Image

ഗ്രാമ്പു സുഗന്ധം പേറുന്നനാട്ടിൽ നൊബേൽ ജേതാവിനെ അറിയുന്ന മലബാറികളേറെ (കുര്യൻ പാമ്പാടി)

Published on 06 November, 2021
ഗ്രാമ്പു സുഗന്ധം പേറുന്നനാട്ടിൽ  നൊബേൽ ജേതാവിനെ അറിയുന്ന മലബാറികളേറെ (കുര്യൻ പാമ്പാടി)
സാഹിത്യത്തിനുള്ള ഒടുവിലത്തെ നൊബേൽ സമ്മാനം നേടിയ  അബ്ദുൽ റസാക്ക് ഗുർണ (72)    ജനിച്ചത് കിഴക്കൻ ആഫ്രിക്കയിൽ ടാൻസനിയയുടെ ഭാഗമായ സാൻസിബാർ  ദ്വീപിൽ ആണല്ലോ. ചരിത്രാതീത കാലം മുതൽ ഇന്ത്യൻ വ്യാപാരികളുടെ താവളം ആയിരുന്നു സുൽത്താൻ ഭരിച്ചിരുന്ന സാൻസിബാർ.  
 
അബ്ദുൽറസാക്ക് ഗുർണ,  നൈജീരിയൻ നോവലിസ്റ്റ് ചിബുണ്ടു ഒനുസോ
 
ഗ്രാമ്പുവിന്റെ ലോകതലസ്ഥാനം.  ഭൂഗോളത്തിൽ ടാൻസനിയയും കേരളവും ഭൂമധ്യരേഖക്ക് ഇരുവശങ്ങളിലുമായി ഒരേ കാലാവസ്ഥയിൽ കിടക്കുന്നു. രണ്ടും ഇന്ത്യൻ മഹാസമുദ്രത്തിൽ അഭിമുഖം. കൊല്ലം ജില്ലയുടെ വലിപ്പമുണ്ട് സാൻസിബാറിന്. ഏഴരലക്ഷം ജനം. ഭൂരിപക്ഷവും മുസ്ലിംകൾ. വൻകരയിൽ പകുതിയിലേറെ ക്രിസ്ത്യാനികൾ. മൂന്നിലൊന്നു മുസ്ലിംകൾ.    
 
സാൻസിബാർ  ദീപുമായി ആത്മ ബന്ധം ഉള്ള ആളാണ് കോട്ടയംകാരൻ പ്രേം ചെറിയാൻ. ടാൻസനിയൻ  പ്രസിഡറിന്റെ കൊട്ടാരത്തിലെ അകത്തളക്കാരനാണ്.   വൻകരയ്ക്ക് 35  കി മീ അടുത്തു  കിടക്കുന്ന ദീപിലേക്കു മിക്കപ്പോഴും പോകും. അവിടെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്.
 
 സാൻസിബാർ  പ്രസിഡന്റ് ഹുസൈൻ മിൻയിയുടെ വീഡിയോ കാൾ
 
ബ്രിട്ടൻ ഒഴിഞ്ഞു പോവുകയും  സാൻസിബാറിൽ  ജനകീയ വിപ്ലവം ഉണ്ടാവുകയും ചെയ്ത 1964 ൽ പതിനെട്ടാം വയസിൽ പ്രാണരക്ഷാർത്ഥം  ഓടിപ്പോയ ആളാണ് ഗുർണ.  വിപ്ലവകാരികൾ അറബിവംശരോട്  കാട്ടിയ കൊടും ക്രൂരഥയായിരുന്നു കാരണം.
 
ബ്രിട്ടനിൽ അഭയം തേടിയ ഗുർണ  കാന്റർബറി ക്രൈസ്റ് ചർച്ച്  യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും  അവിടത്തെ  കെന്റ്  സർവകലാശാലയിൽ നിന്ന് മാസ്റ്റേഴ് സും  പിഎച് ഡിയും നേടി.  കെന്റിൽ  ഇംഗ്ലീഷ് അധ്യാപകനായി. ഇപ്പോൾ എമരിറ്റസ് പ്രൊഫസർ. ലണ്ടനിൽ നിന്ന് 85  കിമീ കിഴക്കു (റോഡ്, ട്രെയിൻ  മാർഗം ഒന്നര മണിക്കൂർ) കാന്റർബറിയിൽ താമസം.
 
 
ഗ്രാംബൂ തരംതിരിക്കുന്ന സാൻസിബാർ കർഷകൻ 
 
ആകെ പത്തു നോവലുകൾ.  നാല്പതാം വയസിൽ ആദ്യ നോവൽ എഴുതി--മെമ്മറി ഓഫ് ഡിപ്പാർച്ചർ. ജനിച്ച നാടും വീടും കുടുംബവും ഉപേക്ഷിച്ച് ഓടേണ്ടി വരുന്ന അഭയാർത്ഥികളുടെ തീരാദു:ഖമാണ് സ്ഥിരം വിഷയം. നാടുവിട്ടു 20 വർഷം  കഴിഞ്ഞു ആദ്യമായി ജന്മനാട്ടിൽ പോയി. ഗുർണയുടെ 'ബൈ ദ സീ' എന്ന നോവൽ മനസിരുത്തി വായിച്ച ഒരാളാണ് ഞാൻ. ചില കഥകളും വായിച്ചു. ദാറേസലാമിലും കാന്റർബറി
യിലും പോയി.
 
സാൻസിബാർ ദ്വീപുകാരിയാണ് ടാൻസനിയയുടെ പ്രസിഡണ്ട് സാമിയ സുലുഹു  ഹസൻ. ആഫ്രിക്കയിലെ മൂന്നാമത്തെ വനിതാ ഭരണാധികാരി. പ്രസിഡണ്ട് ആയിരുന്ന ജോൺ മാഗുഫലി മാർച്ചിൽ മരണമടഞ്ഞതോടെയാണ്സാമിയ അധികാരത്തിലേറുന്നത്.
 
സാൻബാർ ദ്വീപിൽ കടത്തുകപ്പൽ അടുക്കുന്നു
 
കോവിഡ്  കുത്തിവയ്പ്പിനു എതിരായിരുന്നു ജോൺ. പ്രാർത്ഥിച്ചാൽ രോഗം മാറുമെന്നായിരുന്നു നിലപാട്. ഹൃദ്രോഗി കൂടിയായിരുന്ന അദ്ദേഹം കോവിഡ് മൂലം മരിച്ചെന്നുവന്നു കേൾവിയുണ്ട്.  ബ്രിട്ടനിലും അമേരിക്കയിലും പഠിച്ച് നന്നായി ഇംഗ്ലീഷ് പറയുന്ന  എംഎസ് സിക്കാരിയായ  പുതിയ പ്രസിഡന്റ് വാക്സിനേഷൻ നടത്തണമെന്ന് ഉത്തരവായി. ആദ്യം എടുത്തത് മകളും ജനപ്രതിനിധിയുമായ വാനു.
 
പ്രസിഡന്റ്  ജോണിന്റെ അടൂത്ത ആളായിരുന്നു കോട്ടയം കുമ്മനം കൈപ്പള്ളി ജോയിയുടെ മകൻ പ്രേം. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത് മലയായിൽ പോയ കെയു ചെറിയാന്റെ കൊച്ചു മകൻ. ചെറിയാന്റെ മലയായിൽ ജനിച്ച നാലു മക്കളിൽ മൂത്തയാൾ ജോയിയുടെ മകൻ.
 
സാന്സിബാർ തലസ്ഥാനം സ്റ്റോൺ ടൗണിലെ തെരുവ്
 
ജോയിയും അനുജൻ ചാർലിയും രണ്ടാം ലോകമഹായുദ്ധധത്തിനു മുമ്പ്   നാട്ടിലെത്തി ബോംബെയിൽ നിന്ന് കപ്പലിൽ ടാങ്കനിക്കയിലേക്കു പോയി. പിതാവിന്റെ അനുജൻ ഐപ്പ് അവിടെ ഉണ്ടായിരുന്നു എന്നതാണ് കാരണം. കോട്ടയത്ത് ജനിച്ചു സ്കൂൾ പഠനം കഴിഞ്ഞു പ്രേമും അവരോടൊപ്പം ചേർന്നു. ഇപ്പോൾ അമ്പതെത്തി, അവിവാഹിതൻ.
 
"ഒന്നിനും സമയമില്ല," ബിസിനസുകാരനായ പ്രേം എന്നോട് ഫോണിൽ പറഞ്ഞു. അമ്മ  ഗ്രേസ് പത്തു വർഷം മുമ്പ്  മുമ്പ് മരിക്കും വരെ പറയുമായിരുന്നു ഒരു പെണ്ണിനെ കണ്ടു പിടിക്കാൻ. നടന്നില്ല. എന്നോടൊപ്പം ഇവിടെയുള്ള പപ്പക്ക്  91  എത്തി. വലിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല."
 
മലയാള മനോരമ ഓട്ടോമൊബൈൽ വിഭാഗം മേധാവി ആയി റിട്ടയർ ചെയ്ത പ്രിൻസ് ചെറിയാന്റെ സഹോദര പുത്രനാണ് പ്രേം.  ഇളയ സഹോദരൻ മില്ലനും താനും മാത്രമേ നാട്ടിലുള്ളു. സഹോദരിമാർ ഇല്ല. മലയായിൽ ജനിച്ചതിനാൽ മലേഷ്യയിൽ പൗരത്വം ലഭിക്കുമായിരുന്നു. 18 വയസിനു മുമ്പ് അപേക്ഷിക്കാൻ കഴിഞ്ഞില്ല.    
 
ദാറേസലാമിൽ നിന്നു 333  കി മീ വടക്കു റ്റാംഗ എന്ന കടലോരത്ത് സൈസൽ തോട്ടത്തിലായിരുന്നു ജോയി, ചാർലിമാർക്കു ജോലി. പൈനാപ്പിളിനേക്കാൾ വലിപ്പമുള്ള ചെടിയാണ് സൈസൽ. പോളകൾ കീറി പിരിച്ച് കയർ പോലെയാക്കാം. ഒരിക്കലും ചീയില്ല.  ആയിരക്കണക്കിന് ഏക്കർ വരുന്ന തോട്ടങ്ങൾ.
 
അറുഷയിലെ മലയാളികൾക്കൊപ്പം രജീവ്, പ്രേം, ജോയി (ഇടത്ത് 2,3.4)
 
ജോയി റിട്ടയർ ചെയ്തശേഷം  മകൻ പ്രേമിനോടൊത്ത് അറുഷയിൽ താമസമാക്കി.  ദാറേസലാമിൽ നിന്ന് 624  കിമീ വടക്കു കെനിയ  അതിർത്തിയിലുള്ള പട്ടണമാണ് അറുഷ. കിളിമഞ്ചാരോ കൊടുമുടി കയറുന്നവരുടെ അടിത്താവളം. മസായി എന്ന ഗോത്രവർഗം കഴിയുന്ന നാട്.
 
വജ്രം ഉൾപ്പെടെ വിലപ്പെട്ട വസ്തുക്കളുടെ രാജ്യാന്തര വ്യാപാരിഎന്ന നിലയിൽ പ്രേം കോടീശ്വരനാണ്. സൂപ്പർ മാർക്കറ്റ്,  റീയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, റിസോർട്, കാർ റെന്റൽ എല്ലാമുണ്ട്. ഒപ്പം പള്ളിക്കാര്യങ്ങളിലും ശ്രദ്ധ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത ടാൻസനിയസന്ദർശിച്ചപ്പോൾ സ്വീകരിച്ചാദരിക്കാൻ മുന്നിൽ നിന്നു.
 
സിസ്റ്റർ  മേരി രശ്മി മസായിഗോത്രക്കാർക്കിടയിൽ
 
ചരിത്രാതീത കാലം മുതൽ കിഴക്കൻ ആഫ്രിക്കയിലെ വ്യാപാരക്കുത്തക ഉണ്ടായിരുന്ന ഇന്ത്യക്കാരുടെ പിന്തുർച്ചക്കാരനായി പ്രേമിനെ കരുതിയാൽ മതി. തലസ്ഥാനമായ  ദാറേസലാം തുറമുഖ പട്ടണം ഒരു കാലത്ത്   ഇന്ത്യൻ പണ്ടികശാലകൾ കൊണ്ട് നിറഞ്ഞിരുന്നു.
 
അഞ്ഞൂറു വർഷം മുമ്പ്--കൃത്യമായി പറഞ്ഞാൽ 1498ൽ--ആഫ്രിക്കയുടെ തെക്കേ മുനമ്പായ കേപ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റി കോഴിക്കോട്ടെ  കപ്പാട് നംകൂരമിട്ട പോർട്ടുഗീസ് നാവികൻ  വാസ്കോ ഡി ഗാമ കുരുമുളകു നിറഞ്ഞ ആ ഗോഡൗണുകൾ കണ്ടു മതിമയങ്ങി എന്നാണു ചരിത്രം. 
 
സാംബിയ, സിംബാബ് വേ, ടാൻസനിയ, കെനിയ, എത്യോപ്യ എന്നീ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ പര്യടനം നടത്തുന്നതിനിടയിലാണ് ഞാൻ ഭാര്യസമേതം  ടാൻസനിയയുടെ  തലസ്ഥാനമായ ദാറേസലാമിൽ  ഇറങ്ങിയത്.  
 
കൊച്ചി എയർ പോർട്ട് ബുക് സ്റ്റാളിൽ നിന്ന് എംടിയുടെ 'ദാറേസലാം' എന്ന പുസ്തകം വാങ്ങി വിമാനത്തിലിരുന്നു വായിച്ചശേഷമായിരുന്നു എത്തിപ്പെട്ടത്. എസ്കെ പൊറ്റക്കാടിന്റേതു പോലെ  യാത്രാവിവരണം ആയിരിക്കുമെന്നു കരുതി നിരാശനായി.  അത്  കഥാസമാഹാരത്തിലെ ഒരു കഥയുടെ ശീർഷകം മാത്രം.
 
പക്ഷെ കോട്ടയത്ത് എന്റെ അയൽവക്കത്ത്  ടാൻസനിയയിൽ ജനിച്ചു വളർന്ന ഒരാളെ കണ്ടുമുട്ടി.--എംജി  യൂണിവേഴ്സിറ്റിയിൽ സ്കൂൾഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽന്റെ ഡയറക്ടർ  ഡോ. എഎം തോമസിനെ. കേരളത്തിന്റെ 24 ഇരട്ടി വലിപ്പവും ഇരട്ടി ജനവുമുള്ള ടാൻസനിയയുടെ നടുവിലുള്ള  ടാബോറയിൽ ജനിച്ചു വളർന്ന ആൾ.
 
രജീവും സുഹൃത്ത് അനുജും മസായി വേഷത്തിൽ.
 
പിതാവ് മാരാമൺ അഴകത്ത് മാത്യു ടബോറയിൽ സ്റ്റാൻഡേർഡ് ബാങ്കിൽ (സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ മുൻഗാമി)   ഓഫീസർ ആയിരുന്നു.  അമ്മ അന്നമ്മ എഡ്യൂക്കേഷണൽ ഓഫീസറും. അന്നമ്മ (89)  തോമസിനോടൊപ്പം ടാൻസനിയയുടെ പെൻഷൻ വാങ്ങിക്കഴിയുന്നു.
 
തോമസ് പത്താം വയസിൽ നാടുവിടുമ്പോൾ  ടാൻസനിയ്ക്കു സ്വാതന്ത്ര്യത്തെ കിട്ടി പത്തു വർഷം പൂർത്തിയായി. ജൂലിയസ് ഞെരെരെ പ്രധാനമന്ത്രി പദത്തിൽ നിന്നുയർന്നു പ്രസിഡന്റ് ആയി വാഴുന്ന കാലം. ഞെരെരെ ലണ്ടനിൽ അന്തരിച്ച 1999 ൽ തോമസ് സമകാലീന മലയാളം വാരികയിൽ ഇങ്ങിനെ ഒരു അനുസ്മരണം എഴിതിയതു ഞാൻ വായിച്ചു:  'ഞെരേരെയും ഉജാമ സോഷ്യലിസവും.'
 
ആഫ്രിക്കയിലെ ഗാന്ധി എന്നു ഞെരെരെയേ വിളിക്കാറുണ്ടായിരുന്നു. ഗാന്ധിജിയുടെ  ആശയങ്ങൾ നെഞ്ചിലേറ്റി നടന്ന ആൾ. ഗാന്ധി സമാധാന സമ്മാനവും സാർവദേശിയ  ധാരണക്കുള്ള ജവഹർലാൽ നെഹ്റു പുരസ്ക്കാരവും നേടി. പക്ഷെ ബാങ്ക്, വ്യവസായങ്ങൾ  ഉൾപ്പെടെയുള്ള ദേശസാൽക്കരണങ്ങൾ പാളി. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമ സ്വരാജ് എന്നോ അയൽകൂട്ടം എന്നോ വിളിക്കാവുന്ന ഉജാമ സോഷ്യലിസം രാജ്യത്തെ തകർച്ചയിലേക്ക് നയിച്ചു.
 
ആ തകർച്ച നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാൻ.  ദാറേസലേമിൽ വിമാനം ഇറങ്ങുബോൾ 300 ടാൻസ നിയൻ ഷില്ലിംഗ് എയർപോർട്  ടാക്സ് കൊടുക്കണം. ഔദ്യാഗിക വിനിമയ നിരക്ക്  ഡോളറിനു 30 ഷില്ലിംഗ്.  പുറത്തേക്കിറങ്ങിയാൽ ഡോളർ ഒന്നിന് നൂറു ഷില്ലിംഗ് ഓഫർ  ചെയ്തു ഓടിവരുന്നവർ ധാരാളം.  
 
ഞങ്ങളുടെ ആതിഥേയൻ 'സാഡാക്' എന്ന 16--രാഷ്ട്ര സൗത്ത് ആഫ്രിക്കൻ ഡവലപ്മെന്റ് കമ്മ്യൂണിറ്റിയുടെ ഉന്നതോദ്യോഗസ്ഥനായ തോമസ് എന്ന തൃശൂർക്കാരനായിരുന്നു.  അദ്ദേഹം  ഒരു പണിപറ്റിച്ചു. കൊട്ടാരം പോലുള്ള ഔദ്യോഗിക വസതിയിൽ കൊണ്ടുപോകുന്നതിന് പകരം  ഹോട്ടൽ മുറി ബുക്ക് ചെയ്തു. കാരണം യൂറോപ്യൻ യൂണിയൻ പണിതമാളിൽ യെല്ലോഫീവറിനുള്ള കൊതുകു വല  കിട്ടാനില്ലത്രേ.
 
ഹോട്ടൽ  റിസപ്ഷനിൽ പാസ്പോർട്ട് വാങ്ങി ഡബിൾ റൂമിനുള്ള വാടക  20  ഡോളർ ആവശ്യപെട്ടു.  ഔദ്യോഗിക വിനിമയനിരക്കു പ്രകാരം 600  ഷില്ലിങ് വരുന്ന 20 ഡോളർ. ഞാൻ പാസ്പോര്ട് തിരികെ വാങ്ങി ഇറങ്ങിപ്പോന്നു.  വിഷണ്ഡനായ ആതിഥേയൻ തന്നെ പരിഹാരം ഉണ്ടാക്കി. അദ്ദേഹം  600 ഷില്ലിംഗ് എണ്ണിക്കൊടുത്തു.  കൈമടക്കായി നൂറു ഷില്ലിംഗും.
 
വൈകിട്ട് തോമസിന്റെ വീട്ടിൽ ആയിരുന്നു വിഭവ സമൃദ്ധമായ അത്താഴം. റൂം വാടകയായി കൊടുത്ത 600 ഷില്ലിങ്ങിന് പകരം പത്തുഡോളറിന്റെ ഒരു നോട്ട്  ഞാൻ  എടുത്ത് നീട്ടി. സന്തോഷമായി. നാലുഡോളർ അദ്ദേഹം മടക്കിത്തന്നു. കൈമടക്ക് കൊടുത്ത നൂറു ഷില്ലിംഗ് ഞാൻ അവഗണിച്ചു. അത് അദ്ദേഹത്തിന്റെ മര്യാദകേടിനുള്ള ചെറിയ ശിക്ഷ.
 
ഞെരെരെ പക്ഷെ രാജ്യത്തോട് കൂറുള്ള ആളായിരുന്നു. വലിയ ടയർ ഘടിപ്പിച്ച് ഓടിച്ചിരുന്ന കാളവണ്ടികൾ ഇന്ത്യയിലേതു പോലെ തടിച്ചക്രത്തിൽ ഇരുമ്പു പട്ട പിടിപ്പിച്ച് ഓടിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. തോമസിന്  ഞെരെരെയുമായി  നല്ല അടുപ്പം ആയിരുന്നു കേരളത്തിൽ നിന്ന് രണ്ടു കൊല്ലന്മാരെക്കൊണ്ട് പോയി ആ ടെക്നോളജി പഠിപ്പിക്കാൻ  തോമസ് മുൻകൈ എടുത്തു.
 
 ദ്വീപിൽ ജനിച്ച പ്രസിഡന്റ് സാമിയ, ജൂലിയസ് ഞെരെരെ, മുൻ പ്രസി. ജോൺ, പത്നി ജാനെത്ത്.
 
അതുപോലെ ഉപ്പു വിളയിക്കാൻ ഞെരെരെ യുണിഡോ എന്ന യുഎൻ ഇന്ഡസ്റ്റീരിയൽ ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ സഹായം തേടി. അനേകം കോടി ഡോളറിന്റെ പദധതി ആവിഷ് കരിച്ചു.  ഒടുവിൽ തമിഴ് നാട്ടിൽ നിന്ന് ഒന്നോ രണ്ടോ വിദഗ്ധരെ കൊണ്ട് വന്നു. മണൽത്തിട്ടകൾ ഉണ്ടാക്കി കടൽ വെള്ളം കയറ്റിയിട്ടാൽ ഉപ്പു താനേ വിളയുമെന്നും വെറുതെ വാരിയെടുത്താൽ മതിയെന്നും അവർ കാട്ടിക്കൊടുത്തു!
 
ടാൻസാനിയയുടെ തെക്കു  സാംബിയ മുതൽ വടക്കു  കെനിയ വരെ നീണ്ടു കിടക്കുന്ന റിഫ്റ്റ് വാലിയിലാണ് അനേകം ദശലക്ഷം വർഷം മുമ്പ് മനുഷ്യരാശി ഉത്ഭവിച്ചെന്നാണല്ലോ ജനിതക ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ആ വാലി കാണാനും കിളിമഞ്ചാരോ കൊടുമുടി കയറാനും നാഷണൽ പാർക്കുകളിൽ സഫാരി നടത്താനുമായി ആയിരക്കണക്കിന് വിദേശിയർ എത്തുന്നു.  ടൂറിസം അവരുടെ പ്രധാന  വരുമാനം.
 
ചാർലി നാട്ടിലേക്കു മടങ്ങി കോട്ടയത്ത് അന്തരിച്ചു.  മകൻ രജീവ് എന്ന ജോണും നാട്ടിലേക്കു മടങ്ങി. ഏറ്റുമാനൂർ ആസ്ഥാനമായ  എബനേസർ എഡ്യൂക്കേഷൻ ഗ്രൂപ്പിന്റെ സാരഥികളിൽ ഒരാളാണ് ഇപ്പോൾ. ഭാര്യ ദീപ്തിയും അതിൽ തന്നെ.
 
ജോയിയും ചാർലിയും ആദ്യം പോയത് ബോംബയിൽ നിന്ന് കപ്പലിൽ ആയിരുന്നു.  രജീവ് 2018 ൽ ഒരിക്കൽ കൂടി പോയി വന്നു. കൊച്ചിയിൽ നിന്ന് ശ്രീലങ്കൻ എയർവേയ്സിൽ കൊളംബോ, ദോഹ വഴി കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽ ഇറങ്ങി. അവിടെ നിന്ന് പ്രേം കാറിൽ അറുഷയിലേക്കു കൂട്ടിക്കൊണ്ടു പോയി.
 
കിളിമഞ്ചാരോ കൊടുമുടി ദൂരെ നിന്ന് കൊതിതീരെ കണ്ടു. മാതാപിതാക്കൾ കഴിഞ്ഞിരുന്ന റ്റാംഗോയിലേക്കു കാറിൽ പോയി. നാഷണൽ പാർക്കുകൾ ഉള്ളതിനാൽ വഴികളെല്ലാം വീതികൂട്ടി മനോഹരമായി നിർമ്മിച്ചവയാണ്.  പച്ചക്കാടുകൾ നിറഞ്ഞ  നാട്ടിൻ പുറങ്ങൾ. പുല്ലുമേഞ്ഞ ഗ്രാമീണ വസതികൾ.
 
ആയിരക്കണക്കിന് ഇന്ത്യക്കാർ സ്ഥിരതാമസമുള്ള രാജ്യമാണ് ടാൻസനിയ.  ദാരെസലാം ഉൾപ്പെടെയുള്ള നഗരങ്ങളിൽ മലയാളികളും ധാരാളം. അറുഷയിൽ   പ്രേമിന്റെ വീട്ടിൽ കൂടിയ മലയാളികൾ എഴുപതു പേരോളം ഉണ്ടായിരുന്നു. 'അമ്മ' എന്ന ആഫ്രിക്കൻ മലയാളി അസോസിയേഷന്റെ അധ്യക്ഷനും പ്രേം തന്നെ.  
 
അറുഷ   ആസ്ഥാനമാക്കി മസായികൾക്കിടയിൽ സേവനം ചെയ്യുന്ന പാലാ പൂവരണി പാറേക്കാട്ട് സിസ്റ്റർ മേരി രശ്മി മറ്റൊരു സുഹൃത്താണ്. ആദിവാസികൾക്കിടയിലെ സേവനത്തിന്റെ ഭാഗമായി യുണൈറ്റഡ് നേഷൻസ് സന്ദർശിച്ച ആൾ. സിസ്റ്റേഴ്സ്  ഓഫ് നോട്ടർഡാമിലെ അംഗം.  പ്രേമിനെപ്പോലെ ഇടയ്ക്കിടെ ഞങ്ങൾ സംസാരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക