Image

ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത: സഭാ പമാധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പൂര്‍ത്തീകരിക്കുന്നു (പി.പി. ചെറിയാന്‍)

Published on 14 November, 2021
ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത: സഭാ പമാധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പൂര്‍ത്തീകരിക്കുന്നു (പി.പി. ചെറിയാന്‍)
ഡാളസ്:ഡോ.തിയഡോഷ്യസ് മെത്രാപ്പോലീത്ത  മലങ്കര മാർത്തോമാ സുറിയാനി സഭാ പരമാധ്യക്ഷപദവിൽ ഒരു വര്ഷം പൂർത്തീകരിക്കുന്നു. , ജോസഫ് മാർത്തോമാ  2020 ഒക്ടോബർ 18 നു  കാലം ചെയ്തതിനെ തുടർന്നു മാർത്തോമാ മെത്രപൊലീത്തയുടെ ചുമതലകൾ നിർവഹിച്ചു വരികയായിരുന്ന ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ് സഫ്രഗൻ മെത്രപൊലീത്ത സഭയുടെ ഇരുപത്തിരണ്ടാമതു പരമാധ്യക്ഷനായി 2020  നവംബർ 14  ശനിയാഴ്ചയായിരുന്നു സ്ഥാനാരോഹണം ചെയ്യപ്പെട്ടതു.

 ഈശ്വര സൃഷ്ടിയുടെ മകുടമാണ്‌ മനുഷ്യനും , മനോഹരിയായ പ്രകൃതിയും' ,ഇവ രണ്ടിനേയും ഒരു പോലെ സ്‌നേഹിക്കുകയും ആദരിക്കുകയും  സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ മറ്റുള്ളവരില്‍ നിന്ന്‌ തികച്ചും വ്യത്യസ്ഥത പുലര്‍ത്തുകയും അജഗണ പരിപാലനത്തില്‍ പുതിയ മാനം കണ്ടെത്തുകയും ചെയ്‌ത  ഡോ.തിയഡോഷ്യസ് ‌‌  മെത്രപൊലീത്ത ക്രിസ്‌തു കേന്ദ്രീകൃത ജീവിത ശൈലി, സാമ്പത്തിക അച്ചടക്കവും സുതാര്യതയും കര്‍മ നിരതയും ക്രമീകൃതവുമായ പ്രവര്‍ത്തനശൈലി, അതുല്യമായ നേതൃത്വ പാടവം, ഭരണ കര്‍ത്താവ് , സംഘാടകൻ , മനുഷ്യ സാമൂഹ്യ സ്‌നേഹി, പ്രകൃതി സ്‌നേഹി, വായനാ ശീലന്‍, ഗ്രന്ഥകാരന്‍ തുടങ്ങിയ സദ്‌ഗുണങ്ങൾ ഉൾക്കൊണ്ട്  തന്റെ മികവുറ്റ പ്രവർത്തനങ്ങളിലൂടെ ഒരു വർഷത്തിനുള്ളിൽ  സഭാ വിശ്വാസികളുടെ ഹ്രദയത്തിൽ സ്ഥാനം പിടിക്കുവാൻ കഴിഞ്ഞുവെന്നത് നിഷേധിക്കുവാനാകാത്ത യാഥാർഥ്യമാണ്.തന്റെ  വ്യക്തി പ്രഭാവങ്ങൾക്കു  ഒരു പോറല്‍ പോലും ഏല്‌പിക്കാതെ വ്യത്യസ്‌ത സംസ്‌കാരങ്ങളുടെ സങ്കലന ഭൂമിയിൽ കാലാനുസൃത മാറ്റങ്ങള്‍ ഉള്‍കൊണ്ട്‌ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുവാന്‍ കഴിഞ്ഞു എന്നത്‌ അഭിമാനത്തിനു വക നല്‍കുന്നു..

ഇതര മത വിശ്വാസങ്ങളെ  ആദരിക്കുകയും അവരുമായി സഹകരിക്കാവുന്ന മേഖലകളില്‍ സഹകരിക്കുകയും ചെയ്യുന്നതില്‍ തിരുമേനി പ്രത്യേകം ശുഷ്‌ക്കാന്തി പ്രകടപ്പിക്കുന്നു. ശ്രീനാരായണ ഗുരുവിന്‍റെ സ്വാധീനം എന്ന വിഷയത്തെ അധികരിച്ചു നടത്തിയ ഗവേഷണങ്ങള്‍ക്ക്‌ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച ഡോക്ടറേറ്റ്‌ ഇതിനടിവരയിടുന്നു.

അഷ്ടമുടി ഇമ്മാനുവേൽ മാർത്തോമ ഇടവകയിലെ കിഴക്കേ ചക്കാലയിൽ ഡോ.കെ.ജെ.ചാക്കോയുടേയും മേരിയുടെയും മകനായി 1949 ഫെബ്രുവരി 19ന്‌ ആയിരുന്നു ജനനം. കോട്ടയം എം ടി സെമിനാരി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബസേലിയസ് കോളജിൽ നിന്നും ബിരുദ പഠനവും പൂർത്തീകരിച്ചു. തുടർന്നു ദൈവീക വിളി ഉള്‍കൊണ്ട്‌. ജബല്‍പൂര്‍ ലിയനോര്‍ഡ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്‌ത്രത്തില്‍ ബിരുദം നേടി 1972 ഫെബ്രുവരി 4ന്‌ സഭയുടെ പൂര്‍ണ സമയ പട്ടത്വ ശുശ്രൂഷയിലേക്ക്‌ പ്രവേശിച്ചു.

1989 ഡിസംബര്‍ 9ന്‌ ഗീവര്‍ഗീസ്‌ മാര്‍ അത്താനാസിയോസ്‌, യൂയാക്കിം മാര്‍ കൂറിലോസ്‌ എന്നിവരോടൊപ്പം ഗീവര്‍ഗീസ്‌ മാര്‍ തിയോഡോഷ്യസ്‌ സഭയുടെ മേല്‍ പട്ടസ്ഥാനത്ത്‌ അവരോധിതനായി..2020 ജൂലൈ 12 നു ഞായറാഴ്ച രാവിലെ 9 നു തിരുവല്ല പൂലാത്തിൻ  ചാപ്പലിൽ സഫ്രഗൻ ഇൻസ്റ്റലേഷൻ സർവീസിൽ  സഫ്രഗൻ മെത്രപൊലീത്തയായി നിയമിതനായി .

1990 -93 മദ്രാസ്‌ - കുന്നംകുളം , 93 - 97 കുന്നംകുളം- മലബാര്‍ ഭദ്രാസന ചുമതല ഏറ്റെടുത്തതു മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കി ,വിശ്രമമില്ലാതെ ഭദ്രാസനാതിര്‍ത്തിയിലുളള ചേരി പ്രദേശങ്ങളിലും കാനാലുകളുടെ ഓരങ്ങളിലും കഴിയുന്ന സഭാ  വിശ്വാസികൾ , അശരണര്,‍ അനാഥര്,‍ രോഗികള്‍ എന്നിവരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു അവരെ ആശ്വസിപ്പിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‌കുന്നതിനും തിരുമേനി നല്‍കിയ നേതൃത്വം മലബാറിലെ ജനങ്ങളുടെ മനസില്‍ ഇന്നും സജീവമായി നിലനില്‌ക്കുന്നു. 1997 ഒക്‌ടോബര്‍ മുതല്‍ തിരുവനന്തപുരം കൊല്ലം, 2005 ഓഗസ്റ്റ്‌ മുതല്‍ മദ്രാസ്‌ ബാംഗ്ലൂര്‍, ഭദ്രാസനാധിപനായും ,മുംബൈ ഭദ്രാസനാധിപനായും തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ നിസീമമാണ്‌.

മാര്‍ത്തോമ യുവജന സംഖ്യം പ്രസിഡന്‍റായി ചുമതലയേറ്റെടുത്തത്‌ യുവാക്കളെ സഭയുടെ മുഖ്യധാരയിലേക്ക്‌ ആകര്‍ഷിക്കുന്നതിന്‌ പ്രചോദകമായി. യുവജന സഖ്യത്തിന്‍റെ കര്‍മ പരിപാടികളും ബോധവല്‍ക്കരണ സെമിനാറുകളും പഠന സമ്മേളനങ്ങളും സംഘടിപ്പിച്ചു. ഭാവി തലമുറക്ക്‌ പ്രതീക്ഷയും ഉത്തേജനവും നല്‍കികൊണ്ടുളള തിരുമേനിയുടെ പ്രവര്‍ത്തന ശൈലി യുവജനങ്ങള്‍ക്കെന്നും ഒരു മാതൃകയും വെല്ലുവിളിയുമായിരുന്നു.

ട്രാൻസ് ജൻഡർ വിഭാഗത്തിൽ പെട്ടവരുടെ ഉന്നമനത്തിനായും അവരെ സമൂഹത്തിന്‍റെ മുഖ്യ ധാരയിലേക്ക് കൈ പിടിച്ചുയർത്തുന്നതിനും തിരുമേനിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

 
 പത്രദൃശ്യമാധ്യമങ്ങള്‍ക്ക്‌ മുഖം നല്‍കാതെ അകന്നു നിന്നും, കൊട്ടിഘോഷിക്കപ്പെടാത്ത പ്രവര്‍ത്തന രീതി ഉള്‍കൊണ്ടും മറ്റുളളവരില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന തിയോഡോഷ്യസ്‌ തിരുമേനി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക്‌ വംശവദനാകാതെ ആത്മീയ ആചാര്യനെന്ന നിലയില്‍ സൂക്ഷ്‌മതയോടും ദൈവിക ബോധത്തോടും നീതിയോടും ഭരണ ഘടനക്കു വിധേയമായി നീതി നിര്‍വഹണം നടത്തുന്നതില്‍  വളരെ ദത്തശ്രദ്ധനാണ്‌. മൂന്നര വര്‍ഷക്കാലം നന്മ മാത്രം ചെയ്‌തും രോഗികളെ സൗഖ്യമാക്കിയും ദൈവരാജ്യം പ്രസംഗിച്ചും ഭൂമിയില്‍ സഞ്ചരിച്ച പാപ രഹിതനായ ക്രിസ്‌തു ദേവനെ കോടതികള്‍ മാറി മാറി വിസ്‌തരിച്ചിട്ടും ഒരു കുറ്റവും കണ്ടെത്തനാകാതെ ഇവനെ ക്രൂശിക്ക, ക്രൂശിക്ക എന്ന ജനങ്ങളുടെ ആരാവാരങ്ങള്‍ക്ക്‌ മുമ്പില്‍ പരാജിതനായി . ക്രിസ്‌തുവിനെ ക്രൂശിക്കുവാന്‍ ഏല്‌പിക്കുകയും അനീതിയും അധര്‍മവും നിയമ ലംഘനവും നടത്തിയ ബബെറാസിനെ മോചിപ്പിക്കുകയും ചെയ്‌ത പീലാത്തോസ്‌ എന്ന ഭരണ കര്‍ത്താവ്‌ നീതി ന്യായ വ്യവസ്ഥക്ക്‌ തീരാ കളങ്കമാണെന്ന്‌ ഉറച്ചു വിശ്വസിക്കുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌ത തിരുമേനിയുടെ നീതി നിര്‍വ്വഹണം സഭാ ജനങ്ങളുടെ പ്രശംസക്ക്‌ ഇതിനകം തന്നെ പാത്രീഭൂതമായിട്ടുണ്ട്‌.

മാർത്തോമാ സഭയുടെ ഇരുപത്തിരണ്ടാമതു മെത്രാപ്പോലീത്തയായി ചുമതലയേറ്റതുമുതൽ  തന്നിലർപ്പിതമായിരിക്കുന്ന ഉത്തരവാദിത്യങ്ങൾ  ദൈവവചനാടിസ്ഥാനത്തിൽ നിര്വഹിക്കപ്പെടുമെന്ന വലിയൊരു സന്ദേശം  തിരുമേനി നൽകികഴിഞ്ഞിട്ടുണ്ട് .

ട്രാൻസ്ജെൻഡറിനോടുള്ള,വനിതാ പട്ടത്വത്തിനൊടുള്ള ,ലൈംഗീകആരോപണത്തിനു വിധേയരാകുന്നവരോടുള്ള,  ഇരയോടുള്ള ,അധ്യാപകരുടെ നിയമനത്തിൽ സംഭാവന വാങ്ങുന്നതിനോടുള്ള ,ചര്ച് ആക്ട് ബില്ലിനോടുള്ള ,ഓർത്തഡോക്സ് ജേക്കബായ തർക്കത്തിലുള്ള,സർക്കാർ കൊണ്ടുവന്ന പുതിയ സംവരണ ബില്ലിനോടുള്ള ,ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള , ആഡംബര ജീവിതം നയിക്കുന്നതിനോടുള്ള വിഷയങ്ങളിലെല്ലാം തിരുമേനിയുടെ ഗാഢവും വ്യക്തവും നിർഭയവുമായ   കാഴ്ചപാട് മാർത്തോമാ സഭയുടെ ഭാവി  എന്തായിരിക്കുന്നുമെന്നതിലേക്കു വെളിച്ചം വീശുന്നു

ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്രമായി ആരാധിക്കുന്നതിനും, വിശ്വാസ സംപ്രേക്ഷണം ചെയ്യുന്നതിനുമുള്ള അവകാശം ഉറപ്പു വരുത്തേണ്ടതുണ്ട്. ന്യൂനപക്ഷ സമൂഹം എന്ന നിലയില്‍ െ്രെകസ്തവര്‍ പൊതുമണ്ഡലത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ എന്തായിരിക്കണമെന്ന് ഭരണഘടന രൂപീകരണ വേളയില്‍ തന്നെ ഉയര്‍ന്നിരുന്ന ചോദ്യമാണ്. െ്രെകസ്തവര്‍ക്ക് പ്രത്യേക പരിഗണന ആവശ്യമില്ല. പൊതു സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ അംഗീകാരം മാത്രം മതി എന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. െ്രെകസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ഭാരതത്തോടുള്ള തങ്ങളുടെ വിധേയത്വം തെളിയിക്കണം, മതപരിവര്‍ത്തനം നിരോധിക്കണം തുടങ്ങിയ വാദങ്ങള്‍ ഉയരുന്നത്് ആശങ്കാവഹമാണെന്നു ഈയിടെ  മെത്രാപോലീത്താ നടത്തിയ ധീരമായ പ്രഖ്യാപനം രാഷ്ട്രീയ തലത്തിലും ,സഭാ  തലങ്ങളിലും വലിയ ചർച്ചകൾക്കു തിരികൊളുത്തിയിരുന്നു

കാലാകാലങ്ങളിൽ മാത്തോമാ സഭയെ  നയിക്കുവാൻ ദൈവത്താൽ നിയോഗിക്കപ്പെടുന്ന  സഭാ പിതാക്കന്മാർ സഭയുടെ പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതിൽ പ്രത്യകം ശ്ര ദ്ധിച്ചിരുന്നുവെന്നു  ചരിത്രം തന്നെ സാക്ഷീകരിക്കുന്നു. 

.വേദപുസ്തകങ്ങളിൽ അടങ്ങിയിരിക്കുന്ന സത്യങ്ങളിലേക്കും ,മൂല്യങ്ങളിലേക്കും സഭയെ നയിക്കുക എന്നതാണ് എന്നിൽ അർപ്പിതമായിട്ടുള്ള ഉത്തരവാദിത്വം ,ദൈവസ്നേഹമെന്തെന്നു അറിയുവാൻ ശ്ര മിക്കുന്ന ഞാൻ ആ സ്നേഹത്തെ എങ്ങനെ ഞാൻ അറിയുന്നുവോ അത് എന്റെ ജീവിതത്തിലൂടെ വെളിപ്പെടുത്തുക എന്നതു എന്റെ ധർമമാണ് .ഈ ആപ്തവാക്യങ്ങൾ സാക്ഷാത്ക്കരിക്കുവാൻ  ഡോ   തിയഡോഷ്യസ് ‌ മാർതോമക്   പിതാവായ ദൈവം ആവശ്യമായ ജ്ഞാനവും വിവേകവും ദീര്ഘായുസും ധാരാളമായി നൽകട്ടെ  എന്നു ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയുന്നു .
ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത: സഭാ പമാധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പൂര്‍ത്തീകരിക്കുന്നു (പി.പി. ചെറിയാന്‍)ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത: സഭാ പമാധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പൂര്‍ത്തീകരിക്കുന്നു (പി.പി. ചെറിയാന്‍)ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത: സഭാ പമാധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പൂര്‍ത്തീകരിക്കുന്നു (പി.പി. ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക