Image

 കൈമാറണം നമ്മൾ (റസാക് സി മൂന്നിയൂർ-കവിത)

Published on 08 November, 2021
 കൈമാറണം നമ്മൾ (റസാക് സി മൂന്നിയൂർ-കവിത)

ഓർക്കണം നമ്മൾ കൂട്ടുകാരേ
ഈ ഭൂമി നമ്മൾക്കു സ്വന്തമല്ല
പ്രകൃതിയും നമ്മൾക്ക് സ്വന്തമല്ല.

പിന്നിട്ടു പോയവർ
കൈമാറി നമ്മൾക്ക് ,
കൈമാറണം നാം
പുതു തലമുറയ്ക്കായ്
കൈമാറണം നാം
പുതു തലമുറയ്ക്കായ്...

പൂക്കളുടെ ശോഭയും
പുഴകളുടെ തെളിമയും
കിളികളുടെ കൊഞ്ചലും
കാറ്റിൻ വിശുദ്ധിയും
കാടിൻ ഗരിമയും
കുന്നിൻ്റെ കുളിരും
കൈമാറണം നാം
പുതു തലമുറയ്ക്കായ്...

പകുത്തു നാം നൽകണം
കൂട്ടുകാരേ
ഗതകാലസ്മരണ തൻ തേൻകണങ്ങൾ
നിർമല സ്നേഹത്തിൻ
നീർത്തടങ്ങൾ
വയൽ പച്ച, വിഷുവും ഞാറ്റുവേല
കൃത്യമായ് തൂവുന്ന വർഷവും വേനലും
ചിങ്ങനിലാവും മകരമഞ്ഞും
പകുത്തു നാം നൽകണം കൂട്ടുകാരേ..

ഓർക്കണം നമ്മൾ കൂട്ടുകാരേ
ഈ ഭൂമി നമ്മൾക്കു സ്വന്തമല്ല
പ്രകൃതിയും നമ്മൾക്കു സ്വന്തമല്ല.
പാമ്പും പുഴുക്കളും പഴുതാരയും
പുല്ലു, പുൽചാടി, ചീവീടുകൾ
ഓരോ അണുവും അവകാശികൾ
വിശ്വ പ്രകൃതി തൻ അവകാശികൾ.

ഓർക്കണം നമ്മൾ കൂട്ടുകാരേ
കാവലാളാകണം കൂട്ടൂകാരേ
കാവലാളാകണം ഭൂമിയ്ക്കു നാം
കാവലാളാകണം പ്രകൃതിയ്ക്കു നാം
കാവലാളാകണം നമ്മൾക്കു നാം.
കാവലാളാകണം കൂട്ടുകാരേ.

Join WhatsApp News
Raju Thomas 2021-11-09 18:01:19
ഇങ്ങനൊരു പ്രഭുല്ലചിന്തനം വീണുകിട്ടിയാൽ ആ മനസ്സിനാവും കവിതയ്ക്കുവേണ്ട ബാക്കിയൊക്കെ ഒപ്പിക്കാൻ!
vaayanakaran 2021-11-09 22:05:46
ശ്രീ രാജു തോമസ് മുൻപ് നിർവവചനം നൽകിയ ലേഖന പദ്യത്തിൽ ഇതു ഉൾപ്പെടുത്താമോ?
RAJU THOMAS 2021-11-10 01:47:19
ഏയ്, ഇതു വേറെതന്നെ! താളം ശ്രദ്ധിച്ചോ? ഒരു കവിയ്‌ക്കേ ഇങ്ങനൊക്കെ പദങ്ങൾ വരുള്ളൂ . പിന്നെ, ഞാൻ മുകളിലെഴുതിയതിലെ തെറ്റു കണ്ടില്ലേ? 'പ്രഭുല്ലം'അല്ലല്ലൊ--ആ 'ഭ'-യ്ക്കു പകരം 'ഫ' വേണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക