Image

സീതയുടെ കഥ പുനരാവിഷ്കരിക്കുമ്പോൾ (സിനി പണിക്കരുടെ 'യാനം, സീതായന'ത്തിനു പ്രൊഫ. എം.കെ. സാനുവിന്റെ അവതാരിക)

Published on 07 November, 2021
സീതയുടെ കഥ പുനരാവിഷ്കരിക്കുമ്പോൾ  (സിനി പണിക്കരുടെ 'യാനം, സീതായന'ത്തിനു പ്രൊഫ. എം.കെ. സാനുവിന്റെ അവതാരിക)
 
ഭാരതീയരുടെ രക്തനാഡികളിൽ എപ്പോഴും സ്പന്ദിച്ചു നിൽക്കുന്ന രണ്ട് ഇതിഹാസങ്ങളാണ് മഹാഭാരതവും രാമായണവും. രാമായണമഹാഭാരതാദികൾ നേരിട്ട് വായിച്ചിട്ടില്ലെങ്കിൽപ്പോലും, ഭാരതീയരുടെ പരോക്ഷമായ പ്രചോദനമായി ഈ ഇതിഹാസങ്ങൾ അവരുടെ മനസ്സുകളിൽ എന്നും സുപ്തമായിരിക്കുന്നു. അതുകൊണ്ടാണ് ഭാരതീയ സാഹിത്യത്തിൽ രാമായണകഥോപജീവിയും മഹാഭാരതകഥോപജീവിയുമായ
അനേകം സാഹിത്യസൃഷ്ടികൾ ഉണ്ടായിട്ടുള്ളത്. അതിന്റെ ഭാഗമായിട്ടാണ് കേരളത്തിലും ഇത്തരം സാഹിത്യസൃഷ്ടികൾ രചിക്കപ്പെട്ടത്. ഇതിൽ മഹാഭാരതകഥകളാണ് കേരളീയരെ കൂടുതൽ ആകർഷിച്ചിട്ടുള്ളത്‌ എന്നു തോന്നുന്നു. മലയാളസാഹിത്യത്തിലെ രണ്ടു പ്രമുഖ നോവലുകൾ ആയ, എം. ടി. വാസുദേവൻനായരുടെ ‘രണ്ടാമൂഴ’വും പി. കെ. ബാലകൃഷ്ണന്റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന കൃതിയും, മഹാഭാരതത്തെ ഉപജീവിച്ചുള്ള  നോവലുകളാണ്. 
 
അതിൽനിന്നും ഭിന്നമായി, ശ്രീമതി സിനി പണിക്കർ രാമായണകഥയെ ഉപജീവിച്ചുകൊണ്ടാണ് ഈ ഇതിഹാസനോവൽ രചിച്ചിരിക്കുന്നത്. രാമായണം രാമന്റെ കഥയാണ്. മാതൃക എന്ന് ലോകത്തിന് ചൂണ്ടിക്കാണിക്കാൻ പറ്റുന്ന,  സർവ്വഗുണസമ്പന്നനായ, ഒരു നായകനെ അവതരിപ്പിക്കാനാണ് വാല്മീകി ‘രാമായണ കാവ്യം’ രചിക്കുന്നത്. കാവ്യാരംഭത്തിൽത്തന്നെ അതു പറയുന്നുണ്ട്. പക്ഷേ, രാമൻ മനുഷ്യനാണ്. സർവ്വഗുണസമ്പന്നനായ മനുഷ്യനാണ്. എന്നാലും മനുഷ്യൻ എന്നു പറയുമ്പോൾ മാനുഷികമായ ബലഹീനതകളും മാനുഷികമായ വൈകല്യങ്ങളുംവരെ അതിൽ കലരാതെ നിവൃത്തിയില്ല. അതുകൊണ്ട് വാല്മീകിയുടെ രാമൻ ദൈവമല്ല. അവതാരപുരുഷൻ എന്നു സങ്കൽപ്പിച്ചാൽപോലും, മനുഷ്യന്റേതായ ദൗർബല്യങ്ങൾ കലർന്ന ഒരു പുരുഷനാണ്. അങ്ങനെയൊരു പുരുഷന് ഉചിതയായ ഒരു നായിക വേണം.
 
 
രാമനെപ്പോലെ സർവ്വഗുണസമ്പന്നനായ ഒരു നായകന് സമുചിതയായ ഒരു നായിക എന്ന രീതിയിലാണ് വാല്മീകി സീതയെ അവതരിപ്പിക്കുന്നത്. പക്ഷേ, കഥ പറഞ്ഞു കഴിയുമ്പോൾ, രാമനേക്കാൾ വ്യക്തിത്വമുള്ള, ജനഹൃദയങ്ങളെ കൂടുതൽ വശീകരിക്കുന്ന, കഥാപാത്രമായി സീത ഉയർന്നുവരികയാണ് ചെയ്യുന്നത്. അതു കണ്ടിട്ടാണ് സ്വാമി വിവേകാനന്ദൻ ഈ ഇതിഹാസത്തിന് ‘സീതായനം’ എന്ന പേര് നൽകുകയാണ് കൂടുതൽ
ഉചിതം എന്ന് അഭിപ്രായപ്പെട്ടത്. ആ അഭിപ്രായം ഇന്നും സാധുവാണ്. നമുക്കു പരിഗണിക്കാവുന്നതുമാണ്.
 
ഇത്രയും മുഖവുരയായി പറയാൻ കാരണം, ശ്രീമതി സിനി പണിക്കർ തന്റെ നോവലിന് ആധാരമാക്കിയിട്ടുള്ളത് സീത എന്ന ആദർശനായികയെ ആണ്. ആദർശനായിക എന്നു ഞാൻ പറയുന്നത് ലോകത്തിന് ആദർശമായ ഒരു സ്ര്തീത്വം സീതയിൽ എന്നും തുളുമ്പിനിൽക്കുന്നത് കൊണ്ടാണ്. ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങളിലൂടെ വായനക്കാരെ വശീകരിക്കുകയും, നമ്മുടെ അനുതാപം സമ്പാദിക്കുകയും, പലപ്പോഴും ആരാധനാഭാവം നേടിയെടുത്ത് ഉയരുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് സീത. ആ സീതയുടെ കഥ ആരംഭം മുതൽ ഒന്ന് ഓർത്തുനോക്കാം. ഭൂമിപുത്രി എന്ന സീത. ഭൂമിപുത്രി 
ഇതിഹാസശൈലിയിൽ പറഞ്ഞിരിക്കുന്നത് ഒരു പ്രതീകമായാണ്. അത് മനുഷ്യസ്ത്രീയുടെ പുത്രി എന്നു തന്നെ എടുത്താൽ മതി. പ്രകൃതിയുടെ പുത്രിയാണ് സീത എന്ന അർത്ഥമെടുത്താലും നല്ലതു തന്നെ.
 
ആ സീത വളർന്നത് ജനകമഹാരാജാവിന്റെ വളർത്തുപുത്രിയായിട്ടാണ്. ജനകമഹാരാജാവ് ലൗകികകാര്യങ്ങളിൽനിന്നും മുക്തനായ, ജീവന്മുക്തനായ, ഒരു മഹർഷിയാണ്. രാജാവാണെങ്കിലും രാജാധികാരം അല്ല അദ്ദേഹത്തിന് പ്രധാനം. ഭൂമിയും അതിലെ വിഭവങ്ങളും ആണ്. അങ്ങനെ ജീവിച്ച ജനകമഹാരാജാവിന്റേത് ഒരു പ്രത്യേക സംസ്കാരമാണ്. ജനകന്റെ വളർത്തുപുത്രി, ഭൂമിപുത്രി, എന്നീ നിലകളിൽ വളർന്ന സീതയിൽ ആ സംസ്കാരം എന്നും നില നിന്നുപോരുന്നുണ്ട്. അതാണ് സീതയുടെ പ്രത്യേകത.
 
ആ സീതയാണ് സ്വയംവരത്തിലൂടെ ശ്രീരാമന്റെ ധർമ്മപത്നിയായി തീരുന്നത്. അന്ന് ശ്രീരാമൻ യുവരാജാവാണ്. വിവാഹം ചെയ്ത് സീത ചെന്നെത്തുന്ന അയോദ്ധ്യ ആകട്ടെ, മറ്റൊരു അന്തരീക്ഷമാണ്. രണ്ടു സംസ്കാരങ്ങൾ എന്ന ധ്വനി ശ്രീമതി സിനി പണിക്കർ നോവലിൽ പലപ്പോഴും പ്രയോഗിക്കുന്നുണ്ട്. തീർച്ചയായും രണ്ട് സംസ്കാരങ്ങളാണ് ആ ദമ്പതികളിലൂടെ സന്ധിക്കുന്നത്. ഒന്ന്, ഗ്രാമീണസംസ്കാരം.
കർഷകസംസ്കാരം. ഭൂമിയുടെ സംസ്കാരം. മറ്റേത് അധികാരത്തിന്റെ സംസ്കാരമാണ്. അവിടെ ഭൂമിയുടെ നൈർമ്മല്യങ്ങൾക്ക് പല കോട്ടങ്ങളും സംഭവിക്കും. അവിടെ രാജതന്ത്രത്തിന്, പ്രത്യേകിച്ചും നയതന്ത്രത്തിന്, ആണ് പ്രാധാന്യം. നയതന്ത്രത്തെക്കുറിച്ച് ബെർണാഡ് ഷാ പറഞ്ഞത്, അതിശയോക്തിപരമാണെങ്കിലും, ഇങ്ങനെയാണ്. “Diplomacy is saying and doing the nastiest things in the nicest way possible.” അയോദ്ധ്യയിലെ രാജധാനി
പോലുള്ള ഇടങ്ങളിൽ ഈ തന്ത്രങ്ങളും കാപട്യവും സ്വാഭാവികമാണ്. അവിടെ ചെന്നുചേരുന്ന സീതയും രാജധാനിയും തമ്മിൽ സ്വാഭാവികമായും പൊരുത്തക്കേടുകൾ ഉണ്ടാകാതിരിക്കില്ല. ഏതായാലും, കൈകേയിയുടെ കുതന്ത്രങ്ങളിലൂടെ യുവരാജാവായ രാമൻ പതിനാലു വർഷത്തേക്ക് വനവാസത്തിനായി പോകേണ്ടിവരുന്നു. സീതയും കൂടെ പോകാൻ തീരുമാനിക്കുന്നു.
 
വനവാസം നഗരവാസം പോലെയല്ല. വനത്തിൽ രാക്ഷസന്മാരുണ്ട്, വന്യമൃഗങ്ങൾ ഉണ്ട്. പ്രകൃതിയിൽനിന്നു നേരിടാവുന്ന അരക്ഷിതാവസ്ഥയുണ്ട്. അതെല്ലാം തരണം ചെയ്ത് രാമനോടും ലക്ഷ്മണനോടുമൊപ്പം ജീവിക്കുന്ന സീതയെയാണ് രാവണൻ അപഹരിച്ച്, പുഷ്പകവിമാനത്തിൽ ലങ്കയിലേക്ക് കൊണ്ടുപോകുന്നത്. ലങ്കയിൽ സീത ഉപദ്രവങ്ങൾ സഹിച്ച് കഴിയുന്നുവെന്ന് നോവലിൽ കാണുന്നു. (അങ്ങനെയൊന്ന്
വാല്മീകിരാമായണത്തിൽ ഉണ്ടോ എന്ന് ഞാൻ ഓർക്കുന്നില്ല.) അങ്ങനെ കഷ്ടപ്പെടുന്ന സീത മരിച്ചുപോകാമായിരുന്നു. എന്നാൽ ഒറ്റ ആഗ്രഹമാണ്, രാമനെ എന്നെങ്കിലും കാണണം, രാമൻ തന്നെ വീണ്ടെടുക്കും എന്ന പ്രതീക്ഷയാണ്, സീതയെ ജീവിപ്പിച്ചത്. ഹനുമാന്റെ സന്ദർശനം ആ പ്രതീക്ഷ ഉണർത്തുകയും ചെയ്തു.
 
പിന്നീട് വാനരസഖ്യത്തോടെ രാമൻ സമുദ്രം കടക്കുന്നു, രാവണനെ യുദ്ധത്തിൽ വ ച്ച്, രാജ്യം കീഴടക്കുകയും സീതയെ മോചിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, രാമൻ സീതയിൽ സംശയാലുവാണ്. സീതയെ മോചിപ്പിച്ചതോടെ തന്റെ ധർമ്മം അവസാനിച്ചതായി രാമൻ കരുതുന്നു. കളങ്കിതയായ സീതയ്ക്ക് ആരുടെ കൂടെ വേണമെങ്കിലും ഇനി പോകാം എന്നു വരെ രാമൻ പറയുന്നുണ്ട്. സീത കണ്ണീരോടെ, അഗ്നിപരീക്ഷയിൽ വിജയിച്ചുകഴിയുമ്പോഴേ സീതയ്ക്ക് രാമനോടൊന്നിച്ച് അയോദ്ധ്യയിലേക്ക് മടങ്ങാൻ സാധിക്കുന്നുള്ളൂ.
 
അയോദ്ധ്യയിൽ വച്ച് ഗർഭിണിയായ സീതയെ പ്രജകളുടെ ദൂഷണം ആരോപിച്ച് രാമൻ ഉപേക്ഷിക്കുന്നു. വനഭംഗി കാണിക്കാനെന്ന വ്യാജേന, രാമൻ സീതയെ ലക്ഷ്മണനോടൊപ്പം കാട്ടിലേക്ക് അയക്കുകയും, ഗർഭിണിയായ ആ പുണ്യവതിയെ അവിടെ ഉപേക്ഷിച്ചുവരുവാൻ ലക്ഷ്മണനോട് ആജ്ഞാപിക്കുകയും ചെയ്യുന്നു. ലക്ഷ്മണൻ ഹൃദയമുരുകിയാണ് ആ കൽപ്പന നിർവ്വഹിക്കുന്നത്. വാല്മീകിമഹർഷി സീതയെ
രക്ഷിക്കുകയും, ആശ്രമത്തിലേക്കു കൂട്ടിക്കൊണ്ടുപോയി എല്ലാ സംയമനങ്ങളും പരിശീലിപ്പിച്ച്, പരിരക്ഷിക്കുകയും ചെയ്യുന്നു. താപസികളിൽ നിന്ന് ആത്മസംയമനം നേടിയ സീതയിൽ എന്നാലും ഒരു സങ്കടം അവശേഷിക്കുന്നു. 
 
അത് ആരിലും  അവശേഷിക്കും. ഒരു വാക്കു പോലും പറയാതെ, അകാരണമായി എന്നെ ഉപേക്ഷിച്ചില്ലേ
എന്ന ദുഃഖം. രാമായണത്തിലെ ഈ സീതയെയാണ് ശ്രീമതി സിനി പണിക്കർ തന്റെ നോവലിന്റെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്. 
 
ഇനി നമുക്ക് എഴുത്തുകാരിയുടെ പശ്ചാത്തലത്തിലേക്ക് തിരിയാം. ഏതാണ്ട് മൂന്നു ദശകങ്ങളായി  അമേരിക്കയിൽ ജീവിക്കുന്ന വ്യക്തിയാണ് ശ്രീമതി സിനി പണിക്കർ. എറണാകുളത്തിനടുത്ത് കങ്ങരപ്പടി എന്ന ഗ്രാമപ്രദേശത്ത് ജനിച്ചു. എറണാകുളം മഹാരാജാസിൽനിന്നും കെമിസ്ട്രിയിൽ ബിരുദവും, കൊല്ലം എസ്. എൻ. കോളേജിൽനിന്നും ബിരുദാനന്തരബിരുദവും നേടി. അതിനുശേഷം അമേരിക്കയിൽ എത്തി,
നാലു വർഷത്തോളം ചെയ്ത PhD ഗവേഷണം മുഴുമിപ്പിക്കാതെ ജോലിയിൽ പ്രവേശിച്ചു. ഓർഗാനിക് കെമിസ്ട്രിയും ഫോറൻസിക് സയൻസും മയക്കുമരുന്നുകളുടെ ഗവേഷണവും കൂടിച്ചേർന്നു കിടക്കുന്ന പ്രത്യേകമായ ഒരു ശാസ്ത്രവിഭാഗത്തിന്റെ ലോകത്തായി സിനി പണിക്കരുടെ പിന്നെയുള്ള പ്രവർത്തനവും പഠനവും എഴുത്തും.
 
 ഇന്ത്യയിൽ അധികം പ്രചാരമില്ലാത്ത, (എനിക്കു തീരെ പരിചയമില്ലാത്ത മേഖലയാണ്), സിനി പ്രവർത്തിക്കുന്ന ഡ്രഗ് പ്രോഫൈലിംഗ് (Drug Profiling). ഈ മേഖലയിൽ യു. എസ്. ഗവൺമെന്റിന് വേണ്ടി
സയന്റിസ്റ്റായും ഇൻവെസ്റ്റിഗേറ്റർ ആയും സബ്ജക്ട് മാറ്റർ എക്സ്പെർട്ട് (SME)  ആയും സിനി പ്രവർത്തിച്ചുപോരുന്നു. ഇക്കാലത്തിലൊന്നും ഇതിഹാസങ്ങൾ സിനി ഓർമ്മിച്ചില്ല. സാഹിത്യമോ എഴുത്തോ കാര്യമായെടുത്തതുമില്ല.
 
ശ്രീമതി സിനി പണിക്കരിൽ പിന്നീട് ഇവ ഉണരുന്നത് അമേരിക്കയിൽ ‘മീ റ്റൂ’ എന്ന പ്രസ്ഥാനം ഉയർന്നുവന്നപ്പോഴാണ്. ‘മീ റ്റൂ’ എന്നത്, ചുരുക്കിപ്പറഞ്ഞാൽ, സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം എന്ന അർത്ഥത്തിൽ എടുക്കാം. സ്ത്രീ അപവാദത്തിനോ പീഡനത്തിനോ ഇരയാകേണ്ട ഒരാളല്ല, അവൾക്കും പുരുഷനെപ്പോലെ വ്യക്തിത്വമുണ്ട്. അതാണ് ‘മീ റ്റൂ’ എന്ന പ്രസ്ഥാനത്തിൽ അന്തർലീനമായ ആദർശം. ‘മീ റ്റൂ’
അമേരിക്കയിൽ ശക്തി പ്രാപിച്ചപ്പോൾ അതോടൊപ്പം സിനിയിലെ സ്ത്രീത്വവും ആത്മാഭിമാനവും ഉണർന്നു. സീതയും ആ മനസ്സിൽ ഉണർന്നു. ആത്മാഭിമാനമുള്ള സീത.
 
ആദ്യം ബലി കഴിക്കപ്പെട്ടെങ്കിലും, പിന്നീട് ആത്മാഭിമാനത്തിന്റെ പ്രതീകമായി മാറുന്ന സീത. അവൾ സിനിയിൽ പ്രചോദനമുണർത്തി. സർഗ്ഗാത്മകമായ പ്രചോദനം. അങ്ങനെ സീതയെപ്പറ്റി എഴുതാൻ തീരുമാനിച്ചപ്പോൾ സിനി രാമായണങ്ങൾ വായിക്കാൻ ആരംഭിച്ചു. മറ്റു പ്രബന്ധങ്ങളും ലേഖനങ്ങളും ആർത്തിയോടെ വായിച്ചു. 
 
അവയിൽനിന്നെല്ലാം അറിവും സംസ്കാരവും ഉൾക്കൊണ്ടതിനുശേഷം എഴുതാനിരുന്നപ്പോൾ തടസ്സം നിന്നത് ഏതു മാധ്യമത്തിൽ എഴുതും എന്ന ചിന്തയാണ്. മുപ്പത് വർഷത്തോളം ഇംഗ്ലീഷായിരുന്നു ഭാഷ എന്നതുകൊണ്ട് ഇംഗ്ലീഷിൽ തന്നെയാണ് ആദ്യം എഴുതിയത്. മലയാളത്തിൽ എഴുതാൻ പേടിയും സംശയവും തോന്നി എന്നാണ് സിനി പറയുന്നത്. പക്ഷേ, അങ്ങനെ ഭയക്കേണ്ട കാര്യമുണ്ടോ? ഇല്ലെന്നാണ് എന്റെ
അഭിപ്രായം. കാരണം, മാതൃഭാഷ, അമ്മയെപ്പോലെ, ഏതു പ്രായത്തിലും വാത്സല്യം ചുരത്തുന്ന മറ്റൊരമ്മയാണ്. ആ മാതൃഭാഷ ഒന്നു സ്മരിച്ചാൽ മതി, അതു നമുക്കധീനമാകും. അതാണ് ഈ നോവലിലൂടെ സിനി കാണിച്ചുതരുന്നതും.
 
നോവൽ നാലു കാണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നു. നാലു കാണ്ഡങ്ങൾ ആകുമ്പോഴും ഈ നോവലിന്റെ രൂപഘടന തികച്ചും ക്രമാനുഗതം (linear) അല്ല. ഒരു സ്ഥലത്തു കഥ ആരംഭിച്ച്, അനുക്രമമായി സംഭവങ്ങൾ വിവരിക്കയല്ല സിനി ചെയ്തിരിക്കുന്നത്. പിന്നെയോ? ഒരു പ്രത്യേക സന്ദർഭത്തിൽ കഥ തുടങ്ങുന്നു. പിന്നെ ആ സംഭവം എങ്ങനെ ഉണ്ടായി എന്നത് ചാക്രികമായ ഒരു സംവിധാനത്തിലൂടെ വിവരിക്കുന്നു. ഈ രീതിയാണ് സിനി ഇതിൽ സ്വീകരിച്ചിരിക്കുന്നത്. 
 
പരിത്യക്തയായി ആശ്രമത്തിൽ കഴിഞ്ഞ സീത രാമരാജധാനിയിലേക്ക് തിരികെ പോകാൻ ഒരുങ്ങുന്ന സന്ദർഭത്തിൽനിന്ന് നോവൽ തുടങ്ങുന്നു. അവിടെനിന്നാണ് സീതയുടെ മനസ്സിലൂടെ കഥ സഞ്ചരിക്കാൻ തുടങ്ങുന്നത്. 
രണ്ടു കാര്യങ്ങളാണ് ഈ കൃതിയെപ്പറ്റി എനിക്ക് പറയാനുള്ളത്. ഒന്ന്, പ്രധാനമായും സീതയുടെ മനോവ്യാപാരങ്ങളാണ്  നോവലിന്റെ പ്രമേയം. രണ്ടാമത്തേത്, സാഹിത്യം എന്നത്, അല്ലെങ്കിൽ 
സർഗ്ഗാത്മകസാഹിത്യം എന്നത്, ആന്തരികജീവിതത്തിന്റെ ആവിഷ്കാരമാണ്.
ബാഹ്യസംഭവങ്ങൾക്ക് അപ്രധാനമായ സ്ഥാനമേയുള്ളൂ. നോവലിനെക്കുറിച്ച് പറയുകയാണെങ്കിൽ, അത് സംഭവങ്ങളുടെ വിവരണമാണ്. പക്ഷേ, സംഭവങ്ങൾ മനുഷ്യമനസ്സിൽ ഉണ്ടാക്കുന്ന പ്രതികരണങ്ങൾ ആണ് പ്രധാനം. നോവൽ ജീവിതചിത്രീകരണം ആണെങ്കിലും, മുഖ്യമായും ആന്തരിക ജീവിതത്തിന്റെ
ചിത്രീകരണമാണ്. ആ അർത്ഥത്തിൽ ഈ വിശിഷ്ടനോവൽ സാഹിത്യത്തോട് കൂടുതൽ നീതി കാണിക്കുന്നു. ബാഹ്യജീവിതസംഭവങ്ങൾ അപ്രധാനമാക്കിക്കൊണ്ട്, അല്ലെങ്കിൽ നിമിത്തങ്ങൾ ആക്കിക്കൊണ്ട്, ആന്തരിക ജീവിതത്തിന്റെ ചലനങ്ങൾ സൂക്ഷ്മമായി ആവിഷ്കരിക്കുന്നതിലാണ് സിനി പണിക്കർ തന്റെ സർവ്വകഴിവുകളും ഏകാഗ്രമായി പ്രയോഗിച്ചിട്ടുള്ളത്. അത് അതിമനോഹരമായി നിർവ്വഹിക്കുകയും ചെയ്‌തിരിക്കുന്നു.
 
ഓരോ ഘട്ടത്തിലും സീതയുടെ അന്തരാത്മാവിലേക്ക് കടന്നുചെല്ലുകയും, സീതയുടെ വിചാരഗതി മുൻപോട്ടും പുറകോട്ടും പോകുന്നത് അതേ തരത്തിൽ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭൂതകാലങ്ങൾ ഓർമ്മിക്കുന്ന സീതയിൽ, തന്നോട് ചെയ്ത തെറ്റുകൾ ആണ് സ്വാഭാവികമായും കൂടുതലും  തെളിഞ്ഞുവരുന്നത്. അപ്പോൾ സീത സർവ്വംസഹയല്ല.
 
ഒരുപാട് സന്ദർഭങ്ങളിൽ അക്കാഴ്ച തെളിഞ്ഞു കാണാം. രാമനോട് താൻ കളങ്കിതയല്ല എന്ന് ആ മുഖത്തു നോക്കി, ആത്മാഭിമാനത്തോടെ ഉറപ്പിച്ചുപറയുന്ന സീതയാണ് ഇത്. നിവർന്നു നിൽക്കേണ്ട സമയത്തെല്ലാം സീത നിവർന്നു നിൽക്കുന്നുണ്ട്. എന്നാൽ ഒരു ഭാരതീയസ്ത്രീയുടെ വിനയവും സംസ്കാരവും സഹനശക്തിയും സീതയിൽ കാണുന്നുമുണ്ട്. ഈ ഗുണങ്ങൾ പ്രകടമാക്കിക്കൊണ്ടാണ് സീത തന്റെ വിചാരങ്ങൾ തുടരുന്നതും. വനവാസകാലത്തെ ഓർമ്മകൾ, ലങ്കയിലെ തടവ്, അയോദ്ധ്യയിലെ ജീവിതം, അങ്ങനെയെല്ലാം വിചാരഗതിയിൽ കടന്നുവരുന്നു. അതിൽ പരിത്യാഗസന്ദർഭം തീവ്രമായ ഓർമ്മയായി ഉണരുന്നു. നിരപരാധിയായ ഒരു ഭാര്യക്ക് എങ്ങനെ അതു മറക്കാനും പൊറുക്കാനും കഴിയും? സീത അങ്ങനെ ഓർമ്മകളിലൂടെ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്നതുകൊണ്ടാണ്, കാലപൗർവാപര്യം അനുസരിച്ചല്ലാതെ, ചാക്രികമായി കഥ വിവരിച്ചിരിക്കുന്നത്. ആ സംവിധാനം മാത്രമേ ഇതിന് ഇണങ്ങുകയുള്ളൂ. അത് ആഖ്യാനത്തെ ഗഹനമാക്കിയിരിക്കുന്നു. 
 
സീതയെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട്, സീതയുടെ സ്മരണകൾ, ഭൂതവർത്തമാനഭാവികളിലൂടെ, ആവിഷ്കരിക്കുകയാണ് സിനി പണിക്കർ വളരെ വിദഗ്‌ധമായി ഈ നോവലിൽ ചെയ്തിരിക്കുന്നത്. ഇത്
സമകാലികസാഹിത്യത്തിൽ സമുന്നതമായ സ്ഥാനം നേടുന്ന ഒരു കൃതിയാണ്. ശ്രീമതി സിനി പണിക്കരുടെ ഭാഷാപരിചയക്കുറവും സന്ദേഹവും കാരണമാവാം, കുറച്ചു മിനുക്കുപണികൾ ഈ കൃതിക്ക് ആവശ്യമായി കാണുന്നുണ്ട്. അതു കൂടി ചെയ്തുകഴിഞ്ഞാൽ എല്ലാ രീതിയിലും തികവുറ്റ ഒരു നോവലായി ഇതു തീരുമെന്നാണ് എന്റെ വിശ്വാസം. അങ്ങനെ തികവുറ്റ നോവലായി തീർന്നുകഴിഞ്ഞാൽ, ഈ കൃതിയെ ഞാൻ എവിടെ പ്രതിഷ്ഠിക്കുമെന്ന് നിങ്ങൾ ഒരുപക്ഷെ ചോദിച്ചേക്കാം. ഞാൻ ഇതിനെ പ്രതിഷ്ഠിക്കുന്നത് എം. ടി. വാസുദേവൻനായരുടെ ‘രണ്ടാമൂഴ’ത്തിന്റെയും പി. കെ. ബാലകൃഷ്ണന്റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവലിന്റെയും കൂട്ടത്തിൽ ആയിരിക്കും.
 
ഈ രണ്ടു കൃതികളിലും സ്ത്രീയുടെ വേദനയുണ്ട്. ശ്രീമതി സിനി പണിക്കരുടെ നോവലിലും സ്ത്രീയുടെ വേദന തന്നെയാണ് പ്രമേയം. പക്ഷേ, ആ വേദനയിലൂടെ, നമ്മുടെ ഒരു കവിയുടെ ശൈലിയിൽ പറഞ്ഞാൽ, ‘വേദനയിലൂടെ ശക്തി നേടിക്കൊണ്ട്’, സീതയുടെ അനുസ്മരണം ശക്തിയുടെ ശൈലിയിലൂടെ രൂപപ്പെട്ടിരിക്കുന്നു. ‘യാനം സീതായനം’ എന്ന ശീർഷകം തുലോം ഉചിതമായിട്ടുണ്ട്. അതവതരിപ്പിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്.
 
മുപ്പത് വർഷക്കാലം അമേരിക്കൻ ജീവിതവുമായി പൊരുത്തപ്പെട്ട്, അതുമായി ലയിച്ചുചേർന്ന ഒരു മലയാളി വനിത, തന്റെ മാതൃഭാഷയും പൈതൃകവും കണ്ടെത്തി, ആ പൈതൃകത്തെ മാനുഷികനീതിയുടെ അടിസ്ഥാനത്തിൽ കലാസുഭഗമായി ആവിഷ്കരിച്ച ഒരു നോവലെന്ന രീതിയിൽ അഭിമാനപൂർവ്വം ഞാൻ ഈ വിശിഷ്ടമായ നോവലിനെ സ്വാഗതം ചെയ്യുകയും, ഈ നോവൽ അതേ അഭിമാനത്തോടുകൂടി മലയാളവായനക്കാരുടെ മുൻപാകെ സമർപ്പിക്കുകയും ചെയ്യുന്നു.
 
എം. കെ. സാനു
“സന്ധ്യ”
കാരിക്കാമുറി
കൊച്ചി-11
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക