മാവ് (സുധീർകുമാർ-കഥ)

Published on 07 November, 2021
മാവ് (സുധീർകുമാർ-കഥ)

വൃശ്ചികം കഴിഞ്ഞപ്പോഴേ കാറ്റിന് കനം വച്ചുള്ളൂ. മഴ നേരത്തേ പോയതു കൊണ്ടാകും, പതിവിലും മുൻപേ മാവു നിറയെ കണ്ണിമാങ്ങകൾ കൺതുറന്നത്.
ചരൽക്കല്ലുകൾ വാരിയെറിയുന്നതു പോലെ തകര ഷീറ്റിന്മേൽ മാങ്ങാക്കുഞ്ഞുങ്ങൾ പാറി വീഴുന്നുണ്ടായിരുന്നു.

"ടൈലിട്ടൂന്ന് പറഞ്ഞിട്ടെന്താ ? നാലു സെന്റിലൊരു വീടും അതിൽ ഇത്തിരി പോന്ന മുറ്റവും , വീടിനേക്കാൾ വലിയ ഒരു മാവും !
ഏതു നേരവും മുറ്റത്തു നിറയെ മാവിലകളാണ്. ഇലകൾ മാത്രമെങ്കിൽ സഹിക്കാമായിരുന്നല്ലോ. ഉരുകി വീഴുന്ന മാമ്പൂക്കളുടെ കറ പടർന്ന് വെളുത്ത ടൈലു മുഴുവനും പുഴുപ്പല്ലുപോലെ വൃത്തികെട്ടു....! "
കൂടെ, 
"മഴ വരട്ടെ, അപ്പൊ ന്താ ചെയ്യ്വാന്ന് നോക്കാലോ" എന്ന  ഭീഷണിയുമായാണ് രാവിലെ അവൾ കടുംകാപ്പിയുമായി ഉണർത്തിയത് !

കഴിഞ്ഞ വേനൽമഴ മറന്നിട്ടില്ല, ഞങ്ങളാരും. മൊബൈലിൽ  ചിക്കിച്ചികഞ്ഞിരിക്കുന്നതിന് എന്നും അവനെ വഴക്കുപറയാറുള്ളതാണ്. ആ രാത്രിയിൽ അവനങ്ങനെ ഉണർന്നു കിടപ്പില്ലായിരുന്നെങ്കിലോ....?
നല്ല ഉറക്കത്തിന്നിടയിലാണ് 
ഉച്ചത്തിലുള്ള അവന്റെ നിലവിളി കേട്ടു ഞെട്ടിയത്.
"അച്ഛാ -അമ്മേ,
വാതില് തൊറക്കൂ .... വെള്ളപ്പൊക്കം "

സന്ധ്യയ്ക്ക് പമ്പ് ഓൺ ചെയ്ത് ഏറെ നേരം കഴിഞ്ഞും ടാങ്കു നിറയാഞ്ഞപ്പോഴാണ് കിണറ്റിൻകരയിൽ ചെന്നത്. പതിനഞ്ചു കോൽ താഴ്ചയിൽ കിണറ്റിനടിയിൽ ആകെ ഉണ്ടായിരുന്നത് ഉഴക്ക് വെള്ളമായിരുന്നു.
ടാപ്പുകളിലാണെങ്കിൽ കാറ്റു നിറഞ്ഞും തുടങ്ങി.
"നാളെ രാവിലെത്തന്നെ ആയിരം ലിറ്റർ വെള്ളം കൊണ്ടുവരണ"മെന്ന് മനോജിനോട് വിളിച്ചു പറഞ്ഞത് ഉറങ്ങാൻ കിടക്കുന്നതിനു മുൻപായിരുന്നു.

മഴയുടെ  മധുരാരവം ദ്രുതതാളത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു. വാതിലിൽ തല്ലി അവൻ അലറുന്ന ശബ്ദം ഇടിവെട്ടിനെയും തോൽപ്പിക്കുന്നതായിരുന്നു...!
   "അച്ഛാ
    വേഗം തൊറക്ക് .....,
    വെള്ളം വെള്ളം "

കട്ടിലിൽ നിന്ന് കാലെടുത്തു  വച്ചതു വെള്ളത്തിലേയ്ക്കായിരുന്നു. ഒരു നിമിഷം ഇതൊരു സ്വപ്നമാണോ
എന്നു ഞാൻ സംശയിച്ചു.
" അയ്യോ ..... "
ഉറക്കെ കരഞ്ഞ് അവൾ കട്ടിലിനു മുകളിലേക്കു ചാടിക്കയറി. വാതിലിനടിയിലൂടെ വെള്ളം അകത്തേക്ക് ചോർന്നിറങ്ങുന്നു.

ഹാളിലാണെങ്കിൽ ഒരു വെള്ളച്ചാട്ടമുണ്ടായിരുന്നു. 
"വാഴച്ചാലി"ലെന്നപോലെ കോണിപ്പടികളിലൂടെ നൃത്തം ചെയ്തിറങ്ങി വരുന്ന വെള്ളം !
പുറത്തേക്കുള്ള വാതിൽ പണിപ്പെട്ടു തുറന്നപ്പോൾ അകത്തു തിങ്ങി നിന്ന വെള്ളം ആശ്വാസത്തോടെ ഉമ്മറത്തേയ്ക്കിറങ്ങി. മുറ്റത്തു പക്ഷെ, വെള്ളം അധികമൊന്നും കെട്ടി നിൽക്കുന്നില്ലായിരുന്നു.

വെള്ളച്ചാട്ടത്തെ കീറിമുറിച്ചു കൊണ്ട് മുകളിലേക്കു നടന്നു കയറി. ടെറസിലേക്കുള്ള വാതിൽപ്പഴുതിലൂടെ
വെള്ളം പതുങ്ങിയിറങ്ങുകയായിരുന്നു . പണിപ്പെട്ടാണ് വാതിൽ തുറന്നത്.
ടെറസൊരു തടാകമായി മാറിരുന്നു.
ആൾമറയുടെ ഉയരത്തിൽ തിരയടിക്കുന്ന വെള്ളം !

ടെറസിലേയ്ക്കു ചാഞ്ഞു നിന്ന മൂവാണ്ടൻ മാവിൽ നിന്ന് വവ്വാലുകൾ ഉപേക്ഷിച്ചിട്ട മാങ്ങയണ്ടികളും
ഉണങ്ങിക്കരിഞ്ഞ ഇലകളുമെല്ലാം കൂടി പുറത്തേക്കൊഴുകുന്ന ദ്വാരങ്ങൾക്കു ചുറ്റും ഘൊരാവോ നടത്തുകയാണ്...!
തുഴഞ്ഞു ചെന്ന് ഓരോരോ കവാടങ്ങൾ തുറന്നപ്പോൾ  വെള്ളം മുറ്റത്തേക്ക് ചീറിത്തെറിച്ചു...... അപ്പോഴേക്കും കിടക്കകളും തുണികളും പുസ്തകങ്ങളുമടക്കം താഴെയിരുന്ന ഒരുപാട് സാധനങ്ങൾ ശുദ്ധരായിക്കഴിഞ്ഞിരുന്നു !
അതിൽപ്പിന്നെ വേനൽമഴയെന്നു കേൾക്കുമ്പോഴേ ഭയമാണ്.

"നിങ്ങളീ മാവ് മുറിയ്ക്കുന്നുണ്ടോ ? വേരു കയറി മതിലു വീഴാറായിട്ടുണ്ട്. തറയ്ക്കും വിള്ളല്ണ്ട് ന്നാ തോന്നണേ."

"നോക്ക്, ആ പുള്ളിക്കുയിൽ ദേ ഇന്നും പാടാൻ വന്നിട്ടുണ്ട്. നമ്മളീ മാവു മുറിച്ചാൽ പിന്നെ ആ പാവം എവിടെ പോകും പ്രിയാ ?"

"പ്രാന്താണ് നിങ്ങൾക്ക്....! ഒരു കുയില്.  അതിനു നമ്മുടെ ഈ മാവല്ലാതെ ഭൂമീല് വേറെ മരമൊന്നും ഇല്ലാത്തതു പോലെ....
കുയിലു മാത്രല്ല, എലിയും പാമ്പുമൊക്കെ മാവിൻകൊമ്പു വഴി പുരപ്പുറത്തേക്കു കയറുന്നുണ്ട്.
ആകെ ഉണ്ടായിരുന്ന ഒരു നല്ല സാരി എലി വെട്ടിയതു നിങ്ങളും കണ്ടതല്ലേ? "
എന്നാലും ഒരു നിമിഷം  ജാലകത്തിനു പുറത്തേയ്ക്ക് കാതുകൂർപ്പിച്ച് അവളങ്ങനെ നിന്നതെന്തിനായിരുന്നു ?

" മണ്ണുത്തീന്ന് എത്ര റോസുകളാ ഞാൻ വാങ്ങി വച്ചത്. ഒരെണ്ണം പോലും നേരെ ആയില്ലല്ലോ.  ചെമ്പരത്തിയും തെച്ചിയും ഒരു പൂ പോലും വിടർത്താതെ ബോൺസായികളെപ്പോലെ കുരുടിച്ചങ്ങനെ നിൽക്കുകയാണ്. അതിന് ഒരു തരി വെയിലെങ്കിലും ണ്ടായിട്ട് വേണ്ടേ ?
ആ വില്ലേജ് ആഫീസറുടെ വീട്ടില് ചെടികളു പൂത്തു നിക്കണ കണ്ടാ കൊത്യാവും. ഇവ്ടെ ഒരാള് കൃഷി വകുപ്പിലാന്ന് പറഞ്ഞിട്ടെന്താ....
നിങ്ങൾക്ക് ഈ മാവൊന്നു മുറിച്ചു തരാൻ പറ്റ്വോ ? ഒരു പൂന്തോട്ടം ഞാൻ വിരിയിച്ചോളാം...."

പനിനീർ പൂക്കളുടെ വസന്തം കിനാവുകണ്ട് ഡേവീസേട്ടനെ തേടി പുറത്തേക്കിറങ്ങുമ്പോഴാണ് പഴകിയ ഒരു ചാക്കുകെട്ടുമായി ആ തമിഴത്തി പടിക്കൽ നിൽക്കുന്നത്‌.
മാസ്കിന് മുകളിൽ തിളങ്ങുന്ന മൂക്കുത്തിയുമായി ഒരു കൊച്ചു പെൺകുഞ്ഞിന്റെ മുഖം അവരുടെ മറവിൽ നിന്ന് ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
"ചേച്ചിയിറിക്കാ , സാർ....?"

അവരുടെ ശബ്ദത്തിനുള്ള മറുപടി ജനൽ വഴി പുറത്തു വന്നു.    "ശെൽവി, വാ എത്ര നാളായി ഈ വഴിക്കു കണ്ടിട്ട് ?

പഴയ പ്ളാസ്റ്റിക്കുകളും കടലാസുകെട്ടുകളും വയ്ക്കാനിടമില്ലാതായിരിക്കുന്നു. കോവിഡിനു ശേഷം അതെടുക്കാൻ അവർ എത്തിയിരുന്നില്ല.

ഡേവീസേട്ടൻ വീട്ടിലില്ലായിരുന്നു. ചേട്ത്യാരോട് പറഞ്ഞിട്ടു തിരിച്ചു വരുമ്പോൾ ചിതറിക്കിടക്കുന്ന കണ്ണി മാങ്ങകൾ ഏതു പെറുക്കണമെന്നറിയാതെ കുഞ്ഞു സുന്ദരി ഓടി നടക്കുന്നുണ്ടായിരുന്നു.

"അമ്മാ,  കൊഞ്ചം ഉപ്പ് ...."
ഉപ്പു കൂട്ടി കണ്ണിമാങ്ങാ കടിച്ചു തിന്നുമ്പോൾ പച്ചക്കല്ലുവച്ച  മൂക്കുത്തിയും പുളിച്ചു പല്ലിളിച്ചു.

" മാങ്കാ സമ്മന്തി കനകത്തിന് റൊംബ പുടിയ്ക്കും ചേച്ചീ " പാവാടക്കുത്തിൽ നിന്ന് കുഞ്ഞു കുടഞ്ഞിട്ട കണ്ണി മാങ്ങകൾ കടലാസിൽ പൊതിഞ്ഞു കെട്ടുന്നതിന്നിടെ ശെൽവി പറഞ്ഞു.

അണ്ണാനോ അതോ പറന്നുയർന്ന പുള്ളിക്കുയിലോ  പാതി തിന്ന ഒരു മാങ്ങ താഴേയ്ക്കിട്ടത് ? ഉള്ളു ചുവന്നു തുടങ്ങിയ ആ മാങ്ങയുടെ കിടപ്പ് കനകത്തെ പ്രലോഭിപ്പിച്ചു. അവൾ ഓടിച്ചെന്ന് അതെടുത്തു കടിക്കാൻ തുടങ്ങിയതാണ്.
"വേണ്ട മോളേ.... അതു തിന്നല്ലേ ...വവ്വാലു വല്ലതും കൊത്തിയതാണോന്നറിയില്ല. നിപ്പയൊക്കെ ഇപ്പഴും ണ്ട് ...."
പ്രിയ വിലക്കിയപ്പോൾ മടിച്ചാണെങ്കിലും അവൾ അതു വലിച്ചെറിഞ്ഞു.

ആടാനിടമില്ലെങ്കിലും കുട്ടികളാരോ കെട്ടിയ ഊഞ്ഞാൽ ചാഞ്ഞു നിന്ന ഒരു കൊമ്പിനു മുകളിൽ തിരുവാതിരയെ കാത്തിട്ടെന്നവണ്ണം ചുരുണ്ടു കൂടി വിശ്രമിക്കുന്നുണ്ടായിരുന്നു.
കൈയെത്തില്ലെന്നറിഞ്ഞിട്ടും ഊഞ്ഞാലെടുക്കാൻ കനകം ചാടിക്കൊണ്ടിരുന്നു.

ഡേവീസേട്ടൻ പടി കടന്നു വന്നു. മുകളിലെ ചില്ലകൾ ഇറക്കാൻ രണ്ടു പേരെങ്കിലും സഹായത്തിനു വേണം. നാളെ കഴിഞ്ഞാൽ ജോസും രാജനും ഫ്രീയാകും. "അവരേം കൊണ്ട് വരാം...... ന്നാലും കുട്ട്യേ, നെറയെ കണ്ണ്യാങ്ങിണ്ടല്ലോ. അതും കഴിഞ്ഞ്ട്ട് മുറിച്ചാപ്പോരേ?"

പ്രിയ അതു കേട്ടു കാണണം. പാവാട മടക്കിൽ കണ്ണിമാങ്ങ പെറുക്കി നിറയ്ക്കുന്ന മൂക്കുത്തിക്കാരിയെ
അവളുടെ കണ്ണുകൾ വാത്സല്യത്തോടെ തഴുകുന്നുണ്ടായിരുന്നു.

"മഴുവും കയറുമെല്ലാം  ഇവിടിരുന്നോട്ടെ. നാളെ എന്തായാലും പണിയില്ല. ഞങ്ങള് മറ്റന്നാ വരാം ട്ടാ. "
ഡേവീസേട്ടൻ ആയുധങ്ങൾ മാഞ്ചുവട്ടിൽ ചാരിവച്ചു.

"അച്ഛാ ..... ടീച്ചർ......"

ടി വി ക്കു മുന്നിലിരുന്ന ഉണ്ണി അന്നേരമാണ് ഒരു കരച്ചിലുപോലെ മുറ്റത്തേയ്ക്ക് ഓടിവന്നത്.

അപ്പോൾ എങ്ങു നിന്നോ സുഗതകുമാരി ടീച്ചറുടെ ദുഃഖാർദ്രമായ ആ ശബ്ദം കാറ്റിൽ നീറി നീറി പടരുന്നുണ്ടായിരുന്നു.

"എങ്കിലും ഹാ പൊറുക്കുമോ പ്രകൃത്യംബ
എങ്കിലും ഹാ പൊറുക്കുമോ പ്രകൃത്യംബ"

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക