Image

സാന്ത്വനഗീതമായ് സോലസ്‌ (സിന്ധു നായർ, ബോസ്റ്റൺ)

Published on 15 November, 2021
സാന്ത്വനഗീതമായ് സോലസ്‌ (സിന്ധു നായർ,  ബോസ്റ്റൺ)
മഹാവ്യാധികളും  സാമ്പത്തികബുദ്ധിമുട്ടുകളും  കൊണ്ട് വാടിത്തളർന്നു പോകുന്ന ഒരു കൂട്ടം നിസ്സഹയരായ മനുഷ്യർക്കൊപ്പമുള്ള ഒരു വലിയ യാത്ര. ജീവിതം എന്നാൽ ചിലർക്ക് അങ്ങനെയാണ്.  ഒരുപക്ഷേ ആരോഗ്യമുള്ളവരുടെ ലോകങ്ങൾക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു  യാത്ര. അമേരിക്കയിലെ എല്ലാ സുഖസൗകര്യങ്ങൾക്ക് നടുവിൽ ഇരുന്നും വൈകല്യം എന്ന ഒരു വാക്കിനാൽ കുരുങ്ങിപ്പോയതിനാൽ  ശ്വാസം മുട്ടി പിടയുന്ന പല  ജീവിതങ്ങൾ,  സ്വന്തം വീട്ടിലടക്കം,  എന്റെ കണ്മുന്നിൽ ഉണ്ട്. അമേരിക്കയിൽ താമസിക്കുമ്പോഴും ഒരു രോഗാവസ്ഥ  ജീവിതത്തിനെ ഇത്ര കണ്ട് ശ്വാസം മുട്ടിക്കുമെങ്കിൽ,  ഒരു നേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടുന്ന,  തലയ്ക്കു മീതെ ഒരു വീടിന്റെ തണലില്ലാത്ത, ഒന്നിലധികം കുടുംബാംഗങ്ങൾ മാരകരോഗങ്ങൾക്ക് അടിമപ്പെട്ട, കീമോ പോലുള്ള വൻചിലവ് വരുന്ന ചികിത്സാരീതികൾക്ക് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കേണ്ടി വരുന്ന, കുഞ്ഞുങ്ങളുടെ മാസങ്ങൾ നീളുന്ന ചികിത്സകളുടെ നടുവിൽ, ഏക വരുമാനമായ ജോലിക്ക് പോലും പോകാൻ കഴിയാത്ത  പാവപ്പെട്ട കുടുംബങ്ങളുടെ കരളലിയിക്കുന്ന അവസ്ഥ എന്താകും എന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല.  പലപ്പോഴും മക്കൾക്ക് അസുഖം വന്നാൽ ഉത്തരവാദിത്വം ഒഴിഞ്ഞു പോകുന്ന അച്ഛന്മാരുടെ സഹായം പോലുമില്ലാതെ  ഏതൊരു വിധേനയും കുഞ്ഞുങ്ങളെ മരണത്തിനു വിട്ടു കൊടുക്കാതിരിക്കാൻ പോരാടുന്ന അമ്മമാരുള്ള ഒരു നാടാണ് നമ്മുടേത്.  ഓരോ നിമിഷവും അവർ മല്ലിടുന്നത് മരണത്തിനോട് ആണ്, പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നത് പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ ജീവൻ ആണ്. ആറ്റുനോറ്റിരിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ചെറിയ പനി വന്നാൽ പോലും സഹിക്കാൻ കഴിയാത്ത ഏതൊരു മാതാപിതാക്കളെയും പോലെ,  അവരുടെ  ഹൃദയങ്ങൾ ഉരുകി പ്രാർത്ഥിക്കുന്നത് സ്വന്തം  കുഞ്ഞുങ്ങളുടെ ജീവിതം ഒന്ന് വേദനയില്ലാതെ നീട്ടിക്കിട്ടണേ എന്നാണ്.   ഭീമമായ ചിലവുകളുടെ ഭാരം താങ്ങാനാകാതെ   ശിരസ്സ് കുനിഞ്ഞു പോകുമ്പോഴും വൃഥാ മോഹിക്കുന്നത്, ഇഷ്ടമുള്ള ആഹാരം ഒരുനേരമെങ്കിലും ഒരുക്കി മരണത്തിലേക്ക് പിടഞ്ഞുവീഴും മുൻപ് അവരെ ഒന്ന് സന്തോഷിപ്പിക്കാൻ കഴിയണേയെന്നും കടന്നു പോകുന്നതെല്ലാം ഒരു ദുഃസ്വപ്നമാക്കി, പൂർണ്ണ ആരോഗ്യത്തോടെ തന്റെ കുഞ്ഞു തിരിച്ചു വരണേയെന്നും മാത്രമാണ്.                
      
സങ്കടങ്ങളുടെ തീരാക്കടൽ നീന്തുന്ന ഇത്തരം അനേകം ജീവിതങ്ങൾക്ക് ശ്വാസം നിലനിർത്താനുള്ള കഠിനമായ  പ്രയത്നത്തിന്റെ പേരാണ് സോലസ്‌.  ആരോഗ്യം എന്ന ഭാഗ്യം നിഷേധിക്കപ്പെടുന്ന,  ബാല്യകാലം എന്ന, ജീവിതത്തിലെ  ഏറ്റവും മനോഹരമായ ഘട്ടത്തിലും മാരകരോഗങ്ങൾ  കീഴടക്കിയിരിക്കുന്ന,  ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് ആശ്വാസത്തിന്റെ തിരിവെളിച്ചം.
   
സോലസ് --  നെഞ്ച് നിറയുന്ന  സാന്ത്വനം ഉറങ്ങിക്കിടക്കുന്ന ഒരു വാക്ക് . ഷീബ അമീർ എന്ന അമ്മയുടെ ഹൃദയം പോലെ .. കഴിഞ്ഞ പതിന്നാലു കൊല്ലമായി, ആ ഹൃദയത്തിന്റെ ആർദ്രത അറിയാത്തവർ ചുരുക്കം ആണ്. കാൻസർ എന്ന മഹാവ്യാധിക്ക് സ്വന്തം പ്രാണന്റെ പകുതിയെ  വിട്ടു കൊടുക്കേണ്ടിവന്ന ഒരമ്മ.  ആ  വേർപാടിന്റെ ആഴത്തിലും തന്നെപോലെ വേദനിക്കുന്ന അനേകം ഹൃദയങ്ങൾക്ക് സാന്ത്വനസംഗീതമായ  അമ്മ, ഷീബ അമീർ.  പതിമ്മൂന്ന് വയസ്സ് മുതൽ  മകൾ നീലുവിന്റെ കൂടെക്കൂടിയ കാൻസർ, 2007 -ൽ  അവളെ തട്ടിയെടുത്തു മറയുമ്പോൾ തകർന്നു പോയ ഹൃദയം വാരിക്കൂട്ടി ആ അമ്മ ഒരു കൂടുണ്ടാക്കി.. നീലുവിനെ പോലെ മാരകമായ രോഗങ്ങൾ അനുഭവിക്കുന്നവർക്ക്, അവർക്ക് മുന്നിൽ നെഞ്ചു തകരുന്ന മാതാപിതാക്കൾക്ക്,  നീലുവിന്റെ സ്വപ്നം പോലെ മനോഹരമായ ഒരു കൂട്..  നീലുവിന്റെ ചികിത്സയ്ക്കായ് ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിയ ഷീബ എന്ന സാധാരണ വീട്ടമ്മ ചുറ്റും കണ്ട ഹൃദയഭേദകമായ  കാഴ്ചകളുടെ പരിണിതഫലം.  മരണത്തിലേക്ക് നീങ്ങുന്ന സ്വന്തം കുഞ്ഞുങ്ങൾക്ക് ഒരു നേരത്തെ ഇഷ്ടഭക്ഷണമോ അവരുടെ ചികിത്സയ്ക്ക് വേണ്ട മരുന്നോ വാങ്ങുവാൻ ആശുപത്രികിടക്കകളിൽ അവരെ ഒറ്റയ്ക്കാക്കി നിത്യവൃത്തിക്കിറങ്ങുന്ന ഹതഭാഗ്യരായ കുറെ മനുഷ്യരുടെ ദുഃഖങ്ങൾക്ക് മുന്നിൽ നെഞ്ചു തകർന്നു പോയ  ഷീബയും നീലുവും വെച്ചു നീട്ടിയ കാരുണ്യസ്പർശം.  സോലസ് ചാരിറ്റീസ്.  
  
ഒരുപാട് നല്ല മനസ്സുകൾ പ്രതിഫലേച്ഛ ഇല്ലാതെ രാവും പകലും ജോലി ചെയ്യുന്ന സോലസ്  എന്ന ആ സ്വാന്തനതീരത്ത് ഇന്ന് ആശ്വാസത്തിന്റെ ഇളവെയിൽ ഏൽക്കുന്നത്, കേരളത്തിലെ വിവിധജില്ലകളിലായി മാത്രം  രണ്ടായിരത്തിൽപ്പരം കുടുംബങ്ങൾ.  മനസ്സും ശരീരവും നീറിപ്പുകയുന്ന  ആ കുടുംബങ്ങളിലെ, മഹാവ്യാധികൾക്കടിമപ്പെട്ട കുഞ്ഞുങ്ങൾക്ക്  മരുന്നും ആഹാരവും  മാത്രമല്ല, കുടുംബത്തിലെ മറ്റു കുട്ടികളുടെ വിദ്യാഭ്യാസച്ചിലവുൾപ്പടെ  സോലസ്  പങ്കിട്ടെടുക്കുന്ന ഭാരം ഏറെയാണ്. ലോക്‌ഡൗണും കൊറോണയും പ്രകൃതി ദുരന്തങ്ങളും അടക്കം , സോലസും കാൻസർ പോലെയുള്ള മാരകരോഗങ്ങളുമായി മല്ലിടുന്ന കുഞ്ഞുങ്ങളും നേരിടേണ്ടി വരുന്ന  പ്രതിസന്ധികൾ എണ്ണമറ്റതും.
    
സോലസ്  എന്ന ആ  പുണ്യത്തിന് ഒരു കൈത്താങ്ങെങ്കിലും ആകുവാൻ  ഉള്ള പ്രയത്നത്തിൽ ആണ് നോർത്ത് അമേരിക്കയിലെ സഹൃദയങ്ങൾ. ഈ യത്നത്തിൽ, വടക്കേ അമേരിക്കയിൽ  സോലസിന്റെ  പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന Solace North American Region ചാപ്റ്ററും കഴിഞ്ഞ 38 വർഷമായി അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തിന് തണലായി നിന്ന വടക്കേ അമേരിക്കൻ മലയാളി അസ്സോസ്സിയേഷനുകളുടെ ഫെഡറേഷൻ ആയ ഫോക്കാന(FOKANA)യും തുല്യപങ്കാളിത്തം വഹിക്കുന്നു . ഈ വരുന്ന ഡിസംബർ നാലാം തീയതി,  ജീവിതത്തിനും  മരണത്തിനും ഇടയിൽ പിടയുന്ന സോലസിലെ കുഞ്ഞുങ്ങൾക്കായി ബോസ്റ്റണിലെ ആഷ്‌ലാൻഡിൽ  സംഘടിപ്പിക്കപ്പെടുന്ന Fund raising event ൽ,  ഇവർക്കൊപ്പം , വേദനിക്കുന്ന ഒരുപാട് മനസ്സുകൾക്ക് എന്നും ആശ്വാസം ആയി നിലകൊള്ളുന്ന Compassionate Hearts Network (CHN),  ന്യൂ ഇംഗ്ലണ്ടിലെ  മലയാളികളുടെ പ്രിയമിത്രങ്ങളായ ന്യൂ ഇംഗ്ലണ്ട് മലയാളി  അസ്സോസ്സിയേഷൻ (NEMA ), കേരള അസ്സോസ്സിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട് (KANE ), കേരള അസ്സോസ്സിയേഷൻ ഓഫ് കണക്റ്റിക്കട്ട് (KACT), പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ  വേൾഡ് മലയാളി ഫെഡറേഷൻ (WMF ), കേരള വേൾഡ് മലയാളി കൗൺസിൽ (WMC) എന്നിവരും കൈകോർക്കുന്നു.  Solace ന്റെ സ്ഥാപകയും സാന്ത്വനം  എന്ന വാക്കിന് പര്യായവുമായ ശ്രീമതി ഷീബ അമീർ ചടങ്ങിൽ മുഖ്യഅതിഥി  ആയിരിക്കും.
 
കാൻസർ,  തലസ്‌സീമിയ,  ഓട്ടിസം,  സെറിബ്രൽപാൾസി, മസ്‌കുലർ ഡിസ്ട്രോഫി,  മാനസിക അസ്വസ്ഥതകൾ,  കേൾവിക്കുറവ്,  നെഫ്രോട്ടിക് സിൻഡ്രോം, ഹീമോഫീലിയ,  അപസ്മാരം,  ഹൃദയവൈകല്യങ്ങൾ എന്നിങ്ങനെ മാരകമായ അസുഖങ്ങളുടെ പ്രഹരമേൽക്കേണ്ടി വന്ന രണ്ടായിരത്തിനാന്നൂറിലധികം കുഞ്ഞുങ്ങൾ ആണ്  സോലസിലുള്ളത്. കളിച്ചും  ചിരിച്ചും പൂമ്പാറ്റകളെപ്പോലെ പാറി നടക്കേണ്ട ആ കുഞ്ഞുങ്ങളുടെ വഴികളിൽ നിറയെ മുള്ളുകൾ ആണ്. വേദനയുടെ,  നിസ്സഹായതയുടെ, നിരാശയുടെ, ദാരിദ്ര്യത്തിന്റെ,  അവഗണനയുടെ മുള്ളുകൾ. ആ വേദനകൾക്ക് അല്പമെങ്കിലും ആശ്വാസം ഏകുവാൻ, വിടരും മുൻപേ ആ പൂക്കൾ   കൊഴിഞ്ഞു പോകാതെ കാക്കാൻ, സഹജീവികളായ നമുക്ക് ഇന്ന് കഴിയും.  ഒരു ചെറിയ സംഭാവന കൊണ്ട് ഒരുപക്ഷേ നമ്മൾ  മാറ്റിയെഴുതുന്നത്, അവരുടെ ജീവിതയാത്രയിലെ  വിലയേറിയ ദിവസങ്ങളുടെ ദൈർഘ്യം ആകാം.  അത്രയുമെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ,  ജീവിതം എന്ന മഹാപുസ്തകം  വെറും അർത്ഥശൂന്യമായി പോകില്ലേ?

മുൻകാലങ്ങളിൽ നിങ്ങൾ സോലസിന് നൽകിയ  ഓരോ സഹായങ്ങളും നന്ദിപൂർവ്വം സ്മരിച്ചു കൊണ്ട് തന്നെ ഇക്കൊല്ലത്തെ fund raiser event-നൊപ്പവും കൂടി ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു.  ന്യൂ ഇംഗ്ലണ്ടിലെ കൊച്ചു കലാകാരന്മാർ സംഗീതവിരുന്നൊരുക്കുന്ന ഈ പരിപാടിയിൽ പ്രവേശനം തീർത്തും സൗജന്യമായിരിക്കും.

 ഒരുപാട് ജീവിതനദികൾക്ക് സ്വാന്തനം ഏകുന്ന സോലസ് എന്ന ഈ  മഹാസാഗരത്തിന്  ഒരു കുമ്പിൾ വെള്ളമെങ്കിലും നമുക്കും  പകർന്ന്  നൽകാം,  ദാഹജലത്തിനായി കേഴുന്ന ഒരു പാട് ജീവിതങ്ങൾക്കുള്ള തീർത്ഥജലമായ്..  


RSVP @
http://evite.me/BENGAZrBKR

നേരിട്ട് എത്താൻ കഴിയാത്തവർക്കായി,
https://gofund.me/b3e1c3a7

സാന്ത്വനഗീതമായ് സോലസ്‌ (സിന്ധു നായർ,  ബോസ്റ്റൺ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക