Image

ജവഹർലാൽ നെഹ്രുവിന്റേത് മായ്ക്കാനാകാത്ത പൈതൃകം! ( ജോർജ്ജ് എബ്രഹാം)

Published on 13 November, 2021
ജവഹർലാൽ നെഹ്രുവിന്റേത്  മായ്ക്കാനാകാത്ത  പൈതൃകം!  ( ജോർജ്ജ്  എബ്രഹാം)

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിക്ക് രാജ്യത്തെ കുട്ടികളോടുള്ള സ്നേഹവാത്സല്യത്തിന്റെയും കരുതലിന്റെയും അടയാളപ്പെടുത്തലായുള്ള   'ചാച്ചാ നെഹ്‌റു ദിനമാണ്  (ശിശു ദിനം)'   നവംബർ 14 -മായി ബന്ധപ്പെട്ടുള്ള എന്റെ ആദ്യകാല ഓർമ്മ. കേരളത്തിൽ  ബാല്യകൗമാരങ്ങൾ ചിലവിടുകയും  'ഓൾ കേരള ബാലജന സഖ്യത്തിൽ ' സജീവമായി പ്രവർത്തിക്കുകയും ചെയ്തതാണ്  എന്നിലേക്ക്  നെഹ്രുവിയൻ ആശയങ്ങളോടുള്ള  അഭിവാഞ്ഛ ജനിപ്പിച്ചത്.  4 എച്ച് ക്ലബ്ബ് കഴിഞ്ഞാൽ  അന്ന്  ലോകത്തിലെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനയായിരുന്നു ബാലജനസഖ്യം. തന്റെ പിൻഗാമികളുടെ ശോഭനമായ ഭാവിക്കുവേണ്ടി നെഹ്‌റു പകർന്നുതന്ന പ്രതിബദ്ധതയുടെ പാഠങ്ങൾ,  യുവതലമുറ നെഞ്ചോട് ചേർത്തത് ബാലജനസഖ്യത്തിലെ പരിപാടികളിൽ പങ്കെടുത്തുകൊണ്ടാണ്. 'നെഹ്‌റുവിന് ശേഷം ആര് ' എന്നത് ഇന്ത്യയിലുടനീളമുള്ള ജനമനസുകളിൽ അക്കാലത്ത് ഉത്കണ്ഠ  ഉളവാക്കിയ ചോദ്യമായിരുന്നു.

ചാച്ചാജിയുടെ വിയോഗത്തിന്റെ  57 വർഷങ്ങൾക്കിപ്പുറം ചർച്ചചെയ്യേണ്ടത്, 'ആധുനിക ഇന്ത്യയുടെ ശില്പി'യായി ആഘോഷിക്കപ്പെടേണ്ട അദ്ദേഹത്തിന്റെ പൈതൃകത്തെക്കുറിച്ചല്ല.
 മറിച്ച്, നിക്ഷിപ്ത താൽപ്പര്യങ്ങളുടെ പേരിൽ പരിപാവനമായ ആ  ജീവിതത്തെ കളങ്കപ്പെടുത്തിക്കൊണ്ട്  ചരിത്രത്തിൽ നിന്ന് എന്നെന്നേക്കുമായി  തുടച്ചുനീക്കാൻ നടന്നുവരുന്ന ശ്രമം  എങ്ങനെ തടുക്കാനാകും എന്നുവേണം ചിന്തിക്കാൻ. കേന്ദ്രത്തിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ വന്നതുമുതൽ, പ്രധാനമന്ത്രി നരേന്ദ്ര  മോഡിയും ഉദ്യോഗസ്ഥരും ചേർന്ന്,   കോൺഗ്രസ് പാർട്ടിയിലെ മുൻകാല നേതാക്കളെ വിമർശിക്കുന്നതോടൊപ്പം ജവഹർലാൽ നെഹ്‌റുവിനെ പ്രത്യേകമായി ഉന്നംവച്ചുകൊണ്ട്   അധിക്ഷേപിക്കുകയും  താറടിക്കുകയും ചെയ്യുന്നതായി നാം കാണുന്നു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെക്കുറിച്ചുള്ള നാഷണൽ ആർക്കൈവ് പ്രദർശനത്തിൽ പോലും നെഹ്‌റുവിന്റെ പേര് പരാമർശിച്ചിട്ടില്ലെന്നത് സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കും.

ഏതുവിധേനയും ഇന്ത്യയുടെ വികസനത്തിന് നെഹ്‌റു നൽകിയ സംഭാവനകൾ  കുറച്ചുകാട്ടുക എന്നത് ബി.ജെ.പി സർക്കാരിന് ഏറെക്കുറെ ഒരു ശീലമായി മാറിയിരിക്കുന്നു.
 
സ്‌കൂൾകുട്ടികൾക്ക് സർക്കാർ സ്‌പോൺസർ ചെയ്‌ത ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് നെഹ്‌റുവിന്റെ പേര് തുടച്ചുനീക്കി. വിഭജനത്തിന് നെഹ്‌റുവിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് പാർലമെന്റിൽ  മോഡി പ്രസംഗിച്ചത്. വിശദ വിവരങ്ങൾക്കും പഠനത്തിനുമായി സമൂഹ മാധ്യമങ്ങളെ  ആശ്രയിക്കുന്ന യുവാക്കളുടെ മനസ്സിൽ നെഹ്‌റുവിന്റെ വംശപരമ്പരയെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വഭാവത്തെയും സംസ്‌കാരത്തെയും പറ്റി മോശമായി ചിത്രീകരിച്ച്, അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ ശ്രമിക്കുന്നവർക്കൊപ്പം  വലതുപക്ഷ അനുഭാവമുള്ളവരും ട്രോളർമാരും അണിചേരുന്നു.

വിദ്യാഭ്യാസത്തെയും സാമൂഹിക വികസനത്തെയും കുറിച്ച്  നെഹ്‌റുവിനുണ്ടായിരുന്ന ദാർശനികതയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് പ്രവാസസമൂഹം. എന്നിട്ടും, ആർഎസ്‌എസും  അനുബന്ധ സംഘടനകളും  നിരന്തരമായി നടത്തുന്ന ഇത്തരം ആക്രമങ്ങൾക്കുനേരെ  പ്രവാസികൾ കണ്ണടയ്ക്കുകയാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്  തടയാൻ ചെറുവിരൽപോലും അനക്കുന്നുമില്ല. നെഹ്‌റു കൈവരിച്ച ലോകോത്തര നേട്ടങ്ങൾക്ക് മുൻപിൽ, ഇപ്പോൾ പ്രധാനമന്ത്രിസ്ഥാനം വഹിക്കുന്ന വ്യക്തിയുടേത് ഒന്നുമല്ലെന്ന് പൂർണ്ണബോധ്യമുണ്ടായിരുന്നിട്ടും, ഡൽഹിയിലെ അധികാര പ്രമുഖരുടെ ആഗ്രഹങ്ങൾക്ക് വിധേയരായി നിന്നുകൊണ്ട്  PIO/NRI സമൂഹം മൗനം പാലിക്കുകയാണ്.
 
രാജ്യസ്നേഹികൾ എന്ന് സ്വയം സംതൃപ്തി തോന്നാൻ അവർ ഇന്ത്യൻ ഉത്സവങ്ങളും മറ്റും ആഘോഷിക്കുന്ന തിരക്കിലാണ്. മഹാത്മാഗാന്ധിക്ക്  ആദരവർപ്പിക്കാൻ  ബദ്ധശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു. എന്നാൽ, രാഷ്ട്രപിതാവ് തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അമരത്തേക്ക് കൈപിടിച്ച് ആനയിച്ച നെഹ്‌റുവിനെ അവർ വിസ്മരിക്കുന്നു. ഇന്ത്യയിൽ ഗാന്ധിയൻ തത്ത്വങ്ങൾ ചവിട്ടിമെതിക്കപ്പെടുമ്പോൾ, ഇവരിൽപ്പെട്ടവർ പലരും മുഖം തിരിച്ച് മറ്റൊരു വഴിയേ നടക്കുന്നു.
യഥാർത്ഥത്തിൽ  ഗാന്ധിയൻ തത്വങ്ങളോടുള്ള ആത്മാർത്ഥമായ ആദരവാണോ ഇക്കൂട്ടർ പ്രകടിപ്പിക്കുന്നത്? അതോ അമേരിക്കൻ സമൂഹത്തിനു മുന്നിൽ സമാധാനത്തിന്റെയും  ഐക്യത്തിന്റെയും  ബാഹ്യമായ  പ്രകടനം മാത്രമാവുകയാണോ ഇത്തരം ആഘോഷങ്ങൾ?  

 ഇന്ത്യാ വിഭജനം സ്വാർത്ഥതാൽപ്പര്യത്തിനായി  നെഹ്‌റു  രൂപകൽപ്പന ചെയ്‌തതാണ് എന്നുള്ളതാണ് അദ്ദേഹത്തിനെതിരെ പ്രയോഗിക്കപ്പെടുന്ന ആയുധങ്ങളിൽ മൂർച്ഛയേറിയത്.  ബ്രിട്ടീഷുകാരും മുസ്ലീം ലീഗും ഹിന്ദു മഹാസഭയുമെല്ലാം സ്വാതന്ത്ര്യസമയത്ത് നടന്ന കൂട്ടക്കൊലകളുടെ ഭീകരതയിൽ ഭാഗമായിരുന്നുവെന്ന് ഏതൊരു ചരിത്ര വിദ്യാർത്ഥിക്കും വ്യക്തമാകും. മുഹമ്മദാലി ജിന്ന പാക്കിസ്ഥാനുവേണ്ടി നിർബന്ധപൂർവം നിലകൊണ്ടതും  വി.ഡി. സവർക്കർ  ദ്വിരാഷ്ട്ര സിദ്ധാന്തവുമായി മുന്നിട്ടിറങ്ങിയതുമെല്ലാം പരോക്ഷമായി വിഭജനത്തിലേക്ക് നയിച്ച ഘടകങ്ങളിൽപ്പെടും. ആടിയുലഞ്ഞുനിന്ന രാജ്യത്ത് സമാധാനവും സ്ഥിരതയും കൊണ്ടുവന്നത് നെഹ്രുവിന്റെ നേതൃപാടവമാണ്. നെഹ്‌റുവും പട്ടേലും ഈ വിഭജനം അംഗീകരിച്ചില്ലായിരുന്നുവെങ്കിൽ, അത് ഇന്ന് നാം അറിയുന്ന ഇന്ത്യയെ ശിഥിലമാക്കുമായിരുന്നുവെന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്.

 ഇന്ത്യയോടുള്ള നെഹ്രുവിന്റെ  ആത്മാർത്ഥമായ സേവനമാണ്, ഞാൻ അദ്ദേഹത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്നത്. ജീവിച്ചിരിക്കെ നേടിയെടുക്കാനാകുമെന്ന യാതൊരു ഉറപ്പുമില്ലാത്ത കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടിയ അദ്ദേഹം, ജീവിതത്തിന്റെ ഒരു പതിറ്റാണ്ടോളം  ജയിലിൽ ചെലവഴിച്ചു. ആധുനിക ഇന്ത്യയുടെ സ്ഥാപക പിതാക്കന്മാരിൽ നെഹ്‌റു മാത്രമാണ് ആഗോള സമൂഹത്തിൽ ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചതെന്ന് നിസ്സംശയം പറയാം. സ്വാതന്ത്ര്യത്തിനു മുൻപുതന്നെ, ഇന്ത്യൻ ജനതയെ വിദേശകാര്യങ്ങളിൽ ബോധവൽക്കരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കൃഷി, വ്യവസായം, സാങ്കേതികം എന്നീ മേഖലകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ അനുപമമായ മുന്നേറ്റം കൈവരിച്ചു. ഭക്രാനംഗൽ, ഹിരാകുഡ്, നാഗാർജുന സാഗർ അണക്കെട്ടുകൾ എന്നിവ ഉപയോഗിച്ച് ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് അദ്ദേഹം കൃഷി വികസിപ്പിച്ചു.
ഒരു സേഫ്റ്റി പിൻ പോലും സ്വന്തം ഉപഭോക്താക്കൾക്ക് വേണ്ടി ഉൽപ്പാദിപ്പിക്കാത്ത ഒരു രാജ്യത്ത്, നെഹ്‌റുവിന്റെ ഇച്ഛാശക്തികൊണ്ടാണ് വലിയ വ്യവസായങ്ങൾ കെട്ടിപ്പടുത്തത്. ഐഐടികൾ, ഐഐഎംകൾ, ഐഎസ്ആർഒ, ബാർക്, കൗൺസിൽ ഓഫ് സയന്റിഫിക് ഇന്ത്യൻ റിസർച്ച് (CSIR) , ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)
തുടങ്ങി നിരവധി സർവകലാശാലകളുള്ള വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിക്കുകയും ചെയ്തു.
 
ശാസ്ത്ര-സാങ്കേതിക  മുന്നേറ്റങ്ങളും കണ്ടുപിടുത്തങ്ങളും കൊണ്ട് ഇന്ത്യയ്ക്ക് ആധുനിക യുഗത്തിലേക്ക് കടക്കാനുള്ള വാതിൽ അദ്ദേഹം തുറന്നുതന്നു. ബഹിരാകാശ പദ്ധതികളിലോ ആണവ പദ്ധതികളിലോ ഇന്ത്യ ഇന്ന് വിജയിച്ചിട്ടുണ്ടെങ്കിൽ അതിന്റെ എല്ലാ അംഗീകാരങ്ങളും നെഹ്‌റു എന്ന ക്രാന്തദർശിക്ക് അർഹമായതാണ്. നെഹ്‌റു ഈ പരിവർത്തന സംരംഭം ആരംഭിക്കുമ്പോൾ, ഇന്ത്യയിലെ സാക്ഷരതാ നിരക്ക് 14 ശതമാനവും ആയുർദൈർഘ്യം 39 വയസ്സുമായിരുന്നു എന്നതും ഓർക്കേണ്ടതാണ്.

നിലവിലെ ഭരണത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു നെഹ്രുവിന്റെ നേതൃത്വത്തിൽ കൂടിയിരുന്ന നിയമസഭായോഗങ്ങൾ. പാർലമെന്റിലെ അംഗങ്ങളെല്ലാം രാജ്യത്തിന്റെ അഭിവൃദ്ധി മുന്നിൽക്കണ്ട് മികച്ച പ്രഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്ന കാലയളവായിരുന്നു അത്. വിമർശകനെ പ്രതികാരബുദ്ധിയോടെ ഒരിക്കൽപ്പോലും  കാണാതിരുന്ന നെഹ്‌റു, തികഞ്ഞ  ജനാധിപത്യവാദിയായിരുന്നു. വിയോജിപ്പും തർക്കങ്ങളും ചർച്ചയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ജനാധിപത്യത്തിൽ അത് അത്യന്താപേക്ഷിതമാണെന്ന്  മനസ്സിലാക്കിക്കൊണ്ട്  അങ്ങേയറ്റം ക്ഷമയോടും സംയമനത്തോടും കൂടിയാണ് അദ്ദേഹം വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നത്.
അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ആളുകളെ നിരീക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന നിലവിലെ  ഭരണകൂടത്തിന്റെ രീതികൾ, ഇന്ത്യയ്ക്കുള്ളിൽ കഴിയുന്നവരെ മാത്രമല്ല  പ്രവാസികളെയും ഭയത്തിലാഴ്ത്തുന്നു. നെഹ്‌റു രാജ്യത്തിന് നൽകിയ സംഭാവനകളെ ഇകഴ്ത്തിയും, അദ്ദേഹത്തിന്റെ പ്രശസ്തിയെ അവഹേളിച്ചും നീങ്ങുന്ന ദുഷ്ടശക്തികൾ രാജ്യത്തെ ഒന്നടങ്കം ദ്രോഹിക്കുകയാണ്.  ആസൂത്രണ കമ്മീഷൻ, ദേശീയോദ്ഗ്രഥന കൗൺസിൽ തുടങ്ങി അദ്ദേഹം സ്ഥാപിച്ച പല സ്ഥാപനങ്ങളും നീക്കം ചെയ്യുന്നതിന് പോലും അവർ മടിച്ചില്ലെന്നോർക്കണം.എത്ര വിമർശനശരങ്ങൾ എയ്താലും, ആ വിമർശകരൊക്കെ മണ്മറയുന്ന കാലത്തും, ജവഹർലാൽ നെഹ്‌റു ഭാരതീയരുടെ ഹൃദയത്തിലും മനസ്സിലും ഒരു ആരാധനാബിംബമായി തന്നെ നിലകൊള്ളും.വരും തലമുറകളും അദ്ദേഹത്തെ നെഞ്ചിലേറ്റും!  വിമർശകരെ ആദരിക്കാൻ ഇതുവരെയും ഒരു സ്മാരകവും ഉയർന്നിട്ടില്ലെന്ന് വീണ്ടും അടിവരയിട്ടു പറയട്ടെ. ആധുനിക ഇന്ത്യയുടെ ചരിത്രവുമായി വളരെയധികം ഇഴചേർന്നതാണ്, നെഹ്രു പതിപ്പിച്ച കാൽപ്പാടുകൾ.  രാജ്യത്തിന്റെ ഓരോ തന്മാത്രയിലും ഒരിക്കലും മായ്ക്കാനാകാത്ത ഏടായി അത് നിലനിൽക്കും.

Join WhatsApp News
Saji Karimpannoor John 2021-11-23 13:26:36
Great Article.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക