Image

നിര്‍വീര്യകരണത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍ എന്ത് നേടി?(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 13 November, 2021
നിര്‍വീര്യകരണത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍ എന്ത് നേടി?(ദല്‍ഹികത്ത് :   പി.വി.തോമസ്)
2016 നവംബര്‍ എട്ടിന് എട്ടു മണിക്ക് ഒരു ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോയില്‍ അന്തിചര്‍ച്ചയ്ക്കായി സന്നിഹിതനായിരിക്കവെ ആണ് ഇടിവെട്ടുപോലുള്ള ആ വാര്‍ത്ത ഞാന്‍ കേട്ടത്. ചര്‍ച്ചക്കുള്ള വിഷയം രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായാല്‍ കോണ്‍ഗ്രസിനു ദേശീയരാഷ്ട്രീയത്തിനു സംഭവിക്കാവുന്ന മാറ്റങ്ങളെകുറിച്ചായിരുന്നു. അപ്പോഴാണ് ഉടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു അടിയന്തിര സന്ദേശം സംപ്രേക്ഷണം ചെയ്യുമെന്ന് പ്രഖ്യാപനം ഉണ്ടായത്. അപ്പോള്‍ തന്നെ മോദി റ്റി.വി.സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് ആ പ്രഖ്യാപനം നടത്തി. അര്‍ദ്ധരാത്രി 12 മണി മുതല്‍ 1000-ന്റെയും 500 ന്റെയും കറസിനോട്ടുകള്‍ ലീഗല്‍ ടെന്റര്‍ ആയിരിക്കുകയില്ലെന്ന്. പെട്ടെന്നു തന്നെ ചര്‍ച്ചയുടെ വിഷയം മാറ്റി നാണയനിര്‍വീര്യകരണം ആക്കി. രാജ്യത്ത് സാമ്പത്തീക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇതിനെ വിശേഷിപ്പിച്ചുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. കാരണം സര്‍ക്കുലേഷനിലുള്‌ള കറന്‍സിയില്‍ വിലയുടെ അടിസ്ഥാനത്തില്‍ ഈ രണ്ട് കറന്‍സിനോട്ടു കൂടിയാല്‍ 86 ശതമാനം ആണ്. ഇവ രണ്ടും പിന്‍വലിക്കപ്പെട്ടു എന്നുവച്ചാല്‍ രാജ്യവും പൗരന്മാരും കടുത്ത സാമ്പത്തീക പ്രതിസന്ധിയിലേക്ക് പൊടുന്നനെ വലിച്ചെറിയപ്പെട്ടു എന്ന് അര്‍ത്ഥം. സഹപാനലിസ്റ്റായ ഫോര്‍വേഡ് ബ്ലോക്കിന്റെ ദേവരാജന്‍ നാണയനിര്‍വീര്യകരണത്തെ ഒരു 'തുഗ്ലക്കന്‍' പരിഷ്‌ക്കരണമായി ചിത്രീകരിച്ചു.

പിന്നീടുളള ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ ഈ രണ്ട് പ്രസ്താവനകളും ശരിയായിരുന്നുവെന്ന് തെളിയിച്ചു. രാജ്യത്ത് കടുത്ത കറന്‍സിക്ഷാമം ഉണ്ടായി. ബാങ്കിലും കയ്യിലും പണം ഉണ്ടായിരുന്നിട്ടും പണം ഇല്ലാതെ ജനങ്ങള്‍ വലഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ മരുന്നുവരെ വാങ്ങുവാനാകാതെ ജനങ്ങള്‍ നട്ടം തിരിഞ്ഞു. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും മുടങ്ങി. മരിച്ചടക്കുപോലും മാറ്റിവയ്‌ക്കേണ്ട ഗതികേടുണ്ടായി. ബാങ്കുകളുടെയും എ.റ്റി.എം.കളുടെയും മുമ്പില്‍ നീണ്ടനിരയുണ്ടായി. ക്യൂവില്‍ നിന്ന് ചിലര്‍ ബോധം കെട്ടുവീണു. ചിലര്‍ മരിച്ചു. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും യാതൊരുവിധ സമാശ്വസവും ഉണ്ടായില്ല. രാജ്യമെമ്പാടും ജനങ്ങള്‍ ഒന്നടങ്കം വലഞ്ഞു. നവംബര്‍ 18-ന് ചീഫ് ജസ്റ്റീസ് റ്റി.എസ്. ഠാക്കൂറിന്റെയും ജസ്റ്റീസ് എ.ആര്‍.ഡാവെയുടെയും ബഞ്ച് പ്രഖ്യാപിച്ചു: രാജ്യം ഒരു ആഭ്യന്തര കലാപത്തിന്റെ വക്കിലാണ്. ഇവിടെ എ്ന്തും സംഭവിക്കാം. ഇത് വളരെ ഗൗരവതരമായ ഒരു പ്രശ്‌നം ആണ് ഒരു ജനതയെ മുഴുവനായും സംബന്ധിക്കുന്ന ഒരു കാര്യം ആണ്. ഇത്രയും അതിരൂക്ഷമായ ഒരു പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുവാന്‍ കേന്ദ്രഗവണ്‍മെന്റിന് സാധിക്കുകയില്ല.

മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ദ്ധനും ആയ മന്‍മോഹന്‍സിംങ്ങ് പാര്‍ലിമെന്റില്‍ പറഞ്ഞു കയ്യില്‍ പണം ഉണ്ടായിട്ടും അത് എടുത്തു ചിലവു ചെയ്യുവാനാകാത്ത ഒരേ ഒരു കാര്യം ഇന്ന് ലോകത്ത് ഇന്‍ഡ്യ മാത്രം ആയിരിക്കുമെന്ന്. നാണയ നിര്‍വീര്യകരണം ആസൂത്രിത പകല്‍ക്കൊള്ളയും നിയമപരമായ കവര്‍ച്ചയും ആണ്, മന്‍മോഹന്‍സിംങ്ങ് തുറന്നടിച്ചു. അപ്പോള്‍ ഈ 'തുഗ്ലക്കന്‍' പരിഷ്‌ക്കരണം ഒറ്റ രാത്രികൊണ്ട് നാലുമണിക്കൂറുകളുടെ മാത്രം നോട്ടീസില്‍ നടപ്പിലാക്കിയ മോദി പറഞ്ഞു ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണം ചെയ്യും. തിരിച്ചടിച്ചുകൊണ്ട് മന്‍മോഹന്‍സിംങ്ങ് പറഞ്ഞത് ദീര്‍ഘകാലത്തില്‍ നാമെല്ലാം മരിച്ചിട്ടുണ്ടായിരിക്കുമെന്നാണ്. മോദിയുടെ മഹദ്വചനങ്ങള്‍ തീര്‍ന്നില്ല. നവംബര്‍ 14-ന് ഗോവയില്‍ വച്ച് അദ്ദേഹം വെല്ലുവിളിച്ചു. ഈ പരിഷ്‌ക്കരണങ്ങള്‍ ജനങ്ങള്‍ക്ക് ഫലപ്രദം ആയില്ലെങ്കില്‍ അദ്ദേഹത്തെ ശിക്ഷിക്കുവാനോ കത്തിച്ചുകളയുവാനോ കെട്ടിത്തൂക്കുവാനോ മറ്റോ. ഇതിനായി അദ്ദേഹം നാല്‍പതോ അമ്പതോ ദിവസത്തെ സമയപരിധിയും നിശ്ചയിച്ചു.

അഞ്ചുവര്‍ഷം ഒരുചെറിയ കാലയിളവ് അല്ല. മോദിയുടെ നാണയ നിര്‍വീര്യകരണം കൊണ്ട് ജനങ്ങള്‍ക്ക് എ്ന്തുനേട്ടമുണ്ടായി?

മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുരാം രാജന്‍ ഇതിനെ അപഗ്രഥിച്ചു പഠിച്ച് വിശകലനം ചെയ്തുകൊണ്ട് പറഞ്ഞത് നാണയനിര്‍വ്വീര്യകരണം ഇന്‍ഡ്യന്‍ സാമ്പത്തീക വ്യവസ്ഥയ്ക്ക് ഭീമമായ നഷ്ടം ഉണ്ടാക്കിക്കൊണ്ടാണ് നടപ്പിലാക്കിയത് എന്നാണ്. അത് ഇന്‍ഡ്യയുടെ സാമ്പത്തികമേഖലയെയും അതിന്റെ വളര്‍ച്ചയെയും മരവിപ്പിച്ചു എന്നും രാജന്‍ പറഞ്ഞു. റിസര്‍വ്വ് ബാങ്കിന്റെ ശക്തമായ ശങ്കയായിരുന്നു ഇതുകൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍ ഗുണങ്ങളെക്കാള്‍ ഭയാനകം ആയിരിക്കും. ഇത് ഗവണ്‍മെന്റിനെ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് രാജന്‍ പറഞ്ഞു. അതിന് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം ഗവണ്‍മെന്റഅ അദ്ദേഹത്തിന്റെ ഉടമ്പടി നീട്ടിയില്ല എന്നതാണ്!
നാണയ നിര്‍വീര്യകരണം മൂലം ആഭ്യന്തര ഉത്പാദന വളര്‍ച്ചയും അനൗപചാരിക സാമ്പത്തീകരംഗവും വളരെയധികം സഹിച്ചു രാജന്റെ അഭിപ്രായത്തില്‍. ഗവണ്‍മെന്റിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പ്രധാനമായ കള്ളപ്പണവേട്ട അല്ലെങ്കില്‍ മിന്നലാക്രമണം പാളിപ്പോയി. ഒന്നുമുതല്‍ രണ്ടുശതമാനം വരെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയെ ആണ് നാണയനിര്‍വീര്യകരണം ബാധിച്ചത്. രാജന്റെ കണക്കുകൂ്ടല്‍ പ്രകാരം 1.5 ശതമാനം ആഭ്യന്തര ഉത്ഘാടന വളര്‍ച്ചയെ ഇത് ബാധിച്ചാല്‍ നഷ്ടം രണ്ട് ലക്ഷം കോടിയും അതിലേറെയും ആണ്. റിസര്‍വ്വ് ബാങ്കിന്റെ ഗവര്‍ണ്ണര്‍ എന്ന നിലയില്‍ രാജനോ ബാങ്ക്‌മൊത്തമായി തന്നെയോ ഗവണ്‍മെന്റിന്റെ നാണയനിര്‍വീര്യകരണത്തെ പിന്തുണച്ചിരുന്നില്ലെന്ന് അദ്ദേഹം തുറന്നുപറയുന്നു. അതിന്റെ വില അദ്ദേഹം നല്‍കുകയും ചെയ്തു.

നാണയനിര്‍വീര്യകരണം ഒരു സ്വേഛാധിപത്യ നടപടി ആയിരുന്നുവെന്നാണ് സാമ്പ്തതീക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ അമാര്‍ത്യസെന്‍ അതിനെ വിലയിരുത്തിക്കൊണ്ട് പറഞ്ഞത്. പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ഒരു സാമ്പത്തീക വ്യവസ്ഥയുടെ തായ് വേരില്‍ അത് കോടാലി വച്ചു എന്നാണ് സെന്നിന്റെ വിഷയം.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍്ഡ്യ അതിന്റെ 2017-2018 കാലത്തേക്കുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടപ്പോള്‍ ആണ് നാണയ നിര്‍വീര്യകരണത്തിന്റെ കൂടുതല്‍ കള്ളികള്‍ വെളിച്ചത്തായത്. ഈ റിപ്പോര്‍ട്ട് പ്രകാരം നിരോധിക്കപ്പെട്ട കറന്‍സികളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി. അപ്പോള്‍ ഗവണ്‍മെന്റ് അതിന്റെ ലക്ഷ്യങ്ങള്‍ മാറ്റിപിടിച്ചു. നികുതിനല്‍കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുകസ ക്യാഷ്‌ലെസ്, ഡിജിറ്റലൈയ്‌സ്ഡ് സൊസൈറ്റി തുടങ്ങിയവയായി പിന്നീട് ഗവണ്‍മെന്റ് ഉയര്‍ത്തിപിടിച്ച നാണയനിര്‍വീര്യകരണത്തിന്റെ ലക്ഷ്യങ്ങള്‍. ഇതിന്റെയും സാക്ഷാത്കാരം പൊള്ളയായ അവകാശവാദങ്ങള്‍ മാത്രം ആണ്. ഇത് നീണ്ടനിരയിലെ യാതനകള്‍ക്കും മരണങ്ങള്‍ക്കും നഷ്ടപ്പെട്ടുപോയ ജോലികള്‍ക്കും കുതിച്ചുയര്‍ന്ന വിലക്കയറ്റത്തിനും ഉത്തരം ആകുമോ? നികുതിദായക സമുദായത്തെ സൃഷ്ടിച്ചു എന്നു പറയുമ്പോള്‍തന്നെ ഇതിന് ഇരയായ ദരിദ്രലക്ഷ്യങ്ങളും ചെറുകിട കര്‍ഷകരും ദിവക്കൂലിക്കാരും എവിടെയാണ് നികുതി നല്‍കുന്നത്?

നാണയനിര്‍വീര്യകരണത്തിന്റെ ഫലമായി 2300 കോടി പുതിയ കറന്‍സികള്‍ 15 ലക്ഷം കോടിരൂപയുടെ ചിലവില്‍ അച്ചടിച്ച് ഇന്‍ഡ്യ ഒട്ടാകെ വിതരണം ചെയ്യേണ്ടിവന്നു. ഇതിനു ചിലവാക്കിയ പണവും സമയവും ജനങ്ങളുടെ കഷ്ടപ്പാടും എത്രയോ വലുതാണ്. നാണയനിര്‍വീര്യകരണം പ്രഖ്യാപിച്ച അതേ കാലയളവില്‍ ആണ് സ്റ്റെയിറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ വിജയ് മാല്യ ഉള്‍പ്പെടെ 400 വ്യവസായ കോടീശ്വരന്മാരുടെ കിട്ടാക്കടമായ 7000 കോടിരൂപ എഴുതിതള്ളിയത്! ഈ ഇനത്തില്‍ മറ്റു ബാങ്കുകളും എഴുതി തള്ളുന്നത് കണക്കുകൂട്ടിയാല്‍ ലക്ഷം കോടികളാണ്.

കള്ളപ്പണം, ഭീകരവാദം, നക്‌സലിസം, ദേശീയസുരക്ഷ ഇവയെല്ലാം ആയിരുന്നു നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിന്റെ അപ്രഖ്യാപിത ലക്ഷ്യം അഥവ ഹിഡന്‍ അജണ്ട എന്നത് എന്താണെന്ന് അറിയില്ല എങ്കിലും ഭീകരവാദത്തെ മുസ്ലീം മതവുമായി കൂട്ടിച്ചേര്‍ത്ത് വായിച്ച് കുഴല്‍പ്പണവും ബാങ്കിംങ്ങ്-പലിശ വ്യവസായവും ആയി ബന്ധം ഇല്ലാത്തതിനാല്‍ കെട്ടുകണക്കിന് കള്ളപ്പണം കട്ടില്‍കീഴിലും മറ്റും ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്ന് അനുമാനിച്ചത് ആണോ എ്ന്നും സംശയം പ്രബലം ആണ്. ഏതായാലും ഇതെല്ലാം തെറ്റായിരുന്നെന്ന് റിസര്‍വ്വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കള്ളപ്പണം പിടിച്ചെടുത്ത് അതില്‍ നിന്നും 15 ലക്ഷംരൂപ പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന മോദിയുടെ വാഗ്ദാനം എന്തായി? ഇന്‍ഡ്യയിലെ കള്ളപ്പണവും സമാന്തര സാമ്പത്തിക മേഖലയും 27 മുതല്‍ 90 ലക്ഷം കോടിരൂപ വരെ എന്നാണ് കണക്ക്. ഇത് വസ്തുവകകള്‍, സ്വര്‍ണ്ണ, വെള്ളിക്കട്ടികള്‍, വിദേശബാങ്ക് നിക്ഷേപങ്ങള്‍ എന്നീ രൂപത്തിലാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? അതൊന്നും കണ്ടുകെട്ടുവാന്‍ ഗവണ്‍മെന്റിന്റെ നാണയനിര്‍വ്വീര്യകരണത്തിന് സാധിച്ചില്ല. ഒട്ട് സാധിക്കുകയുമില്ല. കാരണം കള്ളന്‍ കപ്പലില്‍ തന്നെ ഉണ്ട്.

നാണയ നിര്‍വീര്യകരണത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായ കള്ളപ്പണം കണ്ടെടുക്കല്‍, നാണയരഹിത സാമ്പത്തീക ഇടപാട്, അഴിമതി നിവാരണം, ഭീകരവാദം ഇല്ലാതാക്കല്‍, നക്‌സലിസം അടിച്ചമര്‍ത്തല്‍ എല്ലാം പൊളിഞ്ഞു. ഭീകരവാദം ഇന്നും കാശ്മീരിലും മറ്റെല്ലായിടത്തും കൊടികുത്തിവാഴുകയാണ്. നക്‌സലിസവും. ഭീകരവാദവും നക്‌സലിസവും വളരുന്നത് മതജിഹാദികളുടെ മനസിലാണ്. തെറ്റായ സാമ്പത്തീക വ്യവസ്ഥിതിയില്‍ ആണ്. സാമ്പത്തീക ഉച്ചനീചത്വങ്ങളില്‍ ആണ്. ഇന്ദിരഗാന്ധിയുടെ ബാങ്ക് ദേശസാല്‍ക്കരണത്തിനും മുന്‍ രാജാക്കന്മാരുടെ പ്രിവിപേഴ്‌സ് നിറുത്തലാക്കിയതിനും ചില രാഷ്ട്രീയ-സാമൂഹ്യലക്ഷ്യങ്ങളും സന്ദേശങ്ങളും ഉണ്ടായിരുന്നു. പ്രിവിപേഴ്‌സ് നിറുത്തലാക്കല്‍ പ്രതീകാത്മകമായ ഒരു നടപടി ആയിരുന്നു. പക്ഷേ, നാണയ നിര്‍വ്വീര്യകരണം ഒരു വന്‍പരാജയം ആയിരുന്നു, പൊള്ളത്തരം ആയിരുന്നു.

പക്ഷേ, എന്നിട്ടും നാണയ നിര്‍വ്വീര്യകരണം മോദിയെയും ഭരണകക്ഷിയെയും പ്രതികൂലമായി ബാധിച്ചില്ല. കാരണം ഇത് ജനങ്ങളുടെ നന്മക്കായും ധനാഢ്യന്മാരുടെയും ഭീകരവാദികളുടെയും നാശത്തിനായിട്ടും ആണെന്നും സര്‍ക്കാര്‍ പറഞ്ഞു പ്രചരിപ്പിച്ചത് സാധാരണക്കാര്‍ വിശ്വസിച്ചു. പ്രതിപക്ഷത്തിന്റെ വിശ്വാസ്യത അത്രമാത്രം താഴേക്ക് പോയിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ജനങ്ങളുടെ ത്യാഗവും സഹനവും എല്ലാം വെറും പാഴായിരുന്നുവെന്ന് മനസിലാകും. പക്ഷേ, മോദി ഭരണം മുമ്പോട്ട് തന്നെ പോകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക