Image

മൂന്നാമൂഴം ഒരു രണ്ടാം വീക്ഷണം (നോവൽ നിരൂപണം: സുധീർ പണിക്കവീട്ടിൽ)

Published on 07 November, 2021
മൂന്നാമൂഴം ഒരു രണ്ടാം വീക്ഷണം (നോവൽ നിരൂപണം: സുധീർ പണിക്കവീട്ടിൽ)
ശ്രീമതി എം പി ഷീലയുടെ "മൂന്നാമൂഴം” എന്ന നോവലിനെപ്പറ്റി മുമ്പ് നിരൂപണം ചെയ്തിരുന്നു. വീണ്ടും ഒരു പുനർവായന നടത്തുമ്പോൾ ചിലതെല്ലാം കണ്ടെത്താൻ സാധിക്കുന്നു. ഒരു പുസ്തകം നല്ലതോ ചീത്തയോ എന്ന് എങ്ങനെ തീരുമാനിക്കാം?. സാധാരണ മനുഷ്യരുടെ വിലയിരുത്തൽ പുസ്തകം  വായനാസുഖം തരുന്നുണ്ടോ എന്നാണു. അതായത് ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തുവെന്നു പറയുന്ന അഭിപ്രായം. പക്ഷെ സാഹിത്യപരമായി നോക്കുമ്പോൾ വളരെ ഘടകങ്ങൾ പരിശോധിക്കാറുണ്ട്. ചില നിബന്ധനകൾ നമുക്കറിയാവുന്നത് ഒന്നാമതായി ഇതിവൃത്തം ആകർഷകമാണോ, ഭാഷ സുന്ദരമാണോ, കഥാപാത്രങ്ങൾ സുപരിചതരും കൃതൃമത്വമില്ലാത്തവരുമാണോ, തൃപ്തികരമായ ഒരു അവസാനം ഉണ്ടോ എന്നൊക്കെയാണ്. ഇപ്പോഴാണെങ്കിൽ ആര് എഴുതി എന്നതിനും പ്രസക്തിയുണ്ട്.

പുനർജ്ജന്മം എന്ന ഹിന്ദുമത സൈദ്ധാന്തിക വിശ്വാസത്തിൽ ഊന്നിനിന്നുകൊണ്ട് സൃഷ്ടിച്ച കഥാപാത്രമാണ് ഈ നോവലിലെ പാഞ്ചാലി. കഴിഞ്ഞജന്മങ്ങൾ അവർ ഓർക്കുന്നതിലൂടെ കഥ വികസിക്കുന്നു.  നോവലിസ്റ്റ് നമുക്ക് പരിചയപ്പെടുത്തന്ന പാഞ്ചാലി അവരുടെ കഴിഞ്ഞകാലങ്ങളിലെക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു കഥാപാത്രമായിട്ടാണ്. അവർ ആരായിരുന്നുവെന്നറിയാനുള്ള അദമ്യമായ ഉത്കണ്ഠ. കർമ്മഫലങ്ങൾ അനുസരിച്ച് ജന്മങ്ങൾ ഓരോരുത്തർക്കും ലഭിക്കുന്നു. പാഞ്ചാലി ശാപഗ്രസ്തയായതുകൊണ്ട് അവർ വീണ്ടും ഭൂമിയിൽ ജനിച്ചുവെന്നും നോവലിൽ നിന്ന് നമുക്ക് അനുമാനിക്കാം.  പുനർജന്മസിദ്ധാന്ത പ്രകാരം വീണ്ടും മനുഷ്യർ ഭൂമിയിൽ പുനർജനിക്കുമ്പോൾ അവർക്ക് കഴിഞ്ഞ ജന്മവിവരങ്ങൾ അജ്ഞാതമായിരിക്കും. പക്ഷെ ഈ നോവലിലെ പാഞ്ചാലി താനാരായിരുന്നു എന്നറിയാൻ ആകാംക്ഷ കാണിക്കുന്നുണ്ട്. അപ്പോൾ അവർക്ക് ആരായിരുന്നു എന്നറിയില്ലെന്നു മനസിലാക്കാം. പക്ഷെ പൂർണ്ണയുവതിയായി ജനിച്ചതുകൊണ്ട് ബാല്യവും, കൗമാരവും എവിടെ എന്ന ചിന്ത അവരെ അലട്ടുന്നതുകൊണ്ടായിരിക്കാം അവർ പൂർവ ജന്മരഹസ്യങ്ങൾ തേടുന്നത്. ഒരു മതവിശ്വാസത്തിന്റെ ഭാഗമാണ് പുനർജന്മം. മതത്തെ മാനസിക രോഗത്തിന്റെ ലക്ഷണമായി കാണുന്നവരുമുണ്ട്. സിഗ്മണ്ട് ഫ്രോയ്ഡ് മതത്തെ ഞരമ്പുരോഗവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മതപരവും ആത്മീയവുമായ അനുഭവങ്ങളെ മനോരോഗത്തിന്റെ ലക്ഷണമായി അദ്ദേഹം കണ്ടിട്ടുണ്ട്. പുനർജന്മമെന്ന വിശ്വാസമില്ലെങ്കിൽ പാഞ്ചാലി ഒരു മനോരോഗിയായിരിക്കുമെന്നു വിലയിരുത്തേണ്ടിവരും.

ആശാൻ ചിന്താവിഷ്ടയായ സീതയെ അവതരിപ്പിച്ചപ്പോൾ നോവലിസ്റ്റ് ചിന്താവിഷ്ടയായ ദ്രൗപദിയെ പരിചയപ്പെടുത്തുന്നു. മഹാഭാരതം കഥയിലെ ഈ കഥാപാത്രത്തെക്കുറിച്ച് സാധാരണ ജനങ്ങളുടെ പരിചയം അഞ്ചു ഭർത്താക്കൻമാരുള്ള ഒരു സ്ത്രീയെന്ന കവിഞ്ഞു ഒന്നുമില്ല. എന്നാൽ പണ്ഡിതന്മാരും അവരെ വായിക്കുന്നവരും ദ്രൗപദിയെ മഹാഭാരതത്തിലെ ശക്തമായ കഥാപാത്രമായി കാണുന്നു. ഇവരെ ആദ്യത്തെ ഫെമിനിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. സ്ത്രീകളെ
വില്പനച്ചരക്കാക്കുന്നതിനെ(commodification ) എതിർത്ത ഇതിഹാസ നായികയാണിവർ. പക്ഷെ സ്വയംവരം ചെയ്തവൻ സഹോദരങ്ങൾക്കായി വീതിച്ച് നൽകിയപ്പോൾ ശബ്ദം ഉയർത്തിയില്ല. ഒരു പക്ഷെ ആ മൗനം ആണോ നോവലിസ്റ്റിനെ ദ്രൗപദിയുടെ പൂർവ്വജന്മങ്ങളിലേക്ക് അവർ ആരായിരുന്നുവെന്നറിയാനുള്ള കൗതുകത്തിലേക്ക് ആകർഷിച്ചത്?
ദ്രൗപദി അപ്പോൾ മൗനം പാലിച്ചെങ്കിലും ചൂതിൽ പണയം  വയ്ക്കപ്പെട്ടപ്പോൾ, ദുശാസൻ  രാജസദസ്സിലേക്ക് അവരെ വലിച്ചിഴച്ച്കൊണ്ടുവന്നപ്പോൾ വാചാലയാകുന്നുണ്ട്. ഭാര്യ ഭർത്താവിന്റെ സ്വത്താണോ, അവനു പണയം വയ്ക്കാനുള്ള വസ്തുവാണോ എന്നു. ദ്രൗപദിയെ കരിങ്കല്ലുപോലെ ഉറച്ച മനസ്സുള്ളവൾ, കോപം കൊണ്ട് ജ്വലിക്കുന്നവൾ, പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്യുന്നവ എന്നൊക്കെ വ്യാസവർണനകളിൽ  നിന്നും  മനസ്സിലാക്കാമെങ്കിലും മൂന്നാമൂഴത്തിലെ പാഞ്ചാലി വ്യത്യസ്തയാണ്. കഴിഞ്ഞജന്മാന്വേഷണങ്ങളിൽ മുഴുകുമ്പോൾ നമ്മൾ കാണുന്നത്  സ്വപ്നലോലയായ്,പ്രണയതരളിതയായ, സ്ത്രീത്വത്തിന്റെ മുഗ്‌ദ്ധഭാവങ്ങളിൽ വിളങ്ങുന്ന ഒരു സുന്ദരിയെയാണ്. അതേസമയം കഴിഞ്ഞ ജന്മത്തെക്കുറിച്ച് അറിയാനുള്ള ഉത്കണ്ഠയും ഈ ജന്മത്തെ ജീവിതം നൽകുന്ന പരീക്ഷണങ്ങളും വളരെ ധീരമായി നേരിടുന്ന ശക്തമായ കഥാപാത്രമായി നോവലിസ്റ്റ് പാഞ്ചാലിയെ അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരന്റെ മനസ്സിൽ ഉണ്ടാകുന്ന ചിന്ത തനിക്ക് കിട്ടിയ ശാപത്തെപ്പറ്റി എങ്ങനെ പാഞ്ചാലി അറിഞ്ഞു. കഴിഞ്ഞ ജന്മത്തെക്കുറിച്ച ചിന്തിക്കുന്നത് ദ്വാപര യുഗത്തിലെ വിശ്വാസങ്ങൾക്ക് അനുയോജ്യമാണ്. എന്നാൽ പാഞ്ചാലി തനിക്ക് ശാപം കിട്ടിയിട്ടുണ്ടാകുമെന്ന് ചിന്തിക്കുകയും അതറിയാൻ ഉത്കടമായ ആവേശം കാണിക്കുകയും ചെയ്യുന്നുണ്ട്. അതു വ്യത്യസ്തമായി തോന്നാം. അവർ ചിന്താവിഷ്ടയാകുന്നു. അജ്ഞാതമായ അനുഭൂതികൾ അവർക്കനുഭവപ്പെടുന്നു. കൃഷ്ണനും അർജുനനും നര നാരായണൻമായിരിക്കെ അർജുനനുമായുള്ള തന്റെ സമ്പർക്കത്തിന് വിഘ്‌നം വരുന്നത് മുന്ജന്മശാപമാണെന്നവർ അനുമാനിക്കുന്നു. ഈ ജന്മത്തിൽ അവർ അവരുടെ കർത്തവ്യങ്ങൾ നിറവേറ്റുമ്പോഴും എന്തോ അപൂര്ണത അവർക്ക് അനുഭവപ്പെടുന്നുണ്ട്. ഏതോ അജ്ഞാത കാമുകന്റെ തലോടൽ പോലെ മയില്പീലികൾ അവരെ ആകർഷിക്കുന്നു. പാഞ്ചാലിയുടെ ഈ സ്വഭാവസവിശേഷത നോവലിസ്റ്റ് വരച്ചിടുന്നത് വളരെ മികവോടെയാണ്.

മഹാഭാരതകഥയിലെ സന്ദർഭങ്ങളിലൂടെ  പാഞ്ചാലി കടന്നുപോകുന്നെങ്കിലും അവളുടെ മനസ്സ് അവളുടെ ഭൂതകാലത്തിലേക്ക് തെന്നിപോകുന്നു. ഭൂതകാലം എന്നുപറയുന്നത് ശരിയല്ല. അവളുടെ കഴിഞ്ഞ ജന്മത്തിലേക്ക്. യുവതിയായി ജനിച്ച അവൾക്ക് ഭൂമിയിൽ ഒരു ഭൂതകാലമില്ലല്ലോ. രണ്ടുകാര്യങ്ങളാണ് ഒരാളെ കഴിഞ്ഞ കാലത്തെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഒന്ന് ആത്മാവലോകനം ചെയ്യാൻ പിന്നൊന്നു അയവിറയ്‌ക്കാൻ. ഇവിടെ പാഞ്ചാലി രണ്ടും ചെയ്യുന്നു. പ്രിയന്റെ പ്രേമസ്പർശങ്ങൾ ഏൽപ്പിച്ച നിർവൃതി അവൾ നുണയുന്നുണ്ട്. കഴിഞ്ഞജന്മങ്ങളിലെ മധുരാനുഭൂതികൾ തികട്ടിത്തുളുമ്പുന്ന ഹൃദയവുമായി അവർ നിരന്തരം ആ പ്രണയരാജകുമാരനെ അന്വേഷിക്കുന്നു.  കൃഷ്‌ണനിൽ അവനെ കാണുന്നു. പക്ഷെ കൃഷ്ണൻ അവൾക്ക് സൂചനകൾ തുടക്കത്തിൽ നൽകുന്നില്ല.  അവളുടെ മനസ്സിലെ മൃദുല വികാരങ്ങളെ അവൾ താലോലിച്ചുകൊണ്ടിരുന്നു. ഇതിഹാസങ്ങളിൽ നായികമാരുടെ വിവരണം അതിന്റെ രചയിതാക്കൾ നല്കിയിട്ടുണ്ടാകും. വായനക്കാർ ആ പരിചയത്തിലൂടെ അവരെ അറിയുന്നു. എന്നാൽ എഴുത്തുകാർ അത്തരം നായികമാരെ സൂക്ഷ്മമായി മനസ്സിലാക്കി അവരുടെ വ്യക്തിത്വങ്ങളുടെ വേറിട്ട ഭാവങ്ങൾ അവതരിപ്പിക്കുന്നു.
നോവലിസ്റ്റ് വായിച്ചു  മനസ്സിലാക്കിയ പാഞ്ചാലിയെ അവർ നോക്കി കാണുന്ന വീക്ഷണകോണിലൂടെ നമുക്ക് കാണിച്ച് തരുമ്പോൾ നമ്മളും അത് വിശ്വസിക്കുന്നു. നമ്മളിൽ അതു  കൗതുകമുണർത്തുന്നു. അഗ്‌നിയിൽ നിന്നും യൗവനയുക്തയായി ജനിച്ചവൾ അവളുടെ കഴിഞ്ഞ  ജന്മങ്ങളെ അന്വേഷിക്കുമോ? അത് അവരുടെ ജീവിതത്തെ സ്വാധീനിക്കുമോ? ഈ നോവലിൽ നിന്നും നമ്മൾ മനസ്സിലാക്കുന്നത് പാഞ്ചാലിക്ക് ഒരു പൂർവ്വജന്മമുണ്ടായിരുന്നുവെന്നു മാത്രമല്ല അവൾ ഒരു ശാപവും പേറുന്നു എന്നാണു. നിത്യദുഃഖിതയാണ് പാഞ്ചാലി. സാക്ഷാത്കരിക്കപ്പെടാത്ത മോഹങ്ങളുടെ ചുഴിയിൽ അവൾ വട്ടം കറങ്ങുന്നു. അതേസമയം കർത്തവ്യങ്ങളിൽ നിന്നും വ്യതിചലിക്കുന്നില്ല.അതുകൊണ്ടവർ പഞ്ചകന്യകമാരിൽ ഒരാളാകുന്നു.

സ്വയംവരവും അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും മഹാഭാരതകഥയിൽനിന്ന് ഉൾക്കൊണ്ടു സ്വന്തം ഭാവനയിലൂടെ ആവിഷ്കരിച്ചിരിക്കുന്നത് വിശ്വസനീയമായ പ്രതിപാദനത്തിലൂടെയാണ്. അതോടൊപ്പം ധർമ്മാധർമങ്ങളെപ്പറ്റിയുള്ള എഴുത്തുകാരിയുടെ ദര്ശനങ്ങളും കമന്റുകളും നൽകുന്നുണ്ട്.  "സർവവും മായയാണ്, സംസാരവും മായയാണ്" ദ്രൗപധി അവരുടെ നിയോഗത്തിൽ ദുഖിതയാണ്. നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. ദ്രൗപദിയുടെ മാനസിക ചിന്ത ധർമ്മവിരുദ്ധമാണെന്നു പറഞ്ഞ ഭർത്താക്കന്മാർ അവരുടെ നിലപാട് ഉറപ്പിക്കുമ്പോൾ ദ്രൗപദി അവരെ ചോദ്യങ്ങൾ കൊണ്ട് മൂടുന്നത് തന്മയത്തത്തോടെ ചിത്രീകരിച്ചിരിക്കുന്നു. സ്ത്രീയുടെ സഹജമായ ചിന്തകളിൽ നിന്ന് പാഞ്ചാലി വിമുക്തയല്ല. അവളുടെ ചിന്തയിലേക്ക് മുന്ജന്മം ജീവിതവും അവളുടെ അനുരാഗദേവനും എപ്പോഴും കടന്നുവരുന്നുണ്ട്. വളരെ ലോലമായ ഒരു തന്തുവിൽ  അതായത് എന്റെ പൂർവജന്മത്തിൽ ഞാൻ ആരായിരുന്നു എന്ന് തിരിയുന്ന ഒരു രാജകുമാരിയെ അവളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളിലൂടെ സഞ്ചരിപ്പിച്ചുകൊണ്ട് നോവലിസ്റ്റ് അവരുടെ രചനാതന്ത്രത്തിന്റെ മികവ് കാട്ടുന്നത് പ്രശംസനീയം തന്നെ. 

ബാല്യകാലം ആസ്വദിച്ച് വിവരിക്കുമ്പോൾ ദ്രൗപദിയുടെ മനസ്സ് വെമ്പൽ കൊള്ളുന്നു. എവിടെയായിരിന്നിരിക്കും തന്റെ കഴിഞ്ഞ കാലം. അറിഞ്ഞേ തീരു എന്ന തീവ്രമായ തീരുമാനം. ശിരോവിധിയിൽ നിന്ന് ഒഴിഞ്ഞ നില്കാനാവില്ലെന്നറിയാന്ന  ദ്രൗപദി പക്ഷെ മനസ്സിലെ ചിന്തകൾക്ക് വിരാമമിടുന്നേയില്ല. നോവലിസ്റ്റ് ദ്രൗപദിയെ ഭീമസേനന്റെ വാക്കുകളിലൂടെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ: സുഗന്ധിദേവി ഒരു പ്രണയിനിയെപ്പോലെ സന്തോഷവതിയായിരിക്കുന്നു.  ഈ ജന്മം മുഴുവൻ ഈ സന്തോഷം കണ്ട് ജീവിക്കാനായെങ്കിലെന്നു ഞാനാശിക്കുകയാണ്". ദ്രൗപദിയുടെ ഹൃദയമിടിപ്പുകൾ അപ്പോൾ അർജുനന്റെ ആഗമനത്തിനായിരുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് പാഞ്ചാലിയുടെ ആത്മസംഘർഷം നോവലിസ്റ്റ് വ്യക്തമാക്കുന്നു.

സ്വയം വരം ചെയ്ത അർജുനനുമായി ഒരുമിച്ച് ചേരാൻ അനുവദിക്കാതെ സാഹചര്യങ്ങൾ പ്രതികൂലമാകുമ്പോൾ പാഞ്ചാലി തനിക്ക് കിട്ടിയ ശാപം ശരിയെന്നു വിശ്വസിക്കുന്നു.  കൃഷ്ണന്റെ സഖിയാണ് താനെന്നു അറിയുമ്പോൾ തന്നെ അതിനേക്കാൾ ദൃഢമായ ഒരു ബന്ധം കൃഷ്ണമായുണ്ടെന്നു തന്നെ പാഞ്ചാലി വിശ്വസിക്കുന്നുണ്ട്. മഹാഭാരത കഥയിൽ നിന്നും പാഞ്ചാലിയെ കഥാപാത്രമാക്കി എഴുതിയവരെല്ലാം പാഞ്ചാലിയും കൃഷ്ണനും തമ്മിൽ അവിഹിത ബന്ധം സൂചിപ്പിക്കുന്ന പോലെ സന്ദർഭഭങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ശ്രീമതി എം പി ഷീല അങ്ങനെ അവരെ ബന്ധിപ്പിക്കുന്നില്ല. മറിച്ച് കൃഷ്ണനോട് തന്റെ പൂർവ വൃത്താന്തം വെളിപ്പെടുത്താൻ അപേക്ഷിക്കുന്നുണ്ട്. അത്തരം രംഗങ്ങൾ നോവലിസ്റ്റ് കൗശലത്തോറെയെ ചിത്രീകരിച്ചടിയായി കാണാം, പാഞ്ചാലി വിധിയുടെ ഒരു ഉപകരണമായി ജീവിക്കുന്നു എന്ന് വായനക്കാരനും ബോധ്യപ്പെടുമ്പോൾ അവർക്ക് ശാപമുണ്ടെന്ന നോവലിസ്റ്റിന്റെ ആശയത്തോട് അവനും യോജിക്കുന്നു.  ഭാര്യ എന്ന നിലക്ക്  പാഞ്ചാലി അവരുടെ കർത്തവ്യങ്ങൾ വീഴ്ചയില്ലാതെ ചെയ്യുമ്പോഴും അവർക്ക് തോന്നുന്നത് അവരുടെ ജന്മം അവർക്ക് ജീവിക്കാൻ വേണ്ടിയല്ല മറിച്ച് ഏതോ ശാപം മൂലം പതിച്ചുകിട്ടിയതാണെന്നു.  ആ ചിന്തയിൽ ജീവിക്കുമ്പോഴും ആ കാലഘട്ടത്തിൽ ഒരു കുലവധു എങ്ങനെ ജീവിക്കണമെന്ന നിബന്ധനകളിൽ നിന്നും അവർ മാറിപോകുന്നില്ലെന്നു വായനക്കാരന് അനുഭവപ്പെടുന്നു. . അതും നോവലിസ്റ്റിന്റെ വിവരങ്ങളുടെ ശക്തിയായി കാണാം.

അതേസമയം ഈ നോവൽ പാഞ്ചാലി എന്ന കഥാപാത്രത്തെക്കുറിച്ച് മഹാഭാരതത്തിൽ നിന്നും മറ്റു പുസ്തകങ്ങളിൽ നിന്നും വായനക്കാരൻ മനസ്സിൽ ഉറപ്പിച്ചിട്ടുള്ള രൂപത്തിന് കോട്ടം വരുന്നില്ല. ഈ നോവലിൽ വായനക്കാരൻ പാഞ്ചാലിയുടെ ശാപവും അവളുടെ പൂർവജന്മ കഥയുമറിയുന്നു. കൃഷ്ണനോട് അവൾക്ക് തോന്നുന്ന അനുരാഗത്തുടിപ്പുകൾ വാസ്തവത്തിൽ അവളുടെ സ്വഭാവത്തിൽ കരിനിഴൽ വീഴ്ത്തുന്നില്ല. കാരണം നോവലിന്റെ അവസാനം നോവലിസ്റ്റ് ആ കഥ അനാവരണം ചെയ്യുന്നു. പാഞ്ചാലി കൃഷ്ണന്റെ രാധയായിരുന്നു. പാഞ്ചാലിയെന്ന കഥാപാത്രം മഹാഭാരതത്തിലെ നായികയെങ്കിലും കൃഷ്ണന്റെ രാധ മഹാഭാരതത്തിൽ വ്യാസൻ അവതരിപ്പിക്കുന്നില്ലെന്നാണ് ഈ ലേഖകന്റെ അറിവ്. ഒരു പക്ഷെ ഇതിഹാസങ്ങൾ പറയാതിരുന്നത് എന്ന ഒരു വിഷയം ഇപ്പോൾ പ്രചാരത്തിലിരിക്കുമ്പോൾ ഈ നോവലിന്റെ കഥയും ധാരാളം ചർച്ചകൾക്ക് വിധേയമാകട്ടെ എന്ന് ആശംസിക്കുന്നു.
ശുഭം

മൂന്നാമൂഴം ഒരു രണ്ടാം വീക്ഷണം (നോവൽ നിരൂപണം: സുധീർ പണിക്കവീട്ടിൽ)
Join WhatsApp News
vaayanakaran 2021-11-07 22:59:08
അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനകളെപ്പറ്റി നാട്ടിലുള്ളവർ അറിയുന്നില്ല ഇവിടെയുള്ളവർ വായിക്കുന്നില്ല. അതുകൊണ്ട് ഇങ്ങനെയുള്ള രചനകളെക്കാൾ നാട്ടിലെ പ്രശസ്തർക്ക് പുസ്തകം അയച്ചുകൊടുക്കു അവരെക്കൊണ്ട് എഴുതിക്കു.അവർ ഇത് തന്നെ എഴുതിയാലും അതിനു ജനം വില കൽപ്പിക്കുന്നു. എല്ലാ എഴുത്തുകാരും ഇത് ശ്രദ്ധിക്കുക.ശ്രീമതി ഷീലയ്ക്ക് എഴുത്തതിന്റെ ലോകത്ത് സമുന്നത സ്ഥാനം കിട്ടാൻ പ്രാർത്ഥിക്കുന്നു. അവർക്ക് അതിനു അർഹതയുണ്ട്.
Sudhir Panikkaveetil 2021-11-09 23:33:35
അഭിപ്രായങ്ങൾ എഴുതിയ എല്ലാവര്ക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക