച് നടന്ന് പെയിൻ്റ് ചെയ്തത് വൃത്തികേടാക്കി എന്ന പേരിൽ മകൻ്റെ ഭാര്യ ആദ്യമായി അവരെ വഴക്കുപറഞ്ഞത് രണ്ടു പേർക്കും കഠിനമായ വിഷമമുണ്ടാക്കി.മകനെ സങ്കടപ്പെടുത്തേണ്ടെന്ന് കരുതി രണ്ടു പേരും ദുഃഖം ഉള്ളിലൊതുക്കിക്കഴിഞ്ഞു. എന്നാൽ, പിന്നീട് ഓരോ ചെയ്തികളും കുറ്റപ്പെടുത്തലുകളായ് മാറിക്കൊണ്ടിരുന്നു. അടുക്കളയിൽ പോലും പ്രവേശനം നിഷേധിക്കപ്പെട്ടു...

വിശിഷ്ടാതിഥികൾ വരുമ്പോൾ അങ്ങോട്ടേക്ക് ഞൊണ്ടി വന്നേക്കരുതെന്നായി പിന്നീട് കല്പന !

സന്തോഷത്തിൻ്റെ ഉത്തുംഗതയിൽ നിന്നുള്ള വീഴ്ചകൾ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. നോവുന്ന മുറിവുകളിൽ തീവെന്ത പോൽ ,ഒരു ദിനം പാറമടയിലെ അപകടത്തിൽ ഗുരുതരാവസ്ഥയിൽ അയാൾ ആശുപത്രിയിലായി. മക്കളെല്ലാം കാണാനെത്തിയെങ്കിലും, ആർക്കും നിൽക്കാൻ നേരമില്ലാത്തവരായി തിരിച്ചു പോയി! ഒടുക്കം ഭാര്യതന്നെ അയാളൊടൊപ്പം ആശുപത്രിയിൽ നിന്നു ! ഹൃദയസ്പന്ദനം നിലച്ചിട്ടില്ലെന്ന തൊഴിച്ചാൽ മൃതമായ അവസ്ഥയിലായിപ്പോയിരുന്നയാൾ!

വീട്ടിലേക്കു തിരികെ വരുമ്പോൾ എല്ലാക്കാര്യങ്ങൾക്കും മറുകൈയ്യൊന്നില്ലാതെ അയാളുടെ ഭാര്യ തീർത്തും ബുദ്ധിമുട്ടി. ഭർത്താവിനെ പരിചരിക്കുന്നതിൽ മാത്രം സംതൃപ്തി തേടിയ ആ സാധു തൻ്റെ വേദനകളെ അവഗണിച്ചു.
എല്ലാം കാണാനും, കേൾക്കാനും, ദൈവത്തോട് നിശ്ശബ്ദം സങ്കടം പറയാനുമല്ലാതെ അയാൾക്കൊന്നിനും ആവതില്ലായിരുന്നു!

എന്നെങ്കിലുമൊരിക്കൽ മരുന്നുകൊണ്ടുവന്ന് മേശപ്പുറത്ത് വെയ്ക്കാനല്ലാതെ, മകൻ അയാൾ കിടക്കുന്ന മുറിയിൽ വരാറേയില്ല!
നാത്തൂൻ്റെ പോര് കാരണം പെൺമക്കൾ വരാതായിട്ട് മാസങ്ങളായി.

അതിലേറെ അയാളെ തളർത്തിയത് ഭാര്യയുടെ മരണമാണ്. അന്നൊരു രാത്രി, തനിക്കുമരുന്നു തന്ന് അരികെ കിടന്നതാണവൾ! എന്തെല്ലാമോ അസ്വസ്ഥകളാൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് അവൾ ഞരങ്ങിക്കരയുന്നതയാൾ അറിഞ്ഞു. എന്തു പറ്റി എന്ന് ചോദിക്കുന്നുണ്ടായിരുന്നയാൾ! എന്നാൽ ശബ്ദം വന്നില്ല. ഭാര്യയുടെ ഞരക്കം കൂടി വരുന്നതയാളറിഞ്ഞു ... മോനേ.. എന്നുറക്കെവിളിയ്ക്കാൻ ശ്രമിച്ചയാൾ പരാജയപ്പെട്ടു. ഞരക്കങ്ങളുടെ ആവേഗം ദുർബലമാകുന്തോറും ,  കർത്താവിലേക്കുള്ള അവളുടെ യാത്രയുടെ ദൂരമവസാനിക്കുന്നതയാൾ അറിഞ്ഞു!  പ്രിയപ്പെട്ടവളുടെ നിശ്ചേതന ദേഹത്തിൻ്റെ അവസാന ചൂടകലുന്നതറിയാൻ പോലും കഴിയാത്ത തൻ്റെ നിസ്സഹായതയിൽ അയാൾ കഠിനമായി ദു:ഖിച്ചു.

നിശ്ശബ്ദനായി കണ്ണീരൊഴുക്കാനല്ലാതെ മറ്റൊന്നിനും കഴിയാത്തതിലയാൾക്ക്  ആത്മനിന്ദയനുഭവപ്പെട്ടു! പിറ്റേന്ന് എപ്പോഴോ ആരൊക്കെയോ വന്നതും ഭാര്യയുടെ ശരീരം കൊണ്ടു പോകുന്നതും, ചിലർ സഹതാപത്തോടെ തന്നെ നോക്കുന്നതുമെല്ലാമയാളറിഞ്ഞു!

"വെള്ളം ചോദിച്ചപ്പം ഞാൻ വന്ന് കാപ്പിയിട്ടു കൊടുത്തേച്ച് പോയതാ.അപ്പഴൊന്നും ഒരു പ്രശനോമില്ലായിരുന്നെന്ന് " കണ്ണീർ വാർത്ത് മരുമകൾ തൻ്റെ മുമ്പിൽ നിന്ന് ആരോടോ തേങ്ങിപ്പറയുമ്പോൾ, തൊഴിക്കാൻ കഴിയാത്ത കാലിനെയയാൾ വെറുത്തു!

പ്രാർത്ഥനാ ശബ്ദങ്ങൾ നിലച്ചു;ആൾക്കൂട്ട ശബ്ദവും! കണ്ണീർപ്പാട മൂടിയ കാഴ്ചയിൽ, മുന്നിലുള്ള ചുമരിലെ ക്ലോക്ക് രണ്ട് മണിയെന്നു കാണിക്കുന്നുണ്ടായിരുന്നപ്പോൾ!
പിന്നെയെപ്പോഴോ പലരുടെയും കാൽപ്പെരുമാറ്റങ്ങൾ അടുത്തുവന്നതും അകന്നു പോയതും അയാളറിഞ്ഞു. മിഴി തുറക്കാതെ കിടന്നു.

"എടീ സിസിലി, നിൻ്റെ കാര്യം ഇനി കഷ്ടം തന്നെയാന്നേ "

"എൻ്റമ്മച്ചീ, ഈ കുരിശിനെ കർത്താവെനിക്കു വെച്ചതാന്നാ തോന്നണേ..! തളളടെകൂടെ ഇതൂടങ്ങ് പോയാരുന്നേ.... !"

മരുമകളും അമ്മയും തന്നെക്കുറിച്ചാണ് പറയുന്നതെന്ന് നിസ്സഹായതയോടെ അയാൾ അറിഞ്ഞു! ഉള്ള് നീറിപ്പുകഞ്ഞു. സജലമിഴികൾക്കു മുന്നിൽ വീണ്ടും ക്ലോക്ക് രണ്ടു മണിയെന്ന് തെളിഞ്ഞു .... വീണ്ടും വീണ്ടും നോക്കിയപ്പോൾ, ആ ക്ലോക്ക് നിലച്ചുപോയെന്ന സത്യമയാൾ
തിരിച്ചറിഞ്ഞു. ഇന്നലെ മറിയാമ്മ തന്നെ വിട്ടു പോയപ്പോൾ ഇതും നിലച്ചുപോയതാകാമെന്നയാൾ ഉറപ്പിച്ചു. നാഴികമണി നോക്കി തനിക്കു ഭക്ഷണവും മരുന്നും നല്കി പരിച്ചരിച്ചവൾ തന്നെ വിട്ടുപോയപ്പോൾ, തൻ്റെ ജീവിതത്തിലിനി സമയ സൂചികകൾക്ക് സ്ഥാനമില്ലാതായതാകാം കാരണമെന്നയാൾ വെറുതെ യൂഹിച്ചു! അന്നു മുതൽ ആ നിലച്ച ക്ലോക്ക് അയാളുടെ ജീവിതത്തിൻ്റെ ഭാഗമായി മാറി! ഒറ്റപ്പെടലിൻ്റെയും അവഗണനയുടേയും ലോകത്തിൽ നിന്ന്,സ്വർഗ്ഗയാത്രയ്ക്കുള്ള തേരിൻ്റെ വരവും കാത്തയാൾ
ചലിക്കാത്ത സൂചിക പോലെ കിടന്നു !

എപ്പോഴെങ്കിലും മൂക്കും പൊത്തി വന്ന് മരുന്നെടുത്തു തരുന്ന പേരക്കുട്ടികൾ പോലും അയാളോടു മിണ്ടാറില്ല! അതിലയാൾക്കു വിഷമമുണ്ടായില്ല! പൊന്നുപോലെ നോക്കി വളർത്തിയ മകൻ,ഈ മുറിക്കു മുന്നിൽ പോലും വന്ന നാൾ, വിസ്മൃതി പൂകിക്കഴിഞ്ഞിരുന്നു!!

ആകെയുണ്ടായിരുന്ന പുറം കാഴ്ചകൾ ആ ജനലിനപ്പുറത്തെ മരങ്ങളും ആകാശവുമായിരുന്നു .ആ കാഴ്ചകളും നഷ്ടമായത് മറിയാമ്മയുടെ മരണത്തോടെയായിരുന്നു എന്നയാളോർത്തു! കിടക്കും മുമ്പ് രാത്രിയിൽ അവളടച്ചു കുറ്റിയിട്ട ജനൽ പിന്നീടാരും തുറന്നിട്ടില്ല.
മുറിയിൽ വെളിച്ചമില്ലാതാകുന്ന ദിവസം വീട്ടിൽ വിരുന്നുകാരുണ്ടെന്ന് ശീലങ്ങളിൽ നിന്നയാൾക്ക് മനസ്സിലായിത്തുടങ്ങി!

കഠിനമായ മന:സംഘർഷങ്ങളിൽ പുളഞ്ഞയാൾ! തൊണ്ട വരണ്ടുണങ്ങി.ദാഹനീരുതേടി നാവു കുഴിയിലേക്കാണ്ടു... ശോഷിച്ചുണങ്ങിയ വയർ ഉള്ളിലേക്കു വലിഞ്ഞു! ഇരുണ്ട മുറിയിൽ പൊടുന്നനെ ഒരഭൗമ പ്രകാശം പരന്നതായയാൾക്കനുഭവപ്പെട്ടു! നിലച്ച ക്ലോക്കിലെ സൂചി ചലിക്കുന്നതായയാൾക്കു തോന്നി!
അവിടെ മറിയാമ്മ വന്നു നിൽക്കുന്നതയാളറിഞ്ഞു!

" അപ്പോ നീയെന്നെ വിട്ടു പോയില്ലേ മറിയേ?"

അദ്ഭുതം കൂറുന്ന മിഴികളോടെ അയാളവരോടു ചോദിച്ചു! തനിക്കു മിണ്ടാനാകുന്നു എന്നതയാൾക്കു മറ്റൊരദ്ഭുതമായി!!

എന്നാൽ ഒന്നും മിണ്ടാതെ,രണ്ടും കൈകളും  നീട്ടി അവരയാളെ മാടി വിളിച്ചു...
അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചു! സാധിക്കുന്നില്ല ... മറിയാമ്മ വിളിക്കുകയാണ് വീണ്ടും .. നിസ്സഹായനായയാൾ അവരെ നോക്കിപ്പറഞ്ഞു

''ഒറ്റയ്ക്കുള്ള ഈ ജീവിതം എനിക്കു മടുത്തെടി. പക്ഷേ, എണീൽക്കാൻ വയ്യാത്ത ഞാൻ....?''

പൊടുന്നനേ മറിയാമ്മ തൻ്റടുത്തേക്ക് നടന്നു വരുന്ന തയാൾ കണ്ടു. നടക്കുവാനവൾക്കു മുടന്തില്ലായെന്നതയാൾക്കു അതിലേറെയദ്ഭുതമായി...!
തൻ്റെ വലതു കൈയ്യിലവൾ പിടിച്ചപ്പോൾ അനായാസമയാൾ എഴുന്നേറ്റു.!
അവളോടൊപ്പം നടന്ന് അടുക്കള വാതിൽ വഴി പുറത്തിറങ്ങി ! തിരിഞ്ഞു നോക്കാനിഷ്ടപ്പെടാതെ, ഒറ്റപ്പെടലിൻ്റെ നോവുകളില്ലാത്ത ലോകത്തേക്ക്‌ പ്രിയതമയോടൊപ്പം അയാൾ അതിദ്രുതം നടന്നു....!!

സായന്തനത്തിലെ ഒറ്റപ്പെടലുകൾ (കഥ: ശ്രീനി നിലമ്പൂർ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക