Image

ഫേസ്ബുക്കിലുണ്ടോ? ലേഖനം: സാം നിലമ്പള്ളില്‍)

Published on 13 November, 2021
ഫേസ്ബുക്കിലുണ്ടോ? ലേഖനം: സാം നിലമ്പള്ളില്‍)
കൂട്ടുകാരന്‍ ജോര്‍ജ്ജിന്റെ ബേര്‍ത്ത്‌ഡേപാര്‍ട്ടിയില്‍വെച്ചാണ് ലൈലാമ്മയെ കണ്ടുമുട്ടിയത്, വളരെ നാളുകള്‍ക്കുശേഷം. സംസാരിച്ചകൂട്ടത്തില്‍ അവള്‍ചോദിച്ചു, അച്ചായന്‍ ഫേസ്ബുക്കിലുണ്ടോ? മറുപടിപറയാന്‍ ഞാന്‍ അല്പം താമസിച്ചു. കാരണം പണ്ടെന്നോ ഒരക്കൗണ്ട് തുടങ്ങിയതല്ലതെ ഇതേവരെ ഞാനാബുക്ക് തുറന്നുനോക്കിയിട്ടില്ല. അല്ലെങ്കില്‍തന്നെ വിശേഷിച്ചെന്താ അതില്‍ കാണാനുള്ളത് ?  കുഞ്ചെറിയയുടെ ഭാര്യയുടെ ലേറ്റസ്റ്റ് ഫോട്ടോ കാണാനോ, അല്ലെങ്കില്‍ കൊല്ലംകാരന്‍ സുശില്‍കുമാര്‍ പല്ലിളിച്ചുകൊണ്ട് നില്‍കുന്നതോ? കുഞ്ചെറിയയുടെ ഭാര്യചെറുപ്പക്കാരിയും സുന്ദരിയുമാണെങ്കില്‍ ആരെങ്കിലും നോക്കിയെന്നിരിക്കും. സുശില്‍കുമാറിനെകാണാന്‍ അയാളുടെ ഭാര്യപോലും നോക്കുമെന്ന് തോന്നുന്നില്ല. ഫോട്ടോ നാലുപേരെകാണിച്ച് സ്വയം സംതൃപ്തിയടയാമെന്നല്ലാതെ മറ്റുവിശേഷങ്ങളൊന്നുമില്ല. ഇപ്പോള്‍ മൊബൈല്‍ഫോണില്‍ ഫോട്ടോയെടുക്കാന്‍ സാധിക്കുന്നതുകൊണ്ട് ഏതവനും എവിടിരുന്നും സെല്‍ഫിയെടുക്കാം. തെങ്ങിന്റെമുകളില്‍ കള്ള് കട്ടുകുടിക്കാന്‍ കയറിയ ബേബിക്കുട്ടി അവിടിരുന്ന് സെല്‍ഫിയെടുത്തപ്പോള്‍ നിലതെറ്റി താഴെവീണത് അറിഞ്ഞില്ലേ?  ഭാഗ്യംകൊണ്ടും തെങ്ങിന് ഉയരക്കുറവായതുകൊണ്ടും  ബേബിക്കുട്ടിക്ക് വലിയ അപകടമൊന്നും സംഭവിച്ചില്ല, വലതുകാലിലെ എല്ലിന്ഫ്രാക്ച്ചര്‍ ഉണ്ടായതല്ലാതെ.  അവനിപ്പോള്‍ കാലില്‍ പ്‌ളാസ്റ്ററിട്ട് കിടപ്പാണ്., വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പറഞ്ഞുചിരിക്കാന്‍ ഒരുവിഷയമായി.

ഞാന്‍ ഫേസ്ബുക്കൊന്നും നോക്കാറില്ല ലൈലാമ്മേയെന്ന് മറുപടി പറഞ്ഞു.
 ഫേസ് ബുക്ക് നോക്കാറില്ലന്നോ? ദാറ്റീസ് എ ഷെയിം. അവള്‍ പരിഹസിച്ചു. ഇക്കാലത്ത് ഫേസ്ബുക്ക് നോക്കാത്തവരായിട്ട് അച്ചായനല്ലാതെ വേറാരും കാണില്ല.

എന്റെമുഖത്ത് അവള്‍ ഷെയിം തേച്ചതുകൊണ്ട് അടിയന്‍ ലച്ചിപ്പോം എന്നുഭാവിച്ച് അല്പനേരം നിന്നു. സംയമനം വീണ്ടെടുത്തപ്പോള്‍ ചോദിച്ചു. അല്ല, ലൈലാമ്മേ, ഈ ഫേസ്ബുക്കിലെന്താ ഇത്രവിശേഷിച്ച് കാണാനുള്ളത്?

മറുപടിപറയാന്‍ പ്രയാസമുള്ളതുകൊണ്ടായിരിക്കും അച്ചായനൊന്നും ഈനൂറ്റാണ്ടില്‍ ജീവിച്ചിരിക്കേണ്ട ആളല്ലെന്നു പറഞ്ഞ് അവള്‍ സ്ഥലംവിട്ടത്.

അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ആലോചിച്ചു.,ശരിയാണോ ലൈലാമ്മ പറഞ്ഞത്? ഞാന്‍ ഈ നൂറ്റാണ്ടിന് പറ്റിയ ആളല്ലേ? കഴിഞ്ഞ നൂറ്റാണ്ടിലെങ്ങാനും ജീവിച്ചിരിക്കേണ്ടവനല്ലേ? പുതിയതിനോടൊന്നും ഇണങ്ങാന്‍ എനിക്ക് സാധിക്കുന്നില്ല. കംപ്യൂട്ടര്‍ ഉണ്ടെങ്കിലും ഈമെയില്‍ നോക്കാനും മലയാളം പത്രങ്ങള്‍ വായിക്കാനും മാത്രമേ ഉപയോഗിക്കാറുള്ളു.  ടീവി അധികം കാണാറില്ല., കാരണം കുറെസമയം നോക്കിയിരിക്കുമ്പോള്‍ തലവേദനയെടുക്കും, സെല്‍ഫോണുണ്ടെങ്കിലും വാട്ട്‌സാപ്പ് ഉപയോഗിക്കാനൊന്നും അറിയില്ല. അതുപറഞ്ഞ് പലരും എന്നെ കളിയാക്കാറുണ്ട്. ഇതൊന്നും കഴിഞ്ഞനൂറ്റാണ്ടില്‍ ഇല്ലാതിരുന്നതല്ലേ ? മനുഷ്യന്‍ ആധുനികതയിലേക്ക് കുതിച്ചിട്ട് നൂറുവര്‍ഷങ്ങളേ ആയിട്ടുള്ളു. ഇനിയൊരു നൂറുവര്‍ഷങ്ങള്‍കൂടി കഴിഞ്ഞാല്‍ ശാസ്ത്രം എവിടെയായിരിക്കും അവനെ കൊണ്ടെത്തിക്കുക?

ഏകദേശം ഇരുനൂറ്റന്‍പത് വര്‍ഷങ്ങള്‍ക്കുമുന്‍പ് ജെയിംസ് വാട്ട് സ്റ്റീം എഞ്ചിന്‍ കണ്ടുപിടിച്ചതിനുശേഷമാണ് മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. പിന്നീടുള്ള പുരോഗതി ഒച്ചിന്റെ വേഗതയിലായിരുന്നു. നാല് പലകയും  സൈക്കിളിന്റെചക്രങ്ങളും വെച്ചുകെട്ടി  നൂറടിദൂരംപറന്ന നോര്‍ത്ത് കരോളിനയിലെ  റൈറ്റ് സഹോദരന്നമാര്‍ വിചാരിച്ചോ അഫ്ഗാനിസ്ഥാനില്‍നിന്ന് എണ്ണൂറ് അഫയാര്‍ത്ഥികളേംകൊണ്ട് ഒരുപടുകൂറ്റന്‍ വിമാനം പറക്കുമെന്ന്; അത്ഭുതകരം അല്ല? ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലേ എനിക്ക് ജീവിക്കാന്‍ സാധിക്കൂ. ഈ നൂറ്റാണ്ടിന്റെ അവസാനത്തിലോ അടുത്തതിലോ ജീവിക്കാന്‍ ഞാന്‍ അര്‍ഘനല്ല. അതുകൊണ്ടാണ് പ്രകൃതിനിയമം മനുഷ്യന് ജീവിക്കാന്‍ ഒരു പരിധി കല്‍പിച്ചിരിക്കുന്നത്. അതിനപ്പുറം ജീവിച്ചിരുന്നാല്‍ നീയൊരു അധികപ്പറ്റാകും., പാഴ്‌വസ്തു.

ഇന്നത്തെ ചെറുപ്പക്കാര്‍ ഞങ്ങള്‍ കിളവന്നമാരെ സോഷ്യല്‍ സെക്യൂറിറ്റി ചെക്കുകൊണ്ട് ജീവിക്കുന്നവരെന്ന് ആക്ഷേപിക്കുമ്പോള്‍ ഓര്‍ക്കുക. ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിങ്ങളും ഞങ്ങളുടെ അവസ്ഥയിലെത്തും. അന്നത്തെ ചെറുപ്പക്കാര്‍ നിങ്ങളെയും പരിഹസിക്കും. നിങ്ങള്‍ക്കും അന്നത്തെ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ അറിഞ്ഞെന്നുവരില്ല.

ഇപ്പോള്‍ കിഴവന്മാരായ ഞ്ങ്ങള്‍ ഒരുകാര്യത്തില്‍ ഭാഗ്യവാന്മാരാണ്. ആധുനിക സാങ്കേതികതയുടെ ഫലങ്ങള്‍ കുറെയൊക്കെ കാണാനും ആസ്വദിക്കാനും സാധിച്ചു. ഞങ്ങളുടെ മുന്‍തലമുറക്ക് അതിനുള്ള ഭാഗ്യം കിട്ടിയിരുന്നില്ല. സെല്‍ഫോണും കംപ്യൂട്ടറും ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു, എല്ലാമൊന്നും വശമില്ലെങ്കിലും ദൂരെദേശത്ത് താമസിക്കുന്ന മക്കളുമായി നിമിഷനേരംകൊണ്ട് ആശയവിനിമയം നടത്താന്‍ സാധിച്ചു. പണ്ട് വിദേശത്തേക്ക് പോയിരുന്ന ബന്ധുക്കള്‍ അവിടെ ചെന്നുചേര്‍ന്നോ എന്നറിയാന്‍ മാസങ്ങള്‍ വേണ്ടിയിരുന്നു. അവിടെനിന്ന് അയക്കുന്ന കത്തില്‍കൂടി മാത്രമെ വിവരങ്ങള്‍ അറിഞ്ഞിരുന്നുള്ളു. ഇപ്പോള്‍ പോകുന്ന വഴിയില്‍നിന്നെല്ലാം ഫോണ്‍വിളിക്കാം, മെസ്സേജ് അയക്കാം.
 ദുബായില്‍  ലാന്‍ഡുചെയ്തു, അടുത്ത ഫളൈറ്റ് അഞ്ചുമണിക്കാണ്. ന്യുയോര്‍ക്കില്‍ ചെന്നിട്ട് വിളിക്കാം. വീട്ടിലിരിക്കുന്നവര്‍ക്ക് എന്തൊരാശ്വാസം.

ആധുനിക കണ്ടുപിടുത്തങ്ങള്‍ക്ക് നന്ദി,  ശ്‌സ്ത്രജ്ഞന്മാര്‍ക്കും. അവരിപ്പോള്‍ ചൊവ്വയില്‍ കൂടുകൂട്ടാനുള്ള ശ്രമത്തിലാണ്. ഈ നൂറ്റാണ്ടില്‍തന്നെ അവരുടെ ശ്രമങ്ങള്‍ വിജയിക്കുമെന്നുള്ളതില്‍ സംശയമില്ല. അപ്പോള്‍ ഇരുപത്തിരണ്ടാം നൂറ്റാണ്ടില്‍ എന്തായിരിക്കും അവസ്ഥ.,ആലോചിക്കാന്‍ സാധിക്കുമോ? ന്യൂയോര്‍ക്കില്‍നിന്ന് കൊച്ചിയിലെത്താന്‍ ഒരുമണിക്കൂര്‍. വേണമെങ്കില്‍ എല്ലാവീക്കെന്‍ഡിലും നാട്ടില്‍പോയി ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടിട്ടുവരാം. പക്ഷേ, നമ്മുടെ കൊച്ചുമക്കള്‍ കേരളത്തില്‍ പോകില്ല, തീര്‍ച്ച.  ഇറ്റീസ് ഡേര്‍ട്ടി എന്നാണ് അവര്‍ പറയുന്നത്. അടുത്ത നൂറ്റാണ്ടിലും കേരളം മാലന്യകൂമ്പാരമായിരിക്കും. ജനങ്ങളുടെ മനോഭാവത്തിനും  മാറ്റമൊന്നും ഉണ്ടാകില്ല.

 അന്‍പത് വര്‍ഷങ്ങള്‍കൂടി കഴിയുമ്പോള്‍ നമ്മുടെ കൊച്ചുമക്കള്‍ ഫ്‌ളയിങ്ങ് കാറിലായിരിക്കും യാത്രചെയ്യുക. അന്നത്തെ ജോലികള്‍ എങ്ങനെയായിരിക്കും? ഇപ്പോള്‍തന്നെ വീട്ടിലിരുന്ന് ജോലിചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. പക്ഷേ, എല്ലാജോലികളും വീട്ടിലിരുന്ന് ചെയ്യാന്‍ പറ്റില്ലല്ലൊ.  അപ്പോള്‍ പറക്കുന്ന കാറെടുത്ത് പോകേണ്ടിവരും. ലൈലാമ്മേടെ കൊച്ചുമകള്‍ക്ക് ഗ്രോസറിസ്റ്റോറില്‍ പോകാന്‍ ഫ്‌ളയിങ്ങ് സ്‌കൂട്ടര്‍ ഉണ്ടായിരിക്കുമോ?  ആര്‍ക്കറിയാം. ആലോചിക്കുമ്പോള്‍ തലപെരുക്കുന്നു. അങ്ങനെയെങ്കില്‍ ഇതെല്ലാം കണ്ടുപിടിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ തലക്കകത്ത് എന്തായിരിക്കും?

സാം നിലമ്പള്ളില്‍.
samnilampallil@gmail.com
Join WhatsApp News
amerikkan mollakka 2021-11-15 22:09:07
അസ്സലാമു അലൈക്കും സാം സാഹേബ്. ഇങ്ങള് ഫെയ്‌സ് ബുക്കിൽ എകൗണ്ടു തുടങ്ങണം. ചുമ്മാ കമ്മോഡിറ്റികളുമായി സൊള്ളി കൊണ്ടിരിക്കണം,.ഭാര്യ അറിയരുത് കേട്ടോ സാഹിബ് വീശുന്ന കൂട്ടത്തിലാണെങ്കിൽ ഭേഷായി. ഞമ്മക് അത് ഹറാമാണ്. ഫെയ്‌സ് ബുക്കിൽ മനുഷ്യർ പോസ്റ്റ് ചെയ്യാത്ത ബിശേഷങ്ങൾ ഇല്ല. ഞമ്മള് അറിയുന്ന ഒരു പെണ്ണ് അബൾക്ക് അടുക്കളയിൽ കേറാൻ ബയ്യന്നു എയ്തി. ഞമ്മള് ബിചാരിച്ച് ഓൾക് പണി ചെയ്യാൻ മടിയാണെന്നു. അപ്പോൾ ദാ അബളുടെ ഒരു ഫ്രണ്ട് എയ്തുന്നു നാലു ദിബസത്തെ കാര്യമല്ലേ പിന്നെ ജന്നത് അൽ ഫിർദൗസ് ഇറങ്ങി ബരുമെന്നു .ഓനു എന്തെങ്കിലും മോഹം ഉണ്ടാകും. അപ്പൊ ബീണ്ടും അസാലാമു അലൈക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക