Image

കോവിഡ് കാലത്തെ പ്രമേഹദിനം (അബിത് വി രാജ്)

Published on 13 November, 2021
കോവിഡ് കാലത്തെ പ്രമേഹദിനം (അബിത് വി രാജ്)
ആയുര്‍വേദ ആചാര്യന്മാരുടെ അഭിപ്രായത്തില്‍ കോവിഡ് മഹാമാരിയുടെ ഈ കാലത്ത് പ്രമേഹരോഗികള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. കരുതലോടെ നീങ്ങിയില്ലെങ്കില്‍ അപകടകരമായ അവസ്ഥയിലെത്താം. പ്രമേഹവുമായി ബന്ധപ്പെട്ട് രണ്ടു തരത്തിലാണ് കോവിഡ് വില്ലനാകുന്നത്. ഒന്ന് നിലവില്‍ പ്രമേഹമുള്ളവരുടെ ആരോഗ്യനില കോവിഡ് ബാധയെത്തുടര്‍ന്ന് പെട്ടെന്നു മോശമാകുന്നു. ഇന്‍സുലിന്‍ ഉപയോഗിക്കാത്തവരെയും കോവിഡ് ബാധയ്ക്കു ശേഷം തുടര്‍ച്ചയായി ഇന്‍സുലിന്‍ ഉപയോഗിക്കേണ്ട അവസ്ഥയിലെത്തിക്കുന്നു. എന്നാല്‍ ചിട്ടയായ ഭക്ഷണവും വ്യായാമവും മൂലം ഇതുവരെ പ്രമേഹത്തിനു പിടികൊടുക്കാത്തവരില്‍ ചിലര്‍ കോവിഡിനു ശേഷം പ്രമേഹരോഗികളായി മാറുന്നു എന്നതാണ് രണ്ടാമത്തേത്. ഈ വൈറസ് പ്രവേശിക്കുന്നതോടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം തകരാറിലാകുന്നു. ഇത് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെയും അതുവഴി ഇന്‍സുലിന്‍ ഉല്‍പാദനത്തെയും പ്രതികൂലമായി ബാധിക്കുന്നു. പാന്‍ക്രിയാസില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നത് ബീറ്റാ കോശങ്ങളാണ്. കൊറോണ വൈറസ് ഈ കോശങ്ങളെ നശിപ്പിക്കുന്നു.

കോവിഡിനെത്തുടര്‍ന്നുണ്ടാകുന്ന ആന്തരിക വീക്കവും ബീറ്റ കോശങ്ങളെ നശിപ്പിക്കുന്നു. ഇന്‍സുലിന്‍ തന്മാത്രകളെ തിരിച്ചറിയാനുള്ള ശരീരകലകളുടെ ശേഷിയും നഷ്ടപ്പെട്ടേക്കാം. ഇതുമൂലം ഇന്‍സുലിന്‍ റെസിസ്റ്റന്‍സും, വര്‍ദ്ധിത പ്രമേഹവും പിടിപെടാന്‍ സാധ്യതയുണ്ട്.
    
പ്രമേഹം എന്നറിയപ്പെടുന്ന ഡയബറ്റിസ് മെലിറ്റസ്, ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയ്ക്ക് കാരണമാകുന്ന ഒരു ഉപാപചയ രോഗമാണ്. ഇന്‍സുലിന്‍ എന്ന ഹോര്‍മോണാണ് രക്തത്തില്‍ നിന്ന് പഞ്ചസാരയെ നമ്മുടെ കോശങ്ങളിലേക്ക് കടത്തിവിടുന്നത്.
    
ശരിയായ ഭക്ഷണക്രമം ശീലിക്കാത്തത് നിമിത്തം അമിതമായി രക്തത്തില്‍ പഞ്ചസാരയുടെ ശേഖരണം ഉണ്ടാകുന്നു. ഇത്സ്‌ട്രോക്ക്, ഹൃദ്രോഗം തുടങ്ങിയ അപകടകരമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യതകള്‍ക്കും വഴിതുറക്കുന്നു.  പ്രമേഹത്തിന്റെ ക്രമാനുഗതമായ വര്‍ദ്ധനവ് അന്ധത, വൃക്കതകരാര്‍, ഞരമ്പുകള്‍ക്ക് തകരാര്‍ തുടങ്ങിയ സങ്കീര്‍ണതകളിലേക്കും നയിച്ചേക്കാം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ നമ്മുടെ രക്തത്തിലെ പഞ്ചസാര എന്ന് അറിയപ്പെടുന്ന ഗ്ലൂക്കോസ് വളരെ വര്‍ദ്ധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസ് നമ്മുടെ ഊര്‍ജ്ജത്തിന്റെ പ്രധാന ഉറവിടമാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും പാന്‍ക്രിയാസ് നിര്‍മ്മിക്കുന്ന ഹോര്‍മോണായ ഇന്‍സുലിന്‍ ഭക്ഷണത്തില്‍ നിന്നുള്ള ഗ്ലൂക്കോസിനെ നമ്മുടെ കോശങ്ങളിലേക്ക് ഊര്‍ജത്തിനായി എത്തിക്കുന്നു.
    
ആയുര്‍വേദം പറയുന്ന പ്രമേഹത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു ചോദിച്ചാല്‍ - ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത്, വ്യായാമത്തിന്റെ അഭാവം, മാനസിക സമ്മര്‍ദ്ദം, അമിതമായ ഉറക്കം, പഞ്ചസാരയും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റും അമിതമായി കഴിക്കുന്നത്, പ്രോട്ടീനുകളുടെയും കൊഴുപ്പുകളുടെയും അമിതമായ ഉപയോഗം, പാരമ്പര്യ ഘടകങ്ങള്‍ എന്നിവയെങ്കിലും ആയുര്‍വേദം പ്രമേഹത്തിന്റെ മര്‍മ്മപ്രധാന കാരണമായി മോശം ദഹനത്തെ കാണുന്നു.
 
ഇനി പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ ഏതൊക്കെയെന്നാല്‍ - അണുബാധകള്‍, ഓക്കാനം, ഛര്‍ദ്ദി, മങ്ങിയ കാഴ്ച, വിശപ്പ്, നിര്‍ജ്ജലീകരണം, ശരീരഭാരം കുറയല്‍ അല്ലെങ്കില്‍ വര്‍ദ്ധനവ്, ക്ഷീണം, മുറിവുകളോ വ്രണങ്ങളോ സുഖപ്പെടാനുള്ള താമസം, തൊലിപ്പുറത്ത് ചൊറിച്ചില്‍, അണുബാധയ്ക്കുള്ള വര്‍ദ്ധിച്ച സംവേദനക്ഷമത, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉദാസീനമായ ജീവിതശൈലി എന്നിങ്ങനെ പലരിലും വ്യത്യസ്ഥങ്ങളാണ്.
    
ബോഡി മാസ് ഇന്‍ഡക്‌സ് (ബി എം ഐ) 30 വയസ്സിനു മുകളിലുള്ള അമിതവണ്ണമുള്ളവരിലും കോവിഡ്ബാധ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്  എന്നു പറയുന്നുവല്ലോ. ഇത്തരക്കാരില്‍ കോവിഡ് ബാധയ്ക്കുമുന്‍പ് പ്രമേഹരോഗം ഇല്ലെങ്കിലും കോവിഡിനു ശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുന്നതായി കണ്ടെത്തിയിട്ടുണ്ട.് പ്രമേഹ ആയുര്‍വേദ ചികിത്സയില്‍ പഞ്ചകര്‍മ്മ ക്രീയകളുടെ പ്രാധാന്യം വളരെ വലുതാണ് കൂടാതെ ആയുര്‍വേദ മരുന്നുകള്‍, ഫുഡ് സപ്ലിമെന്റുകള്‍, ആഹാര പഥ്യക്രമങ്ങള്‍, പാദസംരക്ഷണം, പ്രമേഹത്തിനും ശരീരഘടനാ വിശകലനത്തിനും സഹായിക്കുന്ന പ്രത്യേക യോഗ ക്രീയകള്‍, ചിട്ടയായ ജീവിതശൈലി - ദിനചര്യ എന്നവയിലൂടെ ഒരു പരിധി വരെ പ്രമേഹത്തെ നമുക്ക് അകറ്റി നിര്‍ത്താം ഒപ്പം കോറോണയേയും.
 
അബിത് വി രാജ്
(പാരമ്പര്യ ആയുര്‍വേദ പരിചാരകന്‍)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക