Image

'ചക്കരച്ചോറ് ' മനസ്സ് നിറച്ചു (സജിത വിവേക്)

Published on 08 November, 2021
'ചക്കരച്ചോറ് ' മനസ്സ് നിറച്ചു (സജിത വിവേക്)

കഥാകാരന്റെ കൈകളിൽ നിന്നും നേരിട്ട് പുസ്തകം ലഭിക്കുന്നത് ഒരു പ്രത്യേക സന്തോഷമാണ്. ആ വായനയ്ക്കും പ്രത്യേക മധുരം ഉണ്ടായിരിക്കും. ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിലാവുമ്പോൾ അതിനു അതിമധുരവും.

മലബാറിന്റെ സാഹിത്യകാരൻ സാക്കിർ സാക്കി നിലമ്പൂർ എഴുതിയ 20 കഥകളുടെ സമാഹാരം ഏറനാടൻ മുസ്ലിം വാമൊഴിയിൽ എഴുതപ്പെട്ട കഥകളാണ്. ഓരോ നാടിന്റെയും സാംസ്കാരിക തനിമ വിളിച്ചോതുന്നതിൽ ഭാഷയുടെ പങ്ക് വലിയ പ്രാധാന്യം അർഹിക്കുന്നു എന്ന് ഈ രചന വിളിച്ചോതുന്നു.

ഹാസ്യ സാഹിത്യകാരന്മാരുടെ എണ്ണം വിരലിൽ എണ്ണാവുന്നവരിലൊതുങ്ങുമ്പോൾ ഈ കഥാകാരൻ നാളെയുടെ ചിരി അലകൾ പടർത്തുമെന്നതിൽ സംശയമില്ല. കൂലീനത്വം കൈവിടാത്ത നൈസർഗികമായ ശൈലിയിലുള്ള കഥകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ആദ്യം ഒന്ന് കരയിപ്പിച്ചിട്ടാണ് ചിരിപ്പിക്കാൻ ശ്രമിക്കുന്നത്.

കരയാനെത്രയോ കാര്യങ്ങൾ നമുക്കും ചുറ്റും നടക്കുന്നു. ചിരിച്ചു കൊണ്ട് നേരിടാൻ കഴിയുക എന്നതും മഹത്തരമാണ്.

സാക്കിർ സാക്കി എന്ന ഈ കഥാകാരന്റെ രചനയിൽ സാഹിത്യ സൃഷ്ടിക്കു നിദാനമായ ഭാവനയും സർഗ്ഗശേഷിയും ആവോളമുണ്ടെന്നു ഓരോ കഥയും വെളിപ്പെടുത്തുന്നു. ഇതും രണ്ടും സ്വായത്തമാക്കിയ കഥാകാരന് ഹാസ്യം കൈകാര്യം ചെയ്യാനും എളുപ്പമാണെന്ന് മനസിലാക്കാം.

ചുറ്റുപാടും നടക്കുന്ന സംഭവങ്ങളിലെ ഹാസ്യം കണ്ടെത്തി അതിൽ നർമ്മം കലർത്തി അല്പം അതിശയോക്തിയും കൂട്ടിച്ചേർത്തപ്പോൾ ഏറനാടൻ ഭാഷയിൽ എഴുതിയ 'ചക്കരച്ചോറ്' മികച്ച കഥാസമാഹാരമാവുന്നു. ഒരാളിൽ ചിരിയുണർത്താൻ പര്യാപ്തമായ സാഹചര്യം സൃഷ്ടിച്ചു എഴുതാൻ കഴിയുന്നതും അനുഗ്രഹീതമാണ്. ആ അനുഗ്രഹം ആവോളമുള്ള കഥാകാരനെന്നു കഥകൾ വെളിപ്പെടുത്തുന്നു.

ആദ്യ കഥയായ 'മീസാൻ കല്ലുകളുടെ വിലാപം'
ആയ്ച്ചമ്മാന്റെ ബംഗ്ലാവ്, വർണങ്ങളുടെ അതിർവരമ്പുകൾ എന്നിവ നൊമ്പരം അവശേഷിപ്പിക്കുമ്പോൾ മറ്റു കഥകൾ ചിരിയലകൾ പടർത്തി കൊണ്ടിരിക്കും. വിവിധ ഭാവങ്ങളിൽ എഴുതപെട്ട ഓരോ കഥകളും വായനക്കാരുടെ മനസ്സിൽ തങ്ങി നിൽക്കും വിധമുള്ള ശൈലിയും.

ഓരോ കഥകളുടെയും രുചി വൈവിധ്യം അനുഭവിച്ചറിയുക തന്നെ വേണം. അതിന്റെ രുചി ഞാൻ കളയാൻ ആഗ്രഹിക്കുന്നില്ല. സാക്കിമാഷിന്‌ ഹൃദയം നിറഞ്ഞ ആശംസകൾ.. ഭാവിയിലെ വലിയൊരു ഹാസ്യ സാഹിത്യകാരനെ ഞാൻ നേരിൽ കണ്ടിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാമല്ലോ.. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക