Image

നോട്ട് ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ; മുകുന്ദന് ജെസിബി; ഫാത്തിമ-നന്ദൻ ടീമിന് നന്ദി (കുര്യൻ പാമ്പാടി)

Published on 15 November, 2021
നോട്ട്  ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ; മുകുന്ദന് ജെസിബി; ഫാത്തിമ-നന്ദൻ ടീമിന് നന്ദി (കുര്യൻ പാമ്പാടി)
മയ്യഴിയിലെത്തി പുഴയോരത്ത് നിന്നുകൊണ്ട്  എം മുകുന്ദനെ ഞാൻ മതി തീരെ കാണുന്നത് മൂന്ന് പതിറ്റാണ്ടിന്റെ ഡൽഹി ജീവിതം അവസാനിപ്പിച്ച് അദ്ദേഹം ജനിച്ച നാട്ടിലേക്കും വീട്ടിലേക്കും മടങ്ങിവന്ന 1990കളുടെ ആദ്യമാണ്. ഫ്രഞ്ച് സ്മരണകൾ ഓളം തള്ളുന്ന മയ്യഴിയുടെ തിരുശേഷിപ്പുകൾ അദ്ദേഹം സ്നേഹപുരസ്സരം കാട്ടിത്തന്നു. എന്നിട്ടു പുഴയിലേക്ക് നോക്കി സ്വയം പറഞ്ഞു: "എന്നും എന്റെ മനസ് ഇവിടെയാണ്. ചോറ് അവിടെയും".

ഫ്രഞ്ച് പഠിച്ച് ഫ്രഞ്ച് എംബസിയിൽ ഉയർന്ന ഉദ്യോഗം വഹിച്ച് അവരുടെ നിരവധി സാംസ് കാരിക  പരിപാടികൾക്കു ചുക്കാൻ പിടിച്ച് അവരുടെ ഷെവലിയർ പുരസ്കാരം നേടിയ ആളാണ് മണിയമ്പത്തു മുകുന്ദൻ (79). ഡൽഹി പ്രവാസം   കൊണ്ട് ഗുണങ്ങൾ ഏറെയുണ്ടായി. ഇന്ത്യയെ മാറ്റിമറിച്ച 1962, 65, 71  യുദ്ധങ്ങൾ,   അഭയാർത്ഥി പ്രവാഹം, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, ഇന്ദിര വധം, സിഖ് കലാപം എന്നിങ്ങനെ ചരിത്രസംഭവങ്ങളുടെ കൂടെ നടന്നു. അതിന്റെ ഓർമകളാണ് ഏറ്റവും വലിയ സാഹിത്യപുരസ്ക്കാരമായ ജെസിബി പ്രൈസ് നേടിക്കൊടുത്തത്.

ശരിക്കു പറഞ്ഞാൽ 2011 ൽ ആദ്യം പ്രസിദ്ധീകരിച്ച 'ഡൽഹി ഗാഥകൾ' കണ്ണൂരിലിരുന്നു ഇവി ഫാത്തിമ എന്ന കോളജ് പ്രൊഫസറും ദുബായിൽ ഇരുന്നു വള്ളത്തോളിന്റെ കൊച്ചു മകൻ കെ നന്ദകുമാറും ചേർന്ന് തയാറാക്കിയ 'ഡൽഹി എ സോളിലോക്കി' എന്ന ഇംഗ്ലീഷ് വിവർത്തനത്തിന്. മലയാളം കോട്ടയത്തെ ഡിസി ബുക്‌സും ഇംഗ്ലീഷ് വെസ്റ്ലാൻഡും പ്രസിദ്ധീകരിച്ചു. ആമസോൺ ആണ് വെസ്റ്റ്ലാന്റിന്റെ ഉടമകൾ.  

'ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ' എന്ന് ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ട്. അഭിപ്രായ ഭിന്നത, കമ്മ്യൂണിക്കേഷൻ ഗാപ് എന്നൊക്കെ പറയാം. 2003ൽ പുറത്തിറങ്ങിയ അതേപേരിലുള്ള ഹോളിവുഡ് ചിത്രമാണ് അതിനു പ്രചുര പ്രചാരം  നൽകിയത്. ഒരു അമേരിക്കൻ നായകനും ജാപ്പനീസ് നായികയും തമ്മിലുള്ള പ്രണയവും ഭിന്നതയുമാണ് പ്രമേയം. സംവിധാനം സൊഫിയ കപ്പോള, ബിൽ മുറെ, സ്കാർലെറ്റ് ജൊഹാൻസെൻ അഭിനേതാക്കൾ.

മൊഴിമാറ്റത്തിൽ ഒറിജിനൽ നോവലുമായി ഒരു ഭിന്നതയും ഇല്ലെന്നു മാത്രമല്ല കൂടുതൽ മികച്ചു നില്കുന്നു എന്ന് രണ്ടും വായിച്ചിട്ടുള്ള ഡൽഹിയിലെ പത്രപ്രവർത്തകനും എഴുത്തുകാരനും ഏറ്റവും ഒടുവിൽ പ്രസാധകനുമായ  എന്റെ കോളജ് മേറ്റ്  കെസിവി ജോർജി വാദിക്കുന്നു. അതിന്റെ അംഗീകാരമാണ് ജെസിബി പുരസ്കാരം.

"1959 ജൂൺ 13 ശനിയാഴചയാണ് സഹദേവൻ ആദ്യമായി ഡൽഹിയിൽ വന്നത്. അപ്പോൾ അയാൾക്ക് ഇരുപതു വയസായിരുന്നു. അന്നാണ് അയാൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സംസാരിച്ചത്. അവനവനോടു തന്നെ," എന്ന് തുടങ്ങുന്നു 2011ൽ ഇറങ്ങിയ 494 പേജുള്ള ബൃഹത്തായ 'ഡൽഹി ഗാഥകൾ'. പിറ്റേ വർഷം  രണ്ടാം പതിപ്പ് ഇറങ്ങി. അന്ന്  ഞാൻ ഒരു പ്രതിവാങ്ങി കൗതുകത്തോടെ വായിച്ചു.

രണ്ടാഴ്ചയെടുത്തു  'ജാനകിക്കുട്ടിയുടെ വഴികൾ' എന്ന അവസാന അദ്ധ്യായത്തിൽ എത്താൻ. എത്രയെത്രെ സംഭവങ്ങൾ, എത്രെയെത്ര കഥാപാത്രങ്ങൾ, എത്രെയെത്ര പ്രണയങ്ങൾ, എത്രയെത്ര പ്രണയ ഭംഗങ്ങൾ. ആൽമകഥാപരം. ആധുനിക മഹാഭാരതമെന്നു തോന്നിപ്പോകും. പക്ഷെ അനുബന്ധത്തിൽ മുകുന്ദൻ പറയുന്നു, "ഇന്നത്തെ ഡൽഹി എനിക്ക് അപരിചിതമാണ്. വലിയ വലിയ മാറ്റങ്ങൾ വന്നു. എനിക്കതു അറിയില്ല."

ഡൽഹിയിലായിരിക്കുമ്പോഴും സാർവദേശീയ വീക്ഷണം വച്ച് പുലർത്തിയിരുന്ന ആളാണ് മുകുന്ദൻ എന്നു അദ്ദേഹത്തെ പതിറ്റാണ്ടുകളായി അടുത്തറിയാവുന്ന മുൻ ഡൽഹി മനോരമ പ്രതിനിധി ജോർജി  സാക്ഷ്യ പെടുത്തുന്നു. ജേർണലിസ്റ്റും പ്രിന്ററും പബ്ലിഷറുമായി  ആടിത്തകർത്ത ശേഷം കൊച്ചിയിലേക്ക് മടങ്ങി വിശ്രമത്തിലാണ് 71 എത്തിയ ജോർജി.

ഓപ്പറേഷൻ ബ്ലൂ സ്റ്റാറും ഇന്ദിരാവധവും സിഖ് വിരുധ്ധകലാപവുമെല്ലാം നേർക്കാഴ്ച്ചകളായി കൊണ്ട് ന ടന്ന അദ്ദേഹം ജേര്ണലിസ്റ് എന്ന നിലയിൽ ഇനിരയെ അവസാന നിമിഷങ്ങൾ വരെ വരെ അടുത്തറിഞ്ഞിരുന്നു.
"അവർ വധിക്കപ്പെട്ട ദിവസം ഞാൻ ഇന്നെന്ന പോലെ ഓർക്കുന്നു. 1984 ഒക്ടോബർ 31നു  രാവിലെ 9.20 നായിരുന്നു അവരുടെ മരണം. പക്ഷെ പത്തു മണിക്കൂർ കഴിഞ്ഞു സായാഹ്‌ന വർത്തയിലാണ് ദൂരദർശൻ വിവിവരം പുറത്തു വിടുന്നത്.

"ഞാൻ എന്റെ യെസ്ദി മോട്ടോർബൈക്കിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഗേറ്റിനു മുമ്പിൽ കാത്തുനിന്നു. ഇന്ദിരയുടെ ശവമഞ്ചം വരുന്നതും കാത്ത്. മിനിട്ടുകൾക്കകം ഡൽഹി കത്തിയെരിയാൻ തുടങ്ങി. സായുധരായ ആൾക്കൂട്ടങ്ങൾ തെരുവുകൾ കയ്യടക്കി. സ്ഥിതി നിയന്ത്രാതീതമായി. പാതിരാവായപ്പോൾ കവചിത വാഹനങ്ങൾ നിരനിരയായി തെരുവുകളിലൂടെ ഒഴുകിഎത്തി. അക്രമികളെ  കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവായി,..." ജോർജി ഫേസ്ബുക്കിൽ കുറിച്ചു

ഡൽഹിയിൽ ഇതിന്റെയെല്ലാം സാക്ഷിയായിരുന്നു മുകുന്ദനും അദ്ദേഹത്തിന്റെ നായകൻ സഹദേവനും. .    

എന്നാൽ  ഫ്രഞ്ച്  അധീനതയിൽ കഴിയുമ്പോഴും സ്വാതന്ത്യം സ്വപ്നം കാണുന്ന ദാസിന്റെ കഥ പറയുന്ന 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' ആണ് മുകുന്ദന്റെ മാഗ്നം ഓപസ് ( മാസ്റ്റർപീസ്) എന്ന് കരുതുന്ന ധാരാളം വായനക്കാർ ഉണ്ട്. അതുകൊണ്ടാണ് 1974ൽ ആദ്യമായി വെളിച്ചം കണ്ട ആ പുസ്തകത്തിന്റെ അറുപതിലേറെ  പതിപ്പുകളിലായി പതിനായിരക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞത്. പല ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

"ഒരു സ്വാതന്ത്ര്യസമരത്തിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. പഴയതലമുറയും പുതിയ തലമുറയും തമ്മിലുള്ള ആശയസംഘട്ടനങ്ങളുടെയും കഥ. മലയാളത്തിന്റെ ക്ലാസ്സിക് എന്നു പറയാവുന്ന ഒരു നോവലാണിത്. കഴിഞ്ഞ നാല്പത്തിയെട്ടു വര്‍ഷങ്ങളായി ഈ നോവല്‍ മലയാളിയുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്നു.  അവതരണം അത്രമേല്‍ ഹൃദയാവര്‍ജകമാണ്," വിലയിരുത്തുന്നു കോട്ടയത്തെ എഴുത്തുകാരിയായ ഡാലിയ വിജയകുമാർ.
 
"നോവലിന്റെ കേന്ദ്രകഥാപാത്രമായ ദാസന്‍ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. ദാസന്റെ അച്ഛമ്മയായ കുറുമ്പിയമ്മയുടെ ചിന്തകളിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. കറുമ്പിയമ്മ പൊടി വലിക്കും. അവരുടെ പ്രിയപ്പെട്ട ഒരു സമ്പാദ്യമാണ് ആനക്കൊമ്പുകൊണ്ടുള്ള ആ പൊടിഡപ്പി. അതില്‍ മൂക്കില്‍ വലിക്കുന്നതിനുള്ള പൊടി മാത്രമല്ല, നിറച്ചിരിക്കുന്നത് ഒരു പിടി കഥകളും ഓര്‍മ്മകളും കൂടിയാണ്. ആ കഥകള്‍ പറഞ്ഞുകൊടുത്താണ് ദാസനെ കുറുമ്പിയമ്മ വളര്‍ത്തുന്നത്.

"മയ്യഴിയെ ഭരിക്കുന്ന ഫ്രഞ്ചുകാര്‍ മയ്യഴിക്കാരല്ല എന്നും ഇത് ഇന്ത്യയാണ്, മയ്യഴി ഇന്ത്യാക്കാരുടേതാണ് എന്നുമുള്ള ഉത്തമബോധ്യം അവനില്‍ നിറഞ്ഞു നില്‍ക്കുന്നു. ഉയര്‍ന്ന മാര്‍ക്കോടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന് ദാസന്‍, ഫ്രഞ്ചുകാര്‍ വച്ചുനീട്ടുന്ന ജോലിയും ഉന്നതവിദ്യാഭ്യാസവുമൊക്കെ വേണ്ടെന്നു വെക്കുന്നു. പിന്നീട് ദാസനിലൂടെ സ്വാതന്ത്യസമരത്തിലേക്കു കടന്നു വരുന്ന നിരവധി ചെറുപ്പക്കാര്‍. കഥയങ്ങനെ നീണ്ടുപോകുന്നു.

"പക്ഷേ, പഴയതലമുറ ഒരിക്കലും മറക്കാന്‍ കൂട്ടക്കാത്ത ലെസ്ലി സായ്വും മിസ്സിയും അവരുമായുള്ള  സൗഹൃദങ്ങളും... സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരസ്പരം കരുതുന്നവര്‍. കാലമോ വേഷമോ ഭാഷയോ രാജ്യമോ ഒന്നും അവരുടെ ബന്ധത്തിനു വിലങ്ങുതടിയാവുന്നില്ല. ഞാന്‍ ചിന്തിച്ചിച്ചെല്ലങ്കിലും എന്റെ മോനെക്കുറിച്ച് കുറുമ്പിയമ്മ ചിന്തിക്കുന്നുണ്ടല്ലോ എന്ന് ആത്മഹര്‍ഷം കൊള്ളുന്ന മിസ്സിയമ്മയും സ്വപ്നത്തില്‍പ്പോലും ലെസ്ലിസായ്വിന് പൊടി നുള്ളിക്കൊടുക്കുന്ന കറുമ്പിയമ്മയും കുഞ്ഞനന്തനും  ദാസനും ഗുസ്താവ് സായ്‌വും വാസൂട്ടിയും പപ്പൂട്ടിയും ചന്ദ്രികയും ഗിരിജയുംമൊക്കെ കഥാപാത്രങ്ങളായല്ല, നമ്മുടെ മുന്നില്‍ കടന്നു വരുന്നത്, ജീവിത്തിന്റെ നേര്‍ക്കാഴ്ചകളായാണ്.

"നമുക്കു തോന്നും, ആ തലമുറ ആ വിദേശാധിപത്യം ആസ്വദിച്ചിരുന്നോ എന്ന്.  മയ്യഴിയുടെ ചരിത്രവും കഥാപരിസരവും ഭൂമിശാസ്ത്രവുമൊക്കതെ എം. മുകുന്ദന്‍ വരച്ചുവച്ചിട്ടുണ്ട്. അകലെ സമുദ്രത്തില്‍ കാണുന്ന കണ്ണുനീര്‍ത്തുള്ളിപോലെയുള്ള വെള്ളയാങ്കല്ല്. ആത്മാക്കളുടെ താവളമാണത്. അവിടെക്കാണുന്ന തുമ്പികള്‍ മരിച്ചവരുടെ ആത്മാക്കളാണ്.
 
"മലയാളിയുടെ വായനയെ വിസ്മയാവഹമായ ഒരു തലത്തിലേക്ക് കൊണ്ടുപോയ അനശ്വരമായ ഒരു നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍."--ഡാൽമിയ അവസാനിപ്പിക്കുന്നു.

എത്ര മികച്ച കൃതികൾ എഴുതിയാലും ഭാഷാന്തരം ഒന്നു കൊണ്ട് മാത്രമേ ലോകസാഹിത്യത്തിൽ മലയാളത്തിന് പിടിച്ച് നിൽക്കാൻ ആവൂ എന്ന്  ജെസിബി പുരസ്കാരവും 25 ലക്ഷം രൂപയുടെ സമ്മാനപ്പൊതിയും സ്വീകരിച്ചുകൊണ്ട് മുകുന്ദൻ പറഞ്ഞു. ഇന്ത്യൻ ഇംഗ്ലീഷ്/ വിവർത്തന ഗ്രന്ഥങ്ങളുടെ മുഖമുദ്രയായ ക്രോസ് വേർഡ് പുരസ്കാരങ്ങൾ ആരംഭിചിട്ടു 13  വർഷങ്ങൾ ആയി. ഏഴുതവണ മലയാള പുസ്തകങ്ങൾക്കാണ് സമ്മാനം നേടാൻ കഴിഞ്ഞത് എന്നത് അഭിമാനകരമാണ്.

പെൻഗ്വിൻ ഇന്ത്യയുടെ വരവാണ് ഇന്ത്യൻ എഴുത്തുകാർക്ക് ഇംഗ്ലീഷിന്റെ വാതായനങ്ങൾ തുറന്നു കൊടുത്തത്. പക്ഷെ അവർ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ ഇന്ത്യയിൽ മാത്രമേ ലക്കപ്പെടുന്നുള്ളൂ. വിശ്വമാനവർ കാണണമെങ്കിൽ പെൻഗ്വിൻ ഇന്റർനാഷണൽ പ്രസിദ്ധീകരിക്കണം. അതിനു മൗലികമായ മികച്ച കൃതികൾ ഉണ്ടാവുകയും രാജ്യാന്തര നിലവിവരത്തിലുള്ള വിവർത്തനങ്ങൾ ഉണ്ടാവുകയും വേണം.

ഇംഗ്ലീഷിലും ഫ്രഞ്ചിലും ജർമ്മനിലും   പ്രസിദ്ധീകരിച്ച 'പാണ്ഡവപുരം' എന്ന നോവലിന്റെ കർത്താവ് സേതു വിവർത്തനങ്ങളുടെ ദുര്യോഗത്തെപ്പറ്റി പറയുന്നു. താൻ  നാഷണൽ ബുക്ക് ട്രസ്റ്റിന്റെ അധ്യക്ഷൻ ആയിരുന്ന കാലത്ത് ഇന്ത്യൻ കൃതികൾ  വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. മികച്ച വിവർത്തനങ്ങൾ ഉണ്ടാകുന്നില്ല എന്ന സ്ഥിതി ഉണ്ടായിരുന്നു. അതിപ്പോൾ കുറേശ്ശേ മാറി വരുന്നത് സ്വാഗ താർഹമാണ്.  

നൊബേൽ സമ്മാനം നേടിയ ഓർഹൻ പാമുക്ക് ജീവിക്കുന്ന ടർക്കിഉൾപ്പെടെ നാല്പതു രാജ്യങ്ങളിൽ തങ്ങളുടെ എഴുത്തുകാരുടെ കൃതികൾ വിദേശ ഭാഷകളിലേക്ക് തർജമ ചെയ്യുന്നത്തിനു ധനസഹായം നൽകുന്നുണ്ട്. മലയാളത്തിൽ അങ്ങിനെയൊന്നു ചിന്തിച്ചിട്ടുമില്ല. കേരള ഗവർമെന്റും സാഹിത്യ അക്കാദമിയും മറ്റും ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

മുകുന്ദൻ ഒരുതവണ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് ആയിരുന്നു. കേരള ഗവർമെന്റിന്റെ ഏറ്റവും വലിയ പുരസ്കാരം എഴുത്തച്ഛൻ  പുരസ്കാരം നേടി. ഗണനീയമായ മറ്റു ഒട്ടനവധി അവാർഡുകളും.

മലയാളത്തിലൂടെ മികച്ച അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിക്കുന്ന എഴുത്തുകാർക്കു ഒരുകാലത്ത് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കിട്ടില്ലെന്ന് ആരൂ കണ്ടു? അതിനു മൗലികമായ കൃതികൾ ഉണ്ടാവണം. അവയ്ക്ക് മലയാളത്തിന് പുറത്തു, ഇന്ത്യക്കു പുറത്തു അംഗീകാരം നേടിയെടുക്കണം.

"കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെക്കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളിൽ---ഇവിടെപ്പിറക്കുന്ന കാട്ടുപുല്ലിനുമുണ്ട് ഭുവനം മയക്കുന്ന ചന്തവും സുഗന്ധവും" എന്ന് പാടിയ പാലാ നാരായണൻ നായരെ ഇടയ്ക്കിടെ ഓർക്കാം.  പക്ഷേ വള്ളത്തോൾ എഴുതിയ വരികളിലെ "തിളക്കണം ചോര  നമുക്ക് ഞരമ്പുകളിൽ " എന്ന് മാത്രമേ നാം ഇപ്പോളോർക്കാറുള്ളു, കൊടിയുമായി സമരം നടത്തുമ്പോൾ.  

നോട്ട്  ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ; മുകുന്ദന് ജെസിബി; ഫാത്തിമ-നന്ദൻ ടീമിന് നന്ദി (കുര്യൻ പാമ്പാടി)നോട്ട്  ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ; മുകുന്ദന് ജെസിബി; ഫാത്തിമ-നന്ദൻ ടീമിന് നന്ദി (കുര്യൻ പാമ്പാടി)നോട്ട്  ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ; മുകുന്ദന് ജെസിബി; ഫാത്തിമ-നന്ദൻ ടീമിന് നന്ദി (കുര്യൻ പാമ്പാടി)നോട്ട്  ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ; മുകുന്ദന് ജെസിബി; ഫാത്തിമ-നന്ദൻ ടീമിന് നന്ദി (കുര്യൻ പാമ്പാടി)നോട്ട്  ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ; മുകുന്ദന് ജെസിബി; ഫാത്തിമ-നന്ദൻ ടീമിന് നന്ദി (കുര്യൻ പാമ്പാടി)നോട്ട്  ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ; മുകുന്ദന് ജെസിബി; ഫാത്തിമ-നന്ദൻ ടീമിന് നന്ദി (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക