ചെമ്പകച്ചോട്ടിൽ (കവിത: ജയശ്രീ രാജേഷ്)

Published on 09 November, 2021
ചെമ്പകച്ചോട്ടിൽ (കവിത: ജയശ്രീ രാജേഷ്)
കാറ്റിൻ
വിരൽത്തുമ്പിൽ ചുറ്റി
പാതി വാടിയ ചെമ്പകം
സന്ധ്യതൻ സിന്ദൂര
 മാറിൽ
 പൊഴിയുവാനായ്
വഴി നോക്കി നിൽപ്പൂ

അകലെ മറയുന്ന
സൂര്യനെ നോക്കി
പെയ്യാൻ വിതുമ്പുമൊരു
കാർമുകിൽത്തുണ്ടായ് 
അറിയാതെ മൂകമായ്
തേങ്ങുന്നു
വിറപൂണ്ടവളിലെ 
ചൊടികൾ

ഹൃദയത്തിൽ
ചേർത്തു വച്ചൊരാ
സ്വപ്നത്തിൻ മുത്തുകൾ 
കാത്തു നിന്നു 
തിളങ്ങിയ മാനത്ത് 
കൂട്ടിനെത്തും
പഞ്ചമിചന്ദ്രനെ
ചേർത്തു പുൽകിയവ 
മിന്നിത്തിളങ്ങി 

പുലർക്കാലെ നേരം
ചാരെ വന്നെത്തി
മുത്തിയുണർത്തുന്ന
ഭാസ്കര ബിംബം
കനവിലൊരു നോവിൻ 
നേർത്ത നീറ്റലായ്
അറിയാതെ ഓർത്തുപോയ്
അവളിലെ പൂമണം .....

      
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക