Image

ആരുടെ വരികൾ? (പുസ്തകാഭിപ്രായം: സുധീർ പണിക്കവീട്ടിൽ)

Published on 12 November, 2021
ആരുടെ വരികൾ? (പുസ്തകാഭിപ്രായം: സുധീർ പണിക്കവീട്ടിൽ)
(മലയാള മനോരമയിലെ പത്രപ്രവർത്തകർ ഒരുക്കിയ ബൈലൈൻ എന്ന പുസ്തകത്തെപ്പറ്റി)

ഒരു പത്രത്തിനുവേണ്ടി മാത്രം അതിലെ പത്രപ്രവർത്തകർ സമാഹരിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ അതു സമ്പാദിച്ചുകൊണ്ടുവരുന്ന  ലേഖകന്റെ പേര് വാർത്തക്കൊപ്പം കൊടുക്കാറുണ്ട്. ഇതിനെയാണ് ബൈലൈൻ എന്നു  പറയുന്നത്. ആരുടെ  അല്ലെങ്കിൽ ആരാൽ വരികൾ രചിക്കപ്പെട്ടു എന്ന സൂചന. അത്തരം വാർത്തകളിൽ വരുന്ന പിഴവുകളുടെ ഉത്തരവാദിത്വവും അതാത് ലേഖകർക്കായിരിക്കും. ഒരു പത്രത്തിൽ ഇങ്ങനെ ബൈലൈൻ ലഭിക്കുക അന്തസ്സായി ലേഖകർ കണ്ടിരുന്നു ഇങ്ങനെ ബൈലൈനോടു  കൂടി വരുന്ന വാർത്തകൾക്ക് വിശ്വാസ്യതയുണ്ടായിരുന്നു. ബൈലൈൻ ആരംഭിക്കുന്നതിനു മുമ്പ് പത്രങ്ങൾക്ക് വാർത്തകൾ കിട്ടിയിരുന്നത് അസോസിയേറ്റഡ് പ്രസ്, (AP) യുണൈറ്റഡ് പ്രസ് (UP) ഇന്റർനാഷണൽന്യൂസ് (INS) എന്നിവിടങ്ങളിൽ നിന്നായിരുന്നു. പത്രം ഓഫീസിലെ ജോലിക്കാർ പത്രം പുറത്തിറക്കുന്ന ഭാഷയിൽ തർജ്ജിമ ചെയ്തു വാർത്തകൾക്കൊപ്പം AP,UP,INS എന്നിങ്ങനെ കൊടുത്തിരുന്നു.
മലയാളമനോരമയിലെ പത്രപ്രവർത്തകർ അവരുടെ സഹപ്രവർത്തകർക്കായി ഒരുക്കിയ "ബൈലൈൻ" എന്ന പുസ്തകം പത്രപ്രവത്തനരംഗത്തേക്ക് പ്രവേശിക്കുന്നവർക്ക് വളരേ സഹായകവും, പ്രോത്സാഹജനകവുമായിരിക്കും. ഓരോ പത്രപ്രവർത്തകരും അവരുടെ സഹപ്രവർത്തകർക്കായി സമർപ്പിച്ചിരിക്കുന്ന ലേഖനങ്ങളാൽ സമൃദ്ധമാണ് ഈ പുസ്തകം. ഇത് അവരിൽ ഓരോരുത്തരുടെയും ജീവചരിത്രമാണ്. ഒരു പത്രപ്രവർത്തകന്റെ ജീവചരിത്രം മുഴുവനായും പത്രപ്രവർത്തനവുമായി ബന്ധപ്പെട്ടത് തന്നെ. അതുകൊണ്ട് കഴിഞ്ഞകാലത്തെ പത്രപ്രവർത്തിണത്തിലേക്ക് ഇത് എത്തിനോക്കുന്നു. അന്നത്തെ പരിമിതമായ സൗകര്യങ്ങൾ, അച്ചടിച്ചു കിട്ടുന്നതിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ, ദൂരഭാഷിണികളുടെ തൃപ്തികരമല്ലാത്ത സേവനങ്ങൾ എല്ലാം ഇന്നത്തെ സാഹചര്യത്തിൽ പരിശോധിക്കുമ്പോൾ അന്നു  പത്രരംഗത്ത് പ്രവർത്തിച്ചിരുന്നവർ തരണം ചെയ്ത പ്രയാസങ്ങളുടെ ഒരു രൂപം മനസ്സിലാക്കാൻ സാധിക്കും.

കാലം മറക്കാത്ത പ്രതിഭകൾ എന്നു വിശേഷിപ്പിച്ചുകൊണ്ട് പത്തൊമ്പത് പത്രപ്രവർത്തകരുടെ വിവരങ്ങൾ പത്രപ്രവർത്തനരംഗത്ത് തന്നെയുള്ളവർ എഴുതിയിരിക്കുന്നു. ഇതിൽ പലരെയും കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഇവരിൽ വളരെ പരിചിതമായ പേരുകൾ കെ ആർ ചുമ്മാർ, ടി വി ആർ ഷേണായ്, ബാബു ചെങ്ങന്നൂർ, ടി കെ ജി നായർ, വി കെ ബി നായർ, ജോയ് തിരുമൂലപുരം എന്നിവരാണ്.ചിലരെല്ലാം ഫോട്ടോഗ്രാഫർമായിരുന്നതുകൊണ്ടു അവരുടെ പേരുകൾ നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് കടന്നു വരുന്നില്ല.

ഈ മഹാവ്യക്തികളുടെ സേവനങ്ങളും, സംഭാവനകളും അവർ ജീവിച്ചിരുന്ന കാലഘട്ടത്തെ സ്വാധീനിക്കുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തുവെന്നു നമ്മൾ ഈ പുസ്തകത്തിലൂടെ  അറിയുന്നു. ഇതിൽ നമ്മുടെ ഇ-മലയാളി പത്രാധിപർ ശ്രീ ജോർജ് ജോസഫിന്റെ ഒരു ലേഖനമുണ്ട്. അദ്ദേഹം ശ്രീ എം. കെ വർഗീസ് എന്ന പ്രതിഭയെ പരിചയപ്പെടുത്തുന്നു.

ഈ ലേഖനത്തിൽ മനോരമയിലെ ഫോട്ടോഗ്രാഫർ ആയി സേവനമനുഷ്ഠിച്ച എം. കെ വർഗീസിന്റെ സാഹസികമായ ചിത്രാന്വേഷങ്ങളുടെ ഒരു വിവരണം ശ്രീ ജോർജ് ജോസഫ്  നൽകുന്നു. അതിൽ ഒന്നാണ് ഇന്ദിര ഗാന്ധി കേരളത്തിൽ വന്നപ്പോൾ അവരുടെ ബഹുമാനാർത്ഥം കൊച്ചികായലിൽ ഒരുക്കിയ വള്ളം കളിയും പിന്നീട് ഇന്ദിരാഗാന്ധിക്കായ് നടത്തിയ ബോട്ടുയാത്രയും. ഇന്ദിരാഗാന്ധിയോടൊപ്പം സുരക്ഷാസേനക്കാർ ഉള്ളപ്പോൾ ശ്രീ എം.കെ വർഗീസ് എന്ന യുവാവ് തന്റെ കാമറയുമായി ബോട്ടിലേക്ക്  ഇടിച്ചുകയറുന്നു. സുരക്ഷാസേനക്കാർ വളഞ്ഞെങ്കിലും ഇന്ദിരാഗാന്ധി ഇടപെട്ട് അനർത്ഥങ്ങൾ ഒഴിവാക്കി. ഈ സാഹസികത കേരള പശ്ചാത്തലത്തിൽ ഇന്ദിരാഗാന്ധിയുടെ പടങ്ങൾ എടുക്കാൻ അവർ ആവശ്യപ്പെട്ടനിലയിലേക്ക് മാറിയതു  അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന സംഭവം. ഈ ലേഖനത്തിൽ ശ്രീ ജോർജ് ജോസഫ് ഒരു കാര്യം വ്യക്തമാക്കുന്നു. “ഇപ്പോൾ കാമറ ഇല്ലാത്ത ആരുമില്ല. എപ്പോൾ വേണമെങ്കിലും ഫോട്ടോയും വീഡിയോവും എടുക്കാം. ഒരു കാലത്ത് ഫോട്ടോഗ്രാഫി കലയും പത്രപ്രവർത്തനവുമായിരുന്നുവെന്നു” അദ്ദേഹം സൂചിപ്പിക്കുന്നു.  ഒരു പത്രപ്രവത്തകന്റെ ഔദോഗികജീവിതസംഭവങ്ങളെ വിവരിക്കുന്ന ഈ ലേഖനവും ജിജ്ഞാസുക്കളായവർക്ക് സുപ്രധാന വിവരങ്ങൾ നൽകുന്നു.

ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്ന മാധ്യമപ്രവർത്തകരുടെ ജീവചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ ഒരു പത്രപ്രവർത്തകന്റെ കടമകളും, കർത്തവ്യങ്ങളും, അവർ അഭിമുഖീകരിച്ച പ്രതിസന്ധികളും നമുക്ക് മനസ്സിലാകുന്നു. പത്രപ്രവർത്തനം ഫലപ്രദവും ബഹുമതിയുമുള്ള ഒരു ജോലിയാണ്. വ്യത്യസ്തമായ അനവധി വിഷയങ്ങളും വ്യത്യസ്തരായ വ്യക്തികളും ദൈനദിനജീവിതത്തിൽ അവരെ ആകർഷിക്കുന്നു അവർ അതെല്ലാം മനസ്സിലാക്കുന്നു..  ആരും കേൾക്കാത്ത ഒരു വാർത്ത കൊടുക്കാൻ വേണ്ടി ശ്രമിക്കുമ്പോഴുള്ള ആനന്ദം പത്രപ്രവർത്തകരുടെ മാത്രം അനുഭവമായിരിക്കാം. പഴയകാലങ്ങളിൽ പത്രത്തിലേക്ക് കൊടുക്കാൻ ഒരു പടം പിടിക്കാൻ പോലും അവർക്കൊക്കെ എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടി വന്നു. മലബാർ എക്സ്പ്രെസ്സിൽ വന്നിറങ്ങുന്ന മൊറാർജി ദേശായിയുടെ പടമെടുക്കാൻ ഗേറ്റിനു പുറത്ത് കാത്തു നിൽക്കുന്ന ഫോട്ടോഗ്രാഫർ. അത്തരം വിവരങ്ങൾ ഇന്നത്തെ സാഹചര്യവുമായി ഒത്തുനോക്കുമ്പോൾ നാം അത്ഭുതപ്പെട്ടുപോകുന്നു. മാധ്യമപ്രവർത്തനം നടത്തിയ ഈ വ്യക്തികളെല്ലാം അവരുടെ ആത്മാർത്ഥമായ പരിശ്രമങ്ങളിലൂടെ വിജയം കൈവരിച്ചുവെന്നു കാണാം. ജീവചരിത്രങ്ങളുടെ പ്രാധാന്യം അതാണ്. വായിക്കുന്നവരെ അത് സ്വാധീനിക്കുന്നു. അവരുടെ കാഴ്ചപ്പാടുകൾക്ക് വ്യക്തത നൽകുന്നു.
മാധ്യമപ്രവർത്തകരുടെ ജീവിതകഥ വായിക്കുമ്പോൾ നമുക്ക് ലീഡ് സ്റ്റോറി (ഏറ്റവും പ്രാധാന്യത്തോടെ കൊടുക്കുന്ന വാർത്ത), കോളം (ഒരാളുടെ പേരിൽ ആവർത്തിച്ചുവരുന്ന വാർത്തകളോ, സാഹിത്യരചനകളോ) സ്‌കൂപ്പ്/എക്സ് ക്ലുവീസ് (മറ്റാർക്കും ലഭിക്കാത്ത വാർത്ത) ഇൻട്രോ (ആദ്യത്തെ വാചകം)എന്നിവ എന്താണെന്ന് മനസിലാകുന്നു. സ്‌കൂപ്പ് ലഭിക്കാൻ ആവശ്യമായ കരുതലുകളെപ്പറ്റി പത്രാധിപസമിതിയിലേക്ക് പരിശീലനത്തിയവരോട് ടി വി ആർ ഷേണായ് നൽകിയ ഒരു ഉപദേശം ഉണ്ട്. നമ്മൾ വായനക്കാരിലും അതു കൗതുകം ഉണർത്തുന്നു. "ഇംഗ്ളീഷിൽ വൺ, ടു, ത്രീ, ഇങ്ങനെ ആരോഹണക്രമത്തിൽ എണ്ണുമ്പോൾ തൊണ്ണൂറ്റിഒമ്പത്‌ വരെ ഡി എന്ന അക്ഷരമില്ല. എന്നാൽ കിട്ടുമ്പോൾ നൂറാണ്. (hundred) അതേപോലെ എം വരണമെങ്കിൽ മില്യൺ വരെ കാത്തിരിക്കണം. ഇതുപോലെ സി കിട്ടുവാൻ കോടി വരെ (crore)..അങ്ങനെ ഉദാഹരണങ്ങൾ നൽകി അദ്ദേഹം പറയുന്നു കാത്തിരിപ്പ് നീളുന്നതനുസരിച്ച് നമുക്ക് കിട്ടുന്ന സംഖ്യയുടെ മൂല്യം കൂടുന്നു. എന്നാൽ സ്‌കൂപ്പുകളും, റിപ്പോർട്ടുകളും അച്ചടിക്കുന്നതിനു മുമ്പ് അതിന്റെ നിജസ്ഥിതി ഉറപ്പാക്കുവാനും അദ്ദേഹം നിർദേശിക്കുന്നു.. പത്രപ്രവർത്തകരുടെ ജീവചരിത്രങ്ങളിലൂടെ മറ്റു വ്യക്തികളുടെ ജീവിതത്തിൽ നിന്നുള്ള ചില വിവരങ്ങളും നമുക്ക് ലഭിക്കുന്നു. അതിൽ ചിലതെല്ലാം കൗതുകമുണർത്തുന്നവയായാണ്. “ഇംഗ്ളീഷ് പത്രങ്ങൾ വായിക്കുകയോ ഞാനോ എന്ന് ചോദിച്ച” പ്രസിദ്ധ കാർട്ടൂണിസ്റ് ടോംസിനെപ്പറ്റി ശ്രീ ഷേണായ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇംഗ്ളീഷ്ഭാഷ വശമായിരുന്നെങ്കിൽ ഇന്ത്യൻ കാർട്ടൂൺ രംഗത്തെ ഒന്നാമനായി ടോംസ് മാറിയേനെ എന്ന്. അനുപമമായ പത്രപ്രവത്തനശൈലിയുണ്ടായിരുന്ന ഷേണായ് അനാലിസിസ് കമന്ററി എന്നൊക്കെ പറയുന്ന വികസനശൈലി രൂപപെടുത്തിയെന്നു നമ്മൾ അറിയുന്നു.

ഇ-മലയാളി വായനക്കാർക്ക് സുപരിചിതനായ പ്രമുഖ പത്രപ്രവത്തകൻ കുര്യൻ പാമ്പാടി ശ്രീ ജോയ് തിരുമൂലപുരത്തെക്കുറിച്ച ദീർഘമായ ഒരു അനുസ്മരണം എഴുതിയിട്ടുണ്ട്. ബഹുമുഖപ്രതിഭയായിരുന്ന ശ്രീ ജോയ് തിരുമൂലപുരത്തിന്റെ ഒരു കഥ സംക്ഷിപ്‌തമായി എഴുതിയിട്ടുണ്ട്. "ഒരിക്കൽ അവളെ കരവലയത്തിലാക്കി നെഞ്ചോടടുക്കി പിടിച്ചു. ഒരു നിമിഷത്തിനുള്ളിൽ അവൾ കുതറിമാറി..." ശ്രീ കുര്യൻ പാമ്പാടിയുടെ വിവരങ്ങൾ ശ്രീ ജോയ് തിരുമൂലപുരത്തിനെ പരിചയമില്ലാത്തവരെകൂടി അദ്ദേഹത്തെ അറിയാൻ ജിജ്ഞാസുക്കളാക്കുന്നു. അദ്ദേഹത്തിന്റെ കൃതികൾ വായിക്കാൻ താൽപ്പര്യം ജനിപ്പിക്കുന്നു.

മലയാളമനോരമയിൽ ഒരു കാലത്ത് തിളങ്ങിനിന്നിരുന്ന പ്രതിഭാശാലികളുടെ തൂലികാചിത്രങ്ങൾ നമ്മൾ ഈ പുസ്തകത്തിൽ കാണുന്നു. അടിക്കുറിപ്പുകൾ ആവശ്യമില്ലാത്ത പടങ്ങൾ എടുക്കാൻ കഴിവുണ്ടായിരുന്നു ഫോട്ടോഗ്രാഫർമാർ, വായനക്കാരെ ആകർഷിക്കുന്ന തലക്കെട്ടുകൾ എഴുതി പത്രമാധ്യമരംഗത്ത് തിലകക്കുറിയായി നിന്നവർ, വാർത്തകളിൽ നർമ്മരസം തുളുമ്പിച്ചവർ അങ്ങനെ ഒരു കാലഘട്ടത്തിന്റെ കഥ കൂടി നമ്മൾ മനസ്സിലാക്കുന്ന അപൂർവരചനാസംഗമ വേദിയാണ് ഈ അമൂല്യഗ്രൻഥം എന്ന് പറയാം.

ഇതിലെ അസാമാന്യ വ്യക്തികളുടെ പ്രതിഭാവിലാസത്തിനു ഒരു ഉദാഹരണം കൂടി പറഞ്ഞുകൊണ്ട് ഈ കൊച്ചു അവലോകനം ഉപസംഹരിക്കട്ടെ. "വൃത്തത്തെ ചതുരമാക്കാൻ  സഹസ്രാബ്ധങ്ങളായി ഗണിതശാസ്ത്രജ്ഞന്മാർക്ക് കഴിയാതിരുന്നത് പണ്ഡിതനായ നമ്മുടെ പ്രധാനമന്ത്രി  ശ്രീ നരസിംഹ റാവുവിന് കഴിഞ്ഞെന്നു ശ്രീ ഷേണായ് എഴുതിയത് എത്ര ചാരുതയാർന്ന പ്രയോഗവും വാക്കുകളുടെ അർഥം കൊണ്ടുണ്ടാക്കുന്ന ഫലിതവും ആണ്. ഡൽഹിയിലെ കോനാട്ട് സർക്കിളിനെ രാജീവ് ചൗക്ക് എന്ന് നരസിംഹ റാവു മാറ്റിയപ്പോഴായിരുന്നു ശ്രീ ഷേണായ് അങ്ങനെ എഴുതിയത്. ചൗക്ക് എന്ന ഹിന്ദി വാക്കിനു square എന്നാണ് ഇംഗ്ലീഷിൽ പറയുന്നത്. (“Our scholarly Primary Minister P.V. Narasmiha Rao has done what the mathematicians could not do for millennium-squaring the circle”.

ശുഭം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക