സീമന്തസിന്ദൂരം(കവിത: വിനീത് വിശ്വദേവ്)

വിനീത് വിശ്വദേവ് Published on 06 November, 2021
 സീമന്തസിന്ദൂരം(കവിത: വിനീത് വിശ്വദേവ്)
സീമന്ത രേഖയില്‍ സിന്ദൂര മണിയാന്‍ കൊതിച്ച പെണ്ണിന്റെ മനം 
എന്‍ കാമുകി ഹൃദയം പേറി ജീവിതസഖിയാവാന്‍ തുടിക്കുന്നു. 
നാലമ്പല മുറ്റത്തു നാലാളറിയേ താലിച്ചാര്‍ത്തിടാം  നിന്നില്‍ ഞാന്‍ 
മുഖപത്മ കാന്തിയില്‍ തിരുനെറ്റിത്തടത്തില്‍ സിന്ദൂരം ചാര്‍ത്തിടട്ടേ ..


പ്രാണനെ തൊട്ടുണര്‍ത്തിയ പ്രപഞ്ചം ഞാന്‍ മാത്രമായി നിന്നില്‍ ചേര്‍ന്നണഞ്ഞപ്പോള്‍ 
സീമന്തിനി നിന്‍ മുഖശോഭ ചന്ദ്രകാന്ത പ്രഭയില്‍ വിടര്‍ന്നിരുന്നു.  
സിന്ദൂരതിലകാഞ്ചിതേ നിന്‍ വലംകൈകള്‍ എന്റെ വാമഭാഗം ചേര്‍ന്നപ്പോള്‍    
പ്രാണന്റെ പാതി ഞാന്‍ നിനക്കു പകുത്തു നല്‍കിയിരുന്നിരുന്നു.


അവളുടെ സ്വപ്നങ്ങള്‍ എന്റെ ആരാമഭംഗിയില്‍ മാറ്റൊലികൊണ്ടപ്പോള്‍  
പരിമളം പടര്‍ത്തിയ പൂക്കളായി എന്നെന്നും പരിലസിച്ചിരുന്നു.
കൂടുകൂട്ടിയ ജീവിതം അവള്‍ക്ക് ചിറകുകള്‍ സമ്മാനിച്ചപ്പോള്‍ 
ഞാനെന്ന ആകാശത്തിന്‍കീഴില്‍ പാറിപ്പറന്നിരുന്നു. 


എന്റെ ലോകം അവളില്‍ മാത്രമായി നിലകൊണ്ടപ്പോള്‍   
ജീവിത ശാഖയില്‍  ഋതു വര്‍ണ്ണ ഭേദങ്ങള്‍ ഞാനും അവളും ആസ്വദിച്ചിരുന്നു  
സ്വാപ്നവും യാഥാര്‍ത്യവും പാതയില്‍ കൂട്ടായി അവളെന്നെന്നും 
പിന്തുടരട്ടേ ഞങ്ങളുടെ ആസ്വാദനമറ്റിടാത്ത ജീവിതവും ഇണപിരിയാത്ത യാത്രയും ...!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക