Image

വാക്ക്, പൂക്കുന്നു,…കായ്ക്കുന്നു (തോമസ് കളത്തൂർ)

Published on 07 November, 2021
വാക്ക്, പൂക്കുന്നു,…കായ്ക്കുന്നു  (തോമസ് കളത്തൂർ)
കാളിദാസൻ "രഘുവംശം" ആരംഭിക്കുന്നത്,  വാക്കും അർത്ഥവും പോലെ ഒന്നായിരിക്കുന്ന പാർവതീ പരമേശ്വരന്മാരോട്  പ്രാർത്ഥിച്ചു കൊണ്ടാണ്.       വാക്കിനു ഓരോ സമൂഹങ്ങൾ, ഓരോ അർഥങ്ങൾ കല്പിച്ചാക്കി യിട്ടുണ്ടെങ്കിലും,  ഒരേ സമൂഹം ആശയ വിനിമയം ചെയ്യുമ്പോൾ, അർഥം സത്യസന്ധ മായിരിക്കണം. 
 
"ഉവ്വ്' എന്ന് പറഞ്ഞാൽ 'ഉവ്വ്' എന്നും, 'ഇല്ല' എന്ന് പറഞ്ഞാൽ 'ഇല്ലെന്നും' ആയിരിക്കണം.    വാക്കുകളുടെ വ്യതിരിക്തത, ഒന്ന് മറ്റൊന്നിനെ നിഷേധിക്കാതെ പരിപോഷിപ്പിക്കപ്പെടുമ്പോൾ ഭാഷയെ വളർത്തുകയും ശ്രോതാക്കളുടെ ചിന്താമണ്ഡലത്തെ വിപുലീകരിക്കുകയും ചെയ്യുന്നു.      വാക്കുകൾ  'ഹിഡൻ അജണ്ടകൾ'  ഇല്ലാതെ സത്യസന്ധമായി, ശബ്ദമായി  പിറക്കുമ്പോൾ, അത് ശ്രോതാക്കളുടെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലും.      ജീവിതാവസാനം വരെ സുഗന്ധംപരത്തി, നിലനിൽക്കുന്നു.       വാക്കുകളുടെ  അപരിമേയമായ ശക്തി, സഹസ്രാബ്ദങ്ങൾ പിന്നിടാൻ പര്യാപ്തമാണ്. വാക്കുകളുടെ ശോഭ, സപ്ത സാഗരങ്ങളെ   മറി കടക്കുന്നു.     നൈർമ്മല്യവും പൂർണ്ണതയും ഉള്ള വാക്കുകൾ, സ്നേഹനിര്ഭരമായി പുറത്തു വരുമ്പോൾ, അത് ദുഃഖിതർക്കു ആശ്വാസ മരുളുന്നു,  ഭയത്തിൽ നിന്നും  ധൈര്യത്തിലേക്കു നടത്തുന്നു, അശരണർക്കു ബലവും കൈത്താങ്ങും ആയിമാറുന്നു,  ബന്ധങ്ങളെ  ബലവത്താക്കുന്നു.       നല്ല വാക്കുകൾ  പൂക്കുന്നു, സൗരഭ്യം പരത്തുന്നു,  നല്ല  കായ്കളും ഫലങ്ങളും  സമൂഹത്തിനു നൽകുന്നു.

ബൈബിളിലെ പഴയനിയമ പുസ്തകത്തിൽ പറയും പോലെ, "വാൾത്തല  അനേകരേ  വീഴ്ത്തിയിട്ടുണ്ട്;  നാവുകൊണ്ട് വീഴ്ത്തപ്പെട്ടവർ,  അതിലേറെയാണ്".       മനുക്ഷ്യർ  വാക്കുകൾക്കുള്ളിൽ തങ്ങളുടെ സ്വാർത്ഥ മോഹങ്ങളും അസൂയയും വൈരവും  ഒക്കെ ഒളിപ്പിച്ചു വെച്ചുകൊണ്ട്  സംസാരിക്കുന്നു,  അങ്ങനെ കാപട്യം വാക്കുകളിൽ കടന്നു കൂടുന്നു.      വ്യക്തികളെയും ലോകത്തെ തന്നെയും നശിപ്പിക്കുന്ന  സ്വഭാവ ദൂക്ഷ്യങ്ങൾ,  അഹംഭാവം  അഥവാ 'ഈഗോ'യുടെ  ഉപോല്പന്നങ്ങളായ  അസൂയ,  വെറുപ്പ്,  മാത്സര്യം, ഉടമസ്ഥതക്കുള്ള ആർത്തി (പോസ്സസീവ്നെസ്സ്),   അക്ഷമ  മുതലായവയാണ്‌.    മറ്റൊന്ന്, "Self Serving Bias"(സ്വയം സേവിക്കുന്ന പക്ഷപാതം) ആണ്.   അത്,  വിജയകരം ആകുന്നതിന്റെ എല്ലാ  കീർത്തിയും  മഹത്വവും സ്വയം അവകാശപ്പെടുകയും,    Negative(തോൽവി/ നഷ്ടങ്ങളുടെ) എല്ലാ കുറ്റവും മറ്റുള്ളവരിൽ ചുമത്തുന്ന  അസുഖമാണ്.  ഇതെല്ലാം  വാക്കുകളായി പുറത്തേക്കു എത്തുന്നു.   അങ്ങനെ വാക്കുകൾ, കയ്പ്പും വികൃതവും,വിഷവും തീയും  വമിക്കുന്ന,   മുനയും മൂർച്ചയും  ഉള്ളതായി മാറുന്നു,  കാലത്തെയും  അന്തരീക്ഷത്തെയും തന്നെ വിഷലിപ്തമാക്കുന്നു.     കവിയായ മധുസൂദനൻ സാറിന്റെ കാഴ്ചപ്പാടിൽ...   "കാല സത്യത്തിലേക്കെന് മിഴിതുറക്കേ ഞാൻ..;    കാണുന്നു കാമം ചവച്ചിട്ട വാക്കുകൾ;അർഥ ത്തിനായി  വിയർക്കുന്ന വാക്കുകൾ...;  അർഥം കവർന്നു നശിപ്പിച്ച വാക്കുകൾ...;                                                               
വാക്കു വിറ്റു ണ്ണുന്ന വാസവദത്തകൾ ......."

  "വാക്ക്",  ശ്രവണത്തിൽ നിന്നും  ശ്രോത വൃത്തത്തിലേക്കും,    മനനത്തിൽ നിന്നും  മന്ത്ര വൃത്തത്തിലേക്കും  നീളുന്നു.           ബൈബിളിൽ, 'വാക്കിനെ' ദൈവത്തോട് കൂടെയും,  ദൈവമായും, യോഹന്നാൻ അപ്പോസ്തോലൻ എടുത്തു കാട്ടുന്നു,  അതുപോലെ,  ലോക സൃഷ്ടിയുടെ മാദ്ധ്യമം  ആയും.          'വാക്കുകൾ' നാവിന്റെ ചലനത്തിൽ ഉണ്ടായി,  വായുവിൽ  ലയിച്ചു ചേരുന്ന,  ഏതോ  ഒരു ശബ്ദമായി  മാറരുത്.        'വാക്കുകൾ'  ഹൃദയത്തിൽ  നിന്ന്  ഉണ്ടായി,   കർമ്മത്തിൽ അലിഞ്ഞു  ചേരണം,   കാരുണ്ണ്യത്തിന്റെയും നീതിബോധത്തിന്റെയും സ്നേഹത്തിന്റെയും  സൃഷ്ടികളാവണം.         നമ്മുടെ "വാക്കുകൾ" ലോക അവബോധത്തെ  തന്നെ  സംശുദ്ധമാക്കട്ടെ.

 ഭജന:നല്ല വാക്കു ചൊല്ലണം....,
നന്മ ചെയ്തു വാഴണം...,
നാമഘോഷമെന്നുമെന്റെ നാവിലായ് വന്നീടണം....
നല്ല ചിന്ത ഏകണം ....,   
മനസ്സു ശുദ്ധമാകണം....,  
നിത്യനായ ചിത്പ്രകാശ രൂപനെ വണങ്ങണം....
                                           

Join WhatsApp News
Sudhir Panikkaveetil 2021-11-07 19:02:07
നല്ല ലേഖനം. "വ്യാപാരമേ ഹനനമാം വനവേടനുണ്ടോ? വ്യാപന്നമായ്‌ കഴുകനെന്നും, കപോതമെന്നും"? എന്ന് കവി പാടിയപോലെ വായനയെ ഇല്ലാത്തവർക്ക് എന്ത് വാക്ക്, എന്ത് പൂക്കൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക